Quantcast
MediaOne Logo

ഹകീം പെരുമ്പിലാവ്

Published: 15 Feb 2023 10:35 AM GMT

തുര്‍ക്കി-സിറിയ ഭൂകമ്പം: ജീര്‍ണാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്‍ തുടിക്കുമ്പോള്‍

അത്ഭുതകരമെന്നോണം 198 മണിക്കൂറുകള്‍ക്ക് ശേഷവും (ഒന്‍പതാം ദിവസം) ജീവനോടെ ആളുകളെ എടുത്ത് കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്നത്. ദക്ഷിണ തുര്‍ക്കിയിലെ കഹ്രമന്‍മാരാസ് പ്രവശ്യയില്‍ നിന്നാണ് രണ്ട് യുവാക്കളെ ഒന്‍പതാം ദിനത്തില്‍ ജീവനോടെ രക്ഷപ്പെടുത്തിയത്. എട്ടാം ദിനത്തിലും ഏതാനും സ്ത്രീകളെ ജീവനോടെ പുറത്തെടുക്കുന്ന കാഴ്ചക്കും ലോകം സാക്ഷിയാവുകയുണ്ടായി.

തുര്‍ക്കി-സിറിയ ഭൂകമ്പം: ജീര്‍ണാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്‍ തുടിക്കുമ്പോള്‍
X

പുലര്‍ച്ചെ 4:17 നു സീലിംഗ് ഫാന്‍ ആടുന്നത് കണ്ടാണ് ഞങ്ങള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. ഭൂകമ്പമാണെന്ന് പ്രിയതമ പറഞ്ഞെങ്കിലും ഹേയ് അതൊന്നുമാവില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നെയും ഉള്ളില്‍ വലിയ ആശങ്കകള്‍ ബാക്കിയായിരുന്നു. അധികം താമസിയാതെ ഭൂകമ്പത്തെ കുറിച്ച് വിവിധ ഗ്രൂപ്പുകളില്‍ സന്ദേശവും സന്ദേഹവും വന്നു കൊണ്ടിരുന്നു. ഇറാഖിലെ എര്‍ബിലില്‍ ഞങ്ങള്‍ക്ക് അനുഭവപ്പെട്ട ഭൂചലനം റെക്ടര്‍ സെകെയിലില്‍ 4.6 അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍, തുര്‍ക്കി സിറിയ എന്നിവിടങ്ങളിലാണ് ശക്തമായ ഭൂകമ്പം നടന്നതെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ ആളഭായവും വലിയ നാശനഷ്ടങ്ങളും വിതച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. തുടര്‍ചലനങ്ങള്‍ ഭയന്ന് പിന്നീട് എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല. തുര്‍ക്കിയില്‍ നിന്നും പിന്നീട് കേട്ട വാര്‍ത്തകളൊന്നും ശുഭകരമായിരുന്നില്ല. സിറിയ തുര്‍ക്കി എന്നിവിടങ്ങളില്‍ റെക്ടര്‍ സെയിലില്‍ 7.6, 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കണക്കുകള്‍ ഇതെഴുതുമ്പോള്‍ ഇരു രാജ്യങ്ങളിലുമായി 41,000 കവിഞ്ഞു. മരണസംഖ്യ അന്‍പതിനായിരം കവിയുമെന്നാണ് യു.എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തുര്‍ക്കിയില്‍ 36,000 വും സിറിയയില്‍ 5,800 പേരും മരണമടഞ്ഞതായാണ് ഔദ്യോഗികമായ കണക്കുകള്‍. രണ്ട് വലിയ ഭൂചലനങ്ങളും രണ്ടു ഡനനിലധികം തുടര്‍ചലനങ്ങളും വരുത്തിയ നാശനഷ്ടങ്ങള്‍ അതിജീവിക്കുമ്പോള്‍ ലോകം ഒന്നടങ്കം ഇരു രാജ്യങ്ങളോടൊപ്പമുണ്ട് എന്നത് ഏറെ ശുഭകരമാണ്. തുര്‍ക്കിയോടൊപ്പം അയല്‍ രാജ്യങ്ങളായ ഇറാഖ്, ലബനോന്‍, ജോര്‍ദ്ദാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലും നേരിയ പ്രകമ്പനങ്ങള്‍ ഉണ്ടായി.

തുര്‍ക്കിയുടെ വടക്കുകിഴക്കന്‍ ഭാഗത്തേക്കെല്ലാം ഭൂചലനത്തിന്റെ ശക്തമായ പ്രസരണമുണ്ടായിരുന്നു. ഭൂകമ്പ ശാസ്ത്രജ്ഞരുടെ കണക്കുകള്‍ പ്രകാരം 100 കി.മി ചുറ്റളവില്‍ ഇതിന്റെ പ്രകമ്പനമുണ്ടായിട്ടുണ്ട്. കിഴക്കന്‍ തുര്‍ക്കിഷ് നഗരമായ ഗാസിയന്‍ടാപ്പ് ആയിരുന്നു പ്രഭവകേന്ദ്രം. തുര്‍ക്കിയില്‍ മാത്രം രണ്ടേ മുക്കാല്‍ കോടി ജനങ്ങളെയും സിറിയയില്‍ 11 ദശലക്ഷം പേരെയും ഇതിനകം ഭൂകമ്പം നേരിട്ട് ബാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 1939 നു ശേഷം തുര്‍ക്കി കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചത്. ഭൂമിയുടെ അന്തര്‍ഭാഗത്ത് നിലകൊള്ളൂന്ന ഫലകങ്ങള്‍ക്ക് ഇളക്കം തട്ടുകയോ കൂട്ടിമുട്ടുകയോ ചെയ്യുമ്പോഴാണ് ഭൂമികുലുക്കം സംഭവിക്കുന്നത്. ഏഴു വലിയ ഭൂഫലകങ്ങളും എ്ട്ട് ചെറിയ ഭൂഫലങ്ങളുമുണ്ടെന്ന് ഭൂകമ്പശാസ്ത്രം (seismology) പറയുന്നത്. അസ്ഥിര ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഭൂഫലകങ്ങളിലെ ഭ്രംശരേഖകള്‍ അനുസരിച്ച് അതിതീവ്ര മേഖലയിലാണ് തുര്‍ക്കി സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ നിലകൊള്ളുന്നതെന്ന് ശാസ്ത്രീയമായി അടയാളപ്പെടുത്തിയിട്ടുണ്ട്. അറേബ്യന്‍ ഫലകവും അനത്തോളിയന്‍ ഫലകവും സംഗമിക്കുന്ന പ്രദേശമാണിത്. ലോകത്തിന്റെ പല കോണുകളിലൂടെ കടന്നുപോകുന്ന ഭ്രംശരേഖകള്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ അതത് ഭരണകൂടങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു.


ദുരന്തം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ കരളലിയിക്കുന്ന കാഴ്ച്ചകളാണ് ഇരുരാജ്യങ്ങളില്‍ നിന്നും കണ്ടുകൊണ്ടിരിക്കുന്നത്. ജീര്‍ണാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ജീവന്റെ തുടിപ്പുകള്‍ സഹായം കേഴുകയാണ്. രക്ഷപ്പെടുത്തുവാനും മരിച്ചവരെ കണ്ടെടുക്കാനും സന്നദ്ധ സംഘടനകള്‍ മണ്ണുമാന്ത്രി യന്ത്രങ്ങളുമായി അക്ഷീണപരിശ്രമം നടത്തുകയാണ്. മനുഷ്യന്‍ അനുഭവിക്കാവുന്നതില്‍ ഏറ്റവും വലിയ ദുരന്തത്തിനു സാക്ഷിയായി പകുതി ജീവനോടെ ഭൂകമ്പത്തെ അതിജീവിച്ച അനേകായിരങ്ങള്‍; മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് ജീവന്‍ ബാക്കിയായവര്‍, ഉറ്റവര്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ആയിരങ്ങള്‍. ഉറ്റവരോടൊപ്പം ഉള്ളതെല്ലാം നിമിഷാര്‍ധങ്ങള്‍ കൊണ്ട് നഷ്ടപ്പെടുകയും ജീവിതം ചോദ്യചിഹ്നമായി മാറുകയും ചെയ്ത കുരുന്നുകള്‍; നൊടിയിടയില്‍ ജീവനും കൊണ്ടോടി ഇപ്പോള്‍ ടെന്റുകളിലും സ്‌കൂളുകളിലും കഴിയുന്ന ജീവിതം വഴിയാധാരമായ ലക്ഷക്കണക്കിനാളുകള്‍. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒട്ടേറെ കുടുംബങ്ങളെ ഇതുവരെ ജീവനോടെയും അല്ലാതെയും എടുക്കാനായി. എന്നാല്‍, ദിവസം ഓരോന്ന് കഴിയുംതോറും ജീവനോടെ രക്ഷിക്കാവുന്നതിന്റെ സാധ്യതകള്‍ മങ്ങുകയായിരുന്നു.

തുര്‍ക്കി സിറിയ എന്നീരാജ്യങ്ങളില്‍ കൊടും തണുപ്പ് കാലമാണിപ്പോള്‍. മഞ്ഞും മഴയും മാറിമാറി വരുന്നതിനിടയില്‍ തണുപ്പ് പുതച്ച കാറ്റുമുണ്ട്. ചിലയിടങ്ങളില്‍ മൈനസ് ഒന്‍പതുവരെ താപനിലയുള്ളതിനാല്‍ ഹീറ്റര്‍ സഹായത്തോടെയല്ലാതെ വീടുകളില്‍ പോലും ജീവിക്കാന്‍ പ്രയാസമാണ്. ഭൂകമ്പം നടക്കുന്ന സമയത്ത് ഭയം കൊണ്ട് പെരുവഴിയിലേക്കെടുത്ത് ചാടിയവര്‍ മഞ്ഞും മഴയുമൊന്നും വകവെക്കാതെ ജീവനും കൊണ്ടോടുകയായിരുന്നു. തണുത്ത് വിറക്കുന്ന കാലാവസ്ഥയിലും കല്‍കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നും നഷ്ടപ്പെട്ട് പോയെന്ന് കരുതിയ എത്രയെത്ര ജീവനുകളാണ് രക്ഷാപ്രവര്‍ത്തകര്‍ ഇതിനകം പെറുക്കിയെടുത്തത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച ഓരോ മണിക്കൂറിലും അത്ഭുതങ്ങള്‍ക്ക് സാക്ഷിയാവുകയായിരുന്നു. ഒന്നുമറിയാത്ത മട്ടില്‍ ഒളിച്ച് കളിയില്‍ നിന്ന് പുറത്തേക്ക് വരുന്ന പോലെ ചിരിച്ച് വരുന്ന കുഞ്ഞുങ്ങള്‍, ജീവിതം അപായത്തിലാണെന്ന് തിരിച്ചറിഞ്ഞ് പ്രാര്‍ഥിച്ചും കരഞ്ഞും കഴിച്ചുകൂട്ടിയ മണിക്കൂറുകളും ദിവസങ്ങളും ഓര്‍ത്ത് പാതിമുക്കാലും ഇടിഞ്ഞുവീണ കെട്ടിടക്കൂമ്പാരത്തില്‍ നിന്നും രക്ഷപ്പെട്ട് ഒന്നുകില്‍ ദൈവത്തെ വിളിച്ച് അല്ലെങ്കില്‍ അമ്മയെ വിളിച്ച് പുറത്തേക്ക് വരുന്നവരുടെ കാഴ്ച്ചകള്‍ക്ക് മുന്നില്‍ ലോകം കൈകൂപ്പി നില്‍കുക്കയായിരുന്നു.

അത്ഭുതകരമെന്നോണം 198 മണിക്കൂറുകള്‍ക്ക് ശേഷവും (ഒമ്പതാം ദിവസം) ജീവനോടെ ആളുകളെ എടുത്ത് കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ഏറ്റവും ഒടുവില്‍ നമുക്ക് ലഭിച്ചത്. ദക്ഷിണ തുര്‍ക്കിയിലെ കഹ്രമന്‍മാരാസ് പ്രവശ്യയില്‍ നിന്നാണ് രണ്ട് യുവാക്കളെ ഒമ്പതാം ദിനത്തില്‍ ജീവനോടെ രക്ഷപ്പെടുത്തിയത്. എട്ടാം ദിനത്തിലും ഏതാനും സ്ത്രീകളെ ജീവനോടെ പുറത്തെടുക്കുന്ന കാഴ്ചക്കും ലോകം സാക്ഷിയാവുകയുണ്ടായി. പ്രതീക്ഷയുടെ നാമ്പുകള്‍ ഇനിയും അവസാനിച്ചിട്ടില്ല എന്നര്‍ഥം. രക്ഷരക്ഷപ്പെടുത്തിയവരില്‍ ജീവന്റെ തുടിപ്പുകള്‍ ബാക്കിയുള്ളവരെയെല്ലാം ഉചിതമായ ചികിത്സക്കായി ആശുപത്രികളിലേക്ക് നീക്കുന്നുണ്ട്. ലോകത്തുടനീളമുള്ള 10,000 പേര്‍ വൈദ്യസഹായത്തിനായി തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനം സുഖമമാക്കാന്‍ 10 പ്രവശ്യകളില്‍ തുര്‍ക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ദേശീയ അടിയന്തര ഏജന്‍സിയുടെ കീഴില്‍ 92,000 ടെന്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ തദ്ദേശീയരും വിദേശീയരുമായ ഒരു ലക്ഷത്തോളം പേര്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ 24ല്‍ അധികം രാജ്യങ്ങള്‍ തുര്‍ക്കിയിലേക്ക് സേനയേയും സാധന സാമഗ്രികളും അയച്ചു. യൂറോപ്യന്‍ യൂണിയനും ഐക്യരഷ്ട്ര സഭയും ദുരന്തം നടന്നയുടന്‍ ധനസഹായവും മറ്റും പ്രഖ്യാപിക്കുകയുണ്ടായി. ഖത്തര്‍ അമീര്‍ സഹായവുമായി തുര്‍ക്കിയില്‍ നേരിട്ടെത്തി ഐക്യദാര്‍ഢ്യമറിയിച്ചു. യു.എ.ഇ സൗദി, ബഹറൈന്‍, ഒമാന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളും വന്‍ സഹായമാണ് ഇരു രാജ്യങ്ങളിലേക്കും അയച്ചത്. തുര്‍ക്കിയിലെ ഗാസിയന്റാപ്പ് ഹത്തായ് സുദര്‍ഗി മരാഷ് മേഖലകളെയാണ് ഭൂകമ്പം നാശം വിതച്ചത്.

രാഷ്ട്ര പുനര്‍നിര്‍മാണ സാധ്യതകള്‍

ഇരു രാജ്യങ്ങള്‍ക്കുമുന്നിലുള്ള പ്രഥമ പരിഗണന പരുക്കേറ്റ ജനങ്ങളുടെ ചികിത്സയും രക്ഷപ്പെട്ടവരുടെ മാന്യമായ പുനരധിവാസവുമാണ്. അവശ്യദുരിതാശ്വാസത്തിനു ലോകത്തുടനീളമുള്ള രാജ്യങ്ങളുടെ സഹായവുമുണ്ടാകുമെങ്കിലും രാഷ്ട്ര പുനര്‍നിമാണപ്രക്രിയ ഓരോ രാജ്യത്തെയും ഭരണകൂടം ഏറ്റെടുത്ത് നടത്തേണ്ടതുണ്ട്. തുര്‍ക്കിയിലെ ഒരു സ്വകാര്യ ഏജന്‍സിയുടെ അനുമാന പ്രകാരം തുര്‍ക്കിയിലെ നഗരങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ഏതാണ്ട് 84 ബില്യണ്‍ ഡോളര്‍ ചെലവാണ് കണക്കാക്കുന്നത്. 1999-ലെ 17000 ആളുകള്‍ മരിച്ചുവെന്ന് കണക്കാക്കുന്ന ഭൂകമ്പത്തില്‍ നിന്നും രാജ്യത്തെ തിരിച്ചുകൊണ്ടുവരാന്‍ 51 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. തുര്‍ക്കിക്ക് 1.8 ബില്ല്യണ്‍ ഡോളര്‍ ലോകബാങ്ക് സഹായമായി (കടം) നല്‍കുമെന്ന് അറിയിച്ചപ്പോള്‍ സിറിയക്ക് ഈ വകുപ്പില്‍ ഫണ്ടുകള്‍ ഒന്നും അനുവദിച്ചില്ല, സഹായ ധനത്തിനു ശ്രമിക്കുമെന്ന് മാത്രമേ പറയുന്നുള്ളൂ, തിരിച്ചടക്കാനുള്ള ശേഷി പരിഗണിച്ചാവും ഈ തീരുമാനം. അതേസമയം യൂറോപ്യന്‍ യൂണിയന്‍ മൂന്നര ലക്ഷം യൂറോ സഹായമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ദുരിതമനുഭവിക്കുന്ന സിറിയയെ എങ്ങനെ പുനര്‍നിര്‍മിക്കണമെന്ന് അവിടെത്തെ ഭരണകൂടത്തിനു പോലും വേണ്ടത്ര നിശ്ചയമില്ല. വീണ്ടും തീരാദുരിതത്തിലേക്ക് പോവുകയല്ലാതെ മറ്റുവഴികളൊന്നും സിറിയയുടെ മുന്നില്‍ ഇപ്പോഴില്ല.

തുര്‍ക്കിയെ അപേക്ഷിച്ച് സിറിയക്ക് യു.എന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും താരതമ്യേനെ കുറഞ്ഞ സഹായമാണെത്തുന്നത്. സിറിയന്‍ നഗരങ്ങളായ അലപ്പൊ, ഹമ, ലതാക്യ ടാര്‍ട്ടൊസ് പ്രദേശങ്ങളെയാണ് ഭൂചലനം ശക്തമായി ബാധിച്ചത്. വിമത മേഖലയില്‍ ഇനിയും സഹായമെത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ പോലും സമ്മതിക്കുന്നുമുണ്ട്. ഇനിയുമെത്താത്ത സഹായ ഹസ്തങ്ങള്‍ക്കാണ് വടക്ക് പടിഞ്ഞാറന്‍ സിറിയന്‍ പ്രദേശങ്ങള്‍ കാത്തിരിക്കുന്നതെന്ന് യു.എന്‍ വാക്താവ് മാര്‍ട്ടിന്‍ ഗ്രിഫിത്ത് വെളിപ്പെടുത്തിയിരുന്നു. ഇദ്‌ലീബില്‍ യു.എന്നിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുകയുണ്ടായി. ഭൂകമ്പം ശക്തമായി ബാധിച്ച 10 ലക്ഷം ജനസംഖ്യയുള്ള സിറിയന്‍ നഗരമായ അലപ്പോവില്‍ 30,000 ആളുകള്‍ സ്‌കൂളുകളിലും പള്ളികളിലും കഴിയുമ്പോള്‍ ബാക്കിയുള്ള 70,000 ആളുകള്‍ പെരുവഴിയിലും പാര്‍പ്പിടമില്ലാതെ തണുപ്പിലും കഴിയുന്നുവെന്നത് ഏറെ പരിതാപകരമാണ്. ഭരണകൂടവും വിമതരും ഏറ്റുമുട്ടുന്ന പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതിലുള്ള കെട്ടികുടുക്കുകള്‍ നീക്കണമെന്ന് ജനങ്ങള്‍ ആവശ്യമുന്നയിച്ചിട്ടും ഇതുവരെയും ഫലമുണ്ടായില്ല. എന്നാല്‍, ഐക്യരാഷ്ട സഭയും യൂറോപ്യന്‍ യൂണിയനും സിറിയന്‍ ഭരണകൂടവുമായി സഹകരിച്ച് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നത് മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വാസം. തുര്‍ക്കിയെ പോലെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായവും സിറിയക്ക് ലഭിക്കുമെങ്കിലും അത് മുഴുവന്‍ ദുരന്തബാധിതരായ മുഴുവന്‍ ആളുകളിലേക്കും എത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. 1979 മുതല്‍ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്ന രാജ്യമാണ് സിറിയ. ദുരന്ത മേഖലയില്‍ ആവശ്യമായ മനുഷ്യസഹായം ലഭ്യമാക്കുന്നതിനു വേണ്ടി എല്ലാ ഉപരോധങ്ങളും നീക്കണമെന്ന സിറിയന്‍ ഭരണകൂടം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആറുമാസത്തേക്ക് ഭൂകമ്പവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമായി ഉപരോധം മരവിപ്പിച്ചു കൊണ്ട് ഈ ആവശ്യം അമേരിക്ക പരിഗണിക്കുകയുണ്ടായെന്നതും ശുഭോദര്‍ക്കമാണ്.

കേടുപാടില്ലാത്ത പൈതൃക നഗരികള്‍

യുനെസ്‌കൊ അടയാളപ്പെടുത്തിയ പുരാവസ്തു കേന്ദ്രങ്ങളും പൈതൃക നഗരികളും കൂടുതലുള്ള രാജ്യമാണ് തുര്‍ക്കി. വമ്പന്‍ നാശനഷ്ടങ്ങള്‍ വിതച്ച ഈ ഭൂകമ്പത്തില്‍ തുര്‍ക്കിയിലെ അതിപുരാതന പൈതൃകം എന്ന് കരുതുന്ന ഗോപ്കാലിടെപ്പ് അതിസാഹസികമായാണ് രക്ഷപ്പെട്ടത്. സാന്‍ലിയുര്‍ഫയില്‍ നിന്നും വെറും 15 കിലോമീറ്റര്‍ അകലത്തിലാണ് ഈ പൈതൃക നഗരി. ദീര്‍ഘവൃത്താകൃതിയിലുള്ള ചുമരുകളും 200 ഓളം പ്രത്യേക നിര്‍മിത കല്ലുകള്‍ പതിച്ച ഭീമന്‍ സ്തൂപങ്ങളും പുരാതന മഹാശിലാ നിര്‍മിത കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്ന, യുനെസ്‌കോ അംഗീകൃത പൈതൃക നഗരിക്ക് യാതൊരു കേടുപാടുകളുമില്ലാതെ രക്ഷപ്പെടുകയായിരുന്നു എന്ന് യുനെസ്‌കോ അധികൃതര്‍ വ്യക്തമാക്കി. 2022 ല്‍ 8.5 ലക്ഷം ആളുകള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. തുര്‍ക്കിയുടെ വടക്ക് ഭാഗത്തുള്ള അര്‍സലാന്‍ടെപ്പ് കോട്ടക്ക് ചെറിയ പരുക്കുകള്‍ മാത്രമാണുണ്ടായത്. സംഭവസ്ഥലത്തു നിന്നും 64 കിമി ദൂരമാണു ഈ കോട്ടയിലേക്കുള്ളത്. ഇവക്ക് പുറമെ മറ്റു 12 ഓളം പുരാവസ്തു കേന്ദ്രങ്ങളും ഈ പരിസരങ്ങളിലുണ്ട്. ഇതില്‍ രണ്ടെണ്ണം (നമ്രൂദ് മലയും ദിയാര്‍ബാകിര്‍ കോട്ടയും) യുനസ്‌കോ അംഗീകൃത കേന്ദ്രങ്ങളാണ്. ഈ കേന്ദ്രങ്ങളിലെല്ലാം സ്ഥിതിഗതികള്‍ മുഴുവന്‍ വിലയിരുത്തി വരുന്നതേയുള്ളൂവെന്നാണ് അതികൃതര്‍ പറയുന്നത്. ചില കേന്ദ്രങ്ങള്‍ക്ക് കേടുപാടുകളുണ്ട്. ദുരന്തം ബാധിച്ച സാംസ്‌കാരിക സമുച്ചയങ്ങള്‍ കണ്ടെത്തിവരികയാണെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചിരുന്നു.


ജീവിതം നശ്വരമാണെന്ന പാഠമാണ് ഓരോ ഭൂകമ്പങ്ങളും മനുഷ്യരെ വീണ്ടും ഓര്‍മപ്പെടുത്തുന്നത്. മനുഷ്യന്റെ കരങ്ങളില്‍ ഒന്നും സ്ഥായിയല്ലെന്ന ബോധ്യവും ദുരന്തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. മുന്‍കരുതലുകള്‍ പോലും താല്‍ക്കാലികമാണ് എന്ന പാഠം നമ്മുടെ മുന്നിലുണ്ടാകണം. ഭൂകമ്പങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനാകുമെന്ന് ഇതുവരെയും ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. അതേസമയം ഏതു പതനങ്ങള്‍കൊടുവിലും ഒരു പുനരെഴുനേല്‍പ്പുണ്ടാകുമെന്നത് ചരിത്ര സാക്ഷ്യമാണ്. അതിനാല്‍, പരീക്ഷണങ്ങളെ വെല്ലുവിളിയായി എടുക്കാനുള്ള ആര്‍ജ്ജവം ഉണ്ടാക്കിയെടുത്തേ മതിയാകു. ഓരോ രാജ്യത്തും ദുരന്തനിവാരണ വകുപ്പുകള്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ട്. പ്രതിസന്ധി നിയന്ത്രണത്തില്‍ (Crisis Management) പരിശീലനം നേടിയവര്‍ കൂടുതല്‍ സജ്ജരാകണം. വിവിധ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ബോധവത്കരിക്കേണ്ടതുണ്ട്. അതതു രാജ്യത്തെ സാധ്യതകളും മുന്നൊരുക്കങ്ങളും മുന്‍കൂട്ടി പഠിക്കുകയും നിര്‍ണയിക്കുകയും ചെയ്യേണ്ടതുണ്ട്. പാരിസ്ഥിതിക വിഷയങ്ങളില്‍ നേരായ അവബോധവും കൃത്യമായ പരിശീലനവും നല്‍കുന്നതിനു ഭരണകൂടങ്ങള്‍ മുഖ്യ പരിഗണന നല്‍കേണ്ടതുമുണ്ട്. ഈ ദുരന്തം അതിജയിക്കുവാന്‍ ഇരു രാജ്യങ്ങള്‍ സാധ്യമാകട്ടെയെന്ന് ലോകം മുഴുവന്‍ ഒരു പോലെ പ്രത്യാശിക്കുകയാണ്.TAGS :