Quantcast

പുരസ്കാര നേട്ടത്തില്‍ മനം നിറഞ്ഞ് സുഡുവിന്‍റെ ഉമ്മ 

MediaOne Logo
പുരസ്കാര നേട്ടത്തില്‍ മനം നിറഞ്ഞ് സുഡുവിന്‍റെ ഉമ്മ 
X

സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ ഉടനീളം നമുക്കൊപ്പം നില്‍ക്കുന്ന ആ രണ്ട് ഉമ്മമാരുടെ ചിരി, സിനിമ കണ്ടവര്‍ക്കൊന്നും അവരുടെ ചിരിയും ഇടപെടലുകളും മറക്കാനാവില്ല. ഇന്ന് പ്രഖ്യാപിച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് അവരുടെ ചിരി കണ്ടിട്ടാണോ കൊടുത്തതെന്ന് പോലും തോന്നിപ്പോകും, അത്രക്ക് രസമുള്ള ചിരി. അവാര്‍ഡ് വിവരമറിഞ്ഞ് മാങ്കാവിലെ വീട്ടിലെത്തിയപ്പോള്‍ സാവിത്രി ശ്രീധരന്റെ മുഖത്ത് അതിശയവും സന്തോഷവും ഇടകലര്‍ന്ന ചിരി തന്നെയായിരുന്നു.
മാധ്യമങ്ങളോടും നാട്ടുകാരോടും ഫോണില്‍ സന്തോഷം അറിയിച്ച് വിളിച്ചവരോടെല്ലാം ചിരിയോടെ മറുപടികള്‍.

പതിനാറാം വയസ്സില്‍ വിവാഹം ഉറപ്പിക്കുമ്പോള്‍ നിശ്ചയപ്പന്തലില്‍ വെച്ചുള്ള അച്ഛന്റെ പ്രഖ്യാപനം ഓര്‍ത്തെടുത്തു. ഡാന്‍സ് പഠിക്കുകയാണ് സാവിത്രി, കല്യാണം കഴിഞ്ഞാലും അവള്‍ ഡാന്‍സ് പഠിക്കും. അത് സമ്മതിക്കാണേല്‍ മാത്രം മതി കല്യാണം. അച്ഛന്റെ ഉറച്ച തീരുമാനമാണ് കലയില്‍ ഇങ്ങനെ ഇപ്പോഴും നില്‍ക്കാന്‍ കഴിയുന്നതെന്ന് സാവിത്രി പറഞ്ഞു.


കെ.ടിയുടെ നാടകങ്ങളിലൂടെ കോഴിക്കോട്ടുകാര്‍ നല്‍കിയ പിന്തുണ. സുന്ദരികള്‍ മാത്രം കടന്നു വരുന്ന സിനിമ ലോകം സ്വപ്നം കാണാതിരിക്കുമ്പോള്‍ സക്കരിയയും കൂട്ടരും സിനിമയിലേക്ക് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ‘നല്ല കുട്ടികളാ അവര്‍...നല്ലോണം സഹായിച്ചിട്ടുണ്ട്. നാടകത്തിലെ പോലെ അഭിനയിക്കുമ്പോ, ഏയ് ഇത്രയൊന്നും വേണ്ടെന്ന് ഓര്‍മപ്പെടുത്തി സൗബിന്‍. നല്ല ടീമായിരുന്നു സുഡാനി ഫ്രെ നൈജീരിയ ടീമെന്ന് അവര്‍ ആവര്‍ത്തിച്ചു.

എത്ര അവാര്‍ഡാ നിങ്ങടെ സിനിമ വാരിക്കൂട്ടുന്നത്!
‘അതെ,കൊറെ അവാര്‍ഡ് കിട്ടി. ഹൈദരാബാദില്‍ പോയി അവാര്‍ഡ് വാങ്ങിയത് ഫ്ലൈയിറ്റില്‍ പോയാ. ആദ്യായിട്ടാ ഫ്ലൈറ്റില്‍ കയറുന്നത്’;അപ്പോഴും ആ ചിരിയായിരുന്നു, മജീദിന്റെ ഉമ്മാന്റെ ചിരി.

കെ.ടി.സി അബ്ദുല്ലക്ക, മജീദിന്റെ ഉമ്മായുടെ ഭര്‍ത്താവ്. അവരെ കുറിച്ച് ചോദിക്കണ്ടായിരുന്നുവെന്ന് തോന്നി. ചിരിച്ചു നിന്ന മുഖം വാടി...കണ്ണുകള്‍ നിറയുന്നു...വേണ്ടായിരുന്നു ആ ചോദ്യം. അബ്ദുല്ലക്കായുടെ മരണം അത്രക്ക് അവരെ സങ്കടപ്പെടുത്തിയിരുന്നു. സുഡാനി ഫ്രം നൈജീരിയ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുന്നത് കാണാനുണ്ടായിരുന്നെങ്കില്‍ ഏറ്റവും സന്തോഷിക്കുക അബ്ദുല്ലക്കയായിരിക്കും. അബ്ദുല്ലക്കയുടെ മരണശേഷം തുണ പോയല്ലെ എന്ന് നാട്ടുകാര്‍ ചോദിച്ചപ്പോഴുണ്ടായ വേദന തന്നെയായിരുന്നു ഞാന്‍ ചോദിച്ചപ്പോഴും. അത്രക്ക് തുണയായിരുന്നു അബ്ദുല്ലക്ക.

TAGS :

Next Story