Quantcast

മദ്യപിക്കണം എന്നില്ല, ശരീരം സ്വയം മദ്യം ഉത്പാദിപ്പിക്കും; എന്താണ് ഓട്ടോ-ബ്രൂവറി സിൻഡ്രോം?

ലോകത്താകെ 20 പേർക്ക് മാത്രമുള്ള അത്യപൂർവ രോഗമാണ് ഓട്ടോ-ബ്രൂവറി സിൻഡ്രോം

MediaOne Logo

Web Desk

  • Updated:

    2024-04-24 13:38:51.0

Published:

24 April 2024 12:33 PM GMT

what is auto brewery syndrome
X

മദ്യപിച്ച് വാഹനമോടിച്ചതിന് നിങ്ങളെ പൊലീസ് പിടിച്ചു എന്ന് കരുതുക. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചത് നിങ്ങളറിഞ്ഞു കൊണ്ടല്ല എന്ന് കാട്ടി കോടതി വെറുതെ വിട്ടാൽ എന്താവും അവസ്ഥ? അങ്ങനെയൊരു സംഭവമുണ്ടായിരിക്കുകയാണ് അങ്ങ് ബെൽജിയത്തിൽ. നാലപ്തുകാരനായ ബെൽജിയം പൗരനാണ് കോടതിയിൽ നിന്ന് ആ 'ഭാഗ്യ'മുണ്ടായത്. ഇയാൾക്ക് ഓട്ടോ ബ്രൂവറി സിൻഡ്രോം അഥവാ എബിഎസ് എന്ന രോഗമുള്ളത് സ്ഥിരീകരിക്കാനായതോടെയായിരുന്നു കോടതിയുടെ ഇടപെടൽ.

ഇനി ഈ രോഗം ശരിക്കും ഉള്ളതാണോ, എങ്ങനെയാണ് ഈ രോഗമുണ്ടാകുന്നത് എന്നൊക്കെയല്ലേ... നോക്കാം.

ലോകത്താകെ 20 പേർക്ക് മാത്രമുള്ള അത്യപൂർവ രോഗമാണ് ഓട്ടോ-ബ്രൂവറി സിൻഡ്രോം. ശരീരത്തിലുള്ള കാർബോഹൈഡ്രേറ്റ്‌സ് പുളിക്കുകയും തുടർന്ന് എഥനോളിന്റെ അളവ് വർധിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. ഗട്ട് ഫെർമെന്റേഷൻ എന്നും ഇതിന് പേരുണ്ട്. ശരീരത്തിൽ എഥനോളിന്റെ അളവ് ഉയരുമ്പോൾ സ്വാഭാവികമായും മദ്യപരുടെ ശരീരാവസ്ഥയായിരിക്കും ഈ രോഗമുള്ളവരിലും കാണപ്പെടുക. 1952ൽ ജപ്പാനിലാണ് എബിഎസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 1990ലാണ് രോഗത്തിന് പേര് നിർണയിക്കുന്നതും.

വയറ്റിലുള്ള കാർബോഹൈഡ്രൈറ്റിനെ ആൽക്കഹോൾ ആക്കാൻ കഴിവുള്ള ഒരു തരം ഫംഗസിന്റെ വളർച്ചയാണ് എബിഎസിലേക്ക് നയിക്കുന്നത്. ദഹനസംബന്ധമായ മറ്റ് അസുഖങ്ങളും ശരീരത്തിലെ സൂഷ്മജീവികളുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളുമെല്ലാം ഈ രോഗത്തിന് കാരണമായേക്കാം. പ്രമേഹം, ക്രോൺസ് ഡിസീസ് എന്നിവയും ഈ രോഗാവസ്ഥയ്ക്ക് കാരണമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമിതവണ്ണം, പ്രമേഹം, sibo എന്നിവയുള്ളവരിൽ പ്രായഭേദമന്യേ എബിഎസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് എബിസി10 ന്യൂസിലെ ആരോഗ്യവിദഗ്ധ പായൽ കോഹ്ലി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇതൊന്നുമില്ലാത്തവരിലും ഈ രോഗാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് അവർ പറയുന്നു. തലവേദന, ഛർദി, ശ്രദ്ധക്കുറവ്, ഓർക്കുറവ് എന്നിവയൊക്കെയാണ് എബിഎസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

എബിഎസ് എന്ന രോഗാവസ്ഥയെ അംഗീകരിക്കാൻ ഇന്നും പലരും തയ്യാറായിട്ടില്ലെങ്കിലും ഈ രോഗത്തിന് നിലവിൽ ചികിത്സ ലഭ്യമാണ്. ഭക്ഷണം ക്രമീകരിക്കുകയാണ് ഇതിൽ പ്രധാനപ്പെട്ടത്. കാർബോഹൈഡ്രേറ്റ്‌സും പ്രോസസ് ചെയ്ത ഭക്ഷണ പദാർഥങ്ങളും ഈ രോഗം സ്ഥിരീകരിച്ചവർ ഒഴിവാക്കണം. പഞ്ചസാര ഒഴിവാക്കുന്നതും ഏറെ ഗുണം ചെയ്യും. രോഗലക്ഷണങ്ങൾ ഒഴിവായാൽ പതിയെ കാർബോഹൈഡ്രേറ്റും പഞ്ചസാരയും ഡയറ്റിൽ ഉൾപ്പെടുത്താം.

ആന്റി-ഫംഗൽ മരുന്നുകൾ കൊണ്ടും ആന്റിബയോട്ടിക്‌സ് കൊണ്ടും ഈ രോഗം സുഖപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story