Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ജപ്പാനുമായുള്ള സാമ്പത്തിക സഹകരണവും നിക്ഷേപ പങ്കാളിത്തവും വിപുലീകരിക്കാൻ ഒമാൻ. ടോക്കിയോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ജപ്പാൻ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രി റിയോസെയ് അക്കസാവയും വിവിധ മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ച ചെയ്തു. ഹൈഡ്രജൻ, ഗ്രീൻ അമോണിയ, നൂതന വ്യവസായങ്ങൾ, സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം വിപുലീകരിക്കുന്നതിനാണ് പ്രധാനമായും ചർച്ചയിൽ ഊന്നൽ നൽകിയത്.
ലോകത്തെ പ്രധാന വ്യാപാര-ഊർജ പാതകളോട് ചേർന്നുള്ള ഒമാന്റെ തന്ത്രപ്രധാനമായ സ്ഥാനം ജപ്പാന്റെ വ്യവസായ-സാങ്കേതിക മികവുമായി പ്രയോജനപ്പെടുത്തി പുതിയ പദ്ധതികൾ നടപ്പാക്കുന്നതും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. ഇതിലൂടെ വ്യാപാരമേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ഉൽപ്പന്നങ്ങളുടെ വിതരണ സംവിധാനം ശക്തിപ്പെടുത്താനും സ്വകാര്യ കമ്പനികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
സംയുക്ത പദ്ധതികൾ വേഗത്തിലാക്കാനും ക്ലീൻ എനർജിയിലേക്കുള്ള മാറ്റത്തിന് പിന്തുണ നൽകാനും നിലവിലുള്ള സഹകരണ സംവിധാനങ്ങൾ സജീവമാക്കേണ്ടതിന്റെ പ്രാധാന്യവും യോഗം വിലയിരുത്തി. ജപ്പാനിലെ ഒമാൻ അംബാസഡർ അസീല ബിൻത് നാസർ അൽ കിയൂമിയും ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.