Quantcast
MediaOne Logo

ഇന്റര്‍നെറ്റ് കൈവിലങ്ങും സോഷ്യല്‍മീഡിയയിലെ ഫലസ്തീനും

അറബ് ജനതയുടെ മൗലിക അവകാശങ്ങളുടെ പിടിച്ചുപറിക്കാരായ ഒരു അധിനിവേശ ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ ഇലക്ട്രോണിക് കൈവിലങ്ങുമായി സോഷ്യല്‍മീഡിയ പ്രതലത്തില്‍ റോന്ത് ചുറ്റുന്ന സ്ഥിതിവിശേഷത്തിന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റ് കൈവിലങ്ങും സോഷ്യല്‍മീഡിയയിലെ ഫലസ്തീനും
X

ഒരുകാലത്ത് കവണകളെയും കവിതകളെയും മറ്റു സര്‍ഗാത്മക പ്രതിരോധങ്ങളെയും ഭയപ്പെട്ടിരുന്ന ഇസ്രായേലീ അധിനിവേശപ്പട, ഇന്ന് സോഷ്യല്‍മീഡിയ പോസ്റ്റുകളെയും റീലുകളെയും പാട്ടുകളെയും വരകളെയും വെറുപ്പോടെയും ഭയത്തോടെയും വീക്ഷിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിന് ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്നു. അതിന്റെ അനുരണനമാണ്, ഫലസ്തീന്‍ അനുകൂല ഉള്ളടക്കമുള്ള പോസ്റ്റുകളുടെ വ്യാപനത്തിന് തടയിടാന്‍ ടെക് ഭീമന്മാര്‍ നിര്‍ബന്ധിതരായത്. ഫ്രീ ഫലസ്തീന്‍, ഐ സ്റ്റാന്‍ഡ് വിത്ത് ഫലസ്തീന്‍, സ്റ്റോപ് ജെനസൈഡ് തുടങ്ങിയ ഹാഷ്ടാഗുകളോടെ പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളും ചിത്രങ്ങളും വീഡിയോകളും വേണ്ടവിധം വായനക്കാരിലേക്കോ കാഴ്ചക്കാരിലേക്കോ എത്താത്തതിന്റെ കാരണത്തിനു പിന്നിലും സയണിസ്റ്റുകളുടെ സമ്മര്‍ദ്ദതന്ത്രങ്ങളാണ്.

ആക്ടിവിസ്റ്റുകള്‍, പൗരസമൂഹം, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, യുദ്ധഭൂമിയിലെ ഇരകള്‍, ജേര്‍ണലിസ്റ്റുകള്‍ തുടങ്ങിയ സമൂഹത്തിലെ വലിയ വിഭാഗത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മറച്ചുപിടിക്കുകയോ, ഉള്ളടക്കം നീക്കം ചെയ്യുകയോ, കമ്മ്യൂണിറ്റി ഇഷ്യൂസ് എന്ന മുദ്ര പതിപ്പിച്ച് അക്കൗണ്ട് മരവിപ്പിക്കുകയോ ചെയ്യുന്നു. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, എക്‌സ്, ടിക്ടോക്ക് തുടങ്ങി ടെക് ഭീമന്മാരെല്ലാം തന്നെ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ വേട്ടക്കാര്‍ക്കൊപ്പമാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഫലസ്തീന്‍പക്ഷ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് 'ടെററിസ്റ്റ്' എന്ന മുദ്ര പതിച്ചുകൊടുത്തതിന്റെ പേരില്‍ മെറ്റ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നെങ്കിലും, അത് യാദൃച്ഛികമായി സംഭവിച്ചതാണെന്ന അവരുടെ ഏറ്റുപറച്ചിലില്‍ കളങ്കമേറെയുണ്ടെന്ന് സമീപകാലത്തെ ഏകപക്ഷീയ സൈബര്‍ കൈകടത്തലുകള്‍ ബോധ്യപ്പെടുത്തുന്നു.

ഹമാസിന്റെ ഒക്ടോബര്‍ ഒമ്പതിലെ തൂഫാനുല്‍ അഖ്‌സക്ക് ശേഷം, സോഷ്യല്‍മീഡിയയിലൂടെ അക്രമത്തിനും ഇന്‍തിഫാദക്കും വേണ്ടി പ്രേരിപ്പിക്കുന്ന പോസ്റ്റുകളെന്ന കുറ്റംചാര്‍ത്തിക്കൊണ്ടുള്ള അറസ്റ്റുകളുടെയും പീഡനങ്ങളുടെയും എണ്ണം ഇസ്രായേലിലും അധിനിവിഷ്ട പ്രദേശങ്ങളിലും വര്‍ധിക്കുകയാണ്.

ഒക്ടോബര്‍ ഏഴിനുശേഷം, ഫലസ്തീന്‍-അറബ് പൊതുസമൂഹത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി വാദിക്കുന്ന അറബ് സെന്റര്‍ ഫോര്‍ സോഷ്യല്‍ മീഡിയ അഡ്വാന്‍സ്മെന്റ് ഉള്‍പ്പെടെ 48 ഓര്‍ഗനൈസേഷനുകള്‍ സംയുക്തമായി, ഇനിയും അറുതിയാകാത്ത ഈ യുദ്ധസമയത്ത് ഫലസ്തീനിയന്‍ ജനതയുടെ ഡിജിറ്റല്‍ അവകാശങ്ങളെ മാനിക്കണമെന്നും അടിച്ചമര്‍ത്തരുതെന്നും ടെക് കമ്പനികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രസ്താവനയിറക്കുകയുണ്ടായി.

നവംബര്‍ 14-ലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രായേലിന്റെ സൈബര്‍ യൂണിറ്റ്, മെറ്റക്കും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും 2023 ഒക്ടോബര്‍ ഏഴിനുശേഷം 9,500 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥനകള്‍ അയക്കുകയുണ്ടായി. ഇതില്‍ 94 ശതമാനവും മെറ്റ അനുകൂലമായി പ്രതികരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, വയലന്‍സുകളേറെയുള്ള രണ്ടുലക്ഷത്തിലധികം ഹീബ്രു ഭാഷയിലുള്ള പോസ്റ്റുകള്‍ നിര്‍ബാധം വിഹരിക്കുന്നതായി ഫലസ്തീന്‍ എന്‍.ജി.ഒകള്‍ ചൂണ്ടിക്കാട്ടുന്നു. ഹമാസിന്റെ ഒക്ടോബര്‍ ഒമ്പതിലെ തൂഫാനുല്‍ അഖ്‌സക്ക് ശേഷം, സോഷ്യല്‍മീഡിയയിലൂടെ അക്രമത്തിനും ഇന്‍തിഫാദക്കും വേണ്ടി പ്രേരിപ്പിക്കുന്ന പോസ്റ്റുകളെന്ന കുറ്റംചാര്‍ത്തിക്കൊണ്ടുള്ള അറസ്റ്റുകളുടെയും പീഡനങ്ങളുടെയും എണ്ണം ഇസ്രായേലിലും അധിനിവിഷ്ട പ്രദേശങ്ങളിലും വര്‍ധിക്കുകയാണ്.

ഇലക്ട്രോണിക് കൈവിലങ്ങുകള്‍

എട്ടുവര്‍ഷം മുമ്പാണ്, 2015ല്‍, പതിനഞ്ചുവയസ്സ് പ്രായമുള്ള തമാറ അബൂലബാന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. 'എന്നോടു ക്ഷമിക്കൂ' എന്നര്‍ഥം വരുന്ന രണ്ടുവരി അറബി പദങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തു എന്നതായിരുന്നു കുറ്റം! അതിന്റെ പേരില്‍ അഞ്ചുദിവസം വീട്ടുതടങ്കലിന് പുറമെ ആയിരത്തി അഞ്ഞൂറ് ശക്കല്‍ പിഴത്തുകയുമാണ് അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ കോടതി ആ കൗമാരക്കാരിക്കെതിരായി വിധിച്ചത്. അനിഷ്ടകരവും പ്രകോപനം സൃഷ്ടിക്കുന്നതുമായ കുറിപ്പുകളും സ്റ്റാറ്റസുകളും മാത്രമല്ല, തമാറയുടേത് പോലുള്ള സുവ്യക്തമല്ലാത്തതും ആംഗ്യപരവുമായ ഏതൊരു സോഷ്യല്‍മീഡിയ കുറിപ്പിനും ഒരു ഫലസ്തീനി പൗരന്‍ ഏതുനിമിഷവും മനുഷ്യാവകാശ ധ്വംസനത്തിന് ഇരയായേക്കാവുന്നതാണ് സാഹചര്യം. അറബ് ജനതയുടെ മൗലിക അവകാശങ്ങളുടെ പിടിച്ചുപറിക്കാരായ ഒരു അധിനിവേശ ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ ഇലക്ട്രോണിക് കൈവിലങ്ങുമായി സോഷ്യല്‍മീഡിയ പ്രതലത്തില്‍ റോന്ത് ചുറ്റുന്ന സ്ഥിതിവിശേഷത്തിന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.


തമാറ അബൂലബാന്‍ 2015ല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പത്രങ്ങളില്‍ വന്ന ഫോട്ടോ

ഇതില്‍ പ്രമാദമായതാണ് ഫലസ്തീനി കവിയത്രി ദരീന്‍ താത്തൂറിന്റെ (dareen Tatour) അറസ്റ്റ്. ഇസ്രായേല്‍ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ ചിത്രം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചുകൊണ്ട് അവരെ 'രക്തസാക്ഷികള്‍' എന്നു വിശേഷിപ്പിച്ചതായിരുന്നു അവര്‍ ചെയ്ത അപരാധം. ഫലസ്തീനുവേണ്ടി പ്രതിരോധിക്കുന്നവരുടെ വീഡിയോ യൂട്യൂബ് പ്രതലത്തില്‍ പങ്കുവെക്കുമ്പോള്‍, പശ്ചാത്തലത്തില്‍ ദരീന്‍ എഴുതിയ Resist, my people, resist them എന്നുതുടങ്ങുന്ന രാഷ്ട്രീയ, പ്രതിരോധ കവിത സ്വന്തം ശബ്ദത്തില്‍ ഉരുവിട്ടതാണ് അക്ഷന്തവ്യമായ മറ്റൊരു അപരാധം. സോഷ്യല്‍മീഡിയ വഴി 'അക്രമത്തിന് പ്രേരിപ്പിച്ചതിനും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചതിനും' ഇസ്രായേല്‍ പൗരത്വമുള്ള അറബ് വനിതയായ ശിരീന്‍ വര്‍ഷങ്ങളോളം വീട്ടുതടങ്കലില്‍ തളക്കപ്പെടുകയും ഇലക്ട്രോണിക് കൈവിലങ്ങെന്ന പോല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയുമുണ്ടായി.


ദരീന്‍ താത്തൂര്‍

പിന്നീട് വിചാരണക്ക് ശേഷം മൂന്നുവര്‍ഷം തടവിന് വിധിക്കപ്പെട്ടു. ശിക്ഷാവിധി കേട്ട് ശിരീന്‍ പ്രതികരിച്ചത്, മിഡിലീസ്റ്റിലെ ഏക ജനാധിപത്യരാഷ്ട്രമെന്ന ഇസ്രായേലിന്റെ പൊങ്ങച്ചത്തിനുമേല്‍ ആഞ്ഞുതറക്കുന്ന കാരമുള്ളുപോലെ മുനക്കൂര്‍പ്പുള്ള വാക്കുകളായിരുന്നു. 'ലോകം മുഴുവന്‍ എന്റെ കഥ കേള്‍ക്കും. ഇസ്രയേലിന്റെ ജനാധിപത്യം എന്താണെന്നും ലോകം മുഴുവന്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. യഹൂദര്‍ക്ക് മാത്രമുള്ള ജനാധിപത്യമാണിത്. അറബികള്‍ക്കുള്ളതോ ജയിലും. ഞാന്‍ തീവ്രവാദക്കേസില്‍ ശിക്ഷിക്കപ്പെട്ടവളാണെന്ന് കോടതി പറയുന്നു. അതാണ് എന്റെ ഭീകരതയെങ്കില്‍, ഞാന്‍ ലോകത്തിന് സ്‌നേഹത്തിന്റെ ഭീകരത സമ്മാനിക്കുന്നു'

ഒമ്പത് പുലിറ്റ്സര്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ, ലോകപ്രശസ്തരായ മുന്നൂറിലധികം എഴുത്തുകാരും സാഹിത്യപ്രതിഭകളും, നോം ചോംസ്‌കി അടക്കമുള്ള നിരവധി ആക്ടിവിസ്റ്റുകളും ദരീന്‍ താത്തൂറിനെ മോചിപ്പിക്കാന്‍ ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും, ഒരു കവിതയുടെ പേരില്‍ കോടതി തീര്‍പ്പുകല്‍പ്പിച്ചത് സമാനതകളില്ലാത്തതും നീതിരഹിതവുമായ വിധിയായിരുന്നു. Poetry is Not A Crime എന്ന മുദ്രാവാക്യം ആ വിധിക്ക് സമാന്തരമായി ഉയരുകയും വളരുകയും ചെയ്തു. വര്‍ണാഭമായ പോസ്റ്ററുകളാല്‍ തെരുവുകള്‍ അലങ്കരിക്കപ്പെട്ടു.

തടവുകാരുടെ വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ അദ്ദമീര്‍ പറയുന്നത് ഇസ്രായേലി അധികാരികളെ പ്രകോപിക്കുന്ന പോസ്റ്റുകള്‍ മാത്രമല്ല, ലൈക്കും ഷെയറും കമന്റും കൊണ്ട് അനുഭാവം പ്രകടിപ്പിക്കുന്നവരേയും വേട്ടയാടുന്നുണ്ട് എന്നാണ്. അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും നിശബ്ദരാക്കാനുമുള്ള ഉപായമാണ് ദിരീന്റെ അറസ്റ്റിന് പിന്നിലെന്നാണ് അഭിഭാഷകനായ ആബിദ് ഫഹൂം പറയുന്നത്.

കൃത്യമായി അതിരുകള്‍ നിര്‍ണയിക്കപ്പെടുന്ന ദ്വിരാഷ്ട്രമാണ് പരിഹാരമെന്നും അധിനിവേശവും വംശഹത്യയും അവസാനിപ്പിക്കണമെന്നും ഫലസ്തീനി ജനതക്കൊപ്പമാണ് ലോകജനതയെന്നുംസിപ്പി ഹൊട്ടോവെലി (Tzipi hotovely) ഗൂഗിള്‍, യൂട്യൂബ്

പ്രഖ്യാപിക്കുന്ന ഹാഷ്ടാഗുകളാല്‍ സോഷ്യല്‍മീഡിയ സജീവമാകുന്നത് അഭൂതപൂര്‍വ്വമായ കാഴ്ചയായി മാറിയിരിക്കുന്നു.

ദിരീന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ, സോഷ്യല്‍മീഡിയ തങ്ങള്‍ക്ക് വരുത്തിവെച്ച പരിക്കുകളുടെ ആഴം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, അന്നത്തെ ഇസ്രായേലി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയും നെസറ്റ് അംഗവുമായ സിപ്പി ഹൊട്ടോവെലി (Tzipi hotovely) ഗൂഗിള്‍, യൂട്യൂബ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഫലസ്തീനികള്‍ സൃഷ്ടിക്കുന്ന വീഡിയോകള്‍ സെന്‍സര്‍ ചെയ്യുന്നതിനും അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും ആ കൂടിക്കാഴ്ചയില്‍ ധാരണയായി. എന്നാല്‍, ഓണ്‍ലൈനില്‍ ഫലസ്തീനികളെ പ്രത്യേകം നിരീക്ഷണവിധേയമാക്കണമെന്ന ചര്‍ച്ചയില്‍ ഇസ്രായേലുമായി ധാരണയായി എന്ന വാദം പിന്നീട് ഗൂഗിള്‍ നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു. എന്നാല്‍, സോഷ്യല്‍ മീഡിയ രംഗത്ത് നിന്ന് ഫലസ്തീന്‍ ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായി, ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഹമാസിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തതിനെക്കുറിച്ച് മൗനം പാലിക്കുകയാണുണ്ടായത്.

വയലന്‍സില്‍ നിന്നും ഓണ്‍ലൈനുകളെ പരിരക്ഷിക്കുന്നതിന് നിലവിലെ കമ്യൂണിറ്റി മാര്‍ഗങ്ങള്‍ പര്യാപ്തമാണെന്നാണ് അന്ന് ഗൂഗിള്‍ വാചാലമായത്. പക്ഷെ, ആരുടെ പ്രവൃത്തികളിലാണ് വയലന്‍സുള്ളത്. ആരുടേതാണ് തീവ്രവാദപ്രവര്‍ത്തനം, ആരാണ് വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുന്നത് എന്നിത്യാദി ചോദ്യങ്ങളെ, ഗൂഗിളും യൂട്യൂബും, ഇസ്രായേല്‍-അമേരിക്കന്‍ പക്ഷത്ത് നിന്നുകൊണ്ടല്ലാതെ വിശകലനം ചെയ്യില്ല എന്നാണ് ഫലസ്തീന്‍ അനുകൂല അക്കൗണ്ടുകള്‍ക്കെതിരെയുള്ള നടപടികളില്‍ നിന്നും വ്യക്തമാകുന്നത്.

സാമൂഹ്യമാധ്യമങ്ങളിലെ ഫലസ്തീന്‍

ഒക്ടോബര്‍ ഒമ്പതിന് ശേഷമുള്ള ഫലസ്തീനികളുടെ സംഘര്‍ഷഭരിതമായ ദൈനംദിന ജീവിതത്തില്‍ സോഷ്യല്‍മീഡിയ ഉപയോഗവും അതിന്റെ പ്രാധാന്യവും ഗുണപരമായി വര്‍ത്തിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. ആരോഗ്യകരമായ സംവാദങ്ങളും, സത്യസന്ധമായ വാര്‍ത്തകളുടെ വിതരണവും, ഇസ്രായേലിന്റെ വസ്തുതാവിരുദ്ധ ആഖ്യാനങ്ങളെ പ്രഹരിക്കാനുമുള്ള ഉപകരണവുമായി അവര്‍ സോഷ്യല്‍മീഡിയയെ പരിവര്‍ത്തിപ്പിച്ചെടുത്തു എന്നത് വംശീയ ഉന്മൂലനശക്തികള്‍ക്ക് തെല്ലൊന്നുമല്ല അലോസരം സൃഷ്ടിച്ചിട്ടുള്ളത്. ഫലസ്തീനിലെ സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളും കവികളും അധ്യാപകരും ജേര്‍ണലിസ്റ്റുകളും മാത്രമല്ല, കൊച്ചുകുട്ടികള്‍ വരെ ഇസ്രായേലിന്റെ വംശീയഭ്രാന്തിനെ തുറന്നുകാണിക്കുന്നതിലും തങ്ങളുടെ ജന്മനാടിന് വേണ്ടിയുള്ള രക്തസാക്ഷിത്വത്തെ മഹത്വവത്കരിക്കുന്നതിലും വിജയിച്ചിരിക്കുന്നു. മനസ്സാക്ഷി കൈമോശം വന്നിട്ടില്ലാത്ത ലോകജനതക്കും ലോകരാഷ്ട്രങ്ങള്‍ക്കും അവരെ കണ്ടില്ലെന്ന് നടിക്കാനാകാത്ത അവസ്ഥ സംജാതമായിരിക്കുന്നു. കൃത്യമായി അതിരുകള്‍ നിര്‍ണയിക്കപ്പെടുന്ന ദ്വിരാഷ്ട്രമാണ് പരിഹാരമെന്നും അധിനിവേശവും വംശഹത്യയും അവസാനിപ്പിക്കണമെന്നും ഫലസ്തീനി ജനതക്കൊപ്പമാണ് ലോകജനതയെന്നും പ്രഖ്യാപിക്കുന്ന ഹാഷ്ടാഗുകളാല്‍ സോഷ്യല്‍മീഡിയ സജീവമാകുന്നത് അഭൂതപൂര്‍വ്വമായ കാഴ്ചയായി മാറിയിരിക്കുന്നു.

റീച്ച് കുറക്കല്‍, അക്കൗണ്ട് മരവിപ്പിക്കല്‍, സെന്‍സറിംങ് തുടങ്ങിയ ടെക് ഭീമന്മാരുടെ നീതിരഹിതവും ഏകപക്ഷീയവുമായ നയങ്ങള്‍ തുടരുമ്പോഴും സോഷ്യല്‍മീഡിയ അല്‍ഗൊരിതങ്ങളെ സമര്‍ഥമായി കബളിപ്പിച്ചും തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചും ഗസ്സയില്‍ നിന്നും നേരായ വാര്‍ത്തകളും ഇസ്രായേല്‍ നൃശംസതയുടെ ചിത്രങ്ങളും വിരല്‍തുമ്പ് വഴി പ്രവഹിക്കുകയാണ്. Hamas, Gaza, Genocide തുടങ്ങിയ വാക്കുകള്‍ നേര്‍ക്കുനേരെ എഴുതാതെ ചില അക്കങ്ങളോ കോമയോ തിരുകി രൂപമാറ്റം വരുത്തിയും, ചില ടെര്‍മിനോളജികള്‍ പരീക്ഷിച്ചും ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ സന്ദര്‍ഭോചിതമായി ആവിഷ്‌കരിക്കപ്പെടുന്നുണ്ട്.


ഖാന്‍ യൂനുസില്‍ വെച്ച് ഇസ്രായേലിന്റെ നിഷ്ഠൂരമായ ബോംബിങ്ങില്‍ ചോരവാര്‍ന്ന് മരിച്ച, എഴുത്തുകാരിയായ ഹിബ അബൂ നദയുടെ ഹൃദയസ്പൃക്കായ മരണക്കുറി ലോകത്തെയവള്‍ വായിച്ചുകേള്‍പ്പിച്ചത് സോഷ്യല്‍മീഡിയ വഴിയായിരുന്നു. തന്റെ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുമെല്ലാം ഉറ്റവര്‍ക്ക് കൈമാറണമെന്ന് സ്വന്തം കൈപ്പടയില്‍ കുനുകുനെ എഴുതിയ ഹയ എന്ന മാലാഖയുടെ ഒസ്യത്ത് സോഷ്യല്‍ മീഡിയയുടെ ചുമരുകളില്‍ ഇന്നും ചാരിവെച്ചിരിക്കുന്നു. അത് വായിച്ചും കേട്ടും കണ്ണീര്‍ പൊഴിക്കുന്നവരില്‍ മാനുഷികതയുടെ ഉറവ വറ്റാത്ത ലോകമൊന്നടങ്കമുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രക്തസാക്ഷിത്വം വരിച്ച പ്രഫ. രിഫ്അത്ത് അല്‍ അരീര്‍ അവസാനം കുറിച്ച കവിതാശകലം അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടിലിരുന്ന് ഇന്നും നമ്മോട് സംവദിക്കുന്നു. ഹമാസ് വിട്ടയക്കുമ്പോള്‍ ബന്ധികളുടെ സ്‌നേഹമസൃണമായ കൈവീശലും യാത്രപറച്ചിലും വംശീയവെറി ബാധിക്കാത്ത ഇസ്രായേലീ ജനതവരെ മനം കുളിര്‍ക്കെ കാണുന്നു. അബൂ ഉബൈദക്കും യഹിയ സിന്‍വാറിനും കിട്ടിയ ദൃശ്യതയും ഇസ്രായേലിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

ഫലസ്തീന്‍ ജനതയുടെ സോഷ്യല്‍മീഡിയ പങ്കാളിത്തം രാഷ്ട്രീയ തീമുകളാല്‍ സമ്പന്നമാണിന്ന്. അവരുടെ കവിതകള്‍ പോലെ, ഡോക്യു-സിനിമകള്‍ പോലെ, അവരുടെ പാട്ടുകള്‍ പോലെ, മറ്റു കലാസാഹിത്യ ഇടപെടലുകള്‍ പോലെ സംവേദനക്ഷമത ഒട്ടും കുറയാത്തവയാണവ. ഒരുപക്ഷെ, ഒരു ഒലീവ് മരം സോഷ്യല്‍മീഡിയ അക്കൗണ്ട് തുറന്നാല്‍ ആദ്യം വിറകൊള്ളുക സയണിസത്തിന്റെ അന്തപുരങ്ങളാകും! ഇലക്ട്രോണിക് കൈവിലങ്ങുമായി കിതച്ചെത്തുക അവരുടെ സൈബര്‍ലോകത്തെ കാലാള്‍പ്പടകളാകും.

ഫലസ്തീനില്‍ ഇസ്രയേലീ ഭരണകൂടം നടത്തുന്ന വംശീയ ഉന്മൂലനത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്ന പ്രചാരണങ്ങളെയും തെറ്റായ വിവരങ്ങളെയും മിഥ്യകളെയും പൊളിച്ചെഴുതാനുള്ള ടൂളുകളാണിന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്ന് ഫലസ്തീന്‍ ജനതക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. അവരുടെ വികാരങ്ങളും വിക്ഷോഭങ്ങളും ചെറുത്തുനില്‍പും, അഭിമാനത്തിനും ചരിത്രത്തിനുമേറ്റ മുറിവുകളും ചെറു ഡോക്യുമെന്ററികളായും ലഘുകുറിപ്പുകളായും യുദ്ധഭൂമിയിലെ തത്സമയ വിവരണങ്ങളായും ലോകത്തിനുമുന്നില്‍ തന്മയത്വത്തോടെ സംവദിക്കാന്‍ ഉപയോഗപ്പെടുത്തുന്നു. കവിതക്കുള്ള പ്രതിഫലമായി കിട്ടിയ ജയിലറയെ മഹ്മൂദ് ദര്‍വീശ് കവിത കൊണ്ടാണ് നിറച്ചത്. ഫലസ്തീന് വേണ്ടി കുറിച്ചതിനും വരച്ചതിനും, ശ്രവണമധുരമായി പാടിയതിനും, കഫിയ്യ ധരിച്ചതിനും കൊടി വീശിയതിനും ജയിലറയാണ് പ്രതിഫലമെങ്കില്‍, വെടിയുണ്ടയാണ് സമ്മാനമെങ്കില്‍ അത് കൈപ്പറ്റിക്കൊണ്ടവര്‍ ഉച്ചത്തിലുച്ചത്തില്‍ പാടും: അന ദമ്മി ഫലസ്തീനി! അന ദമ്മി ഫലസ്തീനി....!


TAGS :