Quantcast

ടീമിലെടുക്കുന്നില്ലെങ്കിൽ ധോണിയെ അക്കാര്യം അറിയിക്കണം: സെവാഗ് 

‘ധോണിയെ എടുക്കാതെ ടീം പ്രഖ്യാപിച്ച ശേഷം എം.എസ്.കെ പ്രസാദ് അക്കാര്യം ധോണിയോട് പറഞ്ഞിട്ട് എന്താണ് കാര്യം? ടീം പ്രഖ്യാപിക്കുന്നതിനു മുന്നേയാണ് ഇത്തരം കാര്യങ്ങൾ കളിക്കാരനെ അറിയിക്കേണ്ടത്.’ 

MediaOne Logo

Mohamed Shafi

  • Published:

    19 July 2019 12:20 PM GMT

ടീമിലെടുക്കുന്നില്ലെങ്കിൽ ധോണിയെ അക്കാര്യം അറിയിക്കണം: സെവാഗ് 
X

മഹേന്ദ്ര സിംഗ് ധോണിയെ ടീമിലെടുക്കുന്നില്ലെങ്കിൽ അക്കാര്യം അദ്ദേഹത്തെ സെലക്ടർമാർ അറിയിക്കണമെന്ന് വീരേന്ദർ സെവാഗ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കെ, ധോണിയെ പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹമുണ്ട്. എത്രകാലം കളിക്കണമെന്ന കാര്യം ധോണിയാണ് തീരുമാനിക്കേണ്ടതെന്നും എന്നാൽ തങ്ങളുടെ പദ്ധതിയിൽ ഇല്ലെങ്കിൽ അക്കാര്യം സെലക്ടർമാർ മുൻ ക്യാപ്ടനെ അറിയിക്കണമെന്നും മുൻ ഓപണർ പറഞ്ഞു.

'എപ്പോഴാണ് ബൂട്ടഴിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ധോണിയാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ധോണിയെ കാണുന്നില്ലെങ്കിൽ സെലക്ടർമാർ അക്കാര്യം അദ്ദേഹത്തെ നേരിൽ വിളിച്ച് അറിയിക്കണം. എന്റെ പദ്ധതികളെക്കുറിച്ച് സെലക്ടർമാർ എന്നോടും ചോദിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുന്നു.' എ.ബി.പി ന്യൂസിലെ പാനൽ ചർച്ചയിൽ സെവാഗ് പറഞ്ഞു.

സെവാഗിനെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ അക്കാര്യം അറിയിക്കാതിരുന്നതിൽ 2013-ൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്ന സന്ദീപ് പാട്ടീൽ മാപ്പുചോദിച്ചു. സെവാഗിനോട് സംസാരിക്കാൻ വിക്രം റാത്തോഡിനെയാണ് ഏൽപ്പിച്ചിരുന്നതെന്നും, വിക്രം സംസാരിച്ചിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് താൻ മാപ്പു ചോദിക്കുന്നതായും പാട്ടീൽ പറഞ്ഞു. എന്നാൽ, തന്നെക്കൂടാതെ ടീം പ്രഖ്യാപിച്ച ശേഷമാണ് വിക്രം തന്നോട് സംസാരിച്ചതെന്നും അതിൽ കാര്യമില്ലെന്നും സെവാഗ് മറുപടി നൽകി.

'ധോണിയെ എടുക്കാതെ ടീം പ്രഖ്യാപിച്ച ശേഷം എം.എസ്.കെ പ്രസാദ് അക്കാര്യം ധോണിയോട് പറഞ്ഞിട്ട് എന്താണ് കാര്യം? ടീം പ്രഖ്യാപിക്കുന്നതിനു മുന്നേയാണ് ഇത്തരം കാര്യങ്ങൾ കളിക്കാരനെ അറിയിക്കേണ്ടത്.' - സെവാഗ് പറഞ്ഞു. എന്നാൽ, കളിക്കാരനെ ടീമിലെടുക്കുമ്പോഴും ഒഴിവാക്കുമ്പോഴും അറിയിക്കേണ്ട കാര്യമൊന്നുമില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത മുൻ ക്യാപ്ടൻ കപിൽദേവ് അഭിപ്രായപ്പെട്ടു.

പുതിയ തലമുറയിലെ കളിക്കാർക്ക് അവസരം നൽകുന്നതിനായി ധോണി സ്ഥാനമൊഴിയണമെന്ന് ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു. മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ ഊഴം കാത്തുനിൽക്കുന്നുണ്ടെന്നും ധോണി ടീമിൽ തുടരുന്നത് ശരിയല്ലെന്നുമായിരുന്നു ഗംഭീറിന്റെ നിലപാട്.

Must Read: വികാരം കൊള്ളരുത്, പ്രായോഗിക തീരുമാനം കൈക്കൊള്ളുക: ധോണിയോട് ഗംഭീർ

TAGS :

Next Story