Quantcast

ലോകത്തിന്റെ ഹൃദയം കീഴടക്കി ക്രൊയേഷ്യ

ഈ പ്രകടനം ഒരു പ്രചോദനമായി ഉള്‍ക്കൊണ്ട് ഭാവിയില്‍ പുതിയ മോഡ്രിച്ചുമാരും റാകിടിച്ചുമാരും മാന്‍ഡ്‌സുകിച്ചുമാരും ക്രൊയേഷ്യയില്‍ ഉദയം കൊള്ളുമെന്നുറപ്പാണ്...

MediaOne Logo

Web Desk

  • Published:

    16 July 2018 3:16 AM GMT

ലോകത്തിന്റെ ഹൃദയം കീഴടക്കി ക്രൊയേഷ്യ
X

ഈ ലോകകപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റിയ ടീമാണ് ക്രൊയേഷ്യ. മികച്ച കളി പുറത്തെടുത്ത് ഫൈനല്‍ വരെയെത്തിയെങ്കിലും അവസാന നിമിഷം നിര്‍ഭാഗ്യം അവരെ തഴയുകയായിരുന്നു.

അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡി ചാംപ്യന്മാര്‍. പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെയും ക്വാര്‍ട്ടറില്‍ റഷ്യയെയും തോല്‍പ്പിച്ച് സെമിയിലെത്തി. അവിടെ ഇംഗ്ലണ്ടിനെയും മറികടന്ന് ഫൈനലില്‍. 1998 സെമിയില്‍ ഫ്രാന്‍സിനോട് തോറ്റതിന് കണക്ക് ചോദിക്കാനെത്തിയെങ്കിലും അവിടെയും ഭാഗ്യം തുണച്ചില്ല. നിരവധി അവസരങ്ങള്‍ അവര്‍ പാഴാക്കി.

മാന്‍ഡ്‌സുകിച്ചിന്റെ സെല്‍ഫ് ഗോള്‍, വലിയ തിരിച്ചടിയായി. ലോകകപ്പ് ഫൈനലില്‍ സെല്‍ഫ് ഗോള്‍ വഴങ്ങുന്ന ആദ്യ താരമെന്ന മോശം പേരാണ് അദ്ദേഹത്തെ തേടിയെത്തിയത്. നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ കണ്ണീരും ലുഷ്‌നിക്കി സ്‌റ്റേഡിയം കണ്ടു. പെരിസിച്ചും റാകിടിച്ചും ഉള്‍പ്പെടെയുള്ളവര്‍ നന്നായി കളിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നിട്ട് നിന്ന ശേഷം തിരിച്ച് വന്ന് മത്സരം സ്വന്തമാക്കുന്ന പതിവ് കാഴ്ചയും കണ്ടില്ല. അറുപത് ശതമാനത്തിലധികം പന്ത് നിയന്ത്രണത്തില്‍ വെച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച നഷ്ടപ്പെട്ട പ്രതീതിയായിരുന്നു ക്രോട്ടുകള്‍ക്ക്.

ലോകകപ്പില്‍ ആദ്യമായി ഫൈനലിലെത്തിയിട്ടും എല്ലാം കൈവിടാനായിരുന്നു വിധി. പക്ഷെ അവര്‍ ഒരു വലിയ പ്രതീക്ഷയാണ് കാല്‍പന്ത് ലോകത്തിന് നല്‍കുന്നത്. ഫൈനല്‍ കണ്ട കോടിക്കണക്കിന് ഫുട്‌ബോള് പ്രേമികള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകും അവര്‍ക്കായി. ഈ പ്രകടനം ഒരു പ്രചോദനമായി ഉള്‍ക്കൊണ്ട് ഭാവിയില്‍ പുതിയ മോഡ്രിച്ചുമാരും റാകിടിച്ചുമാരും മാന്‍ഡ്‌സുകിച്ചുമാരും ക്രൊയേഷ്യയില്‍ ഉദയം കൊള്ളുമെന്നുറപ്പാണ്. ടീമിനെ ഇത്ര നിറുകയില്‍ നിര്‍ത്തിയ പരിശീലകന്‍ സ്ലാട്‌കോ ഡാലിച്ചെന്ന പരിശീലകനെയും ഫുട്‌ബോള്‍ ലോകം മറക്കില്ല.

TAGS :

Next Story