Quantcast

ഐ.പി.എല്‍: ധോണിയോ കോഹ്‍ലിയോ? സാധ്യതകളും നിഗമനങ്ങളും

കഴിഞ്ഞ അഞ്ച് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണയും വിജയം ചെന്നൈക്കായിരുന്നു എന്നത് മറ്റൊരു വസ്തുത

MediaOne Logo
ഐ.പി.എല്‍: ധോണിയോ കോഹ്‍ലിയോ? സാധ്യതകളും നിഗമനങ്ങളും
X

ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇരു ടീമുകള്‍ക്കും ഇന്നത്തെ വിജയം അനിവാര്യമാണ്. ടൂര്‍ണ്ണമെന്‍റില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന സണ്‍റൈസേഴ്സിനും ആറാം സ്ഥാനക്കാരായ കൊല്‍ക്കത്തക്കും ജയമല്ലാതെ ഇന്ന് മറ്റൊന്നും പ്രതീക്ഷിക്കാനുണ്ടാവില്ല. ഡേവിഡ് വാര്‍ണ്ണറിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും പ്രകടനത്തെ ആശ്രയിച്ചായിരിക്കും സണ്‍റൈസേഴ്സിന്‍റെ ഭാവി പ്രവചിക്കാനാവുക. മുന്‍നിരയില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ചവെക്കുമെങ്കിലും മറ്റ് ബാറ്റ്സ്മാന്‍മാരുടെയും ബൌളര്‍മാരുടെയും മോശം ഫോം ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്. എട്ട് വിക്കറ്റ് വീതമെടുത്ത റാഷിദ് ഖാനും സന്ദീപ് ശര്‍മ്മയും മാത്രമാണ് ബൌളിങില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

മികച്ച ഒരു ബൌളിങ് നിരയുടെ അഭാവമാണ് കൊല്‍ക്കത്തയെയും അലട്ടുന്ന പ്രധാന ഖടകം. വലിയ രീതിയിലുള്ള പ്രഹരമാണ് എല്ലാ മത്സരങ്ങളിലും കൊല്‍ക്കത്ത ബൌളര്‍മാര്‍ക്ക് നേരിടേണ്ടി വരുന്നത്. ബാറ്റിങില്‍ ആന്ദ്രേ റസലും നിതീഷ് റാണയുമെല്ലാം മികച്ച ഫോമിലാണ്. റോബിന്‍ ഉത്തപ്പക്കും ക്രിസ് ലിന്നിനും മികച്ച സംഭാവനകള്‍ നല്‍കാന്‍ ചിലപ്പോള്‍ സാധിക്കും. തങ്ങളുടെ ബൌളിങ് കരുത്തായ സ്പ്പിന്നര്‍മാര്‍ക്ക് ഫോം കണ്ടെത്താനാകാത്തതാണ് കൊല്‍ക്കത്ത ബൌളിങിന്‍റെ പരാജയം. പിയൂഷ് ചൌള, സുനില്‍ നരേന്‍, കുല്‍ദീപ് യാദവ് എന്നിവരുടെ സ്ഥിതി പരുങ്ങലിലാണ്. ആന്ദ്രേ റസല്‍ എന്ന കരീബിയന്‍ ചുഴലിക്കാറ്റാണ് നൈറ്റ് റൈഡേഴ്സിനെ മറ്റു ടീമുകള്‍ ഭയപ്പെടുന്നതിന്‍റെ പ്രധാന ഖടകം. കൂറ്റന്‍ അടികള്‍ കൊണ്ട് എതിരാളിയെ വിറപ്പിക്കുന്ന റസല്‍ എങ്ങനെ ബാറ്റു വീശും എന്നത് ആരാധകരും ടീമും ഒരുപോലെ ഉറ്റുനോക്കുന്ന കാര്യമാണ്. നായകന്‍ ദിനേശ് കാര്‍ത്തിക് ഫോം വീണ്ടെടുക്കാന്‍ കഷ്ടപ്പെടുകയാണ്. ഏതായാലും രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ തീ പാറുമെന്നത് ഉറപ്പാണ്.

രണ്ടാം മത്സരം ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവും തമ്മിലാണ്. ടൂര്‍ണ്ണമെന്‍റിലെ ഒന്നാം സ്ഥാനക്കാരും അവസാന സ്ഥാനത്തു നില്‍ക്കുന്നവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതാണ് രണ്ടാം മത്സരത്തിലെ പ്രത്യേകത. ധോണിയും കോഹ്‍ലിയും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമായിരിക്കും.? തുടക്കം പിഴച്ചെങ്കിലും പിന്നീട് നേടിയ വിജയങ്ങള്‍ ബെംഗളുരുവിന്‍റെ ആത്മവിശ്വാസം കൂട്ടുന്നതാണ്. വിരാട് കോഹ്‍ലി ഫോമിലേക്ക് തിരിച്ചെത്തിയത് തന്നെയാണ് ബെംഗളുരുവിന്‍റെ പ്രതീക്ഷ. പക്ഷെ ബൌളിങ്ങിലെ പ്രശ്നങ്ങള്‍ ബെംഗളുരുവിനെ അലട്ടുന്നുണ്ട്. ഡെയില്‍ സ്റ്റൈന്‍ തിരിച്ചുവന്നെങ്കിലും കൊല്‍ക്കത്തക്കെതിരെ നേടിയ കൂറ്റന്‍ സ്കോറിന്‍റെ വിജയപ്രതീക്ഷകള്‍ ഒരു നിമിഷമെങ്കിലും മങ്ങിയില്ലേ എന്ന ചോദ്യത്തിന് ഉത്തരം അതെ എന്നുതന്നെയായിരിക്കും. മൊഹമ്മദ് സിറാജ്, മുഈന്‍ അലി, നവ്ദീപ് സൈനി, ഉമേഷ് യാദവ് എന്നിവര്‍ കഷ്ടപ്പെടുമ്പോള്‍ യുസ്‍വേന്ദ്ര ചഹാല്‍ മാത്രമാണ് മികച്ച ബൌളിങ് കാഴ്ച വെക്കുന്നത്.

ഒരു ടീം എന്ന നിലയിലെ ഒത്തൊരുമയാണ് ചെന്നൈയുടെ ഏറ്റവും വലിയ മേല്‍ക്കൈ. 'വയസന്‍പട' എന്ന കളിയാക്കല്‍ ടൂര്‍ണ്ണമെന്‍റിന് മുമ്പ് ലഭിച്ചിരുന്നെങ്കിലും വിമര്‍ശകരുടെ വായ മൂടിക്കെട്ടിയ പ്രകടനവുമായി മുന്നേറിയ ചെന്നൈ തീര്‍ത്തും അപകടകാരികളാണ്. ടി20യില്‍ പോലും സ്ലോ പേസ് ഇന്നിങ്സുകള്‍ കളിച്ച് മത്സരം തന്‍റെ വരുതിയില്‍ കൊണ്ടുവരാനും മികച്ച തീരുമാനങ്ങള്‍ മത്സരത്തിലങ്ങോളമിങ്ങോളം എടുത്ത് ടീമിനെ സ്വാധീനിച്ച് കളി വിജയിപ്പിക്കാനും കെല്‍പ്പുള്ള നായകന്‍ മഹേന്ദ്ര സിങ് ധോണി തന്നെയാണ് ചെന്നൈയുടെ തുറുപ്പുചീട്ട്. മാഹി ഫോമിലാണ് എന്നുള്ളത് ചെന്നൈക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. കഴിഞ്ഞ മത്സരം ധോണിയില്ലാതെ കളത്തിലിറങ്ങിയ ചെന്നൈക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതും ശ്രദ്ധേയമാണ്. ഇംറാന്‍ താഹിര്‍, ദീപക് ചഹാര്‍ എന്നിവരുടെ ബൌളിങും അപകടകരമാണ്. ഇരുവരും ചേര്‍ന്ന് 26 വിക്കറ്റുകളാണ് ഈ സീസണില്‍ വീഴ്ത്തിയിട്ടുള്ളത്. ഡുപ്ലിസിസ്, ജഡേജ, റെയ്ന എന്നിവരടങ്ങുന്ന ഫീല്‍ഡിങ്ങും ഗംഭീരം. കഴിഞ്ഞ അഞ്ച് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണയും വിജയം ചെന്നൈക്കായിരുന്നു എന്നത് മറ്റൊരു വസ്തുത. എന്നിരുന്നാലും ബെംഗളുരുവിന് ഇത് തകര്‍ക്കാനാവുമോ എന്നത് കാത്തിരുന്നു കാണാം.

TAGS :

Next Story