Quantcast

ഷൂട്ടൗട്ടില്‍ റഷ്യയെ തോല്‍പിച്ച് ക്രൊയേഷ്യ സെമിയില്‍ 

നിശ്ചിത സമയത്തും അധിക സമയത്തും സമനിലപ്പൂട്ട് പൊട്ടിക്കാനാവാത്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 

MediaOne Logo

Web Desk

  • Published:

    7 July 2018 9:00 PM GMT

ഷൂട്ടൗട്ടില്‍ റഷ്യയെ തോല്‍പിച്ച് ക്രൊയേഷ്യ സെമിയില്‍ 
X

ആവേശം അലതല്ലിയ ക്രൊയേഷ്യ-റഷ്യ മത്സരത്തില്‍ ക്രൊയേഷ്യക്ക് ജയം. ഷൂട്ടൗട്ടിലൂടെയായിരുന്നു(4-3) ജയം. നിശ്ചിത സമയത്തും അധിക സമയത്തും(2-2) സമനിലപ്പൂട്ട് പൊട്ടിക്കാനാവാത്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലപാലിച്ചു. അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി വീണ്ടും സമനില പാലിക്കുകയായിരുന്നു. അധിക സമയത്ത് 101ാം മിനുറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വിഡ ക്രൊയേഷ്യക്ക് സ്വപ്‌ന തുല്യമായ തുടക്കം കൊടുത്തു. അതോടെ ജയം ക്രൊയേഷ്യക്കെന്ന് ഉറപ്പിച്ച് നില്‍ക്കവയൊണ് 115ാം മിനുറ്റിലെ ഫ്രീകിക്കില്‍ നിന്ന് ഫെര്‍ണാണ്ടസ് ആതിഥേയരെ ഒപ്പമെത്തിക്കുന്നത്. ഇതോടെ മത്സരം അനിവാര്യമായ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

അടിച്ചും തിരിച്ചടിച്ചും തടഞ്ഞും സംഭവബഹുലമായിരുന്നു ക്രൊയേഷ്യയും റഷ്യയും തമ്മിലെ ക്വാര്‍ട്ടര്‍ പോരാട്ടം. ആദ്യം ഗോള്‍ നേടാന്‍ റഷ്യക്കായിരുന്നു അവസരം ലഭിച്ചത്. അതും അതിസുന്ദര ഒരു ലോങ്‌റേഞ്ചിലൂടെ. ചെറിഷേവായിരുന്നു ക്രൊയേഷ്യന്‍ ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചത്. എന്നാല്‍ ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ ക്രൊയേഷ്യ തിരിച്ചടിച്ചു. ക്രമാരിച്ചിന്റെ ഒരു അറിഞ്ഞുള്ള ഹെഡര്‍ പന്തിനെ വലയിലെത്തിക്കുകയായിരുന്നു. അതോടെ ഗോള്‍ വേട്ടയും കഴിഞ്ഞു. പിന്നെ ഗോള്‍ വന്നത് 101ാം മിനുറ്റിലും. കളി അവിടെ തീര്ന്നില്ല. 115ാം മിനുറ്റില്‍ ഫെര്‍ണാണ്ടസ് റഷ്യക്ക് വീണ്ടും ജീവന്‍ നല്‍കി. മത്സരം വീണ്ടും 2-2. പിന്നാലെ ഷൂട്ടൌട്ട്.

കളി തുടങ്ങി ആദ്യ മിനുറ്റുകളില്‍ തന്നെ റഷ്യയുടെ ആക്രമണമായിരുന്നു. എന്നാല്‍ പതിയെ ക്രൊയേഷ്യ കളം പിടിച്ചു. പിന്നെ കളിയിലുടനീളം ക്രൊയേഷ്യന്‍ ആധിപത്യമായിരുന്നു. കിട്ടുന്ന അവസരങ്ങളില്‍ പന്തുമായി റഷ്യക്ക് മുന്നേറാനായിരുന്നു വിധി. അതോ പൂര്‍ണതയിലെത്തിക്കാനും കഴിഞ്ഞില്ല. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി റഷ്യ മുന്നിലെത്തി. 31ാം മിനുറ്റില്‍ സുന്ദരമായ ഒരു ഗോളില്‍ ചെറിഷേവ് റഷ്യക്കായി വലകുലുക്കി. അപാര ഫോമിലുള്ള ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡാനിയേല്‍ സുബാസിച്ചിന് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ. ആര്‍ത്തം ദ്യൂസബയുമൊന്നിച്ചുള്ള മുന്നേറ്റമാണ് ഗോളിലെത്തിയത്. ഏകദേശം 20വാരെ അകലെ നിന്നായിരുന്നു ചെറിഷേവിന്റെ ബുള്ളറ്റ് കണക്കെയുള്ള ഷോട്ട്.

ഒരു ഗോളിന്റെ ഷോക്കില്‍ ഉണര്‍ന്ന ക്രൊയേഷ്യ 39ാം മിനുറ്റില്‍ തിരിച്ചടിച്ചു. ക്രമാരിച്ചായിരുന്നു സ്കോറര്‍. ബോക്സിനുള്ളിലേക്ക് മരിയാേ മാന്‍സുകിച്ച് കൊടുത്ത ഒരു ലോ ക്രോസ് ക്രമാരിച്ച് തലകൊണ്ട് വലയ്ക്കുള്ളിലേക്ക് ചെത്തിയിടുകയായിരുന്നു. അതോടെ കഴിഞ്ഞ ഗോള്‍ വേട്ടക്ക് വിരാമമാകുന്നത് 101ാം മിനുറ്റില്‍. കോര്‍ണര്‍ കിക്കില്‍ നിന്ന് വിഡാലാണ് ഗോള്‍ കണ്ടെത്തിയത്. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചില്‍ ഗോളാകുന്നതാണ് കണ്ടത്. അതോടെ അധിക സമയത്തെ ഒന്നാം പകുതി അവസാനിച്ചു. എന്നാല്‍ റഷ്യ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. 115ാം മിനുറ്റില്‍ ഫെര്‍ണാണ്ടോസ് റഷ്യയെ ഒപ്പമെത്തിച്ചു. അതും ഒരു ഫ്രീകിക്കില്‍ നിന്ന്.

ഇംഗ്ലണ്ടാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളി. ക്വാര്‍ട്ടറില്‍ സ്വീഡനെ തോല്‍പിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തുന്നത്. ഇൌ മത്സരത്തോടെ റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചു. ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, ഇംഗ്ലണ്ട് എന്നിവരാണ് സെമി ടിക്കറ്റ് നേടിയത്. ഇതില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും.

TAGS :

Next Story