Quantcast
MediaOne Logo

സി.എ അബ്ദുല്‍ അഹദ്

Published: 5 Feb 2025 1:00 PM GMT

ഗസ്സയിൽ കണ്ണീരുപ്പു കലർന്ന പുഞ്ചിരി വിരിയുമ്പോൾ

എന്താണ് സ്വാതന്ത്ര്യം എന്ന് ഓരോ മനുഷ്യരെയും ഓർമ്മപ്പെടുത്തുന്ന പാഠപുസ്തകമാണ് ഗസ്സ

ഗസ്സയിൽ കണ്ണീരുപ്പു കലർന്ന പുഞ്ചിരി വിരിയുമ്പോൾ
X

സ്വന്തം വീടുകളിൽ നിന്നും ജന്മദേശത്തു നിന്നും പുറം തള്ളപ്പെട്ട ഗസ്സ നിവാസികൾ ഒരിക്കൽ കൂടി ഒരു മടങ്ങിപ്പോക്കിന്റെയും പുനരധിവാസത്തിന്റെയും ക്ലേശകരമായ ഘട്ടത്തിലാണിപ്പോൾ. വെടിനിർത്തൽ വ്യവസ്ഥകളനുസരിച്ച് നെത് സരിം കോറിഡോർ ജനുവരി 27 നു തുറന്നതോടു കൂടി വടക്കൻ ഗസ്സയിലേക്ക് നയിക്കുന്ന പൊടി നിറഞ്ഞ പാതകളെല്ലാം ജനനിബിഢമായിക്കഴിഞ്ഞിരുന്നു. വടക്കൻ ഗസ്സയിലെ സ്വന്തം വീടുകളിൽനിന്നും ഗ്രാമങ്ങളിൽനിന്നും ഇസ്രായേൽ സൈനികരാൽ പുറന്തള്ളപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരുടെ തിരിച്ചു പോക്കിന്റെ ദൃശ്യങ്ങൾ കരളലിയിപ്പിക്കുന്നതാണ്.

തങ്ങളുടെ കൈയിൽ കരുതാൻ കഴിയുന്ന സാധന സാമഗ്രികളും ചേർത്തുപിടിച്ച് കാൽനടയായി ബൈതുഹനൂനും ജബാലിയായും മറ്റും ലക്ഷ്യമാക്കി ഒരു പ്രവാഹം പോലെ അവർ സഞ്ചരിക്കുകയാണ്. ഇസ്രായേൽ ആക്രമണത്തെ ഭയന്ന് കഴിഞ്ഞ പതിനഞ്ചു മാസമായി തുടരുന്ന തെരുവു ജീവിതത്തിന്റെ ക്ലേശങ്ങളിലായിരുന്നു ഈ മനുഷ്യർ. വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഈ ജനസഞ്ചയത്തിനു ചെന്നെത്തേണ്ടത് ഇസ്രായേൽ തകർത്തു തരിപ്പണമാക്കിയ അവരുടെ ഗ്രാമങ്ങളിലേക്കാണ്. തങ്ങളുടെ വീടും കൃഷിയിടങ്ങളും വിട്ടു പോന്ന സാധനസാമഗ്രികളും മൺകൂനകളായി മാറിയിട്ടുണ്ടാവുമെന്നും ദുരിതം നിറഞ്ഞ നാളുകളെയാണ് നേരിടേണ്ടിവരിക എന്നും അവർക്ക് ഓരോരുത്തർക്കും ബോധ്യമുണ്ടായിരുന്നു. പക്ഷെ ഒരുവർഷം മുൻപ് വേർപിരിഞ്ഞുപോന്ന,അഭയാർത്ഥി ക്യാമ്പുകളിൽ അഭയം പ്രാപിച്ച മാതാപിതാക്കളുടെയും മക്കളുടെയും ഇണകളുടെയൂം സഹോദരങ്ങളുടേയുമൊക്കെ അരികിലെത്താനും കാണാതായ തങ്ങളുടെ ബന്ധുക്കളെ കുറിച്ച് അന്വേഷിക്കാനുമുള്ള തിടുക്കവും തങ്ങളുടെ ഓർമകളിലേക്ക് മടങ്ങാനുള്ള വൈകാരിക ഭാവവും മറ്റെല്ലാ ആശങ്കകൾക്കും മേലെയായിരുന്നു. പുറപ്പെട്ടു പോരുന്ന സമയത്തു 'നഖ്ബ' യുടെ ഓർമ്മകൾ അവരെ അലട്ടിയിട്ടുണ്ടാവണം. അതുകൊണ്ടു തന്നെ എത്ര ക്ലേശകരമാണെങ്കിലും ഈ തിരിച്ചു പോക്ക് അവർക്ക് ഒരു ആഘോഷ സന്ദർഭമായിരുന്നു.

വടക്കൻ ഗസയെ ഒരു മരുപ്പറമ്പാക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒറ്റ വീടുകളും താമസയോഗ്യമല്ലാത്ത വിധം മുഴുവൻ പ്രദേശങ്ങളും നശിപ്പിക്കപ്പെട്ടു. ജലവിതരണം, വൈദ്യുതി, ഡ്രൈനേജ് സംവിധാനം ആശുപത്രികൾ കൃഷിയിടങ്ങൾ തുടങ്ങിയവ മിക്കവാറും ഉപയോഗശൂന്യമായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപെട്ട് മരിച്ച മനുഷ്യരുടെ എണ്ണം ഇനിയും അറിയാനിരിക്കുന്നേയുള്ളു . വെടിനിർത്തിലിനുശേഷം ഏകദേശം 200 ഓളം ഇത്തരം മൃതദേഹങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ ഈ പ്രദേശം ഒരു പ്രേതനഗരം പോലെ രൂപം മാറിയിരിക്കുന്നു. ഒരു ജനസമൂഹത്തെ അവരുടെ നാട്ടിൽനിന്നും അവരുടെ ജീവിതത്തിൽ നിന്നും പുറംതള്ളുക എന്ന യുദ്ധക്കുറ്റമാണ് ഗസയിലെ ജനങ്ങളോട് ഇസ്രായേൽ ചെയ്തത്. പരിഷ്കൃത ലോകം ഈ വംശഹത്യക്ക് കാവലിരിക്കുന്ന എന്നതാണ് അതിലേറെ ദയനീയം.

ഗസ്സ എന്ന കരളുറപ്പ്

മനുഷ്യ ഭാവനകൾക്ക് വഴങ്ങാത്ത ഒരു അതീതദേശമാണ് ഗസ്സ. മനുഷ്യ സാധ്യമായ സഹനത്തിന്റെയും അതിജീവനത്തിന്റെയും ആത്മ ധൈര്യത്തിന്റേയും ഏതു അളവുകോലിനും അപ്പുറം നിൽക്കുന്ന ഒരു ജനത. വംശീയതയും പൈശാചികതയും കൈ മുതലായ സയണിസ്റ്റ് ഭീകര രാഷ്ട്രത്തിൻെറ നിരന്തരമായ ആക്രമണത്തിന് ഇരയാകുന്ന ഈ കൊച്ചു പ്രദേശത്തിന്റെ പോരാട്ട വീര്യം ലോകം പണ്ടേ മനസ്സിലാക്കിയതാണ്. ശത്രു രാജ്യത്തിന്റെ സമ്പൂർണമായ നിയന്ത്രണമുള്ള ഈ പ്രദേശത്തു നിത്യജീവിത്തിനുള്ള അവശ്യ വസ്തുക്കൾ ലഭിക്കുന്നത് വരെ വലിയ ആർഭാടമായിരിക്കെ ഒരു പോരാട്ട പ്രസ്ഥാനത്തിന് നിലയുറപ്പിക്കാനും മുന്നോട്ടു പോകാനും കഴിയുക എന്നതു സങ്കൽപ്പിക്കാൻ പോലും സാധ്യമല്ലാത്ത കാര്യമാണ്. ഒരു പിച്ചാത്തി പട്ടാളത്തിനു പോലും സാധ്യതയില്ലാത്ത ഈ സാഹചര്യത്തിലാണ് ഹമാസ് എന്ന പോരാട്ട സംഘത്തിന്റെ നേതൃത്വത്തിൽ ലോകത്തിനു പരിചയമില്ലാത്ത പ്രതിരോധ സംവിധാനമൊരുക്കി ഈ ചെറുപ്രദേശം ലോകത്തെ വിസ്മയത്തിനപ്പുറം കൊണ്ടെത്തിക്കുന്നത്.

ആർക്കും കൃത്യമായ വിവരങ്ങളൊന്നുമില്ലങ്കിലും 500 കിലോമീറ്ററോളം വലിപ്പമുള്ളത് എന്ന് പറയപ്പെടുന്ന ഗസയിലെ ടണൽ ശൃംഖലയെ കുറിച്ച് ചിന്തിച്ചു നോക്കുന്നത് തന്നെ അതീവ കൗതുകകരവും അമ്പരപ്പിക്കുന്നതുമായ കാര്യമാണ്. ഇസ്രയേലിന്റെയും അമേരിക്കയുടേയുമൊക്കെ പുകൾപെറ്റ ഇന്റലിജൻസ് സംവിധാനവും കടുകുമണിപോലും കണ്ടെത്തുന്ന സർവയലൻസും ഇതിന്റെ വിശാദംശങ്ങളറിയാതെ ഇരുട്ടിൽ തപ്പുകയാണ്. സ്വാതന്ത്ര്യദാഹവും അഭിമാന ബോധവും ആത്മാവിൽ ജ്വലിപ്പിച്ചു നിർത്തിയ ഒരു സമൂഹത്തിന്റെ അത്ഭുതകരമായ ഒരു ആവിഷ്ക്കാരമാണ് ഗസ്സയുടെ രക്തധമനികളായ ഈ ടണലുകൾ .

ഇതിനുമപ്പുറം ഈ സമൂഹം ലോകത്തെ അമ്പരപ്പിക്കുന്നത് അവരുടെ ആത്മധൈര്യവും അതിൽ നിന്ന് ലഭിക്കുന്ന അതിജീവന ശേഷിയും കൊണ്ടാണ്. 2023 ഒക്ടോബർ 7 ന് നടന്ന സംഭവവികാസങ്ങളെ തുടർന്ന് 15 മാസത്തോളം നീണ്ടുനിന്ന ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം ഭീകരമായ ആക്രമണമാണ് ഈ ജനതക്ക് നേരെ ഇസ്രായേൽ നടത്തിയത്. എല്ലാ കാലത്തും ഇസ്രായേൽ ഉപരോധം നേരിടുന്ന ലോകത്തിലെ തുറന്ന ജയിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രദേശത്ത് വെള്ളവും വെളിച്ചവും ഭക്ഷണ വസ്തുക്കളും മരുന്നും നിഷേധിച്ചുകൊണ്ട് ആശുപതികളും അഭയാർഥിക്യാമ്പുകളും പോലും ഒഴിവാക്കാതെ നിഷ്ടൂരമായ ആക്രമണം അഴിച്ചു വിട്ടു. 47,000 ത്തോളം മനുഷ്യർ ഇതിനിടയിൽ മരണപ്പെട്ടു. ഒരു ലക്ഷത്തോളം ആളുകൾക്ക് ഗുരുതര പരിക്കുകൾ പറ്റി. 17000ത്തിലധികം അരുമകളായ കുഞ്ഞുങ്ങളുടെ പാൽ പുഞ്ചിരി ഈ ആക്രമണത്തിൽ ഗസ്സയിൽ അസ്തമിച്ചു. നിലനിൽപ്പിന്റെ ആധാരമായ വീടുകൾ മൺകൂനകളായി.എൺപതു ശതമാനത്തോളം കെട്ടിടങ്ങളും നിലംപതിച്ചു. തങ്ങളുടെ ആത്മാവിന്റെ ഭാഗമായ മസ്ജിദുകൾ തകർക്കപ്പെട്ടു. കൃഷിയും ജീവനോപാധികളും തടയപ്പെട്ടു. വംശചരിത്രത്തിലേക്കു വേരാഴ്ത്തിയ ഒലിവ് മരങ്ങൾക്കു വേരറ്റു. എന്നിട്ടും ശിരസ്സിൽ പതിക്കുന്ന ഈ തീ മഴ തങ്ങളുടെ സ്വാതന്ത്ര്യദാഹത്തിനു എന്തെങ്കിലും കുറവ് വരുത്താനോ പോരാട്ടത്തിൽ നിന്ന് ഒരിഞ്ചുപോലും പുറകോട്ടു പോകാനോ ഈ ജനത തയ്യാറായില്ല . അതുകൊണ്ട് തന്നെ ഗസക്കാരെ അവിടെനിന്നു പുറം തള്ളാനുള്ള ട്രംപ് പ്രൊജക്റ്റ് വേരാഴമുള്ള ഈ ജനത പരാജയ​പ്പെടുത്തുമെന്നുറപ്പാണ്.

ഇസ്രായേലിന്റെ ആക്രമണം, ലോകത്തിന്റെ നിസ്സംഗത .

ലോകം കണ്ട ഏറ്റവും പൈശാചികമായവംശഹത്യയാണ് കഴിഞ്ഞ 15 മാസത്തോളമായി ഗസ്സയിൽ അരങ്ങേറിയത് . ഏറ്റവും മാരകമായ എല്ലാ കൂട്ടനശീകരണ ആയുധങ്ങളും ഈ ആക്രമണങ്ങളിൽ ഉപയോഗിക്കപ്പെട്ടു . ഇൻക്യൂബേറ്ററുകളും ആംബുലൻസുകളും ആശുപത്രികളും ആക്രമിക്കപ്പെട്ടു. ഇതെല്ലാം ദൃശ്യങ്ങളായി മുന്നിലെത്തിയിട്ടും ലോകത്തിലെ വിരലെണ്ണാവുന്നവയൊഴിച്ചുള്ള ഭരണ കൂടങ്ങൾ നിസ്സംഗരായി. ജനങ്ങൾ തെരുവുകളിൽ പ്രതിഷേധം പടർത്തിയെങ്കിലും അതൊന്നും പൈശാചികമായ ആക്രമണങ്ങൾക്കു ഒരു കുറവും വരുത്തിയില്ല. ലോകത്ത് എന്ത് അനീതി നടന്നാലും ഒരു ജനത ഒന്നാകെ പകൽ വെളിച്ചത്തിൽ വംശഹത്യക്ക് വിധേയമായാലും അക്രമിയുടെ കൈ പിടിക്കാൻ ആരെങ്കിലുമുണ്ടാവുമെന്ന പ്രതീക്ഷ ഈ സംഭവഗതികൾ ഇല്ലാതെയാക്കി. പക്ഷെ ഗസ്സയിലെ ജനങ്ങൾ ലോകത്തിന്റെ അനുകമ്പക്കുവേണ്ടി യാചിച്ചില്ല. തങ്ങളുടെ രക്ഷക്കെത്തണമെന്നു ആരോടും കേണപേക്ഷിച്ചില്ല. തങ്ങൾക്കാവും പോലെ പോരാടുമെന്നും ലക്ഷ്യത്തിൽ നിന്ന് ഒരിഞ്ചു പോലും പിന്മാറില്ലെന്നും ലോകത്തോട് പ്രഖ്യാപിക്കുകയാണ് അവർ ചെയ്തത്. പോരാട്ടഭൂമിയുടെ ഓരോ മൺതരിയും ഹൃദയ രക്തം കൊണ്ട് അവർ ചുവപ്പിച്ചു. ധീര മൃത്യുവരിച്ച മക്കളെ യോർത്തു ള്ള ഹൃദയ വേദനക്കിടയിലും ഒരു മാതാവും ഈ നഷ്ടത്തെയോർത്തു വിലപിച്ചില്ല. മറിച്ചു സ്വാതന്ത്ര്യ പോരാട്ടത്തിനായി തങ്ങളുടെ മക്കളെ സമർപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊണ്ടു. മരണ ഭയമില്ലാത്ത ഈ ജീവിതോന്മുഖതയാണ് യഥാർത്ഥത്തിൽ ശത്രുവിനെ അമ്പേ നിരാശപെടുത്തുന്നത്. ആവനാഴിയിലെ സകല ആയുധങ്ങളും പരീക്ഷിച്ചിട്ടും ഈ ദേശത്തിന്റെ ആത്മവീര്യത്തെ തകർക്കാൻ കഴിയാത്തതു അവർക്കു മുന്നിൽ ഒരു പ്രഹേളികയായി അവശേഷിക്കുന്നു .

എത്ര വിനാശകരമായ അക്രമണങ്ങൾക്കിടയിലും ലഭിച്ച ഓരോ ചെറിയ അവസരങ്ങളിലും തങ്ങളുടെ ജീവിതത്തെ തിരികെ പിടിക്കാൻ അവർ ശ്രമിച്ചു. തകർന്നടിഞ്ഞ മസ്ജിദുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പ്രാർത്ഥിച്ചു. അഭയാർത്ഥി തമ്പുകളിൽ വെച്ച് ആഘോഷപൂർവം വിവാഹങ്ങൾ നടത്തി. തെരുവിൽ ഫുട്ബാൾ കളിച്ചു. നിർഭയത്വവും പ്രസാദാത്മകതയും ജീവിത സമീപനങ്ങളാക്കി. ആക്രമണങ്ങളിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ പ്രിയ നേതാവ് യഹ്യ സിൻവർ പ്രൗഢിയോടെ വലിച്ചിട്ടു ഇരുന്ന ആ രാജകീയ ഇരിപ്പിടം ഗസ്സ ജീവിതത്തിന്റെ ഒരു പ്രതിരൂപമാണ്. കിരാതമായ അക്രമണത്തിനു താത്കാലിക വിരാമമിട്ടുകൊണ്ട് വെടിനിർത്തൽ നിലവിൽവന്നപ്പോൾ നഷ്ടങ്ങളെ കുറിച്ച് വിലപിക്കുകയല്ല ഈ ജനത ചെയ്തത് മറിച് തങ്ങൾ നേടിയ ധാർമിക വിജയത്തെ അവർ ആഘോഷിച്ചു. തകർന്നടിഞ്ഞ നാടിനെ സാക്ഷിയാക്കി തങ്ങൾ തിരിച്ചുവരുമെന്ന് വിജയ മുദ്ര കാണിച്ചു കുഞ്ഞുങ്ങൾ പോലും ശപഥം ചെയ്തു. ഈ ദൃശ്യങ്ങൾ ആയുധശക്തികൊണ്ടു ഈ ജനതയെ കീഴ്പെടുത്താം എന്ന് കരുതിയ സയണിസ്റ്റുകൾക്കും കൂട്ട് കക്ഷികൾക്കും മുഖത്തേറ്റ അടിയായി മാറി .

ഗസ്സ എന്ന പാഠപുസ്തകം

ഗസ്സ ഒരു പാഠപുസ്തകമാണ്, എത്രമേൽ വിലപ്പെട്ടതാണ് സ്വാതന്ത്ര്യം എന്ന് ഓരോ മനുഷ്യരെയും ഓർമ്മപ്പെടുത്തുന്ന പാഠപുസ്തകം. എത്ര വില നൽകേണ്ടിവന്നാലും അടിച്ചമർത്തലും അധിനിവേശവും അനുവദിക്കാൻ ആവില്ലെന്ന പാഠം. മരണഭയമില്ലാതെ നിലയുറപ്പിച്ചാൽ ഏതു ആയുധ ശക്തിക്കും നിങ്ങളെ കീഴ്പെടുത്താനാവില്ലെന്ന പാഠം. ആയുധ ശക്തിക്കും അധികാര ശക്തിക്കും മുന്നിൽ തോറ്റു പോയ ലോകത്തിലെ പീഡിത മനുഷ്യർക്കെല്ലാം ഒരാശ്വാസത്തിന്റെ ചിഹ്നമാണ് ഈ നാട്. സ്വാതന്ത്ര്യ മോഹികൾക്കും മനുഷ്യാന്തസ്സിനെ ഉയർത്തിപ്പിടിക്കുന്നർക്കും മനസ്സുകൊണ്ടെങ്കിലും സന്ദർശിക്കേണ്ട ഇടമാണ് ഗസ്സ .

TAGS :