Quantcast

ഇന്ത്യയില്‍ നിന്ന് 2021ലെ ടി20 ലോകകപ്പ് വേദി മാറ്റുമെന്ന് ഐ.സി.സി

2016ലെ ടി20 ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിച്ചപ്പോള്‍ ഏതാണ്ട് 30 ദശലക്ഷം ഡോളറാണ് ഐ.സി.സിക്ക് നഷ്ടമായത്...

MediaOne Logo

  • Published:

    27 May 2020 9:26 AM GMT

ഇന്ത്യയില്‍ നിന്ന് 2021ലെ ടി20 ലോകകപ്പ് വേദി മാറ്റുമെന്ന് ഐ.സി.സി
X

ഇന്ത്യയില്‍ നിന്നും 2021ലെ പുരുഷ ടി20 ലോകകപ്പ് വേദി മാറ്റുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭീഷണി. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും ലോകകപ്പിന്് നികുതി ഇളവ് ഉറപ്പിക്കുന്നതില്‍ ബി.സി.സി.ഐ പരാജയപ്പെട്ടുവെന്ന കാരണം കാണിച്ചാണ് ഐ.സി.സി കടുത്ത നടപടിക്കൊരുങ്ങുന്നത്. ശശാങ്ക് മനോഹര്‍ ചെയര്‍മാനായുള്ള ഐ.സി.സിയുടെ നീക്കം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നേരിട്ടുള്ള യുദ്ധത്തിന്റെ വക്കിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുകയാണെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്യുന്നത്.

2016ലെ ടി20 ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിച്ചപ്പോള്‍ ഏതാണ്ട് 30 ദശലക്ഷം ഡോളറാണ് ഐ.സി.സിക്ക് നഷ്ടമായത്. ഈ അനുഭവമാണ് കടുത്ത നടപടിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഐ.സി.സിയും സ്റ്റാര്‍ ഇന്ത്യയുമായുള്ള എട്ട് വര്‍ഷത്തെ കരാര്‍ പ്രകാരം 2023നുള്ളില്‍ രണ്ട് ഐ.സി.സി ടൂര്‍ണ്ണമെന്റുകള്‍ ഇന്ത്യയില്‍ നടത്തണം. 2023ലെ പുരുഷന്മാരുടെ ഏകദിന ലോകകപ്പിനും ഇന്ത്യയാണ് വേദി. ഏകദിന ലോകകപ്പിനും നികുതിയിളവ് ലഭിച്ചില്ലെങ്കില്‍ ഏതാണ്ട് 100 ദശലക്ഷം ഡോളറാണ്(ഏകദേശം 756 കോടിരൂപ) ഐ.സി.സിക്ക് നഷ്ടപ്പെടുക.

ക്രിക്കറ്റിന്റെ ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഐ.സി.സിയുടെ വരുമാനത്തില്‍ നിന്നും വലിയ പങ്ക് ലഭിക്കുന്നതും ഇന്ത്യയുടെ ക്രിക്കറ്റ് ബോര്‍ഡിനാണ്. ഐ.സി.സി വരുമാനത്തില്‍ കുറവുണ്ടായാല്‍ അത് മറ്റു രാജ്യങ്ങളുടെ ബോര്‍ഡുകളുടെ വരുമാനത്തേയും ബാധിക്കും. ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം ചാനലുകള്‍ക്ക് വില്‍ക്കുന്നതാണ് ഐ.സി.സിയുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്ന്. 2023വരെയുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം 1.98 ബില്യണ്‍ ഡോളര്‍(ഏതാണ്ട് 12,000 കോടിരൂപ) ചിലവഴിച്ചാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സ്വന്തമാക്കിയത്.

ടി20 ലോകകപ്പിന് നികുതി ഇളവ് ലഭ്യമാക്കുന്ന കാര്യത്തില്‍ 2019 ഡിസംബര്‍ 31ന് ഉള്ളില്‍ തീരുമാനമെടുക്കാനായിരുന്നു ഐ.സി.സി നല്‍കിയ നിര്‍ദേശം. ഏപ്രില്‍ 17 വരെ ഈ കാലാവധി നീട്ടണമെന്ന് ബി.സി.സി.ഐ പിന്നീട് അപേക്ഷിക്കുകയായിരുന്നു. പിന്നീട് ഏപ്രില്‍ 13ന് നിലവിലെ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ജൂണ്‍ 30 വരെ സാവകാശം നല്‍കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടതാണ് ഐ.സി.സിയെ ചൊടിപ്പിച്ചത്.

ബി.സി.സി.ഐയുടെ തലപ്പത്തുള്ള പ്രസിഡന്റ് സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ് ഷായുടേയും ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജിന്റേയും കാലാവധി കഴിയാനിരിക്കേയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത്. അതേസമയം ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്റെ കാലാവധിയും ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ശശാങ്ക് മനോഹറിന്റെ പിന്‍ഗാമിയായി സൗരവ് ഗാംഗുലി വരുമെന്ന സൂചനകളുമുണ്ട്. അങ്ങനെ വന്നാല്‍ നിലവിലെ സാഹചര്യങ്ങളാകെ മാറിമറിയുകയുംചെയ്യും.

TAGS :

Next Story