Quantcast
MediaOne Logo

അഫ്ര അബൂബക്കർ

Published: 3 April 2022 1:56 PM GMT

യൂണിഫോം സ്നേഹമല്ല; ഇത് ഹിജാബ് വെറുപ്പ്

ഹിജാബ് വിവാദം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയുടെ അനുഭവങ്ങൾ

യൂണിഫോം സ്നേഹമല്ല; ഇത് ഹിജാബ് വെറുപ്പ്
X
Listen to this Article

കോളജ് വിദ്യാർഥികൾ യൂണിഫോമിന് വേണ്ടി കരയുന്ന കാഴ്ച ആശ്‌ചര്യമുളവാക്കുന്നതാണ്. അവരുടെ വസ്ത്ര സ്വാതന്ത്ര്യത്തെ യൂണിഫോമിൽ തളച്ചിടുന്നതിനെ വെല്ലുവിളിക്കുന്നവരായാണ് നാം അവരെ കണ്ടിട്ടുള്ളത്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഹിജാബ് ധരിച്ച ഉഡുപ്പിയിലെ മുസ്‌ലിം പെൺകുട്ടികൾ തങ്ങളുടെ സഹപാഠികളിൽ നിന്നും കേട്ടത് യൂണിഫോമിനുള്ള മുറവിളിയാണ്. " യൂണിഫോമും തുല്യതയും പ്രധാനമാണ്. അവർ ഹിജാബ് ധരിച്ചാൽ ഞങ്ങൾ കാവി ധരിക്കും" തന്റെ മുടി വ്യത്യസ്ത ഫാഷനിൽ വെട്ടിനിർത്തിയിട്ടുള്ള ഒരു ബി.കോം വിദ്യാർഥി എന്നോട് പറഞ്ഞു.

യൂണിഫോമിനോടുള്ള സ്നേഹത്തിനേക്കാൾ ഹിജാബിനോടുള്ള വെറുപ്പാണ് കാമ്പസുകളിൽ. ഉഡുപ്പിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രഘുപതി ഭട്ട് പറഞ്ഞ പോലെ യൂണിഫോം പരമ പ്രധാനമായിരിക്കെ തന്നെ പൊട്ടും ആഭരണങ്ങളും സ്‌കൂളുകളിൽ അനുവദിക്കാം പക്ഷെ , യൂണിഫോമില്ലാത്ത ഒരു കഷ്ണം തുണിപോലും അനുവദിക്കാൻ കഴിയില്ല.

കർണാടക ഹൈക്കോടതിയും ഇത് തന്നെയാണ് വിധിച്ചത്: യൂണിഫോമിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഹിജാബ് വിലക്കാം. അതൊരു ന്യായീകരിക്കാവുന്ന വിലക്കാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. രാജ്യത്തുടനീളം പ്രിൻസിപ്പൽമാരും ടീച്ചർമാരും വിദ്യാഭ്യാസത്തിനേക്കാൾ യൂണിഫോമിന് പ്രാധാന്യം നൽകുന്നത് നാം കണ്ടു. കഴിഞ്ഞ ഫെബ്രുവരി മുതൽ കോളജ് ഗേറ്റുകൾ ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് മുന്നിൽ അടഞ്ഞു കിടക്കുകയാണ്. പരീക്ഷക്കാലത്ത് പോലും ഹിജാബ് വിളക്കിൽ ഇളവ് അനുവദിച്ചില്ല.


കൗതുകകരമെന്തെന്നാൽ ഇവരെല്ലാം തന്നെ മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നിലനിൽക്കുന്നവരാണെന്ന് വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകൾ വിദ്യാഭ്യാസം നേടാത്തത് മുസ്‌ലിം പുരുഷന്മാർ കാരണമാണെന്ന് ഇവർ ആരോപിക്കുന്നു. ശുചിമുറികൾ ഉപയോഗിക്കാനെങ്കിലും കോളജ് ഗേറ്റുകൾ തുറന്ന് തരാൻ ആവശ്യപ്പെട്ട മുസ്‌ലിം വിദ്യാർഥിനികളോട് നിങ്ങളുടെ വീട്ടുകാർക്ക് വേണ്ടിയല്ലേ നിങ്ങൾ ഹിജാബ് ധരിക്കുന്നതെന്നാണ് ടീച്ചർമാർ ചോദിച്ചത്. ഇത് കൊണ്ട് തന്നെയാണ് " ഹിജാബ് ഒരിക്കലും എന്റെ പഠനത്തിന് തടസ്സമായിട്ടില്ല. പക്ഷെ, നിങ്ങളായിട്ടുണ്ട്" എന്ന പ്ലക്കാർഡുകൾ പ്രതിഷേധ ഇടങ്ങളിൽ ഉയർന്നത്.

മുൻ കാലത്തേക്കാൾ വിപരീതമായി മുസ്‌ലിം സമൂഹം വലിയൊരളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നത് നമുക്ക് കാണാം. ഞാൻ കണ്ടുമുട്ടിയത്തിൽ ഭൂരിഭാഗവും ആദ്യ തലമുറ ബിരുദ വിദ്യാർഥി - വിദ്യാര്ഥിനികളാണ്.

ഹിജാബിനെ ചുറ്റിയും മുസ്‌ലിം സ്ത്രീകളെ ചുറ്റിയുമുള്ള ചർച്ചകൾ പുതിയതല്ല. നീണ്ട കാലമായി കാമ്പസുകൾ ഹിജാബിനെ കുറിച്ച് വാചാലമായിരുന്നു. ഒരു പുരുഷാധിപത്യ കാലത്തെ വസ്ത്രമെന്ന നിലയിൽ നിന്നും തെരഞ്ഞെടുത്ത വസ്ത്രമെന്ന നിലയിലുള്ള ചർച്ചകൾ ഉണ്ടായി. എന്നാൽ, ഇതൊന്നും യഥാർഥത്തിൽ ഹിജാബിന് മേലെ ആയിരുന്നില്ല. മറിച്ച്, മുസ്‌ലിമിന്റെ മതശരീരത്തിലായിരുന്നു : അവരുടെ മതകീയ വസ്ത്രങ്ങൾ മുതൽ നമസ്കാരം മുതൽ അവരുടെ സാംസ്‌കാരിക ചിഹ്നങ്ങൾ വരെ.


"എന്റെ സുഹൃത്തുക്കൾക്കു ഹിജാബിനെക്കുറിച്ച് ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. ഞാൻ അത് എങ്ങനെ ചുറ്റുന്നു? അത് ധരിക്കുമ്പോൾ എനിക്ക് ചൂട് എടുക്കൂല്ലേ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയേണ്ടി വന്നിട്ടുണ്ട്. എന്നാൽ പൗരത്വ സമര കാലത്ത് എന്റെ സഹപാഠികൾ മുസ്‌ലിംകളെ കുറിച്ച് വെറുപ്പ് നിറഞ്ഞ സംസാരങ്ങൾ പറയാൻ തുടങ്ങി" അവസാന വർഷ ബിരുദ വിദ്യാർഥിനി ആയിഷ പറഞ്ഞു.

പൗരത്വ പ്രക്ഷോഭത്തിന് ശേഷം ഇന്ത്യൻ മുസ്‌ലിംകൾ മുമ്പത്തേക്കാൾ വർധിച്ച രീതിയിൽ തങ്ങളുടെ സ്വത്വം ഉയർത്തിപ്പിടിക്കുകയും പ്രതിരോധിക്കുകയും ചെയ്തതായി നമുക്ക് കാണാൻ കഴിയും. അത് കൊണ്ട് തന്നെയാണ് ഉഡുപ്പിയിലെ മുസ്‌ലിം വിദ്യാർഥിനികൾ അവരുടെ ടീച്ചർമാർ യൂണിഫോമിനായി നിർബന്ധിച്ചപ്പോഴും തങ്ങളുടെ ആവശ്യത്തിൽ ഉറച്ച് നിന്നത്. യൂണിഫോമിന്റെ കൂടെ ഏറ്റവും കൂടുതൽ കേട്ട വാക്കാണ് അച്ചടക്കമെന്നതും. ഉഡുപ്പി പി.യു കോളജിലെ ആറ് വിദ്യാർഥിനികൾ അച്ചടക്കമില്ലാത്തവരും പഠനത്തിൽ മോശമായവരുമാണെന്നാണ് പ്രിൻസിപ്പലും മറ്റു കോളജ് അധികൃതരും ആരോപിച്ചത്.

ഹിജാബ് അഴിക്കാൻ ടീച്ചർമാർ ആവശ്യപ്പെടുമ്പോൾ അത് അഴിക്കുന്നതാണ് ഇവർക്ക് അച്ചടക്കം. അവർ വിസമ്മിതിക്കുന്നത് ടീച്ചർമാരെയും സ്ഥാപനത്തിന്റെ നിയമങ്ങളെയും അനാദരിക്കലാണ്. എന്നാൽ, എത്രത്തോളം ടീച്ചർമാർ രക്ഷിതാക്കളെയും അവരുടെ വിശ്വാസങ്ങളെയും ആദരിക്കുന്നുണ്ട്? തങ്ങളുടെ മാതാപിതാക്കളെ ദിനേനയെന്നോണം കോളജിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്ന് വിദ്യാർഥിനികൾ പറയുന്നു. അവർക്ക് ഒരുപാട് നേരം പ്രിൻസിപ്പലിന്റെ റൂമിന്റെ പുറത്ത് കാത്തുനിൽക്കേണ്ടി വന്നത്. അവർക്ക് നേരിട്ട അപമാനവും വേദനയും ആർക്കും വിഷയമായില്ല.



ഇതിനെല്ലാം പുറമെ, മുസ്‌ലിം വിദ്യാർഥികൾ ക്‌ളാസ് റൂമിന് പുറത്തെ ചവിട്ടുപടികളിൽ ഇരിക്കുന്ന ചിത്രം വൈറലായപ്പോൾ അവർക്ക് ക്ഷമാപന കത്ത് നൽകേണ്ടി വന്നു. " ഞങ്ങൾ മാധ്യമങ്ങളോട് പറഞ്ഞതെല്ലാം നുണയാണെന്ന് എഴുതാൻ ആവശ്യപ്പെട്ടു. ഞങ്ങൾ എങ്ങനെയാണ് ചിത്രമെടുത്തതെന്നും ആരുടെ ഫോണിൽ നിന്നാണ് ഫോട്ടോയെടുത്തതെന്നും അവർ ആരാഞ്ഞു" മുസ്കാൻ സൈനബ് പറഞ്ഞു.

ഉഡുപ്പിയിലെ ഗവണ്മെന്റ് പി.യു കോളജിൽ ഏകദേശം തൊണ്ണൂറ് കുടിയേറിയ മുസ്‌ലിം കുടുംബങ്ങളുണ്ട്. അവരിൽ ഭൂരിഭാഗവും പാവങ്ങളാണ്. ഇവർക്ക് പാഠപുസ്തകങ്ങളും യൂണിഫോമും നേടാൻ സഹായിച്ചത് സ്ഥാപനമാണ്. തങ്ങൾ മുസ്‌ലിംകളെ വെറുക്കുന്നവരല്ലെന്ന് കാണിക്കാൻ പ്രിൻസിപ്പലും കോളജ് വികസന സമിതി അധ്യക്ഷനും എം.എൽ.എ യുമായ തങ്ങളുടെ ജീവകാരുണ്യ പ്രവർത്തികൾ എടുത്തുകാണിക്കുകയുണ്ടായി.

കർണാടകയിലെ മുസ്‌ലിംകൾ എന്നത് ഒരു ഏക രൂപമുള്ളതല്ല. അവർ പലവിധ ഭാഷകൾ സംസാരിക്കുന്നു : ഉറുദു, ബ്യാരി, നവയ്തി, കന്നഡ. അവരിൽ ഹിജാബ് ധരിക്കുന്നവരുണ്ട് ധരിക്കാത്തവരുണ്ട്. അവരിൽ നിഖാബ് ധരിക്കുന്നവരും ഉണ്ട്. എന്നാൽ നിഖാബും ഹിജാബും ധരിച്ച മുസ്‌ലിം സ്ത്രീകൾ ഉഡുപ്പിയിൽ സ്ഥിരം കാഴ്ചയാണ്.



പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ആദ്യകാല ചിത്രങ്ങൾ നോക്കിയാൽ അവർ ഒരിക്കലും തങ്ങളുടെ മുഖം നിഖാബ് കൊണ്ട് മറച്ചിട്ടില്ല. എന്നാൽ പിന്നീട് നമ്മൾ നിഖാബ് ധരിച്ച പെൺകുട്ടികളെ കണ്ടു. ഞാൻ പെൺകുട്ടികളോട് ആരുടെ വീടുകളിൽ സംസാരിച്ചപ്പോൾ പോലും അവർ മുഖം മറച്ചിരുന്നു. കൗമാരക്കാരായ പെൺകുട്ടികളാണ് ഇവരെന്ന് ഇന്ത്യൻ മാധ്യമങ്ങൾ മറന്നുപോയിരിക്കുന്നു. തങ്ങളുടെ ജീവിതങ്ങളിലേക്കുള്ള പെട്ടെന്നുള്ള മാധ്യമ നോട്ടങ്ങൾ അവരെ ഭയപ്പെടുത്തുന്നു. മാധ്യമ നോട്ടങ്ങൾ ഒഴിവാക്കി തങ്ങളുടെ നിലപാട് പറയാനുള്ള മാർഗമായിരുന്നു അവർക്കും അവരുടെ രക്ഷിതാക്കൾക്കും നിഖാബ്.

മറ്റേതു പെൺകുട്ടികളെയും പോലെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമുള്ളവരാണ് ഈ പെൺകുട്ടികളും. തെരഞ്ഞെടുപ്പിൽ മത്സരിച്ചവരും കരാട്ടെ മത്സരങ്ങളിൽ പങ്കെടുത്തവരുമായ ഹിജാബ് ധരിച്ചവരെ ഞാൻ പരിചയപ്പെടുകയുണ്ടായി. തങ്ങളുടെ മകൾ ആ ഗ്രാമത്തിലെ ആദ്യത്തെ ബിരുദധാരിയാണെന്ന് പറഞ്ഞ കുടുംബങ്ങളുണ്ട്. ഹിജാബ് ധരിച്ച പെൺകുട്ടികൾ വിദേശത്ത് പണിയെടുക്കുകയും അവരുടെ മകളെ നോക്കുന്ന മുത്തശ്ശിമാരെയും ഞാൻ കണ്ടു.

" മുസ്‌ലിംകൾ അവരുടെ വീടുകളിൽ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചോട്ടെ. പക്ഷെ, സ്‌കൂളിലേക്കു വരുമ്പോൾ യൂണിഫോം മാനദണ്ഡങ്ങൾ പാലിക്കണം" രഘുപതി ഭട്ട് എം.എൽ.എ പറഞ്ഞു. മറ്റു എം.എൽ.എ മാരെ പോലെ തന്റെ മണ്ഡലത്തിലെ സ്‌കൂളുകളിലും കോളജുകളിലും യൂണിഫോം മാനദണ്ഡങ്ങൾ നിർമ്മിക്കുന്നതിന്റെ ഉത്തരവാദിത്തം ഭട്ടിനാണ്.

അതുകൊണ്ട് തന്നെ കർണാടകയിൽ മുസ്‌ലിമിന് പഠിക്കാൻ പോകണമെങ്കിൽ തങ്ങളുടെ വിശ്വാസവും സംസ്കാരവും വീട്ടിൽ വെച്ച് പോകേണ്ട അവസ്ഥയാണ്.

TAGS :