Quantcast
MediaOne Logo

യാസീന്‍ അശ്‌റഫ്

Published: 9 May 2026 9:49 PM IST

രഘുറായി, അമാൽഖലീൽ: ഫോട്ടോ ജേണലിസത്തിന് ജീവൻ നൽകിയവർ

രണ്ട് ഫോട്ടോ ജേണലിസ്റ്റുകൾ. കഴിഞ്ഞയാഴ്ച, മൂന്നു ദിവസത്തെ ഇടവേളയിൽ വിടപറഞ്ഞവർ. ഒന്ന് അമാൽ ഖലീൽ, മറ്റേത് രഘു റായ്. രഘു റായ് അന്തരിച്ചത് ഏപ്രിൽ 26ന്; ലെബനാനിൽ അമാൽ ഖലീലിനെ ഇസ്രായേലി സേന വധിച്ചത് മൂന്നു ദിവസം മുമ്പ്, ഏപ്രിൽ 22ന്. ജേണലിസ്റ്റുകളെ കൊന്നുകളയുന്ന ഇസ്രായേലി നയത്തിന്‍റെ മറ്റൊരു ഇര

രഘുറായി, അമാൽഖലീൽ: ഫോട്ടോ ജേണലിസത്തിന് ജീവൻ നൽകിയവർ
X

രഘുറായി, അമാൽഖലീൽ: ഫോട്ടോ ജേണലിസത്തിന് ജീവൻ നൽകിയവർ

രണ്ട് ഫോട്ടോ ജേണലിസ്റ്റുകൾ. കഴിഞ്ഞയാഴ്ച, മൂന്നു ദിവസത്തെ ഇടവേളയിൽ വിടപറഞ്ഞവർ. ഒന്ന് അമാൽ ഖലീൽ, മറ്റേത് രഘു റായ്. രഘു റായ് അന്തരിച്ചത് ഏപ്രിൽ 26ന്; ലെബനാനിൽ അമാൽ ഖലീലിനെ ഇസ്രായേലി സേന വധിച്ചത് മൂന്നു ദിവസം മുമ്പ്, ഏപ്രിൽ 22ന്. ജേണലിസ്റ്റുകളെ കൊന്നുകളയുന്ന ഇസ്രായേലി നയത്തിന്‍റെ മറ്റൊരു ഇര.

അമാലിന്‍റെ ഫോണിലേക്ക് ഇസ്രായേലി സേന ഭീഷണി സന്ദേശം അയക്കാറുണ്ടായിരുന്നു. തമാശയല്ല എന്നറിഞ്ഞിട്ടും അവർ പതറിയില്ല. ഒടുവിൽ മൊസാദിന്‍റെ മുന്നറിയിപ്പ് വന്നു: അടങ്ങി ഇരുന്നോളണം ഇല്ലെങ്കിൽ കഴുത്തിൽ തല കാണില്ല. അവർ അടങ്ങിയില്ല. അൽ അഖ്ബാർ എന്ന അറബി മാധ്യമത്തിൽ അവരുടെ ഗ്രൗണ്ട് റിപ്പോർട്ടുകളും വീഡിയോ പരിപാടിയും മുടങ്ങാതെ വന്നു കൊണ്ടിരുന്നു.

വെടിനിർത്തൽ നിരന്തരം ലംഘിക്കുന്ന ഇസ്രായേലിന്‍റെ യുദ്ധക്കുറ്റങ്ങൾ ലോകത്തെ അറിയിച്ചു കൊണ്ടിരുന്ന അമാൽ, ഏപ്രിൽ 22ന്, സഹപ്രവർത്തകയായ സൈനബ് ഫറാജുമൊത്ത് തെക്കൻ ലബനാനിലെ അൽത്തീരി ഗ്രാമത്തിലെ ബോംബാക്രമണത്തെപ്പറ്റി കേട്ട് അങ്ങോട്ട് പോകവേ, മുമ്പിലുണ്ടായിരുന്ന വാഹനം ആക്രമിക്കപ്പെട്ടു. പരിക്കേറ്റ അമാലും സൈനബും കാറിൽ നിന്നിറങ്ങി, അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് ഇഴഞ്ഞ് കയറി. അമാൽ ചോര വാർന്ന് അവശയായിരുന്നു. അവർ കെട്ടിടത്തിലെ കുളിമുറിയിൽ ഒരു വിധം എത്തി. പുറത്ത് മിസൈലുകൾ കാത്തിരിക്കുന്നു.ഇസ്രായേൽ തങ്ങളെ ലക്ഷ്യമിടുന്നു എന്നു മനസ്സിലാക്കി രണ്ടുപേരും ഒന്നുരണ്ട് മണിക്കൂർ അവിടെ ഇരുന്നു.

അവരെ രക്ഷിക്കാൻ ശ്രമിച്ച റെഡ്ക്രോസ് പ്രവർത്തകരെ ഇസ്രായേൽ സേന തടഞ്ഞു. വെടിവെച്ച് ഭീഷണിപ്പെടുത്തി. ഒടുവിൽ ഏറെ ശ്രമങ്ങൾക്ക് ശേഷം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. പുറത്തേക്ക് തെറിച്ചു വീണിരുന്ന സൈനബിനെ രക്ഷപ്പെടുത്തി. അമാലിനെ തിരയുമ്പോഴേക്കും ഇസ്രായേൽ സേന വീണ്ടും വെടിവെപ്പ് തുടർന്നു. മണിക്കൂറുകൾ കഴിഞ്ഞ് രക്ഷാപ്രവർത്തകർ കെട്ടിടാവശിഷ്ടങ്ങൾ നീക്കി നീക്കി ഒടുവിൽ അമലിനെ കണ്ടെടുത്തു. അവർ മരിച്ചിരുന്നു.

ഇതിനു മുമ്പും ഇസ്രായേൽ അവരെ കൊല്ലാൻ ശ്രമിച്ചിരുന്നു. അമാൽ പിന്മാറിയില്ല. 2024ൽ അവരെ ഉന്നമിട്ട് ഒരു മിസൈൽ എത്തി. തനിക്ക് നേരെ വന്ന ഡ്രോൺ മിസൈലിൽ നിന്ന് രക്ഷപ്പെട്ടോടുമ്പോൾ ആ ഓട്ടത്തിനിടയിലും അവർ ചെയ്തത്, ഫോണിലൂടെ വിളിച്ച് അൽ അഖ്ബാറിൽ ബ്രേക്കിംഗ് ന്യൂസ് ആക്കുകയാണ്! അവർ ഇസ്രായേലിനെയല്ല, ഇസ്രായേൽ അവരെയാണ് പേടിച്ചത്. ഇസ്രായേൽ ഭയക്കുന്നു—വാർത്തകളെ, ദൃശ്യങ്ങളെ, ഫോട്ടോ ജേണലിസ്റ്റുകളെ, സത്യത്തെ.

ഫോട്ടോജേണലിസ്റ്റെന്ന നിലയിൽ അപാരമായ സമർപ്പണവും ആഴത്തിലുള്ള മനുഷ്യസ്നേഹവും പ്രകടിപ്പിച്ചയാളായിരുന്നു ഇന്ത്യയുടെ അഭിമാനമായ രഘു റായ്. വിവിധ ഇന്ത്യൻ, അന്താരാഷ്ട്ര മാധ്യമങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. ലോകപ്രശസ്ത ഫൊട്ടോഗ്രഫി കൂട്ടായ്മയായ ‘മാഗ്നം ഫോട്ടോസി’ന്‍റെ ഭാഗമായി. യാതന അനുഭവിക്കുന്നവരോടുള്ള അനുതാപം രഘുറായിയുടെ ചിത്രങ്ങളിൽ പ്രകടമാണ്. ബംഗ്ലാദേശ് വിമോചനം അദ്ദേഹം നേരിട്ട് ചെന്ന് റിപ്പോർട്ട് ചെയ്തു.

അന്ന് താനനുഭവിച്ച മഹാദുഃഖം ഒരഭിമുഖത്തിൽ അദ്ദേഹം വിവരിച്ചു. ലക്ഷങ്ങളുടെ വേദന കണ്ണുകളിൽ ആവാഹിച്ച ഒരു മുത്തശ്ശിയെ കാമറയിൽ പകർത്തി. ദീനമായ ആ കണ്ണുകളിൽ സങ്കടമത്രയും നിറച്ച് അവർ ഇരിക്കുന്നു. രഘുറായ് ഒന്നും പറയാനാകാതെ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. ഒരുഘട്ടത്തിൽ ആ വൃദ്ധ തലയൊന്നുയർത്തി; മഹാ ദുരിതത്തിന്‍റെ ശിൽപം പോലെ—രഘുറായ് പിന്നീട് അനുസ്മരിച്ചു.

ഈ ചിത്രങ്ങളൊന്നും വെറുതെയാകില്ല—രഘുറായ് പറയുന്നു. വരുന്ന തലമുറ നമ്മുടെ അതിക്രമങ്ങളെ ചോദ്യം ചെയ്യും. “അന്ന് ഞാനെടുത്ത ആ ചിത്രത്തിലെ കണ്ണീർ നിറച്ച കുട്ടിയെ ചൂണ്ടി എന്‍റെ മകൻ പിന്നീടൊരിക്കൽ എന്നോട് ചോദിച്ചു: പപ്പാ ഇവൻ എന്തിനാണ് കരയുന്നത്?” അതെ, ചിത്രങ്ങൾ തലമുറകളോട് സംസാരിക്കുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി.

ബംഗ്ലാദേശ് വിമോചനത്തിന് സാക്ഷിയായ രഘുറായ് അവിടെനിന്നു പലായനം ചെയ്തവരുടെ കഷ്ടപ്പാടും ഒപ്പിയെടുത്തു. ആ മനുഷ്യർ നടക്കുക തന്നെയായിരുന്നു അറ്റമില്ലാത്ത വരി. അറ്റം കാണാത്ത വഴി. മഴയത്ത്, വൃദ്ധരും കുട്ടികളും രോഗികളും. അവരുടെ വേദന മനസ്സാ അനുഭവിച്ചു കൊണ്ടാണ് രഘുറായ് കാമറ തുറന്നത്.

ഭോപ്പാലിൽ (1984) അനേകം മനുഷ്യരെ കൊല്ലുകയും പതിനായിരങ്ങൾക്ക് വർഷങ്ങളോളം ദുസ്സഹമായ കഷ്ടനഷ്ടങ്ങൾ വരുത്തുകയും ചെയ്ത "വ്യവസായ ദുരന്ത"ത്തിന്‍റെ മാനുഷിക വശങ്ങൾ പകർത്തിയ രഘുറായ് ആ ഇരകൾക്കു വേണ്ടി കാമറ കൊണ്ടും അല്ലാതെയും പൊരുതുകയും ചെയ്തു. യൂനിയൻ കാർബൈഡ് കമ്പനി ഉത്തരവാദിത്തമൊഴിഞ്ഞ മട്ടിൽ നിന്നു. അധികൃതരും മാധ്യമങ്ങളും ഏറെക്കുറെ വിഷയം മറന്നു തുടങ്ങി. ഇരകൾ ദുരിതത്തിന് ശമനമില്ലാതെ നരകിച്ചു. പക്ഷേ രഘുറായ് 2002ൽ ഭോപാലിൽ തിരിച്ചു ചെന്ന് ഇരകളുടെ ദുരവസ്ഥ പകർത്തി വാർത്തയാക്കി. ആ ചിത്രങ്ങൾ പുസ്തകമാക്കി.

ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവുകൾ രഘുറായ് യിലെ ആക്ടിവിസ്റ്റിനെ രോഷം കൊള്ളിച്ചു. “ലിഞ്ചിങി”നെതിരെ അദ്ദേഹം രംഗത്തിറങ്ങി. 2017ൽ ജുനൈദ് ഖാൻ എന്ന യുവാവിനെ ഗോരക്ഷാ ഗുണ്ടകൾ ട്രെയിനിൽ കുത്തിക്കൊന്നു. രഘുറായ് ആ കുടുംബത്തെ സന്ദർശിച്ചു. ഡൽഹിയിൽ പ്രതിഷേധം നടന്നപ്പോൾ അദ്ദേഹം പങ്കെടുത്തു. “Not In My Name”—എന്‍റെ പേരിൽ ഇത്തരം പാതകം വേണ്ട—എന്ന തലക്കെട്ടിലായിരുന്നു സമരം. രഘുറായിയോട് ന്യൂസ് ലോൺഡ്രി പ്രതിനിധി ചോദിച്ചു: താങ്കൾ പങ്കെടുക്കാൻ കാരണം? മറുപടി: “എന്‍റെ പേരിൽ ഇത് വേണ്ട എന്ന് തന്നെ.”

രഘുറായ്, അമാൽ ഖലീൽ: രണ്ട് ഫോട്ടോ ജേണലിസ്റ്റുകൾ, രണ്ടുദേശങ്ങൾ. പത്രപ്രവർത്തനം അവർക്ക് ജീവിതം തന്നെയായിരുന്നു.

ദൃശ്യഭാഷ: ഡ്രോൺ ചിത്രങ്ങൾ മുതൽ അജ്ഞാത കലാകാരൻ വരെ

കാമറയുടെ ശക്തി നാം കാണുന്നു. വാക്കുകളെപ്പോലെ ദൃശ്യങ്ങളും ദൃശ്യങ്ങളും ശക്തമായി ആശയങ്ങൾ പ്രകാശിപ്പിക്കും. നിശ്ചലദൃശ്യങ്ങളെപ്പോലെ ചലിക്കുന്ന ദൃശ്യങ്ങളും നല്ല മാധ്യമങ്ങളാണ്. പൂഴിച്ചിത്രം കൊണ്ട് കഥ പറയുന്ന സാൻഡ്ആർട്ട് പ്രസിദ്ധമാണല്ലോ. ടെക്നോളജി പുരോഗമിച്ചതോടെ ആശയ വിനിമയത്തിനുള്ള ദൃശ്യ കലാരൂപങ്ങൾക്ക് പകിട്ടുകൂടി. ചൈനയിൽ ഈയിടെ നടന്ന വിസ്മയകരമായ ഡ്രോൺ ഷോയിൽ 65,000 ഡ്രോണുകളാണ് ഉപയോഗിച്ചത്—ഒരു ലോക റെക്കോഡ്.

ശരീരമെന്ന മാധ്യമം ഉപയോഗിച്ച് ആശയം പ്രകടിപ്പിക്കുന്ന ദൃശ്യ കലയാണ് നൃത്തം. ഏപ്രിൽ 29ന് അന്താരാഷ്ട്ര നൃത്ത ദിനത്തിന് സ്വീഡിഷ്-ഫ്രഞ്ച് കലാകാരന്മാർ സംയുക്തമായി അവതരിപ്പിച്ച പരിപാടിയും ശ്രദ്ധിക്കപ്പെട്ടു. അർഥം തേടുന്ന മനസ്സും തിരസ്കരിക്കപ്പെടുന്നവരുടെ രോഷവും പ്രതിഫലിപ്പിച്ചു അത്. നിശ്ചലദൃശ്യങ്ങൾ കൊണ്ട് ആശയം പകരുന്നു ബ്രിട്ടീഷ് കലാകാരനായ ബാങ്ക്സി. അർത്ഥവത്തായ ചുവർച്ചിത്രങ്ങൾ കൊണ്ടും വ്യംഗ്യമായി രാഷ്ട്രീയം പറയുന്ന ശില്പങ്ങൾ കൊണ്ടും വാർത്ത സൃഷ്ടിക്കാറുള്ള ബാങ്ക്സി ശരിക്കും ആരാണെന്ന് ആർക്കുമറിയില്ല. ഇപ്പോൾ അദ്ദേഹം വീണ്ടും വാർത്തയിലെത്തിയിരിക്കുന്നു—മറ്റൊരു ദൃശ്യ സന്ദേശത്തിലൂടെ. ലണ്ടനിലെ ഒരു പൊതുസ്ഥലത്ത് സ്ഥാപിച്ച പ്രതിമയാണ് വിഷയം.

കൊടി ഉയർത്തിപ്പിടിച്ച ഒരു മാന്യനാണ് ശില്പത്തിൽ. മുഖത്ത് പുതഞ്ഞു കിടക്കുന്ന ആ കൊടി അയാളുടെ കാഴ്ച മറച്ചിരിക്കുന്നു. അതുകൊണ്ടാവണം, അദ്ദേഹം കൊടും താഴ്ചയിലേക്കാണ് അന്ധമായി കാലെടുത്തുവെക്കുന്നത്. ആ കൊടി ഇന്ന് ലോകമെങ്ങും കാണുന്ന തീവ്രദേശീയതയാവാം. ശില്പത്തിലെ നേതാവ് ഇക്കാലത്തെ ഏത് സങ്കുചിത നേതൃത്വവുമാകാം. കാഴ്ച മറക്കുന്ന ദേശീയത നമ്മെ നാശത്തിലേക്കാണ് നയിക്കുന്നത് എന്നതാവാം ബാങ്ക്സിയുടെ ഈ ദൃശ്യത്തിന്‍റെ സന്ദേശം.

മനുഷ്യത്വത്തിന്‍റെ അസ്ഥികൂടം.

ഒഡീഷ ഗ്രാമീൺ ബാങ്കിന് പെട്ടെന്ന് പ്രസിദ്ധി കിട്ടി. കുപ്രസിദ്ധി ആണെന്ന് മാത്രം. മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ ഇരുപതിനായിരത്തോളം രൂപ എടുക്കാൻ ചെന്ന ജീത്തു മുണ്ടയോട്,, സഹോദരി മരിച്ചതിന്‍റെ തെളിവു വേണമെന്ന്, മയമില്ലാതെയാവാം, പറഞ്ഞത്രേ. അയാൾ, മരിച്ചതിന്‍റെ തെളിവ് നേരിട്ട് കൊടുത്തു. പൗരന്മാരോട് ഭരണസംവിധാനങ്ങൾ കാണിക്കുന്ന കനിവില്ലായ്മയുടെ ഒരു ഇര മാത്രമാണ് ഗോത്രവർഗ്ഗക്കാരനായ ജീത്തു. കഷ്ടപ്പെടുന്നവരോട് അനുതാപമില്ലാതെ, മനുഷ്യരോട് അടിസ്ഥാന നീതി പോലും ചെയ്യാതെ, ബാങ്കുകളും ഭരണകൂടങ്ങളും അടങ്ങുന്ന സംവിധാനങ്ങൾ എന്തിനാണ്? മറവ് ചെയ്യേണ്ട വെറും മൃതദേഹം ആയോ മനുഷ്യത്വം?

TAGS :