Quantcast

ആ മുറി കണ്ടപ്പോൾ ക്രിസ്റ്റ്യാനോയുടെ മകൻ ചോദിച്ചു: ‘പപ്പ ശരിക്കും ഇവിടെ താമസിച്ചിരുന്നോ?’ 

ഇറ്റലിയിലെ ടൂറിനിൽ അത്യാഢംബര വസതിയിൽ കാമുകി ജോർജിന റോഡ്രിഗ്വസിനും നാല് മക്കൾക്കുമൊപ്പം ജീവിക്കുന്ന ക്രിസ്റ്റ്യാനോ ഈയിടെ താൻ ജനിച്ചുവളർന്ന മെദീരയിലേക്ക് യാത്ര ചെയ്തു.

MediaOne Logo

Web Desk

  • Published:

    21 Aug 2019 3:05 PM GMT

ആ മുറി കണ്ടപ്പോൾ ക്രിസ്റ്റ്യാനോയുടെ മകൻ ചോദിച്ചു: ‘പപ്പ ശരിക്കും ഇവിടെ താമസിച്ചിരുന്നോ?’ 
X

ഏറെ കഷ്ടപ്പാടുകൾ താണ്ടി ഫുട്‌ബോൾ ലോകത്തിന്റെ നെറുകയിലെത്തിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പാചകക്കാരിയായ മാതാവിന്റെയും മുനിസിപ്പാലിറ്റിയിലെ തോട്ടക്കാരനായ പിതാവിന്റെയും നാലു മക്കളിൽ ഇളയവനായ അദ്ദേഹം കഷ്ടപ്പാടുകൾ പരിമിതികളോട് പടവെട്ടിയാണ് വളർന്നത്. പോർച്ചുഗലിലെ മദീര ദ്വീപിലെ ചെറിയ വീട്ടിൽ മൂന്ന് സഹോദരങ്ങൾക്കും ക്രിസ്റ്റ്യാനോക്കുമായി ഒരൊറ്റ മുറിയേ ഉണ്ടായിരുന്നുള്ളൂ.

കാൽപ്പന്തുകളിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ, ലോകത്തെ ഏറ്റവും സമ്പന്നരായ അത്‌ലറ്റുകളിലൊരാളാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ, സൂപ്പര്‍ താരത്തിന്റെ നാലു മക്കളും വളരുന്നത് അത്യാഢംബരങ്ങളിലാണ്. സുഖസൗഭാഗ്യങ്ങളുടെ പറുദീസയിലിരിക്കുമ്പോഴും പോര്‍ച്ചുഗീസ് ക്യാപ്ടന്‍ വന്നവഴി മറക്കാറില്ല. താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്നു.

ഇറ്റലിയിലെ ടൂറിനിൽ അത്യാഢംബര വസതിയിൽ കാമുകി ജോർജിന റോഡ്രിഗ്വസിനും നാല് മക്കൾക്കുമൊപ്പം ജീവിക്കുന്ന ക്രിസ്റ്റ്യാനോ ഈയിടെ താൻ ജനിച്ചുവളർന്ന മെദീരയിലേക്ക് യാത്ര ചെയ്തു. കൂട്ടിന് തന്റെ മൂത്തപുത്രൻ ക്രിസ്റ്റ്യാനോ ജൂനിയറും ഉണ്ടായിരുന്നു. താൻ വളർന്നുവന്ന പശ്ചാത്തലങ്ങൾ നേരിൽ കണ്ടപ്പോൾ മകന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു:

'മദീര പട്ടണത്തെയും മാർക്വസ് ഡി പൊംബലിലെ ഞങ്ങളുടെ വീടിനെയും പറ്റി ക്രിസ്റ്റ്യാനോ ജൂനിയർ കേട്ടിട്ടുണ്ട്. പക്ഷേ, ഞാൻ വളർന്ന സാഹചര്യങ്ങൾ കാണുമ്പോൾ അവൻ എന്താവും വിചാരിക്കുക എന്ന കാര്യത്തിൽ എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു. ഇത്തവണ ഞാൻ അവിടെ പോയപ്പോൾ അവനും കൂടെ വന്നു. അന്ന് ഞാൻ ജീവിച്ചിരുന്ന അതേ സാഹചര്യത്തിൽ മനുഷ്യർ ഇന്നും അവിടെ ജീവിക്കുന്നുണ്ട്. സത്യം പറയുകയാണെങ്കില്‍ അതെന്നെ സ്പർശിച്ചു. കാരണം, ആ മനുഷ്യരെ പിന്നീടെപ്പോഴെങ്കിലും കാണുമെന്ന് ഞാൻ കരുതിയിരുന്നില്ല. അതെന്നെ വല്ലാതെ സ്പർശിച്ചു.'

'സുഹൃത്ത് പായ്ഷാവോക്കും മകനുമൊപ്പം, പണ്ട് ഞാൻ താമസിച്ചിരുന്ന റൂമിൽ പ്രവേശിച്ചു. മുറികണ്ടപ്പോള്‍ മകൻ എനിക്കു നേരെ തിരിഞ്ഞു ചോദിച്ചു: പപ്പാ, നിങ്ങൾ ഇവിടെയാണോ ജീവിച്ചിരുന്നത്? അവന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.'

'ലോകത്ത് എല്ലാം എളുപ്പമാണെന്നാണ് അവർ കരുതുന്നത്. ജീവിതനിലവാരം, വീടുകൾ, കാറുകൾ, വസ്ത്രങ്ങൾ... അവർ കരുതുന്നത് ഇതെല്ലാം അവരുടെ മടിയിൽ വെറുതെ വന്നുവീഴുന്നതാണെന്നാണ്. അവന് കാര്യങ്ങൾ മനസ്സിലാകാൻ വേണ്ടിയാണ് ഞാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. പ്രതിഭ ഉണ്ടായതു കൊണ്ടുമാത്രം സൗഭാഗ്യങ്ങൾ കടന്നുവരില്ല എന്ന് ഞാനവനെ ഉപദേശിക്കാറുണ്ട്. കഠിനാധ്വാനവും സമർപ്പണവുമുണ്ടെങ്കിൽ ലോകത്ത് എന്തും നേടാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.' ക്രിസ്റ്റിയാനോ പറഞ്ഞു.

Must Read:
റൊസാരിയോയിലെ തന്റെ റെസ്‌റ്റോറന്റ് പാവങ്ങൾക്കായി തുറന്നുകൊടുത്ത് ലയണൽ മെസ്സി

TAGS :

Next Story