Quantcast
MediaOne Logo

യു. ഷൈജു

Published: 25 Oct 2022 6:26 AM GMT

രാജ്ഭവന്റെ രാജഭരണം അത്ര ശുഭകരമായ രാഷട്രീയമല്ല

സംഘ്പരിവാറിന് വഴിമരുന്നിട്ടു കൊടുക്കരുത് എന്ന സമവാക്യത്തില്‍ കുരുങ്ങിനില്‍ക്കുമ്പോഴും നാഗ്പൂര്‍ സര്‍ക്കുലര്‍ തിരുവനന്തപുരം വഴി പാറിപ്പറക്കുന്നുണ്ടായിരുന്നു. ഈ കടലാസ് അങ്ങനെ തലസ്ഥാനത്തെ കവടിയാര്‍ കൊട്ടാരത്തിന് സമീപമുള്ള രാജ്ഭവന്‍ കേന്ദ്രീകരിച്ചും വന്നു തുടങ്ങി. ഗവര്‍ണറുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായി നിയമിച്ച, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും ജന്മഭൂമി മുന്‍ ചീഫ് എഡിറ്ററുമായ ഹരി. എസ്. കര്‍ത്തയിലൂടെ അതിന് കൃത്യമായ പ്ലാനും പദ്ധതികളുമായി മുന്നോട്ട് നീങ്ങി. ഒടുക്കം സംസ്ഥാന സര്‍ക്കാറിനെ ചൊറിയാന്‍ കേന്ദ്രം ഇ.ഡിയെ രംഗത്തിറക്കുന്നത് പോലെ, രാജ്ഭവനിലെ രാജാവ് നേരിട്ട് തന്നെ രംഗത്തിറങ്ങി.

രാജ്ഭവന്റെ രാജഭരണം അത്ര ശുഭകരമായ രാഷട്രീയമല്ല
X

കേരളം സവിശേഷമായ കക്ഷി രാഷട്രീയത്തിന്റെ നല്ല ഭൂമിയാണ്. അത് മുന്നണി രാഷ്ട്രീയത്തിന്റെ ചട്ടത്തില്‍ വട്ടം കളിച്ച് അത് മുന്നേറിയപ്പോള്‍ രാജ്യത്ത് തന്നെ അപൂര്‍വ രാഷ്ട്രീയ പരീക്ഷണമായി മുന്നേറുകയാണ്. ഈ മുന്നണികളുടെ, പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ പ്രധാന രാഷട്രീയ ഇടമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇതിനെയെല്ലാം നിയന്ത്രിക്കുന്ന സര്‍വകലാശാലകളാകട്ടെ വിദ്യാര്‍ഥി രാഷട്രീയത്തിന് പുറമേ അധ്യാപകരുടെയും അനധ്യാപകരുടേയും കക്ഷി രാഷട്രീയത്തിന്റെയും വിളനിലമാണ്. അത് കൊണ്ട് തന്നെ ഇതിന്റെയെല്ലാം തലപ്പത്ത് മാത്രമല്ല പി.എസ്.സി കൈവക്കാത്തതിലെല്ലാം നടക്കുന്നത് രാഷ്ട്രീയ നിയമനങ്ങളാണ്. സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് സ്റ്റഡീസ് തുടങ്ങി ഏതാണ്ടെല്ലാ രംഗത്തും ഘടകകക്ഷികള്‍ക്ക് അടക്കം വീതം വച്ച് നടക്കുന്നതെല്ലാം പാര്‍ട്ടി കസേരകള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളുടെ കാര്യത്തിലും ഇതേ മാനദണ്ഡം തന്നെയാണ് പാലിച്ചുപോരുന്നത്. ഒരേ സമയം പാര്‍ട്ടിയേയും സമുദായ സംഘടനാ നേതൃത്വങ്ങളെയും തൃപ്തിപ്പെടുത്തിയാണ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഭരണനിര്‍വഹണ കസേരകളില്‍ ആളുകളെ കുടിയിരുത്തുന്നത്.

ഈ പറഞ്ഞതെല്ലാം ആര്‍ക്കും അറിയാത്ത കാര്യങ്ങളല്ല, മറിച്ച് ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കുന്നത് കുറച്ച് നല്ലതാണ്. കാരണം നമ്മുടെ രാജ്യത്തെ ഉന്നത കലാലയങ്ങളുടെ തലപ്പത്ത്, ഗവേഷണ, പഠന കാര്യാലയങ്ങളിലെല്ലാം സംഘ്പരിവാര്‍ ഇതേ രാഷട്രീയം പയറ്റി ആളെ ഇറക്കുകയാണ്. ഒരു വ്യത്യാസം മാത്രം സംഘ് ശിഷ്യരായി എത്തുന്നവര്‍ കേവലം അധികാര കസേരയില്‍ അമര്‍ന്നിരിക്കുക മാത്രമല്ല അവര്‍ ഇരിക്കുന്ന സ്ഥാപനത്തിന്റെ മുന്നോട്ട് പോക്കിന് കൃത്യമായ ഇടപെടലിന് ശ്രമിക്കുന്നു എന്നതാണ്. നാഗ്പൂരില്‍ ചുട്ടെടുക്കുന്ന ആശയങ്ങള്‍ രാജ്യത്തെ ഉന്നത ഗവേഷണകേന്ദ്രങ്ങളിലേക്ക് പ്രസരിപ്പിക്കുന്നു. അതിന് ഏതറ്റംവരെയും അവര്‍ പോകും.

കേരളത്തില്‍ ഈ പറഞ്ഞതൊക്കെ അത്ര എളുപ്പം നടക്കില്ലെന്ന് പറഞ്ഞ് നടക്കുമ്പോഴും സംഘ് ഒരുക്കുന്ന പദ്ധതികളെയെല്ലാം വഴിമരുന്നിട്ടു കൊടുക്കരുത് എന്ന സമവാക്യത്തില്‍ കുടുക്കി ഒതുങ്ങി നിന്നു. അപ്പോഴും നാഗ്പൂര്‍ സര്‍ക്കുലര്‍ തിരുവനന്തപുരം വഴി പാറിപ്പറക്കുന്നുണ്ടായിരുന്നു. ഈ കടലാസ് അങ്ങനെ സംസ്ഥാന തലസ്ഥാനത്തെ കവടിയാര്‍ കൊട്ടാരത്തിന് സമീപമുള്ള രാജ്ഭവന്‍ കേന്ദ്രീകരിച്ച് വന്നു തുടങ്ങി. ഹരി.എസ് കര്‍ത്തയിലൂടെ അതിന്ന് കൃത്യമായ പ്ലാനും പദ്ധതിയുമായി മുന്നോട്ട് നീങ്ങി. അങ്ങനെ സംസ്ഥാന സര്‍ക്കാറിനെ ചൊറിയാന്‍ കേന്ദ്രം ഇ.ഡിയെ രംഗത്തിറക്കുന്നത് പോലെ രാജ്ഭവനിലെ രാജാവ് തന്നെ രംഗത്തിറങ്ങി. ആ രാജാവിന് മുന്നില്‍ പലതിനും തലയാട്ടി നിന്ന് സംസ്ഥാന ഭരണകൂടം രാജാവിന് കാര്യങ്ങള്‍ എളുപ്പമാക്കി. അവിടെ ഉന്നത കലാലയങ്ങളിലെ നിയമവിരുദ്ധ നിയമനങ്ങള്‍ അടക്കമുള്ളവയുടെ ഫയല്‍ തയ്യാറാക്കി കൊണ്ടിരുന്നു. പ്രശ്‌നം സര്‍ക്കാര്‍ ചെയ്യുന്ന കേവല രാഷട്രീയ ഇടപെടലായത് കൊണ്ട് അത് നിറയെ ഗവര്‍ണര്‍ക്കുള്ള നല്ല വഴിമരുന്നായി മാറുകയായിരുന്നു. പ്രതിപക്ഷം പോലും ഗവര്‍ണര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റുന്നത് ഇടതുപക്ഷം ചെയ്തുവെച്ച പഴുതുകള്‍ കണ്ടിട്ടാണ്. ഗവര്‍ണര്‍ എന്ന ചാന്‍സലര്‍ക്ക് ഈ പഴുതുകള്‍ ധാരാളമായപ്പോള്‍ പ്രതിപക്ഷവും രാജ്ഭവന്റെ രാഷട്രീയം തിരിച്ചറിയണമായിരുന്നു.

ഈ രാജാവ് ആദ്യം നിയമിച്ച വൈസ് ചാന്‍സലര്‍ ആരോഗ്യ സര്‍വകലാശാലയുടേതായിരുന്നു. വി.സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ കണ്ടത് മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പ്രവീണ്‍ലാല്‍ കുറ്റിച്ചിറയുടെ പേരായിരുന്നു. ഇതിന് പുറമെ ഡോ. വി. രാമന്‍കുട്ടിയുടെയും ഡോ. മോഹനന്‍ കുന്നുമ്മലിന്റെയും പേര് സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കി. പ്രവീണ്‍ലാലിനെ വി.സിയായി നിയമിക്കാനുള്ള സര്‍ക്കാര്‍ താല്‍പര്യം ആരോഗ്യ മന്ത്രിയായിരുന്നു കെ.കെ ശൈലജ ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. സെര്‍ച്ച് കമ്മിറ്റി നല്‍കിയ പട്ടികയിലെ മൂന്നാം പേരുകാരനായ ഡോ. മോഹന്‍ കുന്നുമ്മലിനെ വി.സിയായി നിയമിച്ചാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ബി.ജെ.പിയുടെ ഇഷ്ടതോഴനായ മോഹനന്‍ അങ്ങനെ സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരിയായി. എത്ര കൂളായാണ് സര്‍ക്കാര്‍ ആവശ്യത്തെ ചവറ്റുകൂനയില്‍ എറിഞ്ഞത്. ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാര്‍ അമ്പരന്നെങ്കിലും മന്ത്രിയുള്‍പ്പെടെയുള്ളവര്‍ പരസ്യപ്രതികരണം നടത്താതെ മൗനം പാലിച്ചു.

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഡോ. കെ.എം സീതിയെ ഒന്നാം പേരുകാരനായി പട്ടിക നല്‍കി. ഗവര്‍ണര്‍ വെട്ടി കുട്ടയിലെറിഞ്ഞു. പാനലില്‍ ഉള്‍പ്പെട്ടിരുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.എ ജയപ്രകാശിനെ കാലിക്കറ്റ് വി.സിയാക്കാന്‍ ബി.ജെ.പി ചരടുവലി നടത്തുകയും ചെയ്തിരുന്നു. ശക്തമായ സംഘ്പരിവാര്‍ വിരുദ്ധ നിലപാടുള്ള ഇടതുസഹയാത്രികന്‍ കൂടിയായ ഡോ. കെ.എം സീതിയെ വി.സിയാക്കുന്നതില്‍ ബി.ജെ.പി ഗവര്‍ണറെ എതിര്‍പ്പറിയിക്കുകയും ചെയ്തിരുന്നു. ഡോ. സീതിക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ നിയമനം ഗവര്‍ണര്‍ നീട്ടി. സീതിയെ അങ്ങനെ വെട്ടിയെറിഞ്ഞപ്പോള്‍ ബി.ജെ.പി കച്ചമുറുക്കി. ജയപ്രകാശ് വരുമെന്ന ഘട്ടമെത്തി. എന്നാല്‍, പട്ടികയിലെ രണ്ടാം പേരുകാരനായ ഡോ. എം.കെ ജയരാജിന് വേണ്ടി സര്‍ക്കാര്‍ ആവശ്യം ശക്തമാക്കി. ഒടുവില്‍ രാജ്ഭവന് വഴങ്ങേണ്ടി വന്നതാണ്. കാലിക്കറ്റ് വി.സി നിയമനത്തില്‍ ബി.ജെ.പി സംസ്ഥാന ഘടകം ഇടപെടാന്‍ ശ്രമിച്ചതും അക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതും പിന്നീട് ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ പരസ്യമായി പറഞ്ഞിരുന്നതാണ്.

സംസ്ഥാനത്തെ ഒന്‍പത് വിസിമാരെ രാജിവെപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ളയുടെ കാലാവധി തീരുന്ന ഒക്ടോബര്‍ 24 ന് തന്നെ സംഘ് താത്പര്യക്കാരനായ ആരോഗ്യ സര്‍വകലാശാല വിസി മോഹനന്‍ കുന്നുമ്മലിന് ചുമതല നല്‍കി. ഈ ബഹളത്തിനിടയില്‍ രണ്ട് സര്‍വകലാശാലകളുടെ തലപ്പത്ത് സംഘ് താല്‍പര്യത്തെ കയറ്റിയിരുത്തിയ രാജ്ഭവന്‍ രാഷട്രീയം അത്ര ശുഭകരമല്ല.

TAGS :