Quantcast

യുവേഫ ചാമ്പ്യൻസ് ലീഗ്: തകർപ്പൻ ജയങ്ങളുമായി സിറ്റി, ടോട്ടനം, പി.എസ്.ജി 

റഹീം സ്റ്റർലിങ്ങിനും കെയ്ലിയന്‍ എംബാപ്പെക്കും ഹാട്രിക്ക്; അഗ്വേറോക്കും ഡിബാലക്കും ഇക്കാർഡിക്കും ഡബിൾ 

MediaOne Logo

Sports Desk

  • Published:

    23 Oct 2019 6:38 AM GMT

യുവേഫ ചാമ്പ്യൻസ് ലീഗ്: തകർപ്പൻ ജയങ്ങളുമായി സിറ്റി, ടോട്ടനം, പി.എസ്.ജി 
X

യുവേഫ ചാമ്പ്യൻ ലീഗിൽ തകർപ്പൻ ജയങ്ങളുമായി പി.എസ്.ജി, ടോട്ടനം ഹോട്‌സ്പർ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബുകൾ. എതിർടീമുകളുടെ വലയിൽ അഞ്ചു ഗോളുകളാണ് ഈ ടീമുകൾ നിക്ഷേപിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ കരുത്തരായ യുവന്റസ്, ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ് ടീമുകളും ജയം കണ്ടു. ഇന്ന് ബാഴ്‌സലോണ, ലിവർപൂൾ, നാപോളി തുടങ്ങിയ പ്രമുഖർ കളിക്കുന്നുണ്ട്.

സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിൽ ക്ലബ്ബ് ബ്രുഗ്ഗെയെ അവരുടെ തട്ടകത്തിൽ നേരിട്ട പി.എസ്.ജി കെയ്‌ലിയൻ എംബാപ്പെയുടെ ഹാട്രിക്കിന്റെയും മൗറോ ഇക്കാർഡിയുടെ ഇരട്ടഗോളിന്റെയും കരുത്തിലാണ് തുടർച്ചയായ മൂന്നാംജയം നേടിയത്. ടോണി ക്രൂസ് നേടിയ ഏകഗോളിൽ തുർക്കിഷ് ക്ലബ്ബ് ഗലറ്റസരേയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് റയൽ മാഡ്രിഡ് ടൂർണമെന്റിലെ ആദ്യജയം സ്വന്തമാക്കി.

കഴിഞ്ഞ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ ബയേൺ മ്യൂണിക്കിനോട് 2-7 ന് തോറ്റ ടോട്ടനം ശക്തമായ ആക്രമണം നടത്തിയ മികച്ച ജയം സ്വന്തമാക്കിയത്. ക്യാപ്ടൻ ഹാരി കെയ്ൻ ഹെഡ്ഡറിലൂടെ ഗോൾവേട്ടക്ക് തുടക്കമിട്ടപ്പോൾ അർജന്റീനാ താരം എറിക് ലാമേല, ദക്ഷിണ കൊറിയക്കാരൻ ഹ്യു മിങ് സോൻ എന്നിവർ രണ്ടുവീതം ഗോളുകൾ നേടി പട്ടിക പൂർത്തിയാക്കി.

ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ബയേൺ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തിൽ യൂസുഫ് അൽ അറബി, ഗ്വിൽഹെർമെ എന്നിവർ ഒളിംപിയാക്കോസിന്റെ ഗോളുകൾ കണ്ടെത്തിയപ്പോൾ ലെവൻഡവ്‌സ്‌കിയുടെ ഇരട്ടഗോളും ടൊളിസോയുടെ ഗോളും ജർമൻ ചാമ്പ്യന്മാർക്ക് ജയമൊരുക്കി.

ഇംഗ്ലീഷ് താരം റഹീം സ്റ്റർലിങ്ങിന്റെ ഹാട്രിക്ക് ആയിരുന്നു സ്വന്തം തട്ടകത്തിലെ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിലെ പ്രധാന സവിശേഷത. ഇറ്റാലിയൻ ക്ലബ്ബ് അറ്റലാന്റക്കെതിരെ ഒരു ഗോളിന് പിന്നിൽനിന്ന ശേഷം സെർജിയോ അഗ്വേറോയുടെ ഇരട്ടഗോളും സ്റ്റർലിങ്ങിന്റെ ഹാട്രിക്കും ഇംഗ്ലീഷ് ചാമ്പ്യന്മാർക്ക് കരുത്തായി. മൂന്നാം ജയത്തോടെ അവർ നോക്കൗട്ട് യോഗ്യതക്ക് തൊട്ടടുത്തെത്തി.

അർജന്റീനാ താരം പൗളോ ഡിബാലയുടെ ഇരട്ടഗോളുകളുടെ കരുത്തിലാണ് യുവന്റസ് ലോകോമോട്ടിവ് മോസ്‌കോയെ കീഴടക്കിയത്. യുവെയുടെ ഗ്രൗണ്ടിൽ 30-ാം മിനുട്ടിൽ അലക്‌സി മിരാൻചുക്കിന്റെ ഗോളിൽ റഷ്യൻ സംഘം മുന്നിലെത്തിയിരുന്നു. 77, 79 മിനുട്ടുകളിലാണ് ഡിബാല ഇറ്റാലിയൻ ചാമ്പ്യന്മാർക്ക് വിജയമൊരുക്കി സ്‌കോർ ചെയ്തത്. മൊറാട്ടയുടെ ഗോളിൽ ബയേർ ലെവർകുസനെ വീഴ്ത്തി അത്‌ലറ്റികോ മാഡ്രിഡ് നോക്കൗട്ട് സാധ്യത ശക്തമാക്കി.

നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ഇന്ന് ബെൽജിയൻ ക്ലബ്ബ് ഗെൻകിനെ അവരുടെ തട്ടകത്തിൽ നേരിടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ അയാക്‌സ് ആംസ്റ്റർഡാം സ്വന്തം ഗ്രൗണ്ടിൽ ചെൽസിയെ നേരിടും. കരുത്തരായ ബാഴ്‌സലോണ എവേ മത്സരത്തിൽ സ്ലാവിയ പ്രാഹയെ നേരിടുമ്പോൾ മിലാനിൽ നടക്കുന്ന ഇന്റർമിലാൻ - ബൊറുഷ്യ ഡോട്മുണ്ട് മത്സരമാണ് ഇന്നത്തെ സൂപ്പർ അങ്കം.

TAGS :

Next Story