Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 13 May 2023 2:41 PM GMT

കര്‍ണ്ണാടകയില്‍ തോറ്റത് മോദിയാണ്

വിശ്വഗുരു, ലോക നേതാവ് എന്നീ വിശേഷണങ്ങള്‍ നല്‍കി ഊതി വീര്‍പ്പിച്ച മോദി ബലൂണ്‍ പൊട്ടി എന്ന് തന്നെയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇതെല്ലാം കൊണ്ട് തന്നെ കര്‍ണ്ണാടക തെരഞ്ഞെടുപ്പിലെ തോല്‍വി ബി.ജെ.പിയുടെ തോല്‍വി എന്നതിനേക്കാള്‍, മോദിയുടെ തോല്‍വി തന്നെയാണ്.

കര്‍ണ്ണാടകയില്‍ തോറ്റത് മോദിയാണ്
X

കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിഞ്ഞു കഴിഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം, അവിഹിത മാര്‍ഗത്തിലൂടെ എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ചു ഭരണത്തില്‍ കയറിയ ബി.ജെ.പി, തോല്‍വി ഏറ്റ് വാങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് അടുത്ത സര്‍ക്കാര്‍ ഉണ്ടാക്കും എന്ന് ഉറപ്പായി.

ഇത്തരുണത്തില്‍ നമ്മള്‍ ഈ തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുമ്പോള്‍, അര്‍ഥശങ്കക്ക് ഇടയില്ലാതെ പറയാന്‍ കഴിയും, ഇത് മോദിയുടെ പരാജയമാണെന്ന്. പക്ഷെ, നമ്മുടെ പത്രക്കാരില്‍ എത്ര പേര്‍ ഇത് തുറന്നെഴുതും എന്ന കാര്യത്തില്‍ സംശയമുണ്ട്. പ്രചാരണം അവസാനിച്ച ദിവസത്തെ എക്‌സിറ്റ് പോളുകളില്‍ ബി.ജെ.പി പിന്നിലാകുമെന്ന കണക്കുകള്‍ വന്ന് തുടങ്ങിയപ്പോള്‍, ചാനലുകള്‍ മോദിക്ക് പകരം നദ്ദയുടെ പടം കാണിച്ചു തുടങ്ങിയത് നാം കണ്ടതാണ്.


കുറെ നാളുകള്‍ക്ക് ശേഷമാണു ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് ഒറ്റക്ക് വന്നത്, അതും ദക്ഷിണേന്ത്യയില്‍ നിന്ന്. അതുകൊണ്ട് തന്നെ പശു ബെല്‍റ്റില്‍ സാധാരണയായി ഉയര്‍ത്താറുള്ള വര്‍ഗീയ സംവാദങ്ങള്‍ക്ക് ഒരു പരിധി വരെ തടസ്സമുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടു തന്നെയാണ് മാസങ്ങള്‍ക്കു മുന്നേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഹിജാബ് ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടു വന്നത്. അതിനു ചുക്കാന്‍ പിടിച്ചവര്‍ക്കു സ്ഥാനാര്‍ഥിത്വം നല്‍കുക വഴി ബി.ജെ.പി കേന്ദ്രനേതൃത്വം ഇലക്ഷന്‍ പ്രചാരണത്തിന് മുന്നേ തന്നെ തങ്ങളുടെ അജണ്ട വ്യക്തമാക്കുകയും ചെയ്തു.

തങ്ങളുടെ സര്‍ക്കാരിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്നില്‍ വെച്ചുകൊണ്ട് പ്രചാരണത്തിന് പാര്‍ട്ടി ഇറങ്ങില്ല എന്ന മറ്റൊരു സൂചന ബി.ജെ.പി നല്‍കിയത് അമിത് ഷായുടെ ഒരു പ്രസ്താവനയിലൂടെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പായിട്ട് കേരളത്തെ സൂചിപ്പിച്ചു കൊണ്ട് ഷാ പറഞ്ഞത്, നിങ്ങള്‍ നിങ്ങളുടെ അയല്‍പക്കത്തെ സംസ്ഥാനത്തേക്കു നോക്കൂ, അവിടത്തെ കാര്യം എത്ര കഷ്ടമാണ് എന്നാണ്. ഷാ ഇത് പറഞ്ഞത് വര്‍ഗീയ കാര്‍ഡ് കഴിഞ്ഞാല്‍ പിന്നെ അവരുടെ ലിസ്റ്റിലുള്ള ദേശവിരുദ്ധ കാര്‍ഡ് ഇറക്കിക്കൊണ്ടാണ്.


കഴിഞ്ഞ തവണ, പാര്‍ട്ടിയുടെ പരമ്പരാഗത നേതൃത്വത്തെ മാറ്റി നിര്‍ത്തി, ബൊമ്മൈയെ മുഖ്യമന്ത്രിയാക്കി, കര്‍ണ്ണാടക പാര്‍ട്ടി സംവിധാനത്തെ ഉത്തരേന്ത്യന്‍ സംഘ്പരിവാര്‍ വ്യവസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ തകര്‍ന്നടിഞ്ഞത്. ദക്ഷിണേന്ത്യയിലേക്ക് പാര്‍ട്ടിക്ക് കടന്നു കയറാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണങ്ങളായ ഭാഷാ, സംസ്‌കാര, സാമൂഹിക മതിലുകളെ തകര്‍ക്കണമെങ്കില്‍ ഇവിടത്തെ ജനങ്ങളെ ഉത്തരേന്ത്യന്‍ മോഡലിലേക്ക് പരുവപ്പെടുത്തിയെടുക്കേണ്ടത് അത്യാവശ്യമാണ് എന്ന കണ്ടത്തെലില്‍ നിന്നാണ് ബി.എല്‍ സന്തോഷ്, സി.ടി രവി, കട്ടീല്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന ബി.ജെ.പിയെ മോദിയും കൂട്ടരും തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയത്. പക്ഷെ, വലിയ രീതിയിലുള്ള ഭരണ പിഴവുകളും, കര്‍ണ്ണാടക ഇത് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അഴിമതികളും, ജനങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അധികമായ ജീവിത ചിലവുകളും അവരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു. മോദി തന്നെ നേരിട്ട് ഒരു മറയുമില്ലാതെ വര്‍ഗ്ഗീയത പറഞ്ഞിട്ടും കര്‍ണ്ണാടകയിലെ ജനങ്ങള്‍ അതിന് പിറകിലെ ഉദ്ദേശശുദ്ധിയെ തിരിച്ചറിഞ്ഞു എന്നതാണ് സത്യം.

കേരള സ്റ്റോറി സിനിമ, ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത് എന്ന് നിയമമുള്ളപ്പോള്‍ തന്നെ ബജ്രംഗ് ബലിയുടെ പേരിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം, തന്നെ പള്ള് പറഞ്ഞു എന്ന് പറഞ്ഞു തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഒരു വ്യക്തിഗത കോണിലേക്കു ഒതുക്കാനുള്ള ശ്രമം തുടങ്ങി ഫേക് ന്യൂസിന്റെ ബലത്തില്‍ ഉത്തരേന്ത്യയില്‍ ആളുകളെ കൈയിലെടുക്കുന്ന ലൊട്ട് ലൊടുക്ക് വിദ്യകളുമായാണ് മോദി ഇത്തവണയും വന്നത്. ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ സംസ്ഥാനവും രാജ്യവും നേരിടുന്ന തകര്‍ച്ചയെ തിരിച്ചറിഞ്ഞു കര്‍ണ്ണാടകയിലെ ജനങ്ങള്‍ മുഖമടച്ച മറുപടിയാണ് നല്‍കിയിരിക്കുന്നത്. അന്‍പതിലേറെ റാലികളും, സമ്മേളനങ്ങളും വിവിധ നിയോജകമണ്ഡലങ്ങളിലായി മോദി നേരിട്ട് നടത്തുകയുണ്ടായി. കണക്കുകള്‍ നോക്കുമ്പോള്‍ അവയില്‍ 55% സ്ഥലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ തോറ്റതായിട്ടാണ് കാണുന്നത്. മോദിയുടെ പടം വെച്ച് സംസ്ഥാന തിരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോള്‍ ഇങ്ങനെ ഒരു തോല്‍വി അവര്‍ പ്രതീക്ഷിച്ചില്ല. വിശ്വഗുരു, ലോക നേതാവ് എന്നീ വിശേഷണങ്ങള്‍ നല്‍കി ഊതി വീര്‍പ്പിച്ച മോദി ബലൂണ്‍ പൊട്ടി എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഇതെല്ലാം കൊണ്ട് തന്നെ കര്‍ണ്ണാടക തിരഞ്ഞെടുപ്പിലെ തോല്‍വി ബി.ജെ.പിയുടെ തോല്‍വി എന്നതിനേക്കാള്‍, മോദിയുടെ തോല്‍വി തന്നെയാണ്.


ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ട ചില അടയാളങ്ങള്‍ കൂടിയുണ്ട്. ശതമാന കണക്കുകള്‍ സൂചിപ്പിക്കുന്നത് ബി.ജെ.പിയുടെ വോട്ടില്‍ കാര്യമായ കുറവ് വന്നിട്ടില്ല എന്നാണ്. എന്നാല്‍, കോണ്‍ഗ്രസിന് വോട്ട് കൂടുതല്‍ കിട്ടുകയും, ജെഡിഎസ്സിനു വോട്ടുകള്‍ കുറയുകയും ചെയ്തു. ഇത് പരിശോധിക്കുമ്പോള്‍ ദേശീയ തലത്തില്‍ സന്തോഷിക്കാനും സങ്കടപ്പെടാനും ഉള്ള കാര്യങ്ങള്‍ ഉണ്ട്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ബി.ജെ.പി ഉണ്ടാക്കിയെടുത്ത വോട്ട് ബാങ്ക് തകര്‍ക്കപ്പെടാന്‍ കഴിയാതെ നിലനില്‍ക്കുന്നു എന്ന സത്യം ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണം. അതുപോലെ, വോട്ടുകള്‍ വിഭജിക്കപ്പെടാതെയിരുന്നാല്‍ തങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ സാധ്യത കൂടുന്നു എന്ന സത്യമാണ് കോണ്‍ഗ്രസ് വീണ്ടും ഊട്ടിയുറപ്പിക്കുന്നത്. പക്ഷെ, അങ്ങനെ കോണ്‍ഗ്രസ് വളരണമെങ്കില്‍ മറ്റ് പ്രതിപക്ഷ കക്ഷികളുടെ ചിലവിലാകും എന്നത് ആ പാര്‍ട്ടികളെ ആകുലരാക്കുകയും, അത് മൂലം പ്രതിപക്ഷ ഐക്യം ഒരു മരീചികയായി മാറും എന്നതാണ് വാസ്തവം.

മോദിയുടെ സ്വഭാവവിശേഷണങ്ങള്‍ അറിയാവുന്ന രാഷ്ട്രീയ നിരീക്ഷകര്‍ മുന്നില്‍ കാണുന്ന ഒരു സാധ്യത രസകരമാണ്. ഇനി വരുന്ന രാജസ്ഥാന്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ കൂടി ബി.ജെ.പിക്ക് തിരിച്ചടി കിട്ടിയാല്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നേ മോദി സ്വയം കളം ഒഴിയും. നുണകള്‍ കൊണ്ടും, സമൂഹങ്ങളെ തമ്മിലടിപ്പിച്ചും താന്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകരുന്നത് കാണാന്‍ കാത്തിരിക്കാതെ അഹംബുദ്ധിപരിതനായ ഈ പ്രധാനമന്ത്രി സന്യാസജീവിതത്തിലേക്ക് തിരിയാനാണ് സാധ്യത എന്നാണ് അവര്‍ പറയുന്നത്.

TAGS :