Quantcast
MediaOne Logo

ഷംല മുസ്തഫ

Published: 10 Nov 2023 2:35 PM GMT

'ഗസ്സ: പോരാളികളുടെ പറുദീസ'; ഫലസ്തീന്‍ ജനതയുടെ ജീവിതവും പോരാട്ടവും

സി. ദാവൂദ് എഴുതിയ 'ഗസ്സ: പോരാളികളുടെ പറുദീസ' യാത്രാവിവരണ പുസ്തകത്തിന്റെ വായന.

ഗസ്സ: പോരാളികളുടെ പറുദീസ
X

ഇസ്രായേല്‍ അധിനിവേശത്തിനെതിരെ നിരന്തരം പോരാടുന്ന ചരിത്രഭൂമിയായ ഗസ്സയിലൂടെയുള്ള യാത്രനുഭവങ്ങളുടെ ചുരുക്കെഴുത്താണ് 'ഗസ്സ: പോരാളികളുടെ പറുദീസ' എന്ന യാത്രാവിവരണ പുസ്തകം. മാധ്യമപ്രവര്‍ത്തകനും മീഡിയവണ്‍ മാനേജിങ് എഡിറ്ററുമായ സി.ദാവൂദ് 2013 ല്‍ രചിച്ച ഈ പുസ്തകം, കാലങ്ങളായി നേരിടുന്ന ഉപരോധങ്ങളിലും കനത്ത ബോംബാക്രമണങ്ങളിലും തളരാതെ പ്രതിസന്ധികളെ അതിജീവിക്കുന്ന ജനതയിലേക്കുള്ള നേര്‍കാഴ്ചയാണ്.

2006 ല്‍ ഹമാസ് പ്രസ്ഥാനം ഭരണത്തില്‍ വന്നത് മുതല്‍ കടുത്ത ഉപരോധം നേരിടേണ്ടി വന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ജീവിതാവശ്യങ്ങള്‍ മുഴുവന്‍ നിഷേധിക്കപ്പെട്ടു. എന്നിട്ടും പരാതിയോ പരിഭവമോ ഇല്ലാതെ പ്രതിരോധത്തിന്റെ, ആത്മാഭിമാനത്തിന്റെ, സ്‌നേഹത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ, അതിജീവനത്തിന്റെ, സ്വപ്നങ്ങളുടെ അനന്തമായ ഭൂമിക അവിടെ നിലകൊണ്ടു. കര, കടല്‍ മാര്‍ഗങ്ങള്‍ വഴി തേടിവന്ന സഹായങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടും ഗസ്സ -ഈജിപ്ത് അതിര്‍ത്തിയിലെ ഏകവാതിലായ റഫഹ് അവര്‍ക്ക് മുന്നില്‍ കൊട്ടിയടച്ചു കൊണ്ടും ഗസ്സയിലെ മനുഷ്യജീവിതം കടുത്ത ഉപരോധത്തിലാക്കി. ചെക്ക് പോയിന്റുകള്‍ ഇസ്രായേലിന്റെ പ്രധാനപ്പെട്ടൊരു യുദ്ധോപകരണമായി. തന്റേതായ ഇടങ്ങളിലേക്കും മനുഷ്യരിലേക്കും എന്തിന് ആശുപത്രിയിലേക്ക് പോകാന്‍ പോലും എങ്ങു നിന്നോ വന്ന അധിനിവേശ സൈനികരുടെ ഔദാര്യം കാത്തുനില്‍ക്കേണ്ടി വരുന്നതിന്റെ അപമാനം ആവോളമവര്‍ അനുഭവിച്ചു. മരണത്തിന്റെയും ജനനത്തിന്റെയും കാത്തിരിപ്പു കേന്ദ്രങ്ങളായി ചെക്ക് പോയിന്റുകള്‍ മാറി. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭവും ചെക്ക് പോയന്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ജനതയുടെ വേദന നിസ്സാരമല്ല.

ബോംബിട്ട് തകര്‍ക്കപ്പെട്ട വിസ്തൃതമായ യാസര്‍ അറഫാത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ അവശിഷ്ടങ്ങള്‍ ഫലസ്തീനിന്റെ രാഷ്ട്രരൂപീകരണത്തിനെ അടിച്ചമര്‍ത്തുന്നതിന്റെ അടയാളങ്ങളായി ഇന്നും അവിടെ നിലകൊള്ളുന്നു. മറ്റൊരു രാജ്യത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യപ്പെടേണ്ടി വന്ന ഫലസ്തീന്‍ എയര്‍ലൈന്‍സ് ലോകത്തിലെ അപൂര്‍വ്വമായ അനുഭവമായി മാറിയതും അങ്ങനെയാണ്.


ഒരു ജനസഞ്ചയം പൊടുന്നനെ ഒരു ജയില്‍സമൂഹമായി മാറിയപ്പോള്‍ ജീവിക്കാനാവശ്യമായ വസ്തുക്കള്‍ കൊണ്ട് വരാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ഭൂമിക്കടിയിലൂടെ അവര്‍ തുരങ്കങ്ങള്‍ നിര്‍മിച്ചു. അതുവഴി ഇസ്രായേലിന്റെ മാത്രമല്ല ഈജിപ്ത്യന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ക്കും ഇരയാകേണ്ടി വന്നു. മണ്ണിടിഞ്ഞും തുരങ്കങ്ങള്‍ ബോംബിട്ട് തകര്‍ത്തും വെള്ളം കടത്തിവിട്ടും ആളുകള്‍ മരണപ്പെട്ടു. പക്ഷെ അതുകൊണ്ടൊന്നും അവരുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ കഴിഞ്ഞില്ല.ജീവിച്ചിരിക്കേണ്ട ആവശ്യകത ഒന്ന് കൊണ്ട് മാത്രം വീണ്ടും അവര്‍ തുരങ്കങ്ങള്‍ നിര്‍മ്മിക്കുകയും സാധനങ്ങള്‍ കടത്തുകയും ചെയ്തു.

ജന്മനാടിന് വേണ്ടി മൂന്ന് മക്കളെ രക്തസാക്ഷിത്വത്തിലേക്ക് പറഞ്ഞയച്ച മര്‍യം ഫര്‍ഹത്ത് എന്ന ധീരവനിതയുടെ അചഞ്ചല മനസ്സ്, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന അവരുടെ പോരാട്ടാവീര്യം വിളിച്ചോതുന്നു.

ഹന്‍ദല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെ പ്രതിഷേധം കാഴ്ചവെച്ച നാജി അലിയും 'തകര്‍ക്കപ്പെട്ട അഞ്ചു ക്യാമറകള്‍' എന്ന ഡോക്യൂമെന്ററി ഫിലിമിലൂടെ (സുഡാനി ഫിലിം ഫെസ്റ്റിവല്‍ മികച്ച ഡോക്യൂമെന്ററി, ഓസ്‌കാര്‍ നോമിനേഷന്‍) ഇമാദ് എന്ന കര്‍ഷകനും ചോരയുടെ പേമാരിക്കിടയിലും സര്‍ഗത്മകതയിലൂടെ പ്രതിരോധത്തിന്റെ വിവിധ മുഖങ്ങള്‍ കാണിച്ചു തരുന്നു.

തുല്യാവകാശമുള്ള ജനാധിപത്യരാജ്യമായാല്‍ ജനസംഖ്യയില്‍ മുന്നിട്ട് നില്‍ക്കുന്ന ഫലസ്തീനികള്‍ ഭൂരിപക്ഷമാകും എന്നറിയുന്ന ഇസ്രായേല്‍, യുദ്ധം ചെയ്ത് ഫലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു. അത്‌കൊണ്ട് തന്നെ പ്രതിരോധത്തിന്റെ പാഠങ്ങള്‍ കുഞ്ഞുങ്ങള്‍ പഠിക്കേണ്ടതായി വരുന്നു. യുദ്ധത്തിന്റെ വേദനകളും ദുരിതങ്ങളും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അവരാണ്. യുദ്ധത്തിന്റെ ഭയാനകത സൃഷ്ടിക്കുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങളാല്‍ ശേഷിച്ച ജീവിതം ജീവിച്ചു തീര്‍ക്കേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ നിരവധിയാണ്.

ഗസ്സയില്‍ ജീവിക്കുക എന്നത് തന്നെ വലിയൊരു സമരവും പോരാട്ടാവുമാണ്. രക്തസാക്ഷിത്തം ഗസ്സജീവിതത്തിന്റെ ദിനചര്യയുടെ ഭാഗമാണ്. ഇസ്മായില്‍ ഹനിയ്യ, ഖാലിദ് മിശ്അല്‍, അഹ്മദ് ജഅബരി, ഷെയ്ഖ് യാസീന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ഫലസ്തീനില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.

ഇത്രയും ഭീകരമായ അക്രമണങ്ങള്‍ക്ക് ശേഷവും വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗസ്സ അവരുടെ അഭിമാനചിഹ്നമാണ്. ഇസ്രായേലിന്റെ വ്യോമക്രമണത്തില്‍ തകര്‍ന്നിട്ടും വീണ്ടും പുതുക്കി പണിത് യുദ്ധഭൂമിയിലെ സര്‍വകലാശാല മികച്ചൊരു പ്രതിരോധപ്രവര്‍ത്തനമായി നിലകൊള്ളുന്നു.

ഒരു മുറിവ് ഉണങ്ങുന്നതിന് മുന്‍പ് മറ്റൊരു മുറിവ് അതിനെ വന്നു മൂടുന്നതാണ് ഫലസ്തീനിലെ ജീവിതം. എന്നിട്ടും പോരാട്ടവീര്യം കൈവിടാത്ത അവിടുത്തെ ജനതയുടെ നേര്‍സാക്ഷ്യമായ ഈ പുസ്തകം ഒരു നെടുവീര്‍പ്പോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവില്ല.

TAGS :