Quantcast
MediaOne Logo

ഷബ്‌ന സിയാദ്

Published: 6 July 2022 1:46 AM GMT

ലൈംഗിക പീഡനം: വൈകി നല്‍കുന്ന പരാതിയില്‍ കേസെടുക്കേണ്ടേ?

ലൈംഗിക പീഡനക്കേസുകളില്‍ പരാതി നല്‍കാന്‍ വൈകുന്നതിനെ മറ്റു കേസുകളിലെന്നപോലെ ഒരു പോലെ കാണരുതെന്നാണ് കോടതിയുടെ നിരീക്ഷണം. പീഡനത്തിനിരയാകുന്ന കുട്ടിയുടെയും അതുപോലെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ കണക്കിലെടുക്കണം. | കോര്‍ട്ട് റൂം

ലൈംഗിക പീഡനം:   വൈകി നല്‍കുന്ന പരാതിയില്‍ കേസെടുക്കേണ്ടേ?
X
Listen to this Article

സ്‌കൂളില്‍ നിന്നെത്തി വൈകുന്നേരം മുറിയില്‍ കയറി കതകടച്ച് വസ്ത്രം മാറുന്നതിനിടയില്‍ കട്ടിലിനിടിയില്‍ നിന്നും മദ്യത്തിന്റെ രൂക്ഷമായ ഗന്ധം. നോക്കുമ്പോള്‍ കട്ടിലിനിടിയില്‍ തന്റെ സ്വന്തം പിതാവാണ്. വസ്ത്രം മാറുന്നത് നോക്കി കിടക്കുന്ന അയാളെ കണ്ട് ആ പതിനേഴുകാരി ഞെട്ടി. പലപ്പോഴായി ഇത്തരം പ്രവൃത്തികള്‍ അയാളില്‍ നിന്നും ഈ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റൊരിക്കല്‍ കുളിമുറിയുടെ വാതിലില്‍ ചെറിയൊരു ദ്വാരമുണ്ടാക്കി അതിലൂടെ ഒളിഞ്ഞ് നോക്കികൊണ്ടിരിക്കുന്ന അച്ഛനെ കണ്ട് ഇളയ മകള്‍ ഇത് ചോദ്യം ചെയ്തു. അപ്പോള്‍ അയാള്‍ പറയുന്നത് കേട്ട് ഈ പെണ്‍കുട്ടികള്‍ ഞെട്ടിപ്പോയി. ഒരു മരം നട്ടാല്‍ അതിന്റെ ആദ്യഫലം അത് വെയ്ക്കുന്നയാള്‍ക്കുള്ളതാണ്. ഒരു തെങ്ങ് നട്ടാലും ആദ്യ തേങ്ങ അതിന്റെ ഉടമക്കെടുക്കാമെന്ന്. ഒരച്ഛന്‍ മകളോട് പറഞ്ഞ വാക്കുകളാണിത്. പിന്നീടും ഇത്തരം ശല്യം തുടര്‍ന്നു. ഇതിനിടെ ഒരു ദിവസം രാത്രിയില്‍ ഉറങ്ങി കിടന്നപ്പോള്‍ മുറിയിലെത്തി പുതപ്പില്‍ പിടിച്ച് വലിച്ചു. പിന്നെയൊന്നും ആലോചിച്ചില്ല, ഇയാളുടെ ഭാര്യതന്നെ പൊലിസില്‍ പരാതി നല്‍കി.

പത്തനാപുരം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൊല്ലം സെഷന്‍സ് കോടതി കേസില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 സി വകുപ്പ് പ്രകാരവും പോക്‌സോ നിയമപ്രകാരവുമായിരുന്നു കുറ്റം. അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയൊടുക്കാനുമാണ് കോടതി ശിക്ഷ വിധിച്ചത്. ഈ ശിക്ഷാ വിധിക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിലെത്തിയപ്പോള്‍ ചില നിയമപ്രശ്‌നങ്ങള്‍ വാദത്തിനായി പ്രതി ഉന്നയിച്ചു. അതിലൊന്ന് പരാതി നല്‍കാന്‍ ഉണ്ടായ കാലതാമസം സംബന്ധിച്ചായിരുന്നു. പരാതി നല്‍കിയതും എഫ്.ഐ. ആര്‍ ഇട്ടതും വളരെ വൈകിയാണ്, അതിനാല്‍ ഇത് പരിഗണിക്കരുതെന്നായിരുന്നു ഒരു വാദം. എന്നാല്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഈ ഹരജിയിലെ ഉത്തരവില്‍ കേസിലെ കാലതാമസം സംബന്ധിച്ച് ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്.

ലൈംഗിക പീഡനക്കേസുകളില്‍ പരാതി നല്‍കാന്‍ വൈകുന്നതിനെ മറ്റു കേസുകളിലെന്നപോലെ ഒരു പോലെ കാണരുതെന്നാണ് കോടതിയുടെ നിരീക്ഷണം. പീഡനത്തിനിരയാകുന്ന കുട്ടിയുടെയും അതുപോലെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ കണക്കിലെടുക്കണം. ഇരയും കുടുംബാംഗങ്ങളും മറ്റു പല വസ്തുതകളും കണക്കിലെടുക്കുന്നതിനാല്‍ ഇത്തരം കേസുകളില്‍ പരാതി വൈകാറുണ്ട്. പീഡനക്കേസുകളില്‍ ഇരയുടെ മാനസികാവസ്ഥ ഉള്‍പ്പെടെ പരിഗണിക്കണം. നമ്മുടെ സമൂഹത്തില്‍, പ്രത്യേകിച്ചും ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഇത്തരം പരാതികള്‍ വൈകിയെന്ന കാരണത്താല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഉപേക്ഷിക്കുന്നത് ഉചിതമല്ല. പ്രോസിക്യൂഷന്‍ കേസില്‍ സംശയമോ ദുരൂഹതയോ ഉണ്ടെങ്കിലാണ് പരാതി വൈകിയെന്ന കാരണം നിര്‍ണായകമാകുന്നതെന്നും കോടതി ഓര്‍മപ്പെടുത്തുകയുണ്ടായി.


മറ്റൊരു തടസ്സവാദം ഉന്നയിച്ചത് ഈ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊന്നും പരിഗണിച്ചില്ല തെളിവായി എന്നതായിരുന്നു. എന്നാല്‍, ഇത്തരം കേസുകളില്‍ യഥാര്‍ഥ ഇരയുടെ വാക്കുകള്‍ മാത്രം മതി പ്രതിയെ ശിക്ഷിക്കാനെന്നതായിരുന്നു കോടതിയുടെ നിലപാട്. സ്റ്റേറ്റ് ഓഫി ഹിമാചല്‍ പ്രദേശ് V/s ആശ റാം കേസില്‍ സുപ്രീം കോടതി ഇത് വ്യക്താക്കുന്നുണ്ട്. സാക്ഷികളുടെ മൊഴികളേക്കാളും മറ്റ് തെളിവുകളേക്കാലും മുകളിലാണ് ഇരയുടെ മൊഴിയെന്ന തെളിവെന്ന് കോടതി പറയുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സാക്ഷികളില്ലെന്ന പേരില്‍ ഇത്തരം പ്രവൃത്തി ചെയ്ത ആള്‍ നിരപരാധിയാകുന്നില്ലെന്ന് കോടതി ചൂണ്ടികാട്ടി. അതേസമയം, 17 കാരിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നെങ്കിലും ഈ കുറ്റം വിചാരണക്കോടതി ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. 2015ല്‍ ഉള്‍പ്പെടെ നടന്നെന്നു പറയുന്ന സംഭവങ്ങളില്‍ 2016 ലാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നായിരുന്നു അപ്പീലിലെ പ്രധാന വാദം. അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി പ്രതിക്കെതിരെ പെണ്‍കുട്ടി 2014 ല്‍ തന്നെ പരാതി നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പ്രതി കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ ശരിവെക്കുകയും ചെയ്തു. എന്നാല്‍, പോക്‌സോ വകുപ്പ് ഒഴിവാക്കിയതിനാല്‍ ഐ.പി.സി 354 സി പ്രകാരമുള്ള പരമാവധി മൂന്ന് വര്‍ഷത്തെ തടവുശിക്ഷയാണ് പ്രതിക്ക് നല്‍കാനാവൂ എന്ന് ഹൈക്കോടതി കണ്ടെത്തി. തുടര്‍ന്ന് അഞ്ച് വര്‍ഷം കഠിനതടവ് മൂന്ന് വര്‍ഷമാക്കി. എന്നാല്‍, പിഴ തുകയില്‍ മാറ്റം വരുത്തിയില്ല.

നിയമത്തിന്റെ സാങ്കേതികതയില്‍ ഊന്നി ഇത്തരം പ്രതികള്‍ക്കുള്ള ശിക്ഷാ വിധികള്‍ കുറച്ച് നല്‍കുകയോ പലപ്പോഴും വെറുതെ വിടുകയോ ചെയ്യുന്നുണ്ട്. നിരവധി വ്യാജ പരാധികള്‍ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ടെന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പക്ഷെ, സ്വന്തം വീട്ടില്‍ സുരക്ഷിതരല്ലാത്ത പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടിയേ തീരൂ. അതിനായി ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കാവുന്ന നിയമനിര്‍മാണം നടക്കുക തന്നെവേണം.

TAGS :