Quantcast
MediaOne Logo

വേണു ബാലകൃഷ്ണൻ

Published: 12 July 2025 3:31 PM IST

ബിഹാറിലെ പൗരത്വം തിരയല്‍ നല്ലതിന്

വോട്ടർ പട്ടികയുടെ പേരിൽ പൗരത്വം തിരയൽ. അത് വളഞ്ഞ വഴിയിൽ എൻആർസി അഥവാ ദേശീയ പൗരത്വ രജിസ്റ്റർ ഒളിച്ചുകടത്തുകയാണോ. ചോദ്യങ്ങൾ നിരവധിയാണ്. അതുകൊണ്ടാണ് ചോദിക്കുന്നത്, ഇത് നല്ലതല്ലേ എന്ന്. അതായത് കമ്മീഷൻ പൗരത്വം തിരയൽ തന്നെയാണ് നടത്തുന്നത് എന്നു വയ്ക്കുക. എങ്കിൽ അത് എങ്ങനെ ഗുണകരമാകും എന്നു നോക്കാം - വേണു ബാലകൃഷ്ണൻ എഴുതുന്നു

ബിഹാറിലെ പൗരത്വം തിരയല്‍ നല്ലതിന്
X

ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്രപുനഃപരിശോധനയെപ്പറ്റി ആശങ്ക ഉണ്ടാക്കുന്ന റിപ്പോർട്ടുകളാണ് നാം കണ്ടുവരുന്നത്. വോട്ടർ പട്ടികയുടെ പേരിൽ പൗരത്വം തിരയാനാണ് നീക്കം എന്നതാണ് പ്രധാന വിമർശനം. എന്നാൽ ആ പുനഃപരിശോധന ഗുണകരമാകും എന്നാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. പലരും അത് കേൾക്കുമ്പോൾ സ്വാഭാവികമായും നെറ്റി ചുളിക്കും. അതിലേക്ക് വരാം. ആദ്യം എന്താണ് ബിഹാറിൽ നടക്കുന്നത് എന്ന് പറയാം.

ബിഹാറിൽ നവംബറിലാണ് തെരഞ്ഞെടുപ്പ്. വോട്ടർ പട്ടികയുടെ ശുദ്ധീകരണം എന്ന പേരിലാണ് തീവ്ര പുനഃപരിശോധന തുടങ്ങിയത്. ജൂൺ 25 മുതലാണ് ആ പ്രക്രിയ തുടങ്ങിയത്. സെപ്തംബർ 30 ഓടെ അന്തിമ വോട്ടർ പട്ടിക പുറത്തുവിടുമെന്നാണ് കമ്മീഷൻ പറയുന്നത്. 2003ലാണ് ഇതിനു മുമ്പ് കമ്മീഷൻ ബിഹാറിൽ ഇത്തരമൊരു പ്രക്രിയ നടത്തിയത്. അന്നത്തെ ലിസ്റ്റിൽ പേരുള്ളവർക്ക് ഇത്തവണ ഒന്നും ചെയ്യേണ്ട കാര്യമില്ല. മറ്റുള്ളവർ ചെയ്യണം. ആരാണ് ഈ മറ്റുള്ളവർ. അവർ എന്താണ് ചെയ്യേണ്ടത്. 1987 ജൂലൈ ഒന്നിനു ശേഷം ജനിച്ചവർ ജനന സർട്ടിഫിക്കറ്റ്, എവിടെ ജനിച്ചു എന്ന സർട്ടിഫിക്കറ്റ് ഇവ ഹാജരാക്കണം. 1987 ജൂലൈ 1 നും 2004 ഡിസംബർ 2നും ഇടയിൽ ജനിച്ചവർ ജനന സർട്ടിഫിക്കറ്റ്, ജന്മസ്ഥല സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമേ രക്ഷകർത്താക്കളിൽ ഒരാളുടെയും ഇതേ സർട്ടിഫിക്കറ്റുകൾ നൽകണം. 2004 ഡിസംബർ രണ്ടിനു ശേഷം ജനിച്ചവർ ഇതേ സർട്ടിഫിക്കറ്റുകളും അതിനു പുറമേ അച്ഛന്റെയും അമ്മയുടെയും സർട്ടിഫിക്കറ്റുകളും കൂടി ഹാജരാക്കണം.

രാജ്യത്തെ യഥാർത്ഥ പൗരന്മാർ മാത്രം വോട്ട് ചെയ്യുക, വോട്ടർ ഇരട്ടിപ്പ് തടയുക എന്നീ ലക്ഷ്യങ്ങളാണ് കമ്മീഷന്റേത്. എന്നാൽ ഇത് ഉണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ നിരവധിയാണ്. ബിഹാറാണ് സംസ്ഥാനം. ബിമാരു എന്ന് പണ്ട് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ആദ്യ സ്ഥാനത്തുള്ളത് ബിഹാറാണ്. അവികസിതാവസ്ഥ കാരണമാണ് ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി എന്നിവയെ ബിമാരു സംസ്ഥാനങ്ങൾ എന്നു പറഞ്ഞിരുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ വോട്ടർമാരുള്ള സംസ്ഥാനം കൂടിയാണ് ബിഹാർ. അവിടുത്തെ ദരിദ്രർ, ദലിതുകൾ, മുസ്‍ലിംകൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ, ആദിവാസികൾ, അന്യസംസ്ഥാനങ്ങളിലേയ്ക്ക് തൊഴിലെടുക്കാൻ പോയവർ എന്നിവരിൽ എത്ര പേർക്ക് ഈ പറയുന്ന സർട്ടിഫിക്കറ്റുകൾ ഉണ്ട്. ഇത് അവരുടെ കുറ്റം മാത്രമല്ല. സർക്കാർ സംവിധാനങ്ങളും ഇത് നിഷ്കർഷിക്കുകയോ കൃത്യമായ വിതരണം ഉറപ്പാക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. അപ്പോഴാണ് കമ്മീഷന്റെ പൊടുന്നനെയുള്ള പ്രഖ്യാപനം വരുന്നത്.

സാധാരണക്കാരെ ബോധവത്കരിച്ചിട്ടില്ല ആരും. ഏതൊക്കെ രേഖകളാണ് നൽകേണ്ടത് എന്ന് അവർക്ക് അറിയില്ല. അത് എവിടെ കിട്ടും എന്ന് അറിയില്ല. ഇനി അത് ഉള്ളവർക്കാകട്ടെ അത് എങ്ങനെ പൂരിപ്പിക്കണം എന്ന അറിവുള്ളവരല്ല. എല്ലാത്തിനും പുറമേ സമയക്കുറവും. അപ്പോൾ ഉദ്യോഗസ്ഥരും തിരക്ക് കൂട്ടും. അങ്ങനെ വരുമ്പോൾ ചെറിയ ന്യൂനതകളുടെ പേരിൽ പോലും പലരും പിന്തള്ളപ്പെടും. അപ്പീൽ നൽകാൻ അവകാശം ഉണ്ടെന്നൊക്കെ പറയാമെങ്കിലും ഉദ്യോഗസ്ഥ മുഷ്കിൽ അതെല്ലാം വെറുതേയാകും.

പരമപ്രധാനമായ ഒരു പ്രശ്നം കൂടിയുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ ലിസ്റ്റ് കമ്മീഷൻ പുറത്തുവിടും എന്ന് പറഞ്ഞിട്ടില്ല. രേഖകൾ കൊടുത്തവർക്ക് അതിന്റെ സ്റ്റാറ്റസ് ഓരോ ഘട്ടത്തിലും ചെക്ക് ചെയ്യാനുള്ള സൗകര്യം ഇല്ല. ഇങ്ങനെ വരുമ്പോൾ വ്യക്തികൾക്കോ, സിവിൽ സമൂഹത്തിനോ, മാധ്യമങ്ങൾക്കോ കമ്മീഷൻ നടപടികളിലെ പിഴവുകൾ ശ്രദ്ധയിൽപ്പെടുത്താനോ തിരുത്തിക്കാനോ ഒന്നും കഴിയാതെ വരുന്നു. കമ്മീഷൻ നടപടികൾ ഏകപക്ഷീയമായി മാറുന്നു. വോട്ടവകാശത്തിന്മേലുള്ള ഒരുതരം ബുൾഡോസിംഗ്. അത് ജനാധിപത്യം ഉറപ്പാക്കേണ്ട ഒരു ഭരണഘടനാ സ്ഥാപനത്തിൽ നിന്നുതന്നെ സംഭവിക്കുന്നു എന്നത് ഗുരുതരമാണ്.

കമ്മീഷന്റെ നടപടികളിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് കുറിച്ച് രാഹുൽ ഗാന്ധി അതിശക്തമായ വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അതുകൊണ്ടുമാത്രമാണ് ചില കാര്യങ്ങളെങ്കിലും വെളിപ്പെട്ടത്. തർക്കം മുറുകിയപ്പോഴാണ് കമ്മീഷൻ പറഞ്ഞത് ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസം അഥവാ ഒന്നരമാസത്തിനിടയിൽ ആരും അത് നിയമപരമായി ചോദ്യം ചെയ്തില്ലെങ്കിൽ എല്ലാ ചിത്രങ്ങളും വിഡിയോകളും സിസിടിവി ദൃശ്യങ്ങളും വെബ്കാസ്റ്റും നശിപ്പിക്കുമെന്ന്. നേരത്തേ ഇത് മൂന്ന് മാസം മുതൽ ഒരു വർഷം വരെയായിരുന്നു. അങ്ങനെയുള്ള കമ്മീഷൻ ഒരു മാസം കൊണ്ട് എട്ട് കോടി വോട്ടർമാരുടെ രേഖകളെല്ലാം പരിശോധിച്ച് ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റ രീതിയിൽ കൊണ്ടുപോകും എന്ന് കരുതാനേ ന്യായമില്ല.

എന്നാൽ കമ്മീഷൻ പറയുന്ന ന്യായം 2003ൽ സാങ്കേതിവിദ്യ ഇത്രകണ്ട് വികസിക്കാതിരുന്ന കാലത്ത് 31 ദിവസം കൊണ്ട് പട്ടിക പുനഃപരിശോധന ഭംഗിയായി നടത്തിയെന്നാണ്. അവിടെയാണ് ഇപ്പോൾ ഏറ്റവും വിവാദമായ കമ്മീഷൻ നടപടി ചർച്ചചെയ്യപ്പെടുന്നത്. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നെന്നു പറഞ്ഞ് പൗരത്വം തിരയുകയാണ് കമ്മീഷൻ എന്നതാണ് ആ വിമർശനം. അതിന് കമ്മീഷന് അധികാരമില്ലെന്നും പറയുന്നു. വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കമ്മീഷൻ നടപടി കോടതി സ്റ്റേ ചെയ്തിട്ടില്ല. എന്നാൽ ആധാർ, റേഷൻ, വോട്ടർ ഐഡി കാർഡുകൾ കൂടി പരിഗണിച്ചുകൂടേ എന്നു ചോദിക്കുകയും ചെയ്തു.

ഇനി നമുക്ക് കാതലായ വിഷയത്തിലേയ്ക്ക് വരാം. വോട്ടർ പട്ടികയുടെ പേരിൽ പൗരത്വം തിരയൽ. അത് വളഞ്ഞ വഴിയിൽ എൻആർസി അഥവാ ദേശീയ പൗരത്വ രജിസ്റ്റർ ഒളിച്ചുകടത്തുകയാണോ. ബിഹാറിൽ തുടക്കമിട്ടെങ്കിലും പ്രധാന ലക്ഷ്യം ബംഗാളാണോ. അതുകൊണ്ടാണോ മഹുവ മൊയ്ത്രയും കോടതിയിൽ എത്തിയത്. ചോദ്യങ്ങൾ നിരവധിയാണ്. അതുകൊണ്ടാണ് ചോദിക്കുന്നത്, ഇത് നല്ലതല്ലേ എന്ന്. അതായത് കമ്മീഷൻ പൗരത്വം തിരയൽ തന്നെയാണ് നടത്തുന്നത് എന്നു വയ്ക്കുക. എങ്കിൽ അത് എങ്ങനെ ഗുണകരമാകും എന്നു നോക്കാം. ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് ജോയ്മാലാ ബാഗ് ചി എന്നിവർ ഉൾപ്പെട്ട ​ബെഞ്ചാണ് കേസ് കേൾക്കുന്നത്. അങ്ങനെ കേസ് കേൾക്കുമ്പോൾ ബാഗ് ചി ചോദിച്ച ഒരു പ്രധാന ചോദ്യമുണ്ട്. The timing is very short. Why is SIR so election-focused. SIR എന്നുവച്ചാൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ. പ്രത്യേക തീവ്ര പുനഃപരിശോധന. കോടതി പറഞ്ഞു, വിഷയം ഗൗരവമുള്ളതാണ്. കാരണം വോട്ട് ചെയ്യാനുള്ള അവകാശം എന്നത് ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിവേരാണ്. മൂന്ന് കാര്യങ്ങളാണ് കോടതി പരിശോധിക്കുക. ഇങ്ങനെയൊരു കാര്യം നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്അധികാരമുണ്ടോ. എങ്ങനെയാണ് കമ്മീഷൻ അത് നിർവഹിക്കുന്നത്. അതിന് തിരഞ്ഞെടുത്ത സമയം ശരിയായോ. ഇവയാണ് ആ മൂന്ന് വിഷയങ്ങൾ.

വോട്ടവകാശത്തിന്റെ പ്രാധാന്യത്തെപ്പറ്റി കോടതി ഓർമിപ്പിച്ചത് വെറുതേയല്ല. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം ഭരണഘടനയുടെ 326 ആം ആർട്ടിക്കിൾ ഉറപ്പുനൽകുന്നതാണ്. അതിന് മതം, ജാതി, ലിംഗം, വിദ്യാഭ്യാസം, സ്വത്ത് എന്നിവയൊന്നും പ്രതിബന്ധമല്ല. പ്രായപൂർത്തിയാവുക എന്നതാണ് മുഖ്യമാനദണ്ഡം. ആദ്യം 21വയസായിരുന്നു പ്രായപൂർത്തിയായി നിശ്ചയിച്ചത്. 1989ൽ നടത്തിയ 61ആമത് ഭരണഘടനാ ഭേദഗതിയിലൂടെ ഇത് 18 ആക്കി കുറച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ പേരെ ഉൾക്കൊള്ളുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അതായത് ഉൾക്കൊള്ളുക എന്നതാണ്, പുറന്തള്ളുകയല്ല അടിസ്ഥാനമെന്ന പ്രഖ്യാപനമാണ് അത്. പൗരത്വരേഖയെപ്പറ്റി ഏറ്റവും ശക്തമായി ഉയരുന്ന വിമർശനം എന്താണ്. പുറന്തള്ളലിനെപ്പറ്റിയല്ലേ. അവിടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പശ്ചാത്തലത്തിൽ ഇതേ കാര്യം ശരിയായ ഊന്നലിലേയ്ക്ക് എത്തുന്നത്. പുറന്തള്ളൽ അല്ല ഉൾക്കൊള്ളൽ എന്നതാണ് ആ ഊന്നൽ.

ഈ വിഷയം കോടതി പരിഗണിക്കുമ്പോൾ ആധാരമാകാൻ പോകുന്ന സുപ്രധാനമായ ഒരു വിധിന്യായമുണ്ട്. 1973ലെ കേശവാനന്ദ ഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. അതിലാണ് ഭരണഘടനയുടെ അടിസ്ഥാന ഘടനാ പ്രമാണം അഥവാ ബേസിക് സ്ട്രക്ചർ ഡോക്ട്രൈൻ ആയി ജനാധിപത്യത്തെ നിർവചിച്ചത്. അതിന് അനുപേക്ഷണീയമായത് തന്നെ ഭരിക്കേണ്ടത് ആരെന്ന് സ്വതന്ത്രമായും വിവേചനരഹിതമായും തീരുമാനിക്കാൻ വ്യക്തിക്കുള്ള അവകാശമാണ്. അതുകൊണ്ടാണ്, മലമുകളിലോ മരുഭൂമിയിലോ എവിടെയോ ആകട്ടെ, അവിടെയുള്ള അവസാന വോട്ടറേയും കണ്ടെത്താൻ അയാളെ തേടി കമ്മീഷൻ പോകുന്നത് തെരഞ്ഞെടുപ്പ് കാലത്തെ ഒരു മഹത്തായ ഇന്ത്യൻ കാഴ്ചയാകുന്നത്. നേരിട്ട് പങ്കാളിയാകാൻ കഴിയാത്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സൈന്യത്തിലുള്ളവർ എന്നിവർക്കൊക്കെ പോസ്റ്റൽ ബാലറ്റ്. രാജ്യത്തിന് പുറത്തുള്ളവർക്ക് 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 20 എ പ്രകാരം രജിസ്റ്റർ ചെയ്യുകയും നേരിട്ട് എത്താൻ കഴിഞ്ഞാൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്യാം. ഇതെല്ലാം ഭരണഘടനയും കോടതി വിധികളും എത്രമാത്രം പ്രാധാന്യമാണ് ഉൾക്കൊള്ളലിന് നൽകിവരുന്നത് എന്നത് വ്യക്തമാക്കുന്ന ഉദാഹരണങ്ങളാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ഏകപക്ഷീയമാകുന്നു എന്ന വിമർശനത്തിനും കോടതി ഉത്തരവുകൾ രക്ഷകരായി എത്തുന്നു. രണ്ട് ഉദാഹരണങ്ങൾ പറയാം. 1995ലൈ ലാൽ ബാബു ഹുസൈൻ വിധിയാണ് പരമ പ്രധാനമായ ഒന്ന്. 1992ലും 94ലും ആയി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച രണ്ട് നിർദേശങ്ങളുണ്ട്. ജില്ലാ കളക്ടർമാർക്കും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ അഥവാ ഇആർഓസിനും വിദേശികൾ എന്നു തോന്നുന്നവരുടെ പേര് വെട്ടാം എന്നതാണ്. രണ്ടും കോടതി വലിച്ചെറിഞ്ഞു. എന്തു പറഞ്ഞിട്ടാണ് സുപ്രീം കോടതി അത് ചെയ്തത് എന്നതും പ്രധാനമാണ്. പൗരത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം അപേക്ഷകന്റെ തലയിൽ കെട്ടിവയ്ക്കുന്നു എന്നതുകൊണ്ടാണ് കോടതി ആ നിർദേശങ്ങൾ തള്ളിക്കളഞ്ഞത്.

മുമ്പ് വോട്ട് ചെയ്തവരെയാണ് ഈ വിധം പുറന്തള്ളിയത് എന്നതും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. കഴിഞ്ഞില്ല. ആ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഓർമിപ്പിക്കുകയും ചെയ്തു. മുമ്പ് വോട്ട് ചെയ്തു എന്നത് പരിഗണിക്കേണ്ട പ്രധാന വിഷയമായിത്തന്നെ കോടതി വ്യക്തമാക്കി. 2003നു ശേഷം ബിഹാറിൽ എത്ര തെരഞ്ഞെടുപ്പുകൾ നടന്നു. അവയിലൊക്കെ വോട്ട് ചെയ്തവരെ പുതിയ രേഖകളുടെ പേര് പറഞ്ഞ് കമ്മീഷന് ഒഴിവാക്കാൻ കഴിയില്ലെന്ന് ഈ വിധിന്യായത്തിൽ നിന്ന് വ്യക്തം. അടുത്ത പ്രധാന ഉത്തരവ് സിഎഎ എൻആർസി വിവാദങ്ങളൊക്കെ കൊടുമ്പിരികൊണ്ട ശേഷം വന്നതാണ്. അങ്ങനെയൊരു സവിശേഷ പ്രാധാന്യം ലാൽ ബാബു വേഴ്സസ് റഹിം അലി എന്ന 2024ലെ കേസ്.

അതിൽ കൃത്യമായും വ്യക്തമായും പറയുന്നു എന്തെങ്കിലും ആക്ഷേപം ഉന്നയിക്കുന്നതിന്റെ ഭാഗമായോ തോന്നുന്ന സംശയത്തിന്റെ പേരിലോ ആരെയും വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പുറന്തള്ളാൻ പാടില്ലെന്ന്. അവിടെ വിധിവാക്യം അവസാനിക്കുന്നില്ല. ആക്ഷേപത്തിന്റെയോ സംശയത്തിന്റെയോ പേരിൽ പൗരത്വ നിഷേധം പാടില്ലെന്നും വിധിന്യായം വ്യക്തമാക്കുന്നു. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രവും ഇതിൽ പ്രധാനമാണ്. 1952ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യക്കാർ പൗരന്മാർ ആകുന്നതിന് മുമ്പാണ് ആ തെരഞ്ഞെടുപ്പ് നടന്നത്. അതുപോട്ടെ. ഭരണഘടന തന്നെ ഉണ്ടാകും മുമ്പാണ്. 1948 ജൂലൈ 15 മുതലാണ് നമ്മൾ വോട്ടർ പട്ടിക തയ്യാറാക്കാൻ തുടങ്ങിയത്. സംസ്ഥാന രൂപീകരണങ്ങളൊക്കെ പിന്നീട് എത്രയോ കഴിഞ്ഞ്. അപ്പോൾ പൗരത്വനിർണയത്തിന് എടുത്ത കാലതാമസം ഊഹിക്കാൻ കഴിയും. എന്നിട്ട് രാജ്യം ആപത്തിൽ അകപ്പെടുകയാണോ ഉണ്ടായത്. അല്ലല്ലോ. അപ്പോൾ പൗരത്വവും രാജ്യസുരക്ഷയും വൈരുദ്ധ്യാത്മകമായി പ്രവർത്തിച്ചെന്ന തെളിവ്ഇന്ത്യയ്ക്ക് എന്തായാലും ഇല്ല. മറിച്ചാണ് താനും. സ്വതന്ത്ര ഇന്ത്യ ഏറ്റവും വലിയ വെല്ലുവിളികളെ നേരിട്ട കാലം കൂടിയാണത്.

വിഭജനം വർഗീയ കലാപങ്ങൾ ഗാന്ധിവധം അടക്കമുള്ള കാര്യങ്ങൾ. മതപരമായ സംഘർഷങ്ങൾ, തെളിച്ചു പറഞ്ഞാൽ ഹിന്ദു - മുസ്‍ലിം സംഘർഷങ്ങൾ നടക്കുകയും അതിന്റെ ആപത്തുകൾ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്ത കാലത്താണ് പൗരത്വത്തിനു മുകളിൽ വോട്ടറായി നിന്ന് ഇന്ത്യൻ ജനത സ്വന്തം ജനാധിപത്യത്തിന്റെ കാവലാളായത്. അതുകൊണ്ട് ഇപ്പോൾ ഉയർത്തുന്ന സാങ്കല്പിക ഭീതികൾ ഏതു പൊയ്ക്കാലിലാണ് നിൽക്കുന്നത് എന്നത് സുവ്യക്തം.

ഇനി സുപ്രീംകോടതിയുടെ മുന്നിൽ വരുമ്പോൾ ഇതെല്ലാം ഓർമിച്ചു വേണം കമ്മീഷന് കാര്യങ്ങൾ അവതരിപ്പിക്കാൻ. സിഎഎ കോടതി കയറിയിരിക്കുകയാണ്. മുസ്‍ലിം ന്യൂനപക്ഷത്തെ തിരഞ്ഞുപിടിച്ച് പുറത്താക്കും വിധം വിവേചനപരമായി നടത്തിയ ഭേദഗതിയാണെന്നു പറഞ്ഞാണ് വ്യവഹാരം മുറുകുന്നത്. അത് സത്യവുമാണ്.എന്നാൽ അത് പരിശോധിക്കപ്പെടുന്നത് നേരത്തേ പറഞ്ഞതുപോലെ മതവിവേചനം എന്ന ഊന്നലിൽ നിന്നാണ്. പുറന്തള്ളലിനെപ്പറ്റി പറഞ്ഞുകൊണ്ടാണ്. എന്നാൽ ബിഹാറിൽ സമാന വിഷയം വരുന്നത് വോട്ടവകാശവുമായി ബന്ധപ്പെട്ടാണ്. അതിനാൽത്തന്നെ ഉൾക്കൊള്ളലിനെ പറ്റി പറഞ്ഞുകൊണ്ടാണ്. സിഎഎ വ്യവഹാരത്തേക്കാൾ ഗുണകരമാകുക ബിഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളാകും. പുറന്തള്ളൽ ലക്ഷ്യത്തോടെ ഒളിച്ചുകടത്തപ്പെടുന്ന ഭേദഗതിയും ഉൾക്കൊള്ളൽ ഉറപ്പാക്കാൻ കൊണ്ടുവന്ന ഭേദഗതികളും നമ്മുടെ മുന്നിൽ നിൽക്കുന്നു. അവ തമ്മിലാണ് ഇനി ഏറ്റുമുട്ടാൻ പോകുന്നത്. ബിഹാർ തുറക്കുന്ന വലിയ സാധ്യതയാണ് അത്. അത് കാണാതെ പോകരുത്.

TAGS :