MediaOne Logo

എൻ.പി ചെക്കുട്ടി

Published: 8 July 2022 1:12 PM GMT

ഭരണഘടനയും കുന്തവും കുടച്ചക്രവും

കാലംമാറിയെന്നോ പാര്‍ട്ടി തന്നെ മാറിയെന്നോ പഴയ നയരേഖയും അതില്‍ ബൂര്‍ഷ്വാ ഭരണഘടനയെന്ന് ആരോപിച്ച് തോട്ടിലെറിയാന്‍ നിര്‍ദേശിച്ച സാധനം ഇപ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ബാക്കിനില്‍ക്കുന്ന ഒരേയൊരു കച്ചിത്തുരുമ്പാണെന്നുമുള്ള കാര്യമൊന്നും സജി ചെറിയാന്‍ ഓര്‍ത്തുകാണില്ല.

ഭരണഘടനയും കുന്തവും കുടച്ചക്രവും
X

എന്തുകൊണ്ടാണ് സജി ചെറിയാന്‍ ഇന്ത്യന്‍ ഭരണഘടന വെറും കുന്തവും കുടച്ചക്രവും മാത്രമായി അനുഭവപ്പെട്ടത്? അതിന് ഒരേയൊരു ഉത്തരം പണ്ട് ഫ്രഞ്ച് രാജാക്കന്മാരായിരുന്ന ബൂര്‍ബണ്‍ വംശത്തെപ്പറ്റി ചിന്തകനും രാഷ്ട്രീയ ദാര്‍ശനികനുമായിരുന്ന ടാലിറാന്‍ഡ് പറഞ്ഞതാണ്: ''അവര്‍ പഠിച്ചതൊന്നും...

എന്തുകൊണ്ടാണ് സജി ചെറിയാന്‍ ഇന്ത്യന്‍ ഭരണഘടന വെറും കുന്തവും കുടച്ചക്രവും മാത്രമായി അനുഭവപ്പെട്ടത്? അതിന് ഒരേയൊരു ഉത്തരം പണ്ട് ഫ്രഞ്ച് രാജാക്കന്മാരായിരുന്ന ബൂര്‍ബണ്‍ വംശത്തെപ്പറ്റി ചിന്തകനും രാഷ്ട്രീയ ദാര്‍ശനികനുമായിരുന്ന ടാലിറാന്‍ഡ് പറഞ്ഞതാണ്: ''അവര്‍ പഠിച്ചതൊന്നും മറന്നില്ല, പുതുതായൊന്നും പഠിക്കുകയും ചെയ്തില്ല''. ഫലം: ബൂര്‍ബണ്‍ രാജാവ് ലൂയി പതിനാറാമന് തല പോയി; നമ്മുടെ സജി ചെറിയാന് മന്ത്രിപ്പണിയും പോയിക്കിട്ടി.

സജി ചെറിയാനെ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതലേ അറിയാം. പിന്നീട് അദ്ദേഹം തെക്കന്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായി. എം.എ ബേബിയും തോമസ് ഐസക്കും അതിനുമുമ്പേ ക്രൈസ്തവ സമുദായത്തില്‍ നിന്ന് സി.പി.എം പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയവരാണ്. എന്നാല്‍, അവരൊക്കെ നിരവധി പതിറ്റാണ്ടുകള്‍ പഠനവും സമരവും നിരന്തരം നടത്തിയാണ് പ്രസ്ഥാനത്തില്‍ ഉയര്‍ന്നുവന്നത്. സജി ചെറിയാനെപ്പോലുള്ളവര്‍ പാരമ്പര്യമുള്ള ക്രൈസ്തവ സാമൂഹിക വിഭാഗങ്ങളില്‍ നിന്നാണ് വന്നത്. മാര്‍ക്‌സിസത്തേക്കാള്‍ അവര്‍ക്കു സമുദായ നേതൃത്വവുമായി അടുപ്പമുണ്ടായിരുന്നു. ഒരുപക്ഷേ, അതാവാം അദ്ദേഹം പുതിയ കാലത്തു പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കു വളരെ പെട്ടെന്ന് ഉയര്‍ന്നുവന്നത്. പൗരസമൂഹത്തിനു പകരം പൗരപ്രമുഖ സമൂഹസങ്കല്‍പം ഇന്ന് സി.പി.എം പാര്‍ട്ടി തന്നെ അംഗീകരിച്ച ഒന്നാണല്ലോ. അതിനാല്‍ പാരമ്പര്യവും സ്വാധീനവും ഉള്ളവര്‍ പടികള്‍ എളുപ്പത്തില്‍ ചാടിക്കയറുന്നതില്‍ അത്ഭുതമില്ല.


ഒരുപക്ഷേ, ഈ റോക്കറ്റ് വേഗത്തിലുള്ള സ്ഥാനലബ്ധിയും മന്ത്രിപദവിയും അതിനെ ചുറ്റിപ്പറ്റിയുള്ള തിരക്കുകളും സജി ചെറിയാനെ തന്റെ ചുറ്റുമുള്ള ലോകത്തും കാലത്തും സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച ഒരു ധാരണ രൂപപ്പെടുത്തി എടുക്കുന്നതില്‍ നിന്നും തടഞ്ഞിരിക്കാം. അല്ലെങ്കില്‍ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച വിപുലമായ ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്തു ഒരു പെണ്‍കുട്ടി കീഴ് ജാതിയിലെ ഒരാളെ പ്രേമിക്കുന്നതും അതില്‍ ഒരു കുട്ടിയുണ്ടാകുന്നതും പണ്ട് ആദാമും ഹവ്വയും ഒരു കനി തിന്ന കാലത്തു ഉണ്ടായ പുകില് പോലെ അദ്ദേഹം കാണേണ്ട വല്ല കാര്യവും ഉണ്ടായിരുന്നുവോ? ജന്മനാ മാര്‍ക്‌സിസ്റ്റ് ആണെന്നു അദ്ദേഹം ഭാവിക്കുമ്പോഴും അതിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന്, അതായതു മാറ്റമില്ലാത്ത ഒന്നുണ്ടെങ്കില്‍ അത് മാറ്റം എന്ന പ്രതിഭാസം മാത്രമാണ് എന്ന ആപ്തവാക്യം, അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അതിനാല്‍ പണ്ട് എസ്.എഫ്.ഐ പഠന ക്‌ളാസ്സുകളില്‍ കേട്ട രാഷ്ട്രീയപാഠങ്ങള്‍ ചിലത് അദ്ദേഹം മല്ലപ്പള്ളിയില്‍ വീണ്ടും വിളിച്ചുപറഞ്ഞു എന്നുമാത്രം.

എന്നാല്‍, പാര്‍ട്ടിയും കാലവും കഴിഞ്ഞ അരനൂറ്റാണ്ടില്‍ ഒരുപാടു മാറിയിരിക്കുന്നു എന്നതാണ് സത്യം. അതിലൊന്ന് ഇന്ത്യന്‍ ഭരണഘടനയെ സംബന്ധിച്ച് കഴിഞ്ഞ നൂറ്റാണ്ടിലെ നാല്‍പതുകളില്‍ രണദിവെയുടെ കാലത്തു പുലര്‍ത്തിവന്ന സങ്കല്‍പമല്ല ഇന്ന് കമ്മ്യൂണിസ്റ്റുകളുടേത് എന്നതാണ്. ഈ മാറ്റം പക്ഷേ പതുക്കെയാണ് വന്നത്; മാത്രമല്ല അത് തുറന്നതും സത്യസന്ധവുമായ ഒരു സ്വയംവിമര്‍ശനത്തിലൂടെയല്ല പാര്‍ട്ടി നടപ്പിലാക്കിയതും. അതിനാല്‍ സജി ചെറിയാന് എവിടെയാണ് പിഴച്ചത് എന്ന് വിശദീകരിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെടുകയാണ്. തങ്ങള്‍ പാര്‍ട്ടി ക്ലാസ്സുകളില്‍ നേരത്തെ കേട്ടത് മാത്രമല്ലേ സഖാവ് ചെറിയാന്‍ പറഞ്ഞുള്ളൂ, അതിനെന്തിനു അദ്ദേഹത്തെ ശിക്ഷിക്കണം എന്നാണ് അണികളില്‍ പലരും ഇപ്പോഴും ചോദിക്കുന്നത്. അവരുടെ ചോദ്യം ന്യായവുമാണ്. കോടതി സജി ചെറിയാനെ കശക്കി ഇറക്കിവിട്ടാല്‍ മനസ്സിലാക്കാം. കാരണം, കോടതി ബൂര്‍ഷ്വ കോടതിയാണ്. പക്ഷേ. ചെറിയാന്‍ അങ്ങനെയൊരു ബൂര്‍ഷ്വ അല്ലല്ലോ. പാര്‍ട്ടി എന്തിന് അദ്ദേഹത്തെ തള്ളിപ്പറയണം?

പ്രശ്‌നം ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ച് പാര്‍ട്ടിയില്‍ ദീര്‍ഘകാലം നിലനിന്ന ആശയക്കുഴപ്പങ്ങളിലാണ്. ഇത് സ്വാതന്ത്ര്യത്തിനു മുമ്പേ തുടങ്ങിയ കണ്‍ഫ്യൂഷനുകളില്‍ പ്രധാനമായ ഒരു പ്രശ്‌നവും ആയിരുന്നു. അതായത് ഭരണം ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യന്‍ നേതൃത്വത്തിലേക്ക് മാറിയപ്പോള്‍ ഭരണകൂട സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം വരികയുണ്ടായോ? മൗണ്ട് ബാറ്റണില്‍ നിന്ന് അധികാരം നെഹ്‌റുവിലേക്കു മാറിയപ്പോള്‍ അധികാരത്തിലിരിക്കുന്ന ആള്‍ മാറിയെന്നല്ലാതെ മറ്റൊന്നും മാറിയില്ല എന്നാണ് പാര്‍ട്ടി വിശദീകരിച്ചത്. അതിനാല്‍ സായുധസമരവുമായി മുന്നോട്ടു പോകാനാണ് കല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗം തീരുമാനിച്ചത്. ബി.ടി രണദിവെയായിരുന്നു ഈ സിദ്ധാന്തത്തിന്റെ വക്താവ്. അതിനാല്‍ കല്‍ക്കത്താ തിസീസിനെ രണദിവെ തീസിസ് എന്നും വിളിക്കാറുണ്ട്.


ഏതായാലും 1947 ആഗസ്റ്റില്‍ യൂണിയന്‍ ജാക്ക് ചെങ്കോട്ടയില്‍ നിന്നും ഇറക്കി ത്രിവര്‍ണ പതാക അവിടെ ഉയര്‍ത്തിയ നേരത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആന്ധ്രയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സായുധ കലാപവുമായി മുന്നോട്ടുപോയി. പക്ഷേ, വിഷയത്തില്‍ വമ്പിച്ച ആഭ്യന്തര സമരങ്ങള്‍ പാര്‍ട്ടിയില്‍ നടക്കുന്നുണ്ടായിരുന്നു. നേതാക്കള്‍ രണ്ടു വിഭാഗമായി തിരിഞ്ഞു പോരാടി. അങ്ങനെയാണ് വിഷയം സ്റ്റാലിന്റെ മുമ്പില്‍ അവതരിപ്പിച്ച് പരിഹാരം തേടാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. തുടര്‍ന്ന് നേതൃത്വത്തിലെ നാലുപേര്‍ കല്‍ക്കത്തയില്‍ നിന്ന് രഹസ്യമായി റഷ്യന്‍ മുങ്ങിക്കപ്പലില്‍ കയറി മോസ്‌കോയിലെത്തി. തീവ്രസമീപനക്കാരും തെലുങ്കാനാസമര നായകന്മാരുമായ എം ബസവപുന്നയ്യ, സി രാജേശ്വരറാവു, എതിര്‍നിലയില്‍ നിലകൊണ്ട എസ്.എ ഡാങ്കെ, അജോയ് ഘോഷ് എന്നിവരാണ് സ്റ്റാലിനുമായി സംവദിച്ചത്. 1951 ഫെബ്രുവരി ഒമ്പതിനാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് രേഖകള്‍ പറയുന്നു.


ഏതായാലും തെലുങ്കാനാസമരം പോലെയുള്ള സായുധസമരം അടിയന്തിരമായി അവസാനിപ്പിക്കാനും പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ പ്രവര്‍ത്തിക്കാനും അതേസമയം ജനകീയ ജനാധിപത്യ വിപ്ലവത്തിനായി ശക്തമായ ഒരു പാര്‍ട്ടി സംവിധാനം നിലനിര്‍ത്താനുമാണ് അവിടെ തീരുമാനിച്ചത്. തെലുങ്കാനയില്‍ ആയിരക്കണക്കിന് സഖാക്കള്‍ സായുധസമര രംഗത്തായിരുന്നു. അവരെ നേരിട്ടുകണ്ടു ആയുധം താഴെ വെക്കണമെന്ന് ഉപദേശിക്കാനും അത് നടപ്പില്‍ വരുത്താനും സമരനായകന്‍ രാജേശ്വരറാവുവിനെത്തന്നെയാണ് സ്റ്റാലിന്‍ ചുമതലപ്പെടുത്തിയത്.

തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ദൗത്യം എന്നാണ് രാജേശ്വര റാവു അതിനെക്കുറിച്ച് പിന്നീടു പറഞ്ഞത്. എന്നാല്‍, അദ്ദേഹം തെലുങ്കാനയില്‍ പോയി സമരം നിര്‍ത്തി; ആയുധങ്ങള്‍ അടിയറ വെച്ചു. സുന്ദരയ്യയ്ക്കു അപ്പോഴും അതത്ര ബോധ്യമായിരുന്നില്ല. അതിനാല്‍ അദ്ദേഹം പാര്‍ട്ടി തീരുമാനം നടപ്പാക്കുമ്പോഴും രഹസ്യമായി കുറെ ആയുധങ്ങള്‍ ഒളിപ്പിച്ചു വെച്ചു എന്നാണ് അക്കാലത്തെ മറ്റൊരു നേതാവ് മോഹിത് സെന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നത്.

ഏതായാലും 1951ല്‍ പാര്‍ട്ടിക്ക് ഒരു നയരേഖയുണ്ടായി. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് പിന്നാലെ വന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചത്. സഭയില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി എത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയായിരുന്നു. എ.കെ.ജി അന്ന് അതിന്റെ നേതാവായി പ്രവര്‍ത്തിച്ചു.

എന്നാല്‍, ഭരണകൂട സ്വഭാവത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ ഒരിക്കലും അവസാനിക്കുകയുണ്ടായില്ല. ഡാങ്കെയുടെയും അജോയ് ഘോഷിന്റെയും പി.സി ജോഷിയുടെയും നേതൃത്വത്തില്‍ ഒരു കൂട്ടര്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടണം എന്ന നിലപാടിലെത്തി. മറുഭാഗം സുന്ദരയ്യയും ബസവപുന്നയ്യയും രണദിവെയും ഒക്കെ ജനകീയ ജനാധിപത്യ സമരം തുടരണം എന്നും നിശ്ചയിച്ചു. അതായത് ഇ.എം.എസ് അറുപത്തേഴിലെ സപ്തകക്ഷി മുന്നണി മന്ത്രിസഭയുടെ കാലത്തു വിശദീകരിച്ച ഭരണവും സമരവും എന്ന നയം. ഭരണത്തിലേറാന്‍ ഭരണഘടനയുടെ കോണി ആവാം; ഏറിക്കഴിഞ്ഞാല്‍ അതിനെ അട്ടിമറിക്കാന്‍ സമരം വേറെയും നടത്താം. ഇതായിരുന്നു ജനകീയ ജനാധിപത്യ ലൈന്‍. അതിനാല്‍ ഇ.എം.എസ് കേരളത്തില്‍ സപ്തകക്ഷി മുന്നണി ഉണ്ടാക്കിയപ്പോള്‍ ലീഗടക്കമുള്ള ബൂര്‍ഷ്വ കക്ഷികള്‍ക്കു നല്‍കിയ ഉറപ്പൊന്നും പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സുന്ദരയ്യയായിരുന്നു അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി. അദ്ദേഹം അപ്പോഴും തെലുങ്കാനയില്‍ തോക്കുകള്‍ ഒളിപ്പിച്ചു വെച്ച് ബൂര്‍ഷ്വ ഭരണത്തെയും ടാറ്റാ-ബിര്‍ളാ ഭരണഘടനയെയും വലിച്ചു തോട്ടിലെറിയാന്‍ അവസരം പാത്തിരിക്കുന്ന കാലമാണ്. അതിനാല്‍ ബൂര്‍ഷ്വ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാതെ ഇ.എം.എസ് മന്ത്രിസഭ രണ്ടുകൊല്ലം കൊണ്ട് സമാധിയായി. പഴയ സഖാവും നിതാന്തശത്രുവുമായ ചേലാട്ട് അച്യുതമേനോന്‍ പുതിയൊരു ഭരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.


അതായത് അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും സി.പി.എം അധികാരത്തില്‍ ഇരിക്കുമ്പോഴും അധികാരഘടനയെ അട്ടിമറിക്കണം എന്ന സൈദ്ധാന്തിക നിലപാട് തന്നെയാണ് പുലര്‍ത്തിയത്. പക്ഷേ, ഭരണവും സമരവും എന്ന ഈ സിദ്ധാന്തം പാര്‍ട്ടിയുടെ ആഭ്യന്തര സംവിധാനത്തില്‍ വലിയ പരിക്കുകള്‍ ഏല്‍പിക്കുന്നുണ്ടായിരുന്നു. 1975ല്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ ഭിന്നതകള്‍ കടുത്തു. സുന്ദരയ്യ ഇനി വീണ്ടും ആയുധമെടുക്കാന്‍ സമയമായി എന്ന നിലപടെടുത്തു. ബസവപുന്നയ്യയും ഇ.എം.എസും അടക്കമുള്ളവര്‍ എതിര്‍ത്തു. തന്റെ ഭിന്നതകള്‍ ചൂണ്ടിക്കാട്ടി, അവസരവാദപരമായ നിലപാടുകളിലേക്കു പാര്‍ട്ടി പതിക്കുകയാണ് എന്നാരോപിച്ച് സുന്ദരയ്യ ജനറല്‍ സെക്രട്ടറി പദം 1975 ഒക്ടോബറില്‍ രാജിവെച്ചു. ജനറല്‍ സെക്രട്ടറിയായി ഇ.എം.എസ് ചുമതലയേറ്റു. എന്നാല്‍, തര്‍ക്കങ്ങളെപ്പറ്റി ആരും പരസ്യമായി ഒരക്ഷരം പറഞ്ഞില്ല. ഭിന്നതകള്‍ അവസാനിച്ചുമില്ല. അതാണ് പിന്നീട് സി.പി.എമ്മില്‍ നിന്ന് ഒരു വിഭാഗം നക്‌സലൈറ്റ് പ്രസ്ഥാനം രൂപീകരിച്ച് വീണ്ടും സായുധസമരത്തിലേക്ക് നീങ്ങാന്‍ കാരണമായത്.

1951ലെ നയരേഖയില്‍ നിന്ന് സി.പി.എം വ്യതിചലിക്കുന്നു എന്നായിരുന്നു സുന്ദരയ്യയുടെ മുഖ്യവിമര്‍ശനം. വിഷയം പാര്‍ട്ടി പോളിറ്റ് ബ്യുറോ ചര്‍ച്ച ചെയ്‌തെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ഒരിക്കലും പുറത്തു പറഞ്ഞില്ല. സ്റ്റാലിന്റെ സഹായത്തോടെ തയ്യാറാക്കിയ നയരേഖ തിരുത്താന്‍ സമയമായി എന്നുതന്നെയാണ് പാര്‍ട്ടി പി.ബിയിലെ ഭൂരിപക്ഷം എത്തിച്ചേര്‍ന്ന നിഗമനം. എന്നാല്‍, സുന്ദരയ്യയെ ഒറ്റയടിക്കു എഴുതിത്തള്ളാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ നയരേഖ സംബന്ധിച്ച പുതിയ നയം വിശദീകരിക്കാന്‍ ഏതാണ്ട് ഒരു പതിറ്റാണ്ടുകാലം സി.പി.എം വൈകിച്ചു. പിന്നീട് 1985 ജൂലൈ മാസത്തില്‍ സി.പി.എം സൈദ്ധാന്തിക പ്രസിദ്ധീകരണമായ മാര്‍ക്‌സിസ്റ്റിലാണ് ബസവപുന്നയ്യ എഴുതിയ വിശദമായ ഈ കുറിപ്പ് അച്ചടിച്ച് വന്നത്. നയരേഖയുടെ ഒരു വിമര്‍ശനം എന്ന പേരില്‍ ഇറങ്ങിയ ഈ ലേഖനം പത്തുവര്‍ഷം മുമ്പ് സുന്ദരയ്യയുടെ രാജിക്കത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കുള്ള പാര്‍ട്ടിനേതൃത്വത്തിന്റെ മറുപടി ആയിരുന്നു. എന്തുകൊണ്ട് അത് പ്രസിദ്ധീകരിക്കാന്‍ ഇത്രയും കാലം കാത്തിരുന്നു എന്നകാര്യം സി.പി.എം അന്നുമിന്നും വിശദീകരിച്ചിട്ടില്ല. കുറിപ്പ് അച്ചടിച്ച ത്രൈമാസികത്തില്‍ അതിന്റെ എഡിറ്റര്‍ ബി.ടി രണദിവെ നല്‍കിയ കുറിപ്പില്‍ ഒറ്റവാക്കില്‍ പറഞ്ഞത് അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന അവസരത്തില്‍ തയ്യാറാക്കിയ രേഖ അന്ന് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നുമാത്രമാണ്. പക്ഷേ, അടിയന്തിരാവസ്ഥ 1977ല്‍ തന്നെ അവസാനിച്ചതാണല്ലോ. അതിനാല്‍ ഈ നയമാറ്റം അണികളെ അറിയിക്കുന്നതില്‍ പാര്‍ട്ടിയുടെ ബോധപൂര്‍വമായ ഒരു ഒളിച്ചുകളി ഉണ്ടായിരുന്നു എന്നുറപ്പാണ്. പണ്ട് തങ്ങള്‍ വലതന്മാര്‍ എന്നും റിവിഷനിസ്റ്റുകള്‍ എന്നുമൊക്കെ വിളിച്ചു അപമാനിച്ച ഡാങ്കെ-ജോഷി സഖ്യത്തിന്റെ നിലപാടുകളിലേക്ക് തങ്ങളും കാലങ്ങളേറെ കഴിഞ്ഞു എത്തിച്ചേരുന്നു എന്ന കാര്യം തുറന്നുപറയാന്‍ ആര്‍ക്കും മടിയുണ്ടാകും. പക്ഷേ, അതാണ് സത്യം എന്ന് വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ആര്‍ക്കും വ്യക്തമാവുന്നതുമാണ്.

അങ്ങനെ 1985ലാണ് നയംമാറ്റത്തിന്റെ പൂച്ച പുറത്തുചാടിയത്. പക്ഷേ, അപ്പോഴേക്കും കാലം വല്ലാതെ മാറിപ്പോയിരുന്നു. അണികള്‍ 1951ലെ നയരേഖയും പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ കാലത്തെ സൈദ്ധാന്തികയുദ്ധങ്ങളും പിന്നീട് നക്‌സലൈറ്റുകള്‍ ഉയര്‍ത്തിയ ഭീഷണിയും ഒക്കെ മറന്നു കഴിഞ്ഞിരുന്നു. പാര്‍ട്ടിക്ക് അങ്ങനെയൊരു ഭൂതകാലം ഉണ്ടായിരുന്നു എന്ന കാര്യം പോലും അറിവില്ലാത്ത ഒരു തലമുറ അതിനിടയില്‍ നേതൃത്വത്തിലെത്തി. അവര്‍ അധികാരവും പദവിയും നേടി. മുന്‍കാല നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും വേട്ടയാടി പുറത്താക്കി. അതിനെല്ലാം കാരണഭൂതനായ വ്യക്തി വിമര്‍ശനങ്ങള്‍ക്ക് അതീതനും ക്യാപ്റ്റനുമായി വാഴ്ത്തപ്പെട്ടു.

അതിനിടയില്‍ സജി ചെറിയനെപ്പോലെ കുറേപ്പേര്‍ കാലത്തിനൊത്തു കോലം മാറുമ്പോഴും പണ്ട് പഠിച്ചത് ഇടയ്‌ക്കൊക്കെ അര്‍ധരാത്രിയില്‍ ഞെട്ടിയുണരും നേരത്തെന്ന മട്ടില്‍ ചിലതൊക്കെ അയവിറക്കി. കാലംമാറിയെന്നോ പാര്‍ട്ടി തന്നെ മാറിയെന്നോ പഴയ നയരേഖയും അതില്‍ ബൂര്‍ഷ്വാ ഭരണഘടനയെന്നു ആരോപിച്ചു തോട്ടിലെറിയാന്‍ നിര്‍ദേശിച്ച സാധനം ഇപ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ബാക്കിനില്‍ക്കുന്ന ഒരേയൊരു കച്ചിത്തുരുമ്പാണെന്നുമുള്ള കാര്യവുമൊന്നും അദ്ദേഹം ഓര്‍ത്തുകാണില്ല. ഭരണഘടനയോടും അതിന്റെ കരടു തയ്യാറാക്കിയ അംബേദ്കറോടും ഇപ്പോഴും പുച്ഛം നിലനിര്‍ത്തുന്ന ഒരേയൊരു കൂട്ടര്‍ തന്നെപ്പോലുള്ള ഏതാനും റിപ് വാന്‍ വിങ്കിള്‍ സഖാക്കളും ആര്‍.എസ്.എസിലെ ഗോള്‍വാള്‍ക്കര്‍ ശിഷ്യരും മാത്രമാണെന്നും അദ്ദേഹം ഓര്‍ത്തില്ല. അതാണ് നേരത്തേ പറഞ്ഞത്, ഒന്നുകില്‍ പാഠങ്ങള്‍ അതാതു സമയത്തു നേരാംവണ്ണം പഠിക്കുക; അല്ലെങ്കില്‍ ഒന്നും പഠിക്കാതെയിരുന്നു കയ്യില്‍ കിട്ടുന്നത് അമുക്കി ജീവിതം സാര്‍ഥകമാക്കുക. ഫ്രഞ്ച് ചരിത്രത്തില്‍ നിന്ന് അതൊന്നും പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനി നമുക്ക് സജിചെറിയാന്‍ ചരിത്രത്തില്‍ നിന്നെങ്കിലും ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നത് മാത്രമാണ് ഇപ്പോള്‍ ആശ്വാസം നല്‍കുന്ന കാര്യം.

TAGS :