Quantcast
MediaOne Logo

രജീഷ് പാലവിള

Published: 30 April 2022 5:10 AM GMT

ഇളയരാജ: സ്തുതിപാടലിന്റെ അപശ്രുതികള്‍

നരേന്ദ്രമോദിയെ ഡോ.ബി.ആര്‍ അംബേദ്കറുമായി താരത്യം ചെയ്തതിലൂടെ ഇളയരാജ നടത്തിയത് തന്റെ എല്ലാ മൗലികതകളെയും സ്വയം റദ്ദ് ചെയ്യലാണ്.

ഇളയരാജ: സ്തുതിപാടലിന്റെ അപശ്രുതികള്‍
X
Listen to this Article


മനസ്സില്‍ പെയ്തിറങ്ങിയ ഒരുപിടി ഗാനങ്ങളുടെ പേരുകൂടിയാണ് 'ഇളയരാജ' എന്നറിയപ്പെടുന്ന ആര്‍.ജ്ഞാനദേശികന്‍. വിവിധ ഭാഷകളിലായി പല തലമുറകളെ ത്രസിപ്പിച്ച എണ്ണമറ്റ ഇമ്പമാര്‍ന്ന ഗാനങ്ങളുടേയും സംഗീതവൈവിധ്യങ്ങളെ ശ്രവണമധുരമായി സമന്വയിപ്പിച്ച പാട്ടുകളിലൂടേയും ഗാനപശ്ചാത്തലങ്ങളുടേയും മാസ്മരിക ചക്രവാളങ്ങള്‍ തീര്‍ത്ത 'ഇസൈജ്ഞാനി'(സംഗീത പണ്ഡിതന്‍). അദ്ദേഹത്തിന്റെ പാട്ട് പാടാന്‍ കൊതിക്കാത്ത ഗായകരുണ്ടാവില്ല, ആ പാട്ടുകള്‍ കേള്‍ക്കാത്ത ഗാനാസ്വാദകരുണ്ടാവില്ല. ഓരോ നിമിഷവും കാതോട് കാതോരം ഒഴുകുന്ന ആ ഗാനധാര സിനിമാസംഗീതം ഉള്ള നാള്‍വരെ ആരാധകരുടെ ഹൃദയംകവരും എന്നതും അതിശയോക്തിയല്ല. അങ്ങനെ കാലത്താല്‍ മാറ്റുരയ്ക്കപ്പെടാത്ത ജനപ്രിയ ഗാനങ്ങളിലൂടെ സഹൃദയലോകത്ത് ചിരപ്രതിഷ്ഠനേടിയ ഈ പ്രതിഭാശാലി ഇന്ത്യന്‍ സിനിമാ സംഗീതലോകത്തെ മുന്‍നിര ചക്രവര്‍ത്തിമാരില്‍ ഒരാളാണ് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

മനുഷ്യ ജീവിതത്തിന്റെ ഭാവവൈവിധ്യങ്ങളെ അനാവരണം ചെയ്യുന്ന തന്റെ സംഗീതംകൊണ്ട് പ്രശസ്തിയുടെ വാനവിശാലതയില്‍ വിരാജിക്കുമ്പോഴും വിവാദങ്ങളുടെ ചുഴിയിലും ഇളയരാജയെ കാണാം. അതില്‍ ഏറ്റവും മുന്‍പേ കേട്ടത് ഗാനങ്ങളുടെ റോയല്‍റ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. അക്കാര്യത്തില്‍ ഇളയരാജ വെറുതെ പറയുക മാത്രമായിരുന്നില്ല, നിയമപരമായി തനിക്ക് അര്‍ഹതയുള്ളത് ചോദിച്ച് വാങ്ങുകയായിരുന്നു. അതിനുവേണ്ടി നിയമയുദ്ധങ്ങള്‍ നടത്താനും തന്റെ പാട്ടുകള്‍ക്ക് ജീവന്‍പകര്‍ന്ന എസ്.പി ബാലസുബ്രമണ്യം ഉള്‍പ്പടെയുള്ള മുന്‍നിര ഗായകരോട് വാദിക്കാനും തയ്യാറായി. ലക്ഷങ്ങള്‍ കൈപ്പറ്റി ഗായകര്‍ നടത്തുന്ന സ്റ്റേജ് പരിപാടികളില്‍ തന്റെ ഗാനങ്ങള്‍ ഉപയോഗിക്കുന്നത് തന്റെ അനുമതിയോടും പകര്‍പ്പവകാശ നിയമങ്ങള്‍ക്ക് വിധേയവുമായിരിക്കണം എന്ന് അദ്ദേഹം തുറന്നുപറഞ്ഞു. മദ്രാസ്സ് ഹൈക്കോടതിയില്‍ തമിഴ് നിര്‍മാതാക്കളുമായി നടന്ന കേസിലും കോടതിയില്‍നിന്ന് അനുകൂലമായ ഉത്തരവാണ് ഇളയരാജ നേടിയത്. പകര്‍പ്പവകാശ നിയമഭേദഗതി അനുസരിച്ച് സംഗീതജ്ഞന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അവകാശം സംരക്ഷിക്കപ്പെടണം എന്ന് മാത്രമല്ല, ഗാനങ്ങളുടെ നിജസ്ഥിതിയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ ആരെങ്കിലും നടത്തിയാലും അത് നിയമപരമായി തെറ്റാവുമെന്നും നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കോടതിപറഞ്ഞു.


ഗാനങ്ങളുടെ റോയല്‍റ്റി വിഷയത്തില്‍ ഇളയരാജ ഉയര്‍ത്തിയ വിഷയങ്ങള്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചതെങ്കിലും അതില്‍ നിയമപരമായ സാധുതകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമത്തിന്റെ 2102ലെ ഭേദഗതി (ഠവല ഇീു്യൃശഴവ േ(അാലിറാലി)േ അര,േ 2012)അനുസരിച്ച് ഗാനങ്ങളുടെ പകര്‍പ്പവകാശത്തില്‍ നിര്‍മാതാവിനുള്ള അവകാശത്തിന് പുറമേ ഗാനരചയിതാവിനും സംഗീതജ്ഞനും അവകാശമുണ്ട്. ഇന്ത്യന്‍ പെര്‍ഫോമിംഗ് റൈറ്റ്‌സ് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നവര്‍ക്ക് അവകാശത്തിന്റെ പരിരക്ഷ ഉറപ്പ് നല്‍കുന്നുണ്ട്. ഗാനരചയിതാക്കളും സംഗീതജ്ഞരും പബ്ലിഷിംഗ് കമ്പനികളുമാണ് പകര്‍പ്പകവാശത്തിന്റെ പരിധിയില്‍ വരുന്നവര്‍. ഗായകര്‍ക്ക് നിലവില്‍ അങ്ങനെ അവകാശമില്ല എന്നതുകൊണ്ടുതന്നെയാണ് ഇളയരാജ, സ്റ്റേജ് പരിപാടി നടത്താന്‍ തന്റെ പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കരുത് എന്ന് എസ്.പി.ബിയോടുള്‍പ്പടെ പറഞ്ഞത്. നിയമമാണ് പറഞ്ഞതെങ്കിലും ഇളയരാജയുടെ ധനാര്‍ത്തിയായിട്ടാണ് പൊതുസമൂഹത്തില്‍ അത് വിലയിരുത്തപ്പെട്ടത്. തരംഗിണി കാസറ്റ് കമ്പനിക്ക്വേണ്ടി ഇങ്ങനെ മുന്‍പൊരിക്കല്‍ പറഞ്ഞതിന്റെ പേരില്‍ ഗായകന്‍ കെ.ജെ യേശുദാസും പുലിവാല് പിടിച്ചിരുന്നു. പക്ഷെ, ഇളയരാജ വിവാദങ്ങളില്‍ തളരാനും വിട്ടുകൊടുക്കാനും തയ്യാറല്ലായിരുന്നു.


പകര്‍പ്പവകാശ നിയമത്തെക്കുറിച്ച് കലാമേഖലയിലും കച്ചവട മേഖലയിലും പൊതുസമൂഹത്തിലും നിലനില്‍ക്കുന്ന നിയമപരമായ അജ്ഞതകളും നിയമം നടപ്പാക്കുന്നതിനുള്ള അവ്യക്തതകളും മാറാത്ത ഇടത്തോളം ഈ വിഷയത്തില്‍ ആര് സംസാരിച്ചാലും അത് വൈകാരിക വിഷയമായി വിവാദമാകാനുള്ള സാധ്യതയാണുള്ളത്. ആരൊക്കെയാണ് റോയല്‍റ്റി കൊടുക്കേണ്ടത്, ഗാനമേളകളൊക്കെ നടത്തി ജീവിക്കുന്ന എണ്ണമറ്റ സാധാരണ മനുഷ്യര്‍ ആര്‍ക്കൊക്ക റോയറ്റി കൊടുക്കേണ്ടിവരും തുടങ്ങി നിലനില്‍ക്കുന്ന ചോദ്യങ്ങളുണ്ട്.

അതെന്തായാലും പകര്‍പ്പവകാശത്തിന് വേണ്ടി നിയമയുദ്ധം നടത്തിയ ഇളയരാജ, വരുമാന നികുതിയിലെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2015-17 കാലയളവിലെ വരുമാന നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപ നികുതി അടയ്ക്കാനുള്ളതിന്റെ പേരില്‍ തമിഴ്നാട്ടിലെ ജി.എസ്.ടി വകുപ്പ് ഇളയരാജയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഡോ.ബി.ആര്‍ അംബേദ്കറെയും താരതമ്യം ചെയ്തതിന്റെ വിവാദം കത്തിനില്‍ക്കെയാണ് കേന്ദ്രത്തിന് നല്‍കാനുള്ള വരുമാന നികുതിയുടെ വാര്‍ത്തയും പുറത്തുവന്നത് എന്നത് കേവലം യാദൃച്ഛികമല്ല!

റോയല്‍റ്റി വിഷയത്തില്‍ ഇളയരാജ വാദിച്ചതിലെല്ലാം നിയമത്തിന്റെ ന്യായങ്ങളുണ്ടെങ്കില്‍ നരേന്ദ്രമോദിയെ ഡോ.ബി.ആര്‍ അംബേദ്കറുമായി താരത്യം ചെയ്തതിലൂടെ ഇളയരാജ നടത്തിയത് തന്റെ എല്ലാ മൗലികതകളെയും സ്വയം റദ്ദ് ചെയ്യുന്ന കുത്സിത പ്രവര്‍ത്തി ആയിരുന്നു. മധുര മനോഹരങ്ങളായ ഗാനലോകത്തിന്റെ ശില്പി ഇങ്ങനെ ചരിത്രത്തിനും വസ്തുതകള്‍ക്കും നിരക്കാത്ത നിരുത്തരവാദപരമായ ഒരു പ്രസ്താവന നടത്തിയത് ഇന്ത്യ കണ്ട എക്കാലത്തെയും പ്രതിഭാശാലിയായ, സാമൂഹിക ജനാധിപത്യത്തിന്റെ ആദര്‍ശരൂപമായിരുന്ന ഡോ.ബി.ആര്‍ അംബേദ്കറോടുള്ള അനീതിയും കൊഞ്ഞനം കുത്തലുമാണ്. നികുതിയിളവ് ലഭിക്കാനുള്ള സൂത്രമോ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സ്ഥാനങ്ങള്‍ കിട്ടാനുള്ള സ്തുതിപാഠമോ, വിമര്‍ശനങ്ങള്‍ എന്തുതന്നെ ആയാലും ഇളയരാജയുടെ വ്യക്തിത്വത്തെ അങ്ങേയറ്റം കളങ്കപ്പെടുത്തുന്നതായി ആ പ്രസ്താവന.

.'ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍' എന്ന ബി.ജെ.പി സ്പോണ്‍സേര്‍ഡ് പബ്ലിഷിംഗ് കമ്പനി പുറത്തിറക്കിയ 'അായലറസമൃ & ങീറശ: ഞലളീൃാലൃ െശറലമ,െ ജലൃളീൃാലൃ െകാുഹലാലിമേശേീി' എന്ന പുസ്തകത്തിനുവേണ്ടിയാണ് ഇളയരാജ ചരിത്രത്തിന് നിരക്കാത്ത 'ഉപമ'യ്ക്ക് പാഴ്ശ്രുതി മീട്ടിക്കൊടുത്തത്. സാമൂഹിക നീതിയുടെ വിശാലമായ ലോകം സ്വപ്നംകണ്ട ജനാധിപത്യവാദിയായിരുന്ന അംബേദ്കറെവിടെ സംഘപരിവാറിന്റെ ആശയവാഹകനായ നരേന്ദ്രമോദിയെവിടെ! ഇങ്ങനെ ഒരു താരതമ്യ നിര്‍മിതിയിലൂടെ മോദിയെ മഹത്വവല്‍ക്കരിക്കാന്‍ നടക്കുന്ന നീക്കങ്ങളില്‍ തന്റെ ജനസ്വാധീനവും പ്രശസ്തിയും പണയംവയ്ക്കുക കൂടിയാണ് ഇളയരാജ ചെയ്തത്. വിഷയം വിവാദമായപ്പോഴും തന്റെ നിരീക്ഷണം ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്ററി ജനാധിപത്യം സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യത്തിലേക്ക് മാറണം എന്ന മഹത്തായ സ്വപ്നംകണ്ട ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഡോ. ബി.ആര്‍ അംബേദ്കറേയും ഭൂരിപക്ഷ വര്‍ഗീയതയുടെ ഹിംസാത്മകതയെ രാഷ്ട്രീയായുധമാക്കിയ സംഘ്പരിവാര്‍ നേതാവായ നരേന്ദ്രമോദിയേയും ഏച്ചുകെട്ടുന്ന പുസ്തകത്തില്‍ ഇളയരാജയുടെ 'അക്ഷരസംഗീതം' അങ്ങേയറ്റം അപശ്രുതി നിറഞ്ഞതായി!

നരേന്ദ്രമോദിയുടെ അധികാരത്തിന്റെ നാള്‍വഴികളില്‍ ദലിത്-മുസ്ലിം വിഭാഗങ്ങള്‍ക്ക്‌മേല്‍ ഉണ്ടായ അക്രമങ്ങളുടേയും തീവ്രവിദ്വേഷത്തിന്റെ പരശ്ശതം പ്രശ്‌നങ്ങളുടെയും ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യത്തെ കണ്ടില്ലെന്ന് നടിച്ച് മോദിക്ക് വേണ്ടി സ്തുതിപാടുന്ന കൂലിക്കാരന്‍ മാത്രമായി ഇളയരാജ ചുരുങ്ങിപ്പോയത് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഗീതത്തെയും സ്‌നേഹിക്കുന്ന ആരെയും വേദനിപ്പിക്കും. ജീവിതകാലം മുഴുവന്‍ പതിത ജനതയുടെ വിമോചനത്തിനായി പടപൊരുതിയ ഡോ. ഭീം റാവോ റാംജി അംബേദ്കറുമായിട്ടൊക്കെ ഒരു സംഘപരിവാര്‍ നേതാവിനെ സാദൃശ്യപ്പെടുത്തണമെങ്കില്‍ സ്ഥലകാലബോധമില്ലായ്മോ അസ്തപ്രജ്ഞതയോ ഉണ്ടായിരിക്കണം.



'ഹ്യൂമന്‍ വാച്ച്' റിപ്പോര്‍ട്ട് അനുസരിച്ച് 2014മുതല്‍ ഇന്ത്യയില്‍ പശുവിന്റെ പേരില്‍മാത്രം നടന്ന കിരാതമായ നരനായാട്ടുകളില്‍ കൊല്ലപ്പെട്ടതും ആള്‍ക്കൂട്ട വിചാരണകളാല്‍ അക്രമിക്കപ്പെട്ടതും ദലിത്-മുസ്ലിം വിഭാഗങ്ങളാണ്. അക്രമികളെ കേന്ദ്ര മന്ത്രിമാര്‍വരെ മാലയിട്ട് സ്വീകരിക്കുന്ന വാര്‍ത്തകള്‍ വന്നപ്പോഴും നിരുത്തരവാദപരമായ മൗനം പുലര്‍ത്തുകയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.


രാഷ്ട്രീയത്തിലെ ഭക്തിയും വീരാരാധനയും ഏകാധിപത്യത്തിലേക്ക് പതിക്കുമെന്ന് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയ, ഭരണഘടനാശില്പിയായ അംബേദ്കര്‍ തന്റെ നിയമപുസ്തകംകൊണ്ട് ഉയര്‍ത്താന്‍ ശ്രമിച്ച മതേതര ഇന്ത്യയെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക്, അവരുടെ അധികാര രൂപങ്ങള്‍ക്ക്, രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശങ്ങളുടെയും ചിറകുകള്‍ മുറിക്കപ്പെടുമ്പോഴും ക്രൂരവും കുറ്റകരവുമായ നിശബ്ദത പുലര്‍ത്തുന്ന നരേന്ദ്രമോദിമാര്‍ക്ക് വീരപരിവേഷങ്ങള്‍ ചമച്ചുനല്‍കുന്ന ക്ഷുദ്രസാഹിത്യരൂപങ്ങളില്‍ ഇളയരാജ തന്റെ സ്വാര്‍ഥ താല്പര്യങ്ങള്‍ക്കോ സ്ഥാനമോഹങ്ങള്‍ക്കോ വേണ്ടി നടത്തിയ വിശേഷണ-വിശേഷങ്ങള്‍ അശ്‌ളീലമെന്നെ പറയാനാവൂ!

ഡോ.ബി.ആര്‍.അംബേദ്കറുടെ ജീവിതവും ദര്‍ശനങ്ങളും മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും അംബേദ്കറെ മോദിയുമായി താരതമ്യപ്പെടുത്തിയത് ദുരുദ്ദേശപരമായ സാഹസമായിട്ടല്ലാതെ കാണുവാന്‍ കഴിയുമോ എന്ന് സംശയമാണ്! തന്റെ പാട്ടുകളെക്കുറിച്ചോര്‍ത്തെങ്കിലും ആ തെറ്റ് തിരുത്താന്‍ ഇളയരാജയ്ക്ക് കഴിയട്ടെ.

TAGS :