Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 2 Jan 2024 11:52 AM GMT

ശങ്കരന്‍കുട്ടിമാര്‍ 'എന്തൊരു സ്പീഡ്' എന്ന് പറയുമ്പോള്‍ സബ്കോ സന്മതി ദേ ഭഗവാന്‍ എന്ന് നമുക്ക് പ്രാര്‍ഥിക്കാം

ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ എന്ന സര്‍ക്കാര്‍ മുദ്രാവാക്യം വിശ്വസിച്ചു നടക്കുന്ന ശങ്കരന്‍കുട്ടിമാര്‍ ഓര്‍ത്തു കൊള്ളുക, ഈ കൂട്ടര്‍ ഒരിക്കല്‍ നിങ്ങളുടെ മക്കളുടെ നേര്‍ക്കും അക്രമം അഴിച്ചു വിടാന്‍ മടിക്കില്ല. അന്ന്, ഹോ എന്തൊരു സ്പീഡ് എന്ന് പറഞ്ഞു ആശ്വസിക്കാന്‍ മാത്രമേ സാധിക്കൂ.

അയോധ്യയിലെ രമക്ഷേത്ര നിര്‍മാണം
X

1978ല്‍ ഇറങ്ങിയ അടൂര്‍ സിനിമയായ കൊടിയേറ്റത്തില്‍ നായകന്‍ ശങ്കരന്‍കുട്ടി, അതായത് കൊടിയേറ്റം ഗോപി, നല്ല വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചു വിരുന്നിന് പോകുമ്പോള്‍ ഒരു ലോറി വന്നു ചെളി തെറിപ്പിച്ചിട്ടു പോകും. മേലാസകലം ചെളിയില്‍ മുങ്ങി നില്‍ക്കുന്ന ശുദ്ധമനസ്‌കനായ ശങ്കരന്‍കുട്ടി, ആ ലോറിയെ നോക്കി പറയുന്നുണ്ട്, 'എന്തൊരു സ്പീഡ്!'. ഇന്നിപ്പോള്‍ രാജ്യത്തെ സ്ഥിതിഗതികള്‍ കാണുമ്പോള്‍ ആ ഡയലോഗാണ് ഓര്‍മ വരുന്നത്.

ലോകത്ത് ഒരിടത്തും ഇല്ലാത്ത രീതിയില്‍ ഒരു ട്രെയിനിന് സ്റ്റേഷന്‍ തോറും സ്വീകരണം ഒരുക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? പാരമ്പര്യ തീവണ്ടികളില്‍ നിന്ന് വ്യത്യസ്തമായ നിറത്തിലും വേഗത്തിലും പ്രധാനമന്ത്രി മോദി നേരിട്ട് കൊടിവീശി യാത്രയാക്കുന്ന ഈ തീവണ്ടികളുടെ പോക്ക് കാണുമ്പോള്‍ നമ്മുടെ നാട്ടിലെ ലക്ഷോപലക്ഷം ശങ്കരന്‍കുട്ടിമാര്‍ പറയുന്നുണ്ട്, ഹോ, എന്തൊരു സ്പീഡ്! യഥാര്‍ഥത്തില്‍ അത്രയും, അല്ലെങ്കില്‍ അതിലപ്പുറവും സ്പീഡില്‍ കുതിക്കുന്ന മറ്റ് തീവണ്ടികള്‍ നാട്ടിലുണ്ട്. പക്ഷെ, പുതുതായി പാളത്തില്‍ ഇറക്കിയ വന്ദേഭാരത്തിന്റെ ഉപജ്ഞാതാവ് മോദി ആയതിനാല്‍, മറ്റ് തീവണ്ടികളെ പലയിടത്തും പിടിച്ചിട്ടാണ് വന്ദേ തീവണ്ടിക്ക് സ്പീഡ് കൂട്ടി കൊടുക്കുന്നത് എന്നത് മോദി ഫാന്‍സ് മനഃപൂര്‍വ്വം മറക്കുന്നു. ഇന്ന് വന്ദേ ഒഴിച്ചുള്ള തീവണ്ടികളിലെ നരകയാതനയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍, എന്നാലെന്താ വന്ദേ ഭാരതിന്റെ സ്പീഡ് കണ്ടില്ലേ എന്നാണ് അവര്‍ പറയുന്നത്. രാജ്യത്തെ മറ്റ് പല പ്രശ്‌നങ്ങളിലും ഇത്തരക്കാരുടെ സമീപനം മറ്റൊന്നല്ല.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തത് ഏതാണ്ട് 17 ലക്ഷം ആളുകളാണ്. ഇത് കൂടാതെ കഴിഞ്ഞ വര്‍ഷം മാത്രം അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചത് ഒരു ലക്ഷത്തോളം പേരാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടിയേറ്റത്തിന്റെ 2014 മുതലുള്ള കണക്കുകള്‍ കാണിക്കുന്നത് ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നു എന്നാണ്.

തൊഴിലില്ലായ്മ മറ്റൊരു കാലത്തും ഇല്ലാത്ത പോലെ കുതിക്കുകയാണ്. മോദി സര്‍ക്കാര്‍ ഉറപ്പു നല്‍കിയ ജോലികള്‍ രണ്ടാമൂഴത്തിലും യുവാക്കള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. സാധാരണ നിലയില്‍ പട്ടാളത്തിലേക്ക് നടക്കേണ്ട നിയമനങ്ങള്‍ ഇപ്പോള്‍ നാല് വര്‍ഷത്തെ ഷോര്‍ട് ടെം അഗ്‌നിവീര്‍ പരിപാടിയായി ചുരുക്കിയതും വലിയ തിരിച്ചടിയായി. വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍, ഈ മാറ്റമൊന്നും പട്ടാള അധികൃതരുടെ അറിവോടെ അല്ല മെനെഞ്ഞെടുത്തത്. ഇത്തരം കാര്യങ്ങളില്‍ യാതൊരു പരിചയവും ഇല്ലാത്ത കുറച്ചു ആളുകള്‍ പുതിയ പദ്ധതി എന്ന കണ്‍കെട്ട് വിദ്യക്ക് വേണ്ടി കൊണ്ട് വന്ന പൊറാട്ട് നാടകം മാത്രമാണ്. നാല് വര്‍ഷം കഴിഞ്ഞാല്‍ ഇവരൊക്കെ തൊഴില്‍ ഇല്ലാതെ തിരിച്ചു വരികയും, എന്നാല്‍ പുതിയ അഗ്‌നിവീര്‍ ബാച്ചുകള്‍ പട്ടാളത്തില്‍ അവരുടെ ഒഴിവുകള്‍ നികത്തുകയും ചെയ്യും. ഒരു ദീര്‍ഘകാല കരിയര്‍ ഇവര്‍ക്കാര്‍ക്കും തന്നെ ലഭിക്കില്ല എന്നതാണ് സത്യം. 2023ല്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട് ഉപേക്ഷിച്ചത് ഏതാണ്ട് 2.25 ലക്ഷം ആളുകളാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തത് ഏതാണ്ട് 17 ലക്ഷം ആളുകളാണ്. ഇത് കൂടാതെ കഴിഞ്ഞ വര്‍ഷം മാത്രം അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചത് ഒരു ലക്ഷത്തോളം പേരാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടിയേറ്റത്തിന്റെ 2014 മുതലുള്ള കണക്കുകള്‍ കാണിക്കുന്നത് ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നു എന്നാണ്. ഇതില്‍ ഏറ്റവും കൗതുകകരമായ കാര്യം, ഈ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിഭാഗവും മോദിയുടെ പാര്‍ട്ടി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് എന്നതാണ്! പക്ഷെ മോദിയുടെ വിദേശ പര്യടനങ്ങളില്‍ ഇപ്പോള്‍ അഭിവാജ്യ ഘടകമായിട്ടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ കൂടിച്ചേരലില്‍ ശങ്കരന്‍കുട്ടിമാര്‍ കൂട്ടത്തോടെ വന്നു സ്റ്റേഡിയം നിറച്ചിരുന്നു മോദിയെ വാനോളം വാഴ്ത്തും, എന്തൊരു തേജസ്സ്, എന്തൊരു ഭരണം, ജസ്റ്റ് ലുക്കിങ് ലൈക് എ റാം! മോദിയുടെ ഭരണം അത്ര സുന്ദരമാണെങ്കില്‍ തിരിച്ചു ഇന്ത്യയിലേക്ക് വന്നുകൂടെ എന്നൊന്നും ചോദിക്കരുത്, അവര്‍ രോഷാകുലരാകും. ഒരു വിധത്തിലാണ് ഇവിടുന്നു രക്ഷപ്പെട്ടത്, എന്നിട്ടു തിരിച്ചു വരാനോ!

ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ പോലും, കൂടുതല്‍ സംസ്ഥാനങ്ങള്‍ മോദിയുടെ പാര്‍ട്ടിയാണ് വിജയിച്ചത് എങ്കില്‍ പോലും, എതിര്‍ത്ത് വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നത് ആശ്വാസകരമായ കാര്യമാണ്.

രണ്ട് മാസം മുന്‍പ് IIT BHU കാമ്പസില്‍ മൂന്ന് സാമൂഹ്യ വിരുദ്ധര്‍ കടന്ന് ചെന്ന് തോക്കിന്‍ മുനയില്‍ നിറുത്തി ഒരു വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി. പ്രതികളുടെ ചിത്രങ്ങള്‍ ലഭ്യമായതിനാല്‍ അവരെ രണ്ട് മാസം കഴിഞ്ഞാണെങ്കിലും അറസ്റ്റ് ചെയ്യേണ്ടി വന്നു. അതിനിടയില്‍ കേസ് തേച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ചു എന്നാണ് കേള്‍ക്കുന്നത്. കാരണം, പ്രതികള്‍ ബിജെപി ഐ.ടി സെല്‍ പ്രവര്‍ത്തകരാണ്, നേതാക്കളുടെ അടുപ്പക്കാരാണ്. ഈ അറസ്റ്റ് നടന്ന് ഈ സമയം വരെ, ഒരു മുഖ്യധാരാ ദേശീയ മാധ്യമവും ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. രാജ്യത്തെ പ്രധാനപ്പെട്ട ഒരു കാമ്പസില്‍ നടന്ന സംഭവമാണ് എന്നോര്‍ക്കണം. ഇതാണ് നിങ്ങള്‍ ഈ പര്‍ട്ടിയേക്കുറിച്ച് അറിയേണ്ടത്. അവര്‍ എന്ത് ചെയ്താലും ചോദിക്കാന്‍ ആരുമില്ല എന്ന സ്ഥിതിയിലേക്കാണ് രാജ്യത്തെ നയിച്ചു കൊണ്ടിരിക്കുന്നത്. എക്‌സിക്യൂട്ടീവ് നേരത്തെ തന്നെ അവരുടെ ചൊല്‍പടിയിലാണ്. ജുഡീഷ്യറിയെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. മീഡിയ വളയാന്‍ പറഞ്ഞപ്പോള്‍ ഒടിഞ്ഞു എന്ന നിലയിലാണ്. മൂന്ന് വര്‍ഷം മുന്‍പ് നടന്ന ജെ.എന്‍.യു കാമ്പസ് ആക്രമത്തില്‍ കുട്ടികളെ ആക്രമിച്ച കോമള്‍ ശര്‍മ്മ എന്ന എ.ബി.വി.പി പ്രവര്‍ത്തക ഇപ്പോഴും പൊലീസിനെ സംബന്ധിച്ചിടത്തോളം പിടികിട്ടാപ്പുള്ളിയാണ്. പക്ഷെ, ഡല്‍ഹിയിലെ സാമൂഹിക വൃത്തങ്ങളില്‍ അവരിപ്പോഴും ഒരു തിരക്കുള്ള ആളാണ്. ഈ ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രമല്ല, വനിതാ ഗുസ്തിതാരങ്ങളുടെ കഥകളും ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. തങ്ങള്‍ക്കു കിട്ടിയ പതക്കങ്ങള്‍ തലസ്ഥാനത്തെ വഴിയരികില്‍ ഉപേക്ഷിച്ചു, അവര്‍ കൂട്ടത്തോടെ സ്‌പോര്‍ട്‌സ് രംഗത്ത് നിന്ന് വിടപറയുകയാണ്. അവര്‍ക്ക് നീതി ലഭിക്കില്ല എന്ന് മനസ്സിലായി കഴിഞ്ഞു. മോദി സര്‍ക്കാര്‍ അവരെ വേട്ടയാടിയവരുടെ ഒപ്പമാണ് എന്ന് അവര്‍ക്കു വ്യക്തമായിക്കഴിഞ്ഞു. ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ എന്ന സര്‍ക്കാര്‍ മുദ്രാവാക്യം വിശ്വസിച്ചു നടക്കുന്ന ശങ്കരന്‍കുട്ടിമാര്‍ ഓര്‍ത്തു കൊള്ളുക, ഈ കൂട്ടര്‍ ഒരിക്കല്‍ നിങ്ങളുടെ മക്കളുടെ നേര്‍ക്കും അക്രമം അഴിച്ചു വിടാന്‍ മടിക്കില്ല. അന്ന്, ഹോ എന്തൊരു സ്പീഡ് എന്ന് പറഞ്ഞു ആശ്വസിക്കാന്‍ മാത്രമേ സാധിക്കൂ.

ഒരു ജനാധിപത്യ രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത തരത്തില്‍, പാര്‍ലമെന്റിലെ മൊത്തം പ്രതിപക്ഷ എംപിമാരെയും പുറത്താക്കിയിട്ടു ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. ചോദ്യം ചോദിച്ചതിനാണ് പുറത്താക്കിയത് എന്നത് ഒരു ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിഹാസ്യരാക്കി എന്ന കാര്യത്തില്‍ സംശയമില്ല. വഴങ്ങുന്ന പത്രപ്രവര്‍ത്തകരെ അല്ലാതെ മറ്റാരോടും സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത മോദിക്ക്, പ്രതിപക്ഷ കക്ഷികളുടെ ചോദ്യങ്ങള്‍ എങ്ങനെ പിടിക്കും? ചോദ്യങ്ങളെ ഭയക്കുന്നതാണ് എന്ന് കരുതിയാല്‍ തെറ്റി. ചോദ്യങ്ങളെ ഇല്ലാതാക്കുന്നതാണ് രീതി. അത് സ്വേച്ഛാധിപതിയുടെ സ്വഭാവമാണ് എന്ന് അരിയും ചപ്പാത്തിയും കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. നൂറ്റണ്ടുകള്‍ നീണ്ട രാജ ഭരണങ്ങള്‍ക്ക് അറുതി വരുത്തി, ഭരണം ജനങ്ങളുടെ കൈയിലേക്ക് എത്തിച്ചു 80 വര്‍ഷങ്ങള്‍ ആകുന്നതിനു മുന്നേയുള്ള ഈ തിരിച്ചു പോക്ക് ശങ്കരന്‍കുട്ടിമാര്‍ ആഘോഷിക്കുകയാണ്. ആദ്യമായിട്ടാകും ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടത് എന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതില്‍ ഒരു ജനത സന്തോഷിക്കുന്നത്. പക്ഷെ, ഇവര്‍ കരുതുന്ന പോലെ ഇത് ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ആഗ്രഹപ്രകാരമല്ല എന്ന് മനസിലാക്കുക. ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ പോലും, കൂടുതല്‍ സംസ്ഥാനങ്ങള്‍ മോദിയുടെ പാര്‍ട്ടിയാണ് വിജയിച്ചത് എങ്കില്‍ പോലും, എതിര്‍ത്ത് വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നത് ആശ്വാസകരമായ കാര്യമാണ്.

2024ല്‍, ഇന്ത്യ എന്ന ഭാരതത്തിന്റെ ഒരു തിരിച്ചു വരവിനായി നമുക്ക് കാത്തിരിക്കാം, അടുത്ത തലമുറയുടെ ഭാവിക്കായി ജനങ്ങള്‍ ഉചിത തീരുമാനമെടുക്കും എന്നും പ്രതീക്ഷിക്കാം. ബാബരി പള്ളി പണിതത് ഒരു അമ്പലവും പൊളിച്ചല്ല എന്ന് പറഞ്ഞ സുപ്രീം കോടതി, പക്ഷെ അമ്പലം പണിയാം എന്ന വിചിത്ര വിധി പുറപ്പെടുവിച്ചത് കൊണ്ടും, പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ടും ഇപ്പോള്‍ അതിവേഗം പണി തീര്‍ക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം കണ്ടു ശങ്കരന്‍കുട്ടിമാര്‍, 'എന്തൊരു സ്പീഡ്', എന്ന് പറയുമ്പോള്‍ സബ്കോ സന്മതി ദേ ഭഗവാന്‍ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

TAGS :