Quantcast
MediaOne Logo

സണ്ണി എം. കപിക്കാട്

Published: 1 Feb 2023 12:04 PM GMT

ജാതി, വാല്‍ മുറിച്ചാല്‍ പോകുന്നതല്ല എന്ന് മനസ്സിലാക്കിയ ഒരു സമൂഹമാണ് കേരളം എന്ന് അടൂര്‍ മനസ്സിലാക്കണം

എണ്‍പതിലെയും എഴുപതിലേയും കേരളമല്ല ഇത്. കേരളത്തിന്റെ സാംസ്‌കാരിക കാലാവസ്ഥ മാറി. കഥകള്‍ മാറി, അണിയറ പ്രവര്‍ത്തകര്‍ മാറി, സിനിമയുടെ യുക്തി മൊത്തം മാറി എന്നൊക്കെയുള്ള കാര്യങ്ങള്‍ അടൂരിന് പറഞ്ഞ് കൊടുക്കണം.

ജാതി, വാല്‍ മുറിച്ചാല്‍ പോകുന്നതല്ല എന്ന് മനസ്സിലാക്കിയ ഒരു സമൂഹമാണ് കേരളം എന്ന് അടൂര്‍ മനസ്സിലാക്കണം
X

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലെ വിദ്യാര്‍ഥികള്‍ ഏതാണ്ട് അമ്പത് ദിവസത്തോളം നീണ്ട് നിന്ന സമരം ചെയ്യുന്നതില്‍ പ്രധാനമായും രണ്ട് ഡിമാന്‍ഡാണ് ഉന്നയിച്ചത്. ഡയറക്ടറായ ശങ്കര്‍ മോഹനും ശങ്കര്‍ മോഹനെ പിന്തുണക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനും രാജിവെക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യങ്ങള്‍. സമരം ഒത്തുതീര്‍പ്പായപ്പോള്‍ ശങ്കര്‍ മോഹന്‍ പ്രായം കഴിഞ്ഞത് കൊണ്ട് തങ്ങളുടെ രാജി സ്വയം പ്രഖ്യാപിച്ചു. ഇപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദങ്ങളില്‍ താല്‍പര്യം ഇല്ല എന്നത് കൊണ്ട് ഞാനും രാജി വെക്കുകയാണെന്നാണ് പറഞ്ഞത്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്‍ന്റ് വിദ്യാര്‍ഥി സമരത്തോടും അതുമായി ബന്ധപ്പെട്ട വിവാദങ്ങളോടും എന്ത് തരം സമീപനമാണ് എടുത്തത് എന്ന് പരിശോധിച്ചാല്‍, തീര്‍ച്ചയായും ഒട്ടും ത്രിപ്തികരമല്ലാത്ത ഒരു സമീപനമാണ് ഗവണ്മെന്റ് കൈകൊണ്ടത് എന്ന് പറയേണ്ടിവരും. കാരണം, വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ന്യായമാണെന്ന് ബോധ്യപ്പെട്ടിട്ടും സമരം ഒത്തുതീര്‍പ്പാക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ല എന്നത് ഗുരുതരമായ വീഴ്ചയായിട്ടുവേണം എടുക്കാന്‍. അവര്‍ പറഞ്ഞ സംവരണ അട്ടിമറി, ജാതി വിവേചനം, സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം ഇതെല്ലാം വസ്തുതാപരമാണെന്ന് തെളിഞ്ഞിരിക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും സമയം എടുക്കുന്നു. ഒരു ഇടതുപക്ഷ ഗവണ്‍മെന്റില്‍ നിന്നും ഇതല്ല പൊതുജനം പ്രതീക്ഷിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണനോടൊ, ശങ്കര്‍ മോഹനോടോ എന്തെങ്കിലും വ്യക്തിപരമായ വിദ്വേഷമുള്ള കുട്ടികളല്ല സമരരംഗത്തുള്ളത്. അടൂരും ശങക്ര്# മോഹനും ആരോപിക്കുന്നതുപോലെയുള്ള ഗൂഡാലോചനയും ആരും നടത്തിയിട്ടില്ല. മറിച്ച്, അവര്‍ ഈ വിഷയത്തോട് നടത്തിയ പ്രതികാരങ്ങളാണ് അവരുടെ വില കേരളീയ സമൂഹത്തില്‍ വെട്ടിക്കുറച്ചത്. പ്രത്യേകിച്ചും അടൂരിന്റേത്.

അടൂര്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും ഒരു കാര്യം നമുക്ക് വ്യക്തമായി പറയാന്‍ പറ്റും - അവിടെ ജാതി വിവേചനം ഉണ്ടെന്ന കാര്യം പറയുമ്പോള്‍ അദ്ദേഹം പറയുന്നത്, ഞാന്‍ എന്റെ ജാതിവാല്‍ ഇരുപതാം വയസ്സില്‍ മുറിച്ചതാണ് എന്നെ ആരും ജാതി പറഞ്ഞ് പേടിപ്പിക്കാമെന്ന് വിചാരിക്കണ്ട - എന്നാണ്. ജാതി,വാല്‍ മുറിച്ചാല്‍ പോകുന്നതല്ല എന്ന് മനസ്സിലാക്കിയ ഒരു സമൂഹമാണ് കേരളം എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ മനസ്സിലാക്കിയിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്ന ഒരു കാര്യം. ആരെങ്കിലും ജാതി വാല്‍ കളഞ്ഞത് കൊണ്ട് ജാതി ഇല്ലാതാകുന്നില്ല. ജാതി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ട ഒരു സമൂഹമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് അടൂര്‍ ഗോപാലകൃഷ്ണന് ഇതുവരെ പിടികിട്ടിയിട്ടില്ല. അദ്ദേഹം ഉന്നയിച്ച മറ്റൊരു ചോദ്യം നിങ്ങളെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? തൂപ്പുകാരും വിദ്യാര്‍ഥികളും ഒരുമിച്ചല്ലേ സമരം ചെയ്യുന്നത് എന്ന് തീര്‍ത്തും പരിഹാസ്യമായ തരത്തിലുള്ള ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.

കേരളത്തിലെ ശുചീകരണ തൊഴിലാളികള്‍ അറപ്പോടെയും വെറുപ്പോടെയും കാണേണ്ടവരും പുറത്തു നിര്‍ത്തപ്പെടേണ്ടവരും ആണെന്നുമാണ് ആ വാക്കിന്റെ അര്‍ഥം. കേരളത്തിലെ മുഴുവന്‍ സ്ത്രീകളും പുഛ്‌ത്തോടെയാണ് ഇപ്പോള്‍ അടൂരിനെ കാണുന്നത്. അടൂരിനെതിരെ ഒരു തരത്തിലുള്ള ഗൂഢാലോചനകളും ഇതില്‍ നടന്നിട്ടില്ല. ഇടതുപക്ഷ ഗവണ്‍മെന്റ് ഇപ്പോഴും ഇത് അടൂരിനെ ബോധ്യപ്പെടുത്താന്‍ വേണ്ടി പരിശ്രമിക്കുകയാണ്. അദ്ദേഹത്തെ ശാന്തപ്പെടുത്തനാണ് ശ്രമിക്കുകയാണ്. സത്യത്തില്‍ ശാന്തനാക്കുന്നതിന് പകരം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കികൊടുക്കുയാണ് ചെയ്യേണ്ടത്. ഇടതുപക്ഷ ഗവണ്‍മെന്റും അവരെ പിന്തുണക്കുന്ന ബുദ്ധിജീവികളും അടൂരിന് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കണം.


എണ്‍പതിലെയും, എഴുപതിലേയും കേരളമല്ല ഇത്. കേരളത്തിന്റെ സാംസ്‌കാരിക കാലാവസ്ഥ മാറി, കഥകള്‍ മാറി, അണിയറ പ്രവര്‍ത്തകര്‍ മാറി, സിനിമയുടെ യുക്തി മൊത്തം മാറി എന്നൊക്കെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന് പറഞ്ഞ് കൊടുക്കുക. ഇത് പക്ഷെ ഒരുതരം വീട്ടിലെ കാരണവന്മാര്‍ പറയുന്നത് പോലെ - ഞാന്‍ പറയുന്നത് കേട്ട് ജീവിക്കാമെങ്കില്‍ ജീവിച്ചോ, അല്ലെങ്കില്‍ നിങ്ങള്‍ പൊക്കോ എന്ന് - പറയുന്ന അധ്യാപകരാണ് കെ.ആര്‍ നാരയണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉള്ളത്. ഇങ്ങനെയുള്ളവരുടെ കയ്യില്‍ ഈ സ്ഥാപനം ഒരിക്കലും സുരക്ഷിതമല്ല. ഇടതുപക്ഷ ഗവണ്‍മെന്റ് ഈ സ്ഥാപനത്തോട് നീതി പുലര്‍ത്തുന്നുണ്ടെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. അദ്ദേഹം ഇവിടെ നിന്നും വിട്ടൊഴിഞ്ഞ് പോകട്ടെ, എന്നിട്ട് ലോകബോധമുള്ള, നമ്മുടെ സമൂഹം എങ്ങനെ ജീവിക്കുന്നു എന്ന് ധാരണയുള്ള മറ്റൊരാള്‍ക്ക് ഇതിന്റെ ഉത്തരവാദിത്വം കൈമാറുക. ഗവണ്‍മെന്റ് കൃത്യമായ രീതിയിലുള്ള നിരീക്ഷണം ഏര്‍പ്പെടുത്തുക. അവിടെ നിയമപരമായും ഭരണഘടനാപരമായും മാനവികമായും കാര്യങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പ് വരുത്തുക എന്നതാണ് ചെയ്യാനാകുന്ന ഒരു കാര്യം.

(അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച പശ്ചാത്തലത്തില്‍ സണ്ണി എം. കപിക്കാട് മീഡിയാവണ്‍ ടി.വിക്ക് നല്‍കിയ പ്രതികരണം)


TAGS :