Quantcast

മെസ്സിയുടെ റെക്കോഡ് തകര്‍ത്ത് എംബാപ്പെ!

ചാമ്പ്യൻസ് ലീഗിൽ 15 ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് വർഷങ്ങളായി ലയണൽ മെസ്സിയുടെ പേരിലായിരുന്നു.

MediaOne Logo

Web Desk

  • Published:

    23 Oct 2019 4:55 PM GMT

മെസ്സിയുടെ  റെക്കോഡ് തകര്‍ത്ത് എംബാപ്പെ!
X

മിന്നും ഫോമിൽ കളിക്കുന്ന ഫ്രഞ്ച് യുവതാരം കെയ്ലിയൻ എംബാപ്പെ ഇന്നലെ തകർത്തത് സാക്ഷാൽ മെസ്സിയുടെ റെക്കോഡാണ്. ചാമ്പ്യൻസ് ലീഗിൽ 15 ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് വർഷങ്ങളായി ബാഴ്സയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ പേരിലായിരുന്നു.

എന്നാൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ക്ലബ് ബ്രുഗ്ഗെയ്ക്കെതിരെ പാരിസ് സെന്റ് ജർമ്മൻ സ്ട്രൈക്കർ ഹാട്രിക്ക് ഗോളുകൾ അടിച്ച് കൂട്ടിയതോടെയാണ് ഈ റെക്കോഡിന് പുതിയ അവകാശിയായി എംബാപ്പെ മാറുന്നത്.

പകരക്കാരനായെത്തിയാണ് വെറും 32 മിനുട്ടുകള്‍ കൊണ്ട് താരം ഇന്നലെ ഹാട്രിക്ക് നേടിയത്. 52ാം മിനുട്ടിലാണ് കളത്തിലിറങ്ങിയതെങ്കിലും 9 മിനുട്ടുകൾക്കകം തന്നെ തന്റെ ആദ്യ ഗോൾ അദ്ദേഹം നേടി. 80ാം മിനുട്ടിൽ രണ്ട് ഡിഫന്റർമാരെ കബളിപ്പിച്ചായിരുന്നു രണ്ടാം ഗോൾ. നാലു മിനുട്ടുകൾക്കപ്പുറം ഹാട്രിക്ക് ഗോളും പൂർത്തിയാക്കി. കളിയിൽ 5-0 ത്തിന് പി.എസ്.ജി വിജയിക്കുകയും ചെയ്തിരുന്നു.

21 വയസ്സും 288 ദിവസവുമാണ് ഈ നേട്ടത്തിലെത്താൻ മെസ്സിക്ക് വേണ്ടി വന്നതെങ്കിൽ 20 വയസ്സും 306 ദിവസവും മാത്രം പ്രായമായമുള്ളപ്പോഴാണ് ഫ്ര‍‍ഞ്ച് സ്ട്രൈക്കർ ആ റെക്കോഡ് തന്റെ പേരിലേക്ക് തിരുത്തിക്കുറിച്ചിരിക്കുന്നത്. മുൻ റയൽ മാഡ്രിഡ് നായകൻ റൗൾ ആണ് ഈ റെക്കോഡിൽ മൂന്നാം സ്ഥാനത്തുള്ളത്, 22 വയസ്സും 163 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

നിലവിൽ ലോക യുവതാരങ്ങളിലെ സൂപ്പർ സ്ട്രൈക്കറാണ് എംബാപ്പെ. ക്ലിനിക്കൽ ഫിനിഷിങിലും ഡ്രിബ്ലിങ്ങിലുമുള്ള തന്റെ അസാമാന്യ മികവും വേഗതയുമാണ് ഈ താരത്തിന്റെ കൈമുതൽ.

1998 ഡിസംബർ 20ന് ഫ്രാൻസിലെ ബോണ്ടിയിലാണ് അദ്ദേഹത്തിന്റെ ജനനം. നിലവിൽ ഫ്ര‍ഞ്ച് ക്ലബായ പാരിസ് സെന്റ് ജർമ്മന്റേയും ഫ്രഞ്ച് ദേശീയ ടീമിന്റേയും ഒഴിച്ചു കൂടാനാവാത്ത താരമാണ് എംബാപ്പെ. ലോക ട്രാൻസ്ഫർ മൂല്യത്തിൽ പാരിസ് സെന്റ് ജർമ്മന്റെ തന്നെ സ്ട്രൈക്കറും ബ്രസീൽ സൂപ്പർ താരവുമായ നെയ്മറിന് പിറകിൽ രണ്ടാം സ്ഥാനത്താണ് ഈ യുവതാരം. 2018 ലാണ് പി.എസ്.ജി മൊണോക്കോയിൽ നിന്ന് താരത്തെ സ്വന്തമാക്കിയത്.

TAGS :

Next Story