Quantcast
MediaOne Logo

പ്രമോദ് രാമന്‍

Published: 14 April 2022 4:25 AM GMT

ആ ഒളിച്ചോട്ടം വാര്‍ത്തയില്‍ നിന്ന് ആയിരുന്നില്ല

മലയാളത്തിലെ ആദ്യ സ്വകാര്യ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് പ്രേക്ഷകരിലേക്കെത്തിയതിനുപിന്നിലെ സാഹസങ്ങള്‍ പങ്കുവെക്കുന്നു പ്രമോദ് രാമന്‍..

ആ ഒളിച്ചോട്ടം വാര്‍ത്തയില്‍ നിന്ന് ആയിരുന്നില്ല
X
Listen to this Article

സുബിക് ബേ സാറ്റലൈറ്റ് സിസ്റ്റംസില്‍ ബന്ദികളായിപ്പോയ എന്‍.കെ രവീന്ദ്രനേയും എന്നെയും കുറിച്ച് പറഞ്ഞാണ് കഴിഞ്ഞവട്ടം നിര്‍ത്തിയത്.

തുടരാം..

എസ്.ബി.എസ്.എസ്.ഐ രണ്ടുനിലക്കെട്ടിടമാണ്. നേരേ ചെന്നുകയറുന്ന നില കൂടാതെ ഒരു അധോനില കൂടി. രണ്ടു ഫ്‌ലോറിലുമായാണ് ചാനലുകളുടെ മുറികള്‍ ക്രമീകരിച്ചിരുന്നത്. ഞങ്ങളുടേത് ഗ്രൗണ്ട് ഫ്‌ലോറില്‍ തന്നെ. പി.സി.ആറും (Production Control Room) എം.സി.ആറും (Master Control Room) അതേ ഫ്‌ലോറിലാണ്. എന്നാല്‍, തത്സമയ സംപ്രേഷണം ഇല്ലാതിരുന്ന ചില ചാനലുകള്‍ക്ക് താഴെയാണ് മുറി. ശരിക്കും പറഞ്ഞാല്‍ തത്സമയ സംപ്രേഷണം ഇല്ലാതിരുന്ന സണ്‍ ടിവി, രാജ് ടിവി തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് അവിടെ സ്റ്റാഫ് ഉണ്ടായിരുന്നില്ല. മദ്രാസില്‍ നിന്ന് ലഭിക്കുന്ന ടേപ്പുകള്‍ അവിടെനിന്ന് നല്‍കുന്ന ക്യൂ ഷീറ്റുകള്‍ നോക്കി പ്ലേ ചെയ്യാനുള്ള സംവിധാനം സായിപ്പ് തന്നെ ഉണ്ടാക്കിയിരുന്നു. ഒരിക്കല്‍ മാത്രമാണ് അവിടെനിന്ന് സണ്‍ ടിവി തത്സമയ പരിപാടി ചെയ്തത്. ഒരു പൊങ്കലിനാണ് എന്നു തോന്നുന്നു. അതില്‍ പങ്കെടുക്കാന്‍ നടി മീന സ്റ്റുഡിയോ സന്ദര്‍ശിച്ചതും അവരെ പരിചയപ്പെട്ടതും ഓര്‍ക്കുന്നു. എന്നാല്‍, ഹിന്ദിയില്‍ നിന്നുള്ള മ്യൂസിക് ചാനലായ എ.ടി.എന്നിന് അവിടെ രണ്ട് ജോലിക്കാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളായ ചന്ദ്രു ഞങ്ങളുമായി അടുപ്പത്തിലായിരുന്നു. സ്റ്റുഡിയോയില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിഞ്ഞ ഒരുദിവസം ഞങ്ങള്‍ക്ക് പുറത്തൊക്കെ ചുറ്റിക്കറങ്ങാന്‍ കൂട്ടുവന്നത് ചന്ദ്രു ആയിരുന്നു.

ഞങ്ങള്‍ മുറിയില്‍ ബന്ദികളായെന്നറിഞ്ഞ് അവിടെയെത്തിയ ചന്ദ്രു വളരെ കൂളായിരുന്നു. ഇതൊക്കെ ലാറി റിസ്സറിന്റെ കളികളാണെന്നും പേടിക്കാനൊന്നുമില്ലെന്നും ചന്ദ്രു ഞങ്ങളെ സമാധാനിപ്പിച്ചു. കാശ് കിട്ടാന്‍ അയാള്‍ ഇതൊക്കെ കാണിക്കും. ഏഷ്യാനെറ്റിന്റെ ബിസിനസ് നഷ്ടപ്പെട്ടാല്‍ വലിയ തിരിച്ചടിയാണ് ഉണ്ടാകാന്‍ പോകുന്നത്. കുടുശ്ശികയെങ്കിലും കിട്ടാന്‍ ഇതല്ലാതെ അയാള്‍ക്ക് വഴിയില്ല. വൈകുന്നേരം വീണ്ടും വരാമെന്ന് പറഞ്ഞ് ചന്ദ്രു പോയി.

ചന്ദ്രു സമാധാനിപ്പിച്ചിട്ടും ഞങ്ങളുടെ ആശങ്ക മാറിയില്ല. നാട്ടിലേക്ക് എങ്ങോട്ടും വിളിക്കാന്‍ കഴിയുന്നില്ല എന്നതും വിസ മൂന്നുദിവസത്തിനുള്ളില്‍ തീരും എന്നതുമായിരുന്നു പേടിപ്പിക്കുന്ന സംഗതി. വൈകീട്ടുവരെ പ്രത്യേകിച്ച് ഒന്നുംചെയ്യാനില്ലാതെ ഞങ്ങള്‍ സമയം നീക്കി. മനിലയില്‍ ഇന്ത്യന്‍ എംബസിയില്‍ രവിക്ക് ആരെയോ പരിചയമുണ്ട്. അവര്‍ വഴി ഒരു രക്ഷാമാര്‍ഗത്തിന് ശ്രമിച്ചാലോ എന്ന് ആലോചിച്ചു. സായിപ്പിന് സൂചന കിട്ടിയാലുള്ള പ്രത്യാഘാതം ആലോചിച്ചപ്പോള്‍ വേണ്ടെന്നുവച്ചു. ഏഷ്യാനെറ്റില്‍ നിന്ന് അവസാനമായി വിഭാകര്‍ തന്ന സന്ദേശം എങ്ങനെയെങ്കിലും രക്ഷപ്പെടൂ എന്നാണ്. പക്ഷേ, അവിടുത്തെ ജീവനക്കാര്‍ തലങ്ങും വിലങ്ങും മുറിക്കു പുറത്തുകൂടി നടക്കുന്നുണ്ട്. ഓരോരുത്തരും ചെറിയ കണ്ണാടിവിടവിലൂടെ ഞങ്ങള്‍ എന്തുചെയ്യുന്നുവെന്ന് നോക്കുന്നുണ്ട്. അക്കാലത്തിനിടയില്‍ സൗഹൃദത്തിലായവര്‍ പോലും ഞങ്ങളോട് ചിരിച്ചാല്‍ കുഴപ്പംവരുമോ എന്ന് പേടിച്ചാണ് നോക്കുന്നത്.

സന്ധ്യയായി. ചന്ദ്രു വീണ്ടും വന്നു. അയാള്‍ താമസസ്ഥലത്തേക്ക് മടങ്ങുകയാണ്.

'ലാറി വീണ്ടും വന്നോ?', ചന്ദ്രു തിരക്കി.

ഇല്ലെന്ന് ഞങ്ങള്‍ പറഞ്ഞു.

'അങ്ങോരുടെ മോനോ?'

റിസ്സറുടെ മകന്‍ ലാറി റിസ്സര്‍ ജൂനിയറിനെക്കുറിച്ച് പറഞ്ഞില്ലല്ലോ. പിതാവിനെ കടത്തിവെട്ടുന്ന കുശാഗ്രബുദ്ധിക്കാരന്‍. 25 വയസ്സൊക്കെയേ വരൂ. പണവും പെണ്ണും മാത്രമാണ് അയാളുടെ ജീവിതത്തിലെ ലക്ഷ്യങ്ങള്‍. അവിടുത്തെ സ്റ്റുഡിയോയുടെ പൂര്‍ണനിയന്ത്രണം കക്ഷിക്കായിരുന്നു. ഞങ്ങള്‍ സ്റ്റുഡിയോയില്‍ ജോലിചെയ്തുകൊണ്ടിരിക്കെ (തത്സമയ സംപ്രേഷണത്തിനിടയില്‍) സെല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുക, ഫ്‌ലോര്‍ മാനേജര്‍ കൂടിയായിരുന്ന വന്ദ്യവയോധികനോട് തട്ടിക്കയറുക, ഫിലിപ്പിനോകളായ അവിടുത്തെ ജോലിക്കാരെ മുഴുവന്‍ അടിമകളെപ്പോലെ കാണുക ഇതെല്ലാം ഈ സന്താനത്തിന്റെ സ്വഭാവ'സവിശേഷത'കള്‍ ആയിരുന്നു.

അയാളെ അന്ന് കണ്ടിട്ടേയില്ല.

'എങ്കില്‍ നിങ്ങള്‍ ഇറങ്ങ്. എന്റെ വണ്ടിയുണ്ട്. നമുക്കങ്ങ് പോകാം', ചന്ദ്രു പറഞ്ഞു.

ഞങ്ങളുടെ ഉള്ളില്‍ തണുപ്പ് വീണു. പക്ഷേ, അങ്ങനെ ഇറങ്ങിപ്പോയാല്‍ ലാറിയോ മറ്റുള്ളവരോ കാണില്ലേ.

ചന്ദ്രു പക്ഷേ പറഞ്ഞത് മറ്റൊന്നാണ്. ലാറിയോ പുത്രനോ അവിടെയില്ലെങ്കില്‍ മറ്റാരും നമ്മളെ തടയാന്‍ പോകുന്നില്ല. അവര്‍ക്കാര്‍ക്കും നിങ്ങളോട് വിരോധമില്ല. മറിച്ച് സായിപ്പിനോട് കലിപ്പുമാണ്. പുറത്തുപറയാത്തതാണ്. താഴെ എ.ടി.എന്നിന്റെ മുറിയിലേക്ക് ചെന്ന് അതുവഴി പുറത്തിറങ്ങി സ്ഥലംവിടാമെന്ന് അയാള്‍ പറഞ്ഞു.

ചന്ദ്രു പറഞ്ഞത് സത്യമായിരുന്നു. ആരും ഞങ്ങളെ തടഞ്ഞില്ല. ചന്ദ്രുവിന്റെ കാറില്‍ ഞങ്ങള്‍ ഇരുട്ടുവീണ കുന്നിന്‍ചരിവിലൂടെ താളെ ഒലംഗപോ സിറ്റിയിലേക്ക് ഇറങ്ങി. ചന്ദ്രുവിന്റെ സഹായത്തോടെ തന്നെ ഉടന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. പിറ്റേന്ന് രാവിലേക്ക് ഫ്‌ലൈറ്റ് ഉറപ്പിച്ചു. രാത്രി ഫ്‌ലാറ്റില്‍ ഞങ്ങളെയിറക്കി മടങ്ങും മുന്‍പ് ആ രാത്രി റിലാക്‌സ് ചെയ്ത് ഉറങ്ങാന്‍ വേണ്ടതെല്ലാം ചന്ദ്രു ചെയ്തുതന്നിരുന്നു. അപാരമായ സഹജീവി സ്‌നേഹത്തിന്റെ അനുഭവമാണ് ആ സുഹൃത്ത് അന്ന് ഞങ്ങള്‍ക്ക് നല്‍കിയത്.

പിറ്റേന്ന് പുലര്‍ച്ചെ ടാക്‌സി പിടിച്ച് ഞങ്ങള്‍ മനിലയിലേക്ക് പുറപ്പെട്ടു. അതുവരെയും സായിപ്പിന്റെ സഹായികളാരും അന്വേഷിച്ചുവരാത്തത് ഞങ്ങള്‍ക്ക് സമാധാനം പകര്‍ന്നു. ഫിലിപ്പീന്‍സില്‍ നിന്നുള്ള മടക്കയാത്ര ഏതൊക്കെയോ തരത്തില്‍ വേദനയും നെടുവീര്‍പ്പും നിറഞ്ഞതായിരുന്നു. വര്‍ഷങ്ങള്‍ മുമ്പേ അഗ്‌നിപര്‍വത സ്‌ഫോടനങ്ങളിലെ ലാവകളില്‍ ഉറഞ്ഞുപോയ ഫിലിപ്പീന്‍ ഗ്രാമങ്ങള്‍ പുലരിവെട്ടത്തില്‍ ഞങ്ങള്‍ പിന്നിട്ടു. ഇതൊരു പലായനമാണെന്ന കാര്യം ടാക്‌സി ഡ്രൈവറോട് പോലും പറയാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. സായിപ്പിന്റെ അനുചരന്‍മാര്‍ എവിടെയാണ് ഉണ്ടാകാതിരിക്കുക?

മനില എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുംമുന്‍പ് കയ്യിലുണ്ടായിരുന്ന തുച്ഛമായ പെസോ (ഫിലിപ്പീന്‍ കറന്‍സി) കൊണ്ട് പബ്ലിക് ബൂത്തില്‍ നിന്ന് രവി തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ഡെസ്‌കിലേക്ക് വിളിച്ചു. ഫോണെടുത്തത് ഭിന്നസംസാരക്കാരനായ വിഡിയോ എഡിറ്റര്‍ ഗിരീഷ് ആയിരുന്നു. ഞങ്ങള്‍ വിമാനം കയറുകയാണെന്ന് രവി പെട്ടെന്ന് പറഞ്ഞുവച്ചു. ഞങ്ങളില്‍ നിന്ന് ഒരുവിവരവും കിട്ടാതെ ആകെ അമ്പരന്ന് അവശരായിരുന്ന ഡെസ്‌കിലെ സുഹൃത്തുക്കളോട് ആ സന്തോഷവിവരം പെട്ടെന്ന് പറയാന്‍ പോലും കഴിയാതെ ഗിരീഷ് പൊറുതിമുട്ടിയത് പിന്നീട് എത്രയോ ഞങ്ങള്‍ പറഞ്ഞുചിരിച്ച കാര്യമായിരുന്നു.

ബന്ദി നാടകത്തില്‍ നിന്ന് രക്ഷപ്പെട്ട് മദ്രാസിലെത്തി അവിടെനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ വന്നിറങ്ങിയ ഞങ്ങളെ ആഘോഷപൂര്‍വം വരവേറ്റത് കെ.ജയചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വലിയ സംഘമായിരുന്നു. ജയേട്ടന്‍ അന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. നിങ്ങളാണ് ഏഷ്യാനെറ്റിന്റെ മമ്മൂട്ടിയും മോഹന്‍ലാലും.



TAGS :