Quantcast
MediaOne Logo

സുദീപ്തോ മൊണ്ടൽ

Published: 28 March 2022 12:31 PM GMT

ഹിജാബ് ഒരു പുകമറ മാത്രം; യഥാർഥ പദ്ധതി ഹിന്ദുരാഷ്ട്രം

ഹിജാബ് നിരോധനത്തിനെതിരെ കോടതിയെ സമീപിച്ച മുസ്‌ലിം യുവതികൾ നിസ്സഹായരും ഭീരുക്കളുമോ അപകർഷതാ ബോധമുള്ളവരോ ഇടുങ്ങിയതോ നിയന്ത്രിതമോ ആയ കാഴ്ചപ്പാടുകൾ ഉള്ളവരോ അല്ല.

ഹിജാബ് ഒരു പുകമറ മാത്രം; യഥാർഥ പദ്ധതി ഹിന്ദുരാഷ്ട്രം
X
Listen to this Article

ബി.ജെ.പി സർക്കാരിന്റെ ഹിജാബ് നിരോധനം ശരിവെച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ ഉത്തരവ് രാഷ്‌ട്രീയ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് വന്നത്. കോടതി നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ പുറത്തുണ്ടായ സംഘർഷാവസ്ഥകളെ പോലും അവഗണിക്കുന്നതാണ് കോടതിയുടെ 129 പേജുള്ള വിധി.

ഹിജാബ് വിഷയത്തിലെ കേസ് ഒരുപാട് ഹരജികൾ നൽകികൊണ്ട് പൊതുതാൽപ്പര്യമുള്ള കേസാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും കോടതിയുടെ മൂന്നംഗ ബെഞ്ച് അതെല്ലാം തള്ളികളയുകയാണുണ്ടായത്. പകരം, ഇത് ഹിജാബ് ധരിച്ച വിദ്യാർത്ഥികളും അധികാരികളും തമ്മിലുള്ള വിഷയമാണ് എന്ന് പ്രധാന രാഷ്ട്രീയ കക്ഷികളുടെ താല്പര്യത്തിനനുസരിച്ച് സ്വയം പരിമിതപ്പെടുത്തുകയും നാല് ചോദ്യങ്ങൾ സ്വയം ഉന്നയിക്കുകയും ചെയ്തു.

ഒന്ന്, ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിൽ സ്ത്രീകൾക്ക് അത്യന്താപേക്ഷിതമാണോ എന്നത്. രണ്ടാമതായി, യൂണിഫോം അടിച്ചേൽപ്പിക്കുക വഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൗലികാവകാശങ്ങൾ ലംഘിക്കുമോ? മൂന്നാമത്തേത്, ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് സ്വേച്ഛാപരവും നിയമവിരുദ്ധവുമാണോ?നാലാമതായി, ഉഡുപ്പിയിലെ കോളേജ് അധികൃതർ നിയമത്തിന് പുറത്താണോ പ്രവർത്തിക്കുന്നത്.

ഇനി, കോടതി നിഷ്‌പക്ഷമായ ഒരു സ്ഥാപനമാണെന്നും അത് ബാഹ്യമായ പരിഗണനകളോട് ആകുലപ്പെടേണ്ടതില്ലെന്നും വാദിക്കാൻ ഒരാൾക്ക് കണ്ണ് മൂടിക്കെട്ടിയ നീതി ദേവതയെ ചൂണ്ടിക്കാണിക്കാം. എന്നാൽ ഈ കേസിൽ, വിധിക്ക് മുന്നോടിയായി കർണാടകയിലെ തെരുവുകളും പൊതുസ്ഥാപനങ്ങളും പിടിച്ചടക്കി അക്രമം പ്രവർത്തിച്ചവരുടെ കള്ളങ്ങൾക്ക് നേരെ നീതി ന്യായ വ്യവസ്ഥ കണ്ണടക്കില്ലെന്ന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നു.

ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമികമായി അത്യന്താപേക്ഷിതമല്ലെന്നും അത് നിർബന്ധമല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. 1,400 വർഷം പഴക്കമുള്ള ഒരു മതത്തിന്റെ അനിവാര്യമായ ആചാരങ്ങളെ തീരുമാനിക്കുകയും ഹിജാബ് പൊതു ക്രമത്തെ തടസ്സപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുമ്പോഴും, കാവി വസ്ത്രം ധരിച്ച, പൊതുമധ്യത്തിൽ ഹിജാബ് ധരിച്ച സ്ത്രീകളെ ഉപദ്രവിക്കുന്ന ജനക്കൂട്ടത്തെ അധികാരത്തിലുള്ള സർക്കാർ അനുകമ്പയോടെ പരിഗണിക്കുന്നത് കോടതി കാണുന്നില്ല.



ഹിജാബ് ധരിക്കുന്നവരുടെ വിശ്വാസത്തെ അളക്കുന്നത് ഉചിതമായി കരുതിയ അതേ ജഡ്ജിമാർക്ക് ഹിജാബിനെ വിമർശിക്കുന്നവരുടെ മതപരവും രാഷ്ട്രീയവുമായ പ്രേരണകൾ അന്വേഷിക്കേണ്ടതുണ്ടെന്ന് തോന്നുകയുണ്ടായില്ല. കേസിനെ ചുറ്റിപ്പറ്റിയുള്ള സാമൂഹികവും രാഷ്ട്രീയവുമായ ഘടകങ്ങൾ കണക്കിലെടുക്കാതെ, യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന ഒരു കൃത്രിമ ലോകം കോടതി സൃഷ്ടിച്ചിരിക്കുകയാണ്. ഹിജാബ് വിഷയത്തെ കോടതി വിശാലമായി നോക്കി കണ്ടിരുന്നെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും മന്ത്രിമാരും പോലീസുകാർ പോലും ഈ പ്രശ്നത്തെ ആളി കത്തിക്കാൻ വഹിച്ച പങ്ക് കാണാൻ ന്യായാധിപർക്ക് കഴിയുമായിരുന്നു.

'പൊതു ക്രമം, ധാർമ്മികത, ആരോഗ്യം' എന്നിവ ആവർത്തിച്ച് പരാമർശിച്ചു കൊണ്ട് പൊതു ഇടങ്ങളിൽ ഹിജാബിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഉത്തരവ് ന്യായമാണെന്ന് കോടതി നിഗമനത്തിൽ എത്തി. ആ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഹിജാബ് ധരിച്ച ഒരു സ്ത്രീയാണ് അവരെ അത് അഴിക്കാൻ ഭീഷണിപ്പെടുത്തുന്നവരെക്കാൾ പൊതുക്രമത്തിന് വലിയ ഭീഷണി എന്ന് നാം അനുമാനിക്കേണ്ടി വരും.

ഒരു കൂട്ടം മുസ്‌ലിം സ്ത്രീകളും ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കമായി ഇതിനെ ചുരുക്കിക്കൊണ്ട്, ഹർജിക്കാർ ഒരു സമുദായത്തിന്റെ അഭിലാഷങ്ങൾ പ്രതിനിധീകരിക്കുന്നവരാണെന്ന സത്യം കോടതി മുഖവിലക്ക് എടുക്കുന്നില്ല. കോളേജ് അധികൃതരും സർക്കാരും വിഭാഗീയവും ഭരണഘടനാ വിരുദ്ധവും അതിലുപരി മുസ്ലീം വിരുദ്ധവുമായ ഒരു ദിവ്യാധിപത്യ പ്രത്യയശാസ്ത്രത്തിന് വിധേയരാണെന്ന വസ്തുതയും കോടതി അവഗണിച്ചു.

ഈ വിഷയങ്ങളിലേക്ക് കടക്കുന്നതിന്, നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തുനിന്ന് വസ്തുനിഷ്ഠവും വിശാലവുമായ ഇടപെടൽ ആവശ്യമായി വരും. എന്നാൽ, മുസ്ലീം സ്ത്രീകളെ ഇസ്‌ലാമിക ആചാരങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള അനാവശ്യ ശ്രമത്തിന്റെ ഭാഗമായി ഹിജാബ് ഇസ്‌ലാമിൽ നിർബന്ധമല്ല എന്ന് സമർത്ഥിക്കാനുള്ള കാരണങ്ങൾ തേടുന്നതിലാണ് കോടതിയുടെ പ്രവർത്തകരുടെ ആവേശം.

ഉദാഹരണത്തിന്, മുസ്‌ലിം പണ്ഡിതനും നിയമജ്ഞനുമായ അബ്ദുല്ല യൂസഫ് അലിയെ കോടതി ഉദ്ധരിക്കുന്നുണ്ട്‌: "സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തലല്ല, മറിച്ച് മദീനയിൽ അന്ന് നിലനിന്നിരുന്ന സാഹചര്യങ്ങളിൽ അവരെ ഉപദ്രവങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം."


ഇന്ത്യയിൽ നിലവിലുള്ള അവസ്ഥകളെക്കുറിച്ച് ഒരു ഭരണഘടനാ കോടതിക്ക് കൃത്യമായധാരണ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണോ? ഹിജാബി സ്ത്രീകളോടുള്ള വെറുപ്പിന്റെ വേരുകൾ അന്വേഷിച്ച് ജഡ്ജിമാരും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലേക്ക് പോയോ? ഒരു മുസ്‌ലിം സ്ത്രീ തല മറയ്ക്കുന്നത് മൂലം വ്രണപ്പെടുന്ന എന്തെങ്കിലും ഹിന്ദുമതത്തിന്റെ അല്ലെങ്കിൽ ഹിന്ദുത്വയുടെ ആചാരങ്ങളിലുണ്ടോ? മുസ്‌ലിം സ്ത്രീകളെയും ഹിജാബിനെയും ഇസ്‌ലാമിനെയും കുറിച്ച് ഹിന്ദുത്വ സൈദ്ധാന്തികർ അവരുടെ സോഷ്യൽ മീഡിയകളിൽ എന്താണ് പറയുന്നത്?

ഇത്തരം അന്വേഷണങ്ങളിലൂടെ ഹിജാബ് മാത്രമല്ല മുസ്‌ലിം ജീവിതത്തിന്റെ എല്ലാ മേഖലകളോടുമുള്ള വെറുപ്പിൽ കെട്ടിപ്പടുക്കപ്പെട്ട ഒരു ഇരുണ്ട ലോകത്തെ കോടതിക്ക് കാണാമായിരുന്നു. മുസ്‌ലിംകൾക്കെതിരായ വംശഹത്യ സിദ്ധാന്തങ്ങൾ പ്രോത്സാഹിപ്പിക്കുകയും, മുസ്‌ലിം സ്ത്രീകളെ ലൈംഗികഉപകരണം മാത്രമായി കാണുകയും ചെയ്യുന്ന നിരവധി ജനപ്രിയ സോഷ്യൽ മീഡിയ ഹാൻഡിലുകളുണ്ട്. മുസ്‌ലിം പുരുഷന്മാരെ അപകീർത്തിപ്പെടുത്താനും മുസ്ലീം സ്ത്രീകളെ അടിമകളാക്കാനും ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അനന്തരഫലമാണ് സുള്ളി ഡീൽസ്, ബുള്ളി ബായ് ആപ്പുകൾ. വിവാദമായ കാശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിച്ച ഒരു തിയറ്ററിൽ മുസ്‌ലിം സ്ത്രീകളിൽ നിന്ന് കുട്ടികളെ ജനിപ്പിക്കാൻ തുറന്ന ക്ഷണം നടത്തുന്ന ആളിന്റെ വീഡിയോ ആണ് ഈ ഇടങ്ങളിലെ ഏറ്റവും പുതിയ വൈറൽ സെൻസേഷൻ.

പൊതുക്രമത്തെക്കുറിച്ചുള്ള കോടതിയുടെ ആവർത്തിച്ചുള്ള പരാമർശം, പൊതുക്രമം എന്താണെന്നും നമ്മുടെ പൊതു ഇടങ്ങളുടെ സ്വഭാവത്തെക്കുറിച്ചും അന്വേഷിക്കാൻ കാരണമാകണം. സ്കൂളുകൾ, കോടതികൾ, യുദ്ധമുറികൾ, പ്രതിരോധ ക്യാമ്പുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ" വ്യക്തിയുടെ സ്വാതന്ത്ര്യം ആ പൊതു ഇടത്തിന്റെ "അച്ചടക്കത്തിനും പ്രവർത്തനത്തിനും ഉദ്ദേശ്യത്തിനും" വേണ്ടി വെട്ടിച്ചുരുക്കുന്നുവെന്ന് കോടതി പറയുന്നു.

എല്ലാ വർഷവും, ഒരാഴ്ചയോളം, കർണാടക ഹൈക്കോടതിയുടെ പരിസരത്ത് ഹിന്ദു അഭിഭാഷകർ ഒരു ഗണേശ പന്തൽ സ്ഥാപിക്കാറുണ്ട്. റംസാനിൽ ഒരു മാസത്തേക്ക് മുസ്‌ലിം അഭിഭാഷകർ അതേസ്ഥലത്ത് നമസ്‌കാരം നടത്താൻ തുടങ്ങിയാൽ പൊതു ക്രമം തകരുമോ? വിധാൻ സൗധയ്ക്കുള്ളിൽ ഒരു ഹിന്ദു ക്ഷേത്രമുണ്ട്. അതേ സ്ഥലത്ത് ഒരു മുസ്‌ലിം പള്ളിയോ ക്രിസ്ത്യൻ പള്ളിയോ നമുക്ക് കാണാൻ കഴിയുമോ? കൂടാതെ, 'യോഗ്യതയുള്ള പൊതു ഇടങ്ങൾ' എന്നതിന്റെ നിർവചനം അനുസരിച്ച്, മറ്റ് പൊതു ഇടങ്ങളിലും ഹിജാബ് നിരോധിക്കാൻ ഹിന്ദു മതമൗലികവാദികൾ ധൈര്യപ്പെടുമോ?



ഇന്ത്യൻ ഭരണഘടനാ ശില്പിയായ ബി ആർ അംബേദ്കറുടെ 1945-ൽ എഴുതിയ 'പാകിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യയുടെ വിഭജനം' എന്ന പുസ്തകത്തിലെ മുസ്‌ലിം സമൂഹത്തിലെ സാമൂഹിക സ്തംഭനാവസ്ഥയെക്കുറിച്ചുള്ള അധ്യായത്തിൽ നിന്ന് തിരഞ്ഞെടുത്ത് വിധിയിൽ ഉദ്ധരിക്കുന്നത് സന്ദർഭോചിതമായ പരിഗണനയുടെ അഭാവം വ്യക്തമാക്കുന്നതാണ്. :

"...ഒരു മുസ്‌ലിം സ്ത്രീക്ക് അവളുടെ മകൻ, സഹോദരങ്ങൾ, പിതാവ്, അമ്മാവൻമാർ, ഭർത്താവ് എന്നിവരെയോ അല്ലെങ്കിൽ വിശ്വാസയോഗ്യമായ സ്ഥാനത്തേക്ക് പ്രവേശിപ്പിക്കപ്പെട്ടേക്കാവുന്ന മറ്റേതെങ്കിലും അടുത്ത ബന്ധുവിനെയോ മാത്രമേ കാണാൻ അനുവാദമുള്ളൂ. അവൾക്ക് പ്രാർത്ഥിക്കാൻ മസ്ജിദിൽ പോലും പോകാൻ കഴിയില്ല, അവൾ പുറത്തു പോകുമ്പോഴെല്ലാം ബുർക്ക (പർദ്ദ) ധരിക്കണം. ഈ ബുർക്ക ധരിച്ച സ്ത്രീകൾ തെരുവിലൂടെ നടക്കുന്നത് ഇന്ത്യയിൽ കാണാൻ കഴിയുന്ന ഏറ്റവും നികൃഷ്ടമായ കാഴ്ചകളിൽ ഒന്നാണ്... മുസ്‌ലിങ്ങൾക്ക് ഹിന്ദുക്കളുടെ എല്ലാ സാമൂഹിക തിന്മകളും അതല്ലാത്ത ചില തിന്മകളും ഉണ്ട്. അതിലൊന്നാണ് മുസ്‌ലിം സ്ത്രീകൾക്കുള്ള നിർബന്ധിത പർദ സമ്പ്രദായം.. പുറം ലോകത്തിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടതിനാൽ, അവർ ചെറിയ കുടുംബ കലഹങ്ങളിൽ ഏർപ്പെടുകയും അതിന്റെ ഫലമായി അവർ അവരുടെ കാഴ്ചപ്പാടിൽ സങ്കുചിതരും നിയന്ത്രണാതീതരും ആയിത്തീരുകയും ചെയ്യുന്നു. അവർക്ക് ഒരു പൊതു പ്രവർത്തനത്തിലും പങ്കെടുക്കാൻ കഴിയില്ല, അടിമ മാനസികാവസ്ഥയും അപകർഷതാബോധവുമുള്ള ആളുകളായി മാറുകയും ചെയ്യുന്നു. ...പർദ ധരിച്ച സ്ത്രീകൾ മറ്റുള്ളവരെ അപേക്ഷിച്ച് നിസ്സഹായരും ഭീരുക്കളും ആയിത്തീരുന്നു... ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കിടയിൽ പർദ ധരിച്ച ഒരുപാട് സ്ത്രീകൾ ഉള്ളത് കൊണ്ട് തന്നെ പർദയുടെ പ്രശ്നത്തിന്റെ വിശാലതയും ഗൗരവവും ആർക്കും എളുപ്പത്തിൽ മനസ്സിലാകും. പർദ സമ്പ്രദായത്തിന്റെ അനന്തരഫലമായി, മുസ്‌ലിം സ്ത്രീകൾ വേർതിരിക്കപ്പെടുകയും ചെയ്യുന്നു."

ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദു മഹാസഭയുടെയും മുസ്‌ലിം ലീഗിന്റെയും അവകാശവാദങ്ങൾ പരിശോധിക്കുന്ന അംബേദ്കർ എഴുതിയ പുസ്തകത്തിൽ നിന്ന് ഒരു ഭാഗം കോടതി ഉദ്ധരിക്കുന്നത് ഭയാനകമാണ്.

അംബേദ്കർ അക്കാലത്തെ ഏറ്റവും ഉയർന്ന ബുദ്ധിജീവികളിലും സാമൂഹിക പരിഷ്കർത്താക്കളിലും ഒരാളായിരുന്നു എങ്കിലും പർദയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ പ്രശ്‌നകരമല്ലാതാക്കുന്നില്ല. കൂടാതെ, മുസ്‌ലിം വിമോചനത്തെക്കുറിച്ചുള്ള വിഷയങ്ങളിൽ അദ്ദേഹത്തെ ഒരു വിദഗ്ദ്ധനെന്ന് വിശേഷിപ്പിക്കാൻ അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത അനുയായികൾ പോലും മടിക്കും.

ആഗോള ഇസ്‌ലാമോഫോബിയയുടെയും ഇന്ത്യയിലെ അക്രമാസക്തമായ ഹിന്ദുത്വത്തിന്റെയും സാഹചര്യത്തിൽ, സമുദായത്തിനെ മാത്രം ലക്ഷ്യം വെച്ച ഈ ആക്രമണങ്ങൾക്കെതിരായി പ്രതിരോധത്തിന്റെ സാംസ്‌കാരിക സൂചകമായും പ്രതീകമായും ഒരുപാട് മുസ്‌ലിം സ്ത്രീകൾ ഹിജാബിനെ ഉപയോഗിക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിനെതിരെ കോടതിയെ സമീപിച്ച മുസ്‌ലിം യുവതികൾ നിസ്സഹായരും ഭീരുക്കളുമോ അപകർഷതാ ബോധമുള്ളവരോ ഇടുങ്ങിയതോ നിയന്ത്രിതമോ ആയ കാഴ്ചപ്പാടുകൾ ഉള്ളവരോ അല്ല.

അവർ ഇംഗ്ലീഷ് ഉൾപ്പെടെ കുറഞ്ഞത് മൂന്ന് ഭാഷകളിൽ പ്രാവീണ്യമുള്ള ശരാശരിക്ക് മുകളിലുള്ള വിദ്യാർത്ഥിനികളാണ്. അംബേദ്കർ തന്റെ പുസ്തകത്തിൽ വിവരിക്കുന്ന പോലെ ദയനീയരായവരല്ല, മറിച്ച് അവരുടെ സുഹൃത്തുക്കളും അധ്യാപകരും അവരെ വിശേഷിപ്പിക്കുന്ന പോലെ സംരതരായവരാണ്. അംബേദ്കറെ തിരഞ്ഞെടുത്ത് ഉദ്ധരിച്ചുകൊണ്ട്, ഹിജാബിന്റെ കാര്യത്തിൽ ഒരു ധാർമ്മിക നിലപാട് സ്വീകരിക്കാൻ കോടതി ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ,മുസ്‌ലിം സമൂഹത്തിന്റെ മേൽ തീർപ്പുകൾ കല്പിക്കാനുള്ള വ്യഗ്രതയിൽ, അതേ പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ കോടതി വിസ്മരിക്കുന്നു.

163-ാം പേജിൽ വി ഡി സവർക്കറിനെയും അദ്ദേഹത്തിന്റെ ഹിന്ദു രാഷ്ട്ര സിദ്ധാന്തത്തെയും കുറിച്ച് അംബേദ്കർ രൂക്ഷമായ നിരീക്ഷണം നടത്തുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ, പ്രത്യേകിച്ച് ഹിജാബ് കേസിന് ഇത് വളരെ പ്രസക്തമാണ്:

""സവർക്കർ ഭൂതകാലത്തെക്കുറിച്ച് പഠിക്കുന്നതിനു പകരം വർത്തമാനകാലത്തിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുകയാണെങ്കിൽ, പഴയ ഓസ്ട്രിയയും പഴയ തുർക്കിയും നാശത്തിലേക്ക് നീങ്ങിയത് കാര്യങ്ങളുടെ വ്യവസ്ഥ (സവർക്കർ തന്റെ 'ഹിന്ദുത്വം' സ്വീകരിക്കാൻ ശ്രമിക്കുന്ന വ്യവസ്ഥ) നിലനിർത്താൻ ശഠിച്ചതിനാണെന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു. അതായത്, ഒരു ഭരണഘടനയുടെ ആവരണത്തിന് കീഴിൽ രണ്ട് രാഷ്ട്രങ്ങൾ ഉണ്ടായിരിക്കുന്ന ഒരു സ്വരാജ് സ്ഥാപിക്കുക, അതിൽ വലിയ രാഷ്ട്രത്തെ ചെറിയ രാഷ്ട്രത്തെ സ്വയം കീഴ്പ്പെടുത്താൻ അനുവദിക്കുക. സവർക്കർ ആവിഷ്‌കരിച്ച സ്വരാജ് എന്ന പദ്ധതി ഹിന്ദുക്കൾക്ക് മുസ്‌ലിംകളുടെ മേൽ ഒരു ആധിപത്യം നൽകുകയും അതുവഴി ഒരു സാമ്രാജ്യത്വ വംശമെന്ന നിലയിൽ അവരുടെ അഭിമാനം തൃപ്തിപ്പെടുത്തുകയും ചെയ്യും, എന്നാൽ മുസ്‌ലിങ്ങൾ ഒരിക്കലും ഇത്തരമൊരു ബദലിന് വഴങ്ങില്ല എന്നതിനാൽ തന്നെ ഹിന്ദുക്കൾക്ക് സുസ്ഥിരവും സമാധാനപരവുമായ ഭാവി ഉറപ്പാക്കാൻ സ്വരാജിന് ഒരിക്കലും കഴിയില്ല."

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ ഹിന്ദു സാമ്രാജ്യത്തിനായുള്ള ആസൂത്രണങ്ങളായി കാണുന്നതിൽ കോടതി പരാജയപ്പെട്ടിട്ടുണ്ട്. സവർക്കറുടെ പ്രത്യയശാസ്ത്രത്തിന്റെ പിന്മുറക്കാരാണ് ഇന്ന് അധികാരത്തിലുള്ളത്. മുസ്‌ലിംകളുടെ വ്യതിരിക്തമായ സാംസ്‌കാരികവും മതപരവുമായ വ്യക്തിത്വം ഇല്ലാതാക്കി അവരുടെ മേൽ ഹിന്ദു ആധിപത്യം സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് അവർ. എന്നാൽ സവർക്കറുടെ അനുയായികളുടെ 'ഹിന്ദുത്വ'(Hindudom) പദ്ധതിക്ക് വഴങ്ങാതിരിക്കാനുള്ള ഒരു ഉപാധിയായി മുസ്‌ലിം സ്ത്രീകൾക്ക് ഹിജാബ് മാറിയതിന് ജഡ്ജിമാർക്ക് പരിഗണനയില്ല


കോടതി പറഞ്ഞു: "പർദ സമ്പ്രദായത്തെക്കുറിച്ച് അരനൂറ്റാണ്ട് മുമ്പ് നമ്മുടെ ഭരണഘടനയുടെ മുഖ്യ ശില്പി നിരീക്ഷിച്ചത് പോലെ ഏത് സമുദായത്തിലും പർദയോ മൂടുപടമോ ശിരോവസ്ത്രമോ ധരിക്കണമെന്ന നിർബന്ധം പൊതുവെ സ്ത്രീയുടെയും പ്രത്യേകിച്ച് മുസ്ലീം സ്ത്രീയുടെയും വിമോചന പ്രക്രിയക്ക് തടസ്സമാകുമെന്ന വാദത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്"

മുസ്‌ലിം സ്ത്രീകളുടെ രക്ഷകനായി സ്വയം അവരോധിക്കുന്ന തിരക്കിൽ അവരുടെ രാഷ്ട്രീയ അവകാശവാദവും സ്വയം നിർവചന അധികാരവും തിരിച്ചറിയുന്നതിൽ ജഡ്ജിമാർ പരാജയപ്പെട്ടു എന്നത് വിരോധാഭാസമാണ്. മുസ്‌ലിം യുവതികളിലെ ചെറുത്തുനിൽപ്പിന്റെ മനോഭാവവും അവരുടെ ബുദ്ധിശക്തിയും അവർ പരസ്യമായി സംസാരിക്കുന്നത് കാണുന്ന ആർക്കും ബോധ്യപ്പെടുന്നതാണ്.

മുസ്‌ലിം സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നത് ഹിജാബ് മൂലമാണെന്ന കാഴ്ചപ്പാട് സ്വീകരിച്ചുകൊണ്ട്, മതമൗലികവാദികളുടെ പിടിയിൽ നിന്ന് മുസ്‌ലിം സ്ത്രീകളെ മോചിപ്പിക്കാൻ ശ്രമിക്കുകയാണെന്ന വലത് പക്ഷ , ഹിന്ദു ഭൂരിപക്ഷ പാർട്ടിയായ ബി ജെ പി യുടെ അസംബന്ധത്തിന് കോടതി നിയമം മൂലം അംഗീകാരം നൽകുകയുണ്ടായി. ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥിനികളെ പിന്തുണയ്ക്കുന്ന മുസ്‌ലിം രാഷ്ട്രീയ സംഘടനകളെ കോടതി ശക്തമായി വിമർശിക്കാനും ഈ കാഴ്ചപ്പാട് കാരണമായി.

കോടതി ഉത്തരവിൽ പറയുന്നു: " സാമൂഹിക അശാന്തിയും പൊരുത്തക്കേടും സൃഷ്ടിക്കാൻ ചില 'അദൃശ്യ കൈകൾ' പ്രവർത്തിക്കുന്നുവെന്ന വാദത്തിന് ഹിജാബ് വിവാദം വെളിപ്പെടുത്തിയ രീതി സാധുത നൽകുന്നു. പലതും വ്യക്തമാക്കേണ്ട ആവശ്യമില്ല. നടന്നുകൊണ്ടിരിക്കുന്ന പോലീസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ ഞങ്ങൾ അഭിപ്രായങ്ങൾ പറയുന്നില്ല. മുദ്രവച്ച കവറിൽ ഞങ്ങൾക്ക് നൽകിയ പോലീസ് പേപ്പറുകളുടെ പകർപ്പുകൾ ഞങ്ങൾ പരിശോധിച്ച് തിരികെ നൽകിയിട്ടുണ്ട്.. ഈ വിഷയത്തിൽ വേഗത്തിലുള്ളതും ഫലപ്രദവുമായ അന്വേഷണം നടന്ന് കാലതാമസം കൂടാതെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ."

പ്രശ്‌നം സൃഷ്ടിച്ചത് ഇസ്‌ലാമിക മതമൗലികവാദികളാണെന്ന ബി.ജെ.പി സംസ്ഥാന സർക്കാരിന്റെ അവകാശവാദം ചോദ്യം ചെയ്യാത്ത നിലപാടാണ് കോടതി സ്വീകരിച്ചതെന്ന് വിധിയിൽ നിന്ന് വ്യക്തമാണ്. സർക്കാർ പറഞ്ഞു:

"ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരമാണ് ഈ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്, കർണാടക വിദ്യാഭ്യാസ നിയമം 1983 പ്രകാരം കർണ്ണാടക സര്ക്കാര് ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം രാജ്യത്തുടനീളം നടക്കുന്നതും ഇന്ത്യയുടെ പുറത്തുമുള്ള സ്വാധീനവും പ്രക്ഷോഭത്തെക്കുറിച്ചും സിബിഐ/എൻഐഎ കൂടാതെ ബഹുമാനപ്പെട്ട കോടതി ഉചിതമാണെന്ന് കരുതുന്ന മറ്റ് അന്വേഷണ ഏജൻസികളോടും സമഗ്രമായ അന്വേഷണം നടത്താൻ നിർദ്ദേശിക്കുന്നു. സൗദി അറേബ്യൻ സർവ്വകലാശാലകളിൽ നിന്ന് ഇന്ത്യയെ ഇസ്ലാമികവത്കരിക്കാനും ഇന്ത്യയിലെ റാഡിക്കൽ ഇസ്‌ലാം മുന്നേറാനും ഫണ്ട് നൽകുന്ന PFI, SIO (സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ), CFI (Campus Front of India) ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര ഇസ്ലാമിക സംഘടനകളുടെ പങ്കാളിത്തം ഉണ്ടോ എന്ന് കണ്ടെത്താനും അത്തരം അന്വേഷണത്തിന്റെ റിപ്പോർട്ട് ഉചിതമായ സമയത്തിനുള്ളിൽ ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിക്കുക. "



നിയമാനുസൃതമായി പ്രവർത്തിക്കുന്ന മുസ്‌ലിം രാഷ്ട്രീയ പാർട്ടികളെ സർക്കാർ പൈശാചികവൽക്കരിക്കുന്നതിനെതിരെ വിമർശനാത്മകമായി ഇടപെടാൻ കോടതി ശ്രമിക്കുന്നില്ല. "സാമൂഹിക അശാന്തിയും പൊരുത്തക്കേടും സൃഷ്ടിക്കുന്ന" "കാണാത്ത കൈകൾ" മനസ്സിലാക്കാൻ അതിന് കഴിയുമെങ്കിൽ, കാണപ്പെടാതിരിക്കാൻ ഒരു ശ്രമവും നടത്താത്ത തീവ്രവാദ ഗ്രൂപ്പുകളെ തിരിച്ചറിയുന്നതിൽ അത് എങ്ങനെ പരാജയപ്പെടും?

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും കാവി ഷാളുകളുടെ തുറന്ന വിതരണവും ഹിന്ദു യുവ വിദ്യാർത്ഥികളെ പ്രകോപിപ്പിക്കുന്നതും ജഡ്ജിമാരെ അലോസരപ്പെടുത്തിയതായി തോന്നുന്നില്ല. ഗവൺമെന്റിന്റെ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് കോടതി വിശ്വാസ്യത നൽകുന്ന സാഹചര്യത്തിൽ, ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന മുസ്‌ലിം സ്ത്രീകളെ ഒരു മുസ്ലീം രാഷ്ട്രീയ സംഘടന പിന്തുണയ്ക്കുന്നത് നിയമവിരുദ്ധമാണോ എന്ന് ചോദിക്കേണ്ടത് പ്രധാനമാണ്.

ജഡ്ജിമാർ ഉദ്ധരിച്ച സാമൂഹിക സ്തംഭനാവസ്ഥയെക്കുറിച്ചുള്ള അതേ അധ്യായത്തിൽ, പേജ് 25 ൽ അംബേദ്കർ സൂചിപ്പിക്കുന്നു.

"ഇന്ത്യൻ മുസ്‌ലിമിൽ മാറ്റങ്ങൾ ഇല്ലാത്തത്തിന് കാരണം ഇന്ത്യയിൽ അദ്ദേഹം വഹിക്കുന്ന സവിശേഷമായ സ്ഥാനമാണ് അന്വേഷിക്കേണ്ടതെന്ന് എനിക്ക് തോന്നുന്നു. പ്രധാനമായും ഹിന്ദുത്വമുള്ള ഒരു സാമൂഹിക ചുറ്റുപാടിലാണ് മുസ്ലിംകൾ ഉള്ളത്. ആ ഹൈന്ദവ പരിതസ്ഥിതി എപ്പോഴും നിശബ്ദമായി അവനിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുന്നു. അത് തന്നെ മുസൽമാൻ അല്ലാതാക്കിയതായി അയാൾക്ക് തോന്നുന്നു. ക്രമേണ ഇതിനെതിരെയുള്ള സംരക്ഷണമെന്ന നിലയിൽ, സമൂഹത്തിന് ഉപകാരപ്രദമാണോ ദോഷകരമാണോ എന്ന് പരിശോധിക്കാൻ ശ്രദ്ധിക്കാതെ ഇസ്ലാമികമായ എല്ലാ കാര്യങ്ങളും സംരക്ഷിക്കാൻ മുസ്ലിം നിർബന്ധിതനാകുന്നു. രണ്ടാമതായി, പ്രധാനമായും ഹിന്ദുക്കളായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇന്ത്യയിലെ മുസ്‌ലിംകൾ താൻ അടിച്ചമർത്തപ്പെടുമെന്ന് ഭയപ്പെടുന്നു…"

മുസ്‌ലിംകൾക്കിടയിലെ അടിച്ചമർത്തപ്പെടുന്ന തോന്നാലിനെ അഭിസംബോധന ചെയ്യാനും അംബേദ്കർ ഇന്ത്യൻ ഭരണഘടനയിൽ അവതരിപ്പിച്ച സാമൂഹികമായ കൂട്ടിപ്പിടിക്കലിന്റെ തത്വങ്ങൾ പ്രയോഗിക്കാനും കർണാടക ഹൈക്കോടതിക്ക് ചരിത്രപരമായ അവസരം ലഭിക്കുകയുണ്ടായി. മുസ്‌ലിം സ്ത്രീകൾക്ക് വൈകാരികവും പ്രതീകാത്മകവുമായ മൂല്യം വഹിക്കുന്ന ഹിജാബിന് ന്യായമായ അവകാശം ഒരുക്കുകയാണെങ്കിൽപ്പോലും, മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ വഴിയിലെ തടസ്സങ്ങൾ നീക്കുന്നതിനുള്ള വഴികൾ അന്വേഷിക്കാൻ അത്തരമൊരു സമീപനം ജഡ്ജിമാരെ അനുവദിക്കുമായിരുന്നു. അവരുടെ വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിന് പകരം, കർണാടകയിലുടനീളം ആയിരക്കണക്കിന് മുസ്‌ലിം സ്ത്രീകൾ ക്ലാസ് മുറികളിൽ നിന്ന് മാറിനിൽക്കുന്നതിനാണ് കോടതി വിധി കാരണമായത്.

ദി ന്യൂസ് മിനിറ്റിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് സുദീപ്തോ മൊണ്ടൽ

വിവർത്തനം : ഫാത്തിമ നൗറിൻ

TAGS :