Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 23 Dec 2022 2:45 PM GMT

നെഹ്‌റുവിനേക്കാള്‍ വെറുക്കപ്പെട്ട ജിന്ന; സത്യവും മിഥ്യയും

മഹാത്മാഗാന്ധിയുടെ നിലപാടുകളുമായി ഉണ്ടായിരുന്ന കടുത്ത വിയോജിപ്പിനെ തുടര്‍ന്നാണ് ജിന്ന കോണ്‍ഗ്രസ് വിടുന്നത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഹിന്ദുക്കളെയും മുസ്‌ലിംകളെയും ദേശീയപ്രസ്ഥാനത്തിലേക്ക് അടുപ്പിക്കുക എന്ന ഗാന്ധിയന്‍ രീതിയോട് ജിന്നയുടെ മതേതര കാഴ്ച പ്പാടുകള്‍ക്ക് യോജിക്കാനായില്ല. രാമരാജ്യ സങ്കല്പത്തോട് എന്നത് പോലെ ഖിലാഫത്തിനോടും ഇടഞ്ഞു നിന്ന ജിന്ന ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ മതമുദ്രകളോടുള്ള ഉദാരസമീപനത്തെ നാശത്തിലേക്കുള്ള പോക്കായി കണ്ടു. |TheFourthEye

നെഹ്‌റുവിനേക്കാള്‍ വെറുക്കപ്പെട്ട ജിന്ന; സത്യവും മിഥ്യയും
X

സംഘ്പരിവാര്‍ ഭരിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ നെഹ്‌റുവിനേക്കാളേറെ വെറുക്കപ്പെടുകയും പഴി കേള്‍ക്കേണ്ടിവരികയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവുണ്ടോ? ഇല്ല എന്നാവും മിക്കവരുടെയും അഭിപ്രായം. എന്നാല്‍, നെഹ്‌റുവിനേക്കാള്‍ ഹിന്ദുത്വവാദികളുടെ ആക്രോശത്തിന് പാത്രീഭവവിച്ചിട്ടുള്ള ഒരാളുണ്ട്. മരണത്തിന് ഏഴര പതിറ്റാണ്ടുകള്‍ക്ക് ശേഷവും ശരാശരി ഇന്ത്യാക്കാരന്റെ വിദ്വേഷവും അവഹേളനവും മാത്രം ഏറ്റുവാങ്ങുന്ന ആ നേതാവാണ് പാകിസ്ഥാന്‍ സ്ഥാപകനായ മുഹമ്മദാലി ജിന്ന.

നെഹ്‌റുവിനോടുള്ള പകയും വെറുപ്പും ഹിന്ദുത്വവലതു പക്ഷത്തില്‍ മാത്രമായി ഒതുങ്ങുമ്പോള്‍ ജിന്നയെ വെറുക്കുകയും ഒരു മതഭ്രാന്തനായി ചിത്രീകരിയ്ക്കുകയും ചെയ്യേണ്ടത് ഇന്നത്തെ ഇന്ത്യയിലെ ഏതൊരു ദേശസ്‌നേഹിയുടെയും മിനിമം ബാധ്യതയായി മാറിയിരിയ്ക്കുന്നു. ജിന്ന ഹിന്ദുവിരോധിയും ഇന്ത്യാവിരുദ്ധനുമായ ഒരു തീവ്രഇസ്‌ലാമിസ്റ്റ് ആയിരുന്നു എന്ന വിലയിരുത്തല്‍ എത്ര മാത്രം നീതിയുക്തമാണ്? വരുന്ന ക്രിസ്തുമസ് ദിനത്തില്‍ ജിന്നയുടെ നൂറ്റിനാല്‍പത്തിയാറാം ജന്മവാര്‍ഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ സമഗ്രമായി വിലയിരുത്താനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

രാജ്യത്തെ ദലിതര്‍ക്ക് പ്രത്യേക ഇലക്ടറേറ്റ് എന്ന ഡോ. അംബേദ്കര്‍ മുന്നോട്ട് വെച്ച ആശയത്തെ സാക്ഷാല്‍ മഹാത്മാഗാന്ധി തന്നെ തുറന്നെതിര്‍ക്കുകയും ആവശ്യം ഉപേക്ഷിക്കാത്തപക്ഷം താന്‍ നിരാഹാരം കിടന്ന് മരിയ്ക്കുമെന്ന് ഒരു വിലപേശലിന്റെ സ്വഭാവത്തോടെ ശാഠ്യം പിടിയ്ക്കുകയും ചെയ്തതോടെ നിവൃത്തിയില്ലാതെ അംബേദ്കര്‍ക്ക് പിന്നോട്ട് പോകേണ്ടി വന്നതോടെയാണ് Poona Pact ഉണ്ടാവുന്നത്.

മാതൃരാജ്യത്തെ രണ്ടായി വിഭജിച്ച് പാകിസ്ഥാന്‍ എന്നൊരു ഇസ്‌ലാമിക രാഷ്ട്രത്തിന് ജന്മം നല്‍കിയ ജിന്നയെ കണ്ണുംപൂട്ടി രാജ്യദ്രോഹിയും ഹിന്ദുഫോബുമായി മുദ്രകുത്തി ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളേണ്ടത് സംഘ്പരിവാറിന്റെ ആവശ്യമാണ്. മുസ്‌ലിംകളെ രാജ്യത്തോട് കൂറില്ലാത്ത ഒറ്റുകാരും ഭീകരവാദികളുമായി ഇകഴ്ത്തി തങ്ങളുടെ വംശീയ രാഷ്ട്രീയത്തിന് ഇന്ധനം പകരാനായി ഈ ജിന്നാവിരുദ്ധതയെ അവര്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നന്നായി ഉപയോഗിച്ചു വരുന്നതാണ്. എന്നാല്‍, ഇപ്രകാരമുള്ള ഒരു എക്‌സ്ട്രീം നറേറ്റിവ് ഒരേസമയം അപക്വവും അസംബന്ധവുമാണെന്ന് ചരിത്രത്തിന്റെ നിക്ഷ്പക്ഷ പഠനത്തില്‍ മനസ്സിലാക്കാവുന്നതാണ്.


ജിന്നയുടെ രാഷ്ട്രീയ വ്യക്തിത്വത്തെ നാം രണ്ടായി വേര്‍തിരിച്ചു പഠിയ്ക്കേണ്ടതുണ്ട് എന്നതാണ് അദ്ദേഹത്തെപ്പറ്റിയുള്ള എന്റെ ആദ്യ ബോധ്യം. 1920കളുടെ മധ്യത്തില്‍ ഇന്ത്യ വിടുന്നതു വരെയുള്ള ജിന്നയെ പൂര്‍ണ്ണമായും ഒഴിവാക്കി 1935ല്‍ തിരികെയെത്തിയ ജിന്നയെ മാത്രം സെലക്ടീവായി കൊണ്ടാടുകയെന്നതാണ് ഇന്ത്യയില്‍ പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ള രീതി. ജിന്നയെപ്പറ്റിയുള്ള അപഗ്രഥനങ്ങളില്‍ കാലഘട്ടത്തിന്റെ രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി അദ്ദേഹത്തിന്റെ നിലപാടുകളെ മുന്‍വിധികളുടെ വെളിച്ചത്തില്‍ അവതരിപ്പിക്കുക എന്നത് സംഘ്പരിവാറുകാര്‍ മാത്രമല്ല രാജ്യത്തോട് കൂറുള്ള ഏതൊരു ഇന്ത്യക്കാരന്റെയും കര്‍ത്തവ്യമായി മാറിയിരിയ്ക്കുന്നു.

മഹാത്മാഗാന്ധിയുടെ നിലപാടുകളുമായി ഉണ്ടായിരുന്ന കടുത്ത വിയോജിപ്പിനെ തുടര്‍ന്നാണ് ജിന്ന കോണ്‍ഗ്രസ് വിടുന്നത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഹിന്ദുക്കളെയും മുസ്‌ലിംകളെയും ദേശീയപ്രസ്ഥാനത്തിലേക്ക് അടുപ്പിക്കുക എന്ന ഗാന്ധിയന്‍ രീതിയോട് ജിന്നയുടെ മതേതര കാഴ്ച പ്പാടുകള്‍ക്ക് യോജിക്കാനായില്ല. രാമരാജ്യ സങ്കല്പത്തോട് എന്നത് പോലെ ഖിലാഫത്തിനോടും ഇടഞ്ഞു നിന്ന ജിന്ന ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ മതമുദ്രകളോടുള്ള ഉദാരസമീപനത്തെ നാശത്തിലേക്കുള്ള പോക്കായി കണ്ടു. മുസ്‌ലിം ലീഗിലെ ആലി സഹോദരങ്ങളുടെ നിലപാടുകളോടും കടുത്ത വിയോജിപ്പുണ്ടായിരുന്ന ജിന്ന അങ്ങനെ രാഷ്ട്രീയത്തില്‍ മനംമടുത്ത് തൊള്ളായിരത്തി ഇരുപതുകളില്‍ ഇന്ത്യ വിടുകയായിരുന്നു. ജിന്നയുടെ രാഷ്ട്രീയ ജീവിതത്തിലെ ഈ ഏടുകള്‍ അദ്ദേഹത്തിന്റെ ഇന്നത്തെ വിമര്‍ശകര്‍ സൗകര്യപൂര്‍വ്വം മറക്കുന്നവയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയിരുന്ന നെഹ്റു ക്യാബിനറ്റ് മിഷന്‍ പ്ലാനിലെ നിര്‍ദേശങ്ങളെ ഭാവിയില്‍ പരിഷ്‌കരിക്കാന്‍ കോണ്‍ഗ്രസിന് അധികാരമുണ്ടെന്ന് പ്രഖ്യാപിച്ചതോടെയാണ് മുസ്‌ലിം ലീഗ് എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തുന്നത്. ബ്രിട്ടീഷുകാര്‍ തിരികെപ്പോയാല്‍ പിന്നെ നടക്കാന്‍ പോകുന്നത് സവര്‍ണഹിന്ദു ആധിപത്യമാവും എന്ന തന്റെ ചിരകാലഭീതിയുടെ സാധൂകരണമായി ഇത് ജിന്നക്കും തോന്നി.

പിന്നീട് 1932ലെ Poona Pact ന് ശേഷമാണ് ലിയാഖത് അലിഖാന്‍ ബ്രിട്ടനില്‍ ചെന്ന് ഇന്ത്യയിലേയ്ക്ക് തിരികെയെത്താനും ലീഗിന്റെ നേതൃത്വം ഏറ്റെടുക്കാനും ജിന്നയെ നിര്‍ബന്ധിക്കുന്നത്. രാജ്യത്തെ ദലിതര്‍ക്ക് പ്രത്യേക ഇലക്ടറേറ്റ് എന്ന ഡോ. അംബേദ്കര്‍ മുന്നോട്ട് വെച്ച ആശയത്തെ സാക്ഷാല്‍ മഹാത്മാഗാന്ധി തന്നെ തുറന്നെതിര്‍ക്കുകയും ആവശ്യം ഉപേക്ഷിക്കാത്തപക്ഷം താന്‍ നിരാഹാരം കിടന്ന് മരിയ്ക്കുമെന്ന് ഒരു വിലപേശലിന്റെ സ്വഭാവത്തോടെ ശാഠ്യം പിടിയ്ക്കുകയും ചെയ്തതോടെ നിവൃത്തിയില്ലാതെ അംബേദ്കര്‍ക്ക് പിന്നോട്ട് പോകേണ്ടി വന്നതോടെയാണ് Poona Pact ഉണ്ടാവുന്നത്. അധഃസ്ഥിതരുടെയും മുസ്‌ലിംകള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കായി സദാ നിലയുറപ്പിച്ച ഗാന്ധി തന്നെ ഒരു സന്നിഗ്ധഘട്ടത്തില്‍ സവര്‍ണ്ണഹൈന്ദവതയുടെ ചട്ടുകമായി മാറിയത് ജിന്നയെ കാര്യമായി ചിന്തിപ്പിച്ചിട്ടുണ്ടാവണം. ഹിന്ദുത്വ വാദികളുടെ പിടിയില്‍ വല്ലാതെ അമര്‍ന്ന് പോയ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യയില്‍ മുസ്‌ലിംകളുടെ ജീവിതം ദുസ്സഹമാവും എന്ന ജിന്നയുടെ ആധി മുസ്‌ലിം അവകാശപ്പോരാട്ടത്തിലെ മുന്നണിപ്പോരാളിയാവാന്‍ അദ്ദേഹത്തെ പ്രേരിപ്പിയ്ക്കുകയായിരുന്നു.

ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മുഹമ്മദലി ജിന്നയ്ക്ക് ഏറ്റവുമധികം പഴികേള്‍ക്കേണ്ടി വരുന്നത് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്ന പേരിലാണ്. ഇന്ത്യയെ മതത്തിന്റെ പേരില്‍ വെട്ടിമുറിച്ച് മുസ്‌ലിംകള്‍ക്ക് വേണ്ടി ഒരു രാഷ്ട്രം വിലപേശി വാങ്ങി എന്ന ആരോപണം അദ്ദേഹത്തിന് ഒരു മതഭ്രാന്തന്റെ പരിവേഷം നല്‍കുന്നു. സംഘ്പരിവാറിനോളം ഇല്ലെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഈ വാദത്തിന്റെ പിന്‍ബലത്തില്‍ ജിന്നയെ ശക്തിയായി ആക്രമിയ്ക്കുന്നത് നാം രാഷ്ട്രീയ ചര്‍ച്ചകളില്‍ കേള്‍ക്കാറുള്ളതാണ്. ജിന്ന ഒരിയ്ക്കല്‍ നയിച്ച പ്രസ്ഥാനത്തിന്റെ ലക്ഷണവിശേഷങ്ങള്‍ പേറുന്ന ഇന്നത്തെ മുസ്‌ലിം ലീഗ് പോലും ഇക്കാര്യത്തില്‍ ജിന്നയെ കടന്നാക്രമിയ്ക്കുന്നതും നാം കാണുന്നു.


1940ല്‍ ഫസലുല്‍ ഹഖ് ലാഹോര്‍ പ്രമേയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് ജിന്ന നടത്തിയ പ്രസംഗത്തില്‍ മുസ്‌ലിംകള്‍ക്ക് ഒരു പ്രത്യേക സ്വതന്ത്ര പ്രദേശം (region എന്നതാണ് പ്രയോഗം) വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ ഒരു പ്രത്യേക രാജ്യത്തിനായുള്ള ആവശ്യമായും ഇന്ത്യയ്ക്കുള്ളില്‍ തന്നെ മുസ്‌ലിംകള്‍ക്ക് സ്വയംഭരണമുള്ള ഒരു പ്രൊവിന്‍സ് ആശയമായും കാണുന്ന വാദഗതികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഈ പ്രമേയാവതരണമല്ല മറിച്ച് പിന്നീടുണ്ടായ സംഭവവികാസങ്ങളാണ് യഥാര്‍ഥത്തില്‍ ഇന്ത്യാ വിഭജനത്തിലേയ്ക്ക് നയിച്ചത് എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാനാകും.

ക്യാബിനറ്റ് മിഷന്‍ അവതരിപ്പിച്ച മുസ്‌ലിംകള്‍ക്ക് ഇന്ത്യയുടെ വടക്കു പടിഞ്ഞാറും കിഴക്കും സ്വയംഭരണമുള്ള പരമാധികാര പ്രവിശ്യകള്‍ എന്ന നിര്‍ദേശം ജിന്നയും മുസ്‌ലിം ലീഗും അംഗീകരിച്ചതാണ് എന്ന സത്യം ഇന്നെത്ര പേര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്? പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ കേന്ദ്രീകൃതഭരണത്തിന് കീഴിലും മറ്റെല്ലാം നേരിട്ടും കൈകാര്യം ചെയ്യുന്ന പ്രൊവിന്‍സുകള്‍ എന്ന മാതൃകയില്‍ ഒരു ഫെഡറേഷന്‍ ആശയമായിരുന്നു ജിന്ന അംഗീകരിച്ചത് എന്ന് മറന്നുകൂടാ. ഇതില്‍ നിന്ന് തന്നെ ഇരു മതവിഭാഗങ്ങള്‍ക്കുമായി രണ്ടു പ്രത്യേക regions എന്ന് ലാഹോര്‍ പ്രമേയത്തില്‍ ഉദ്ദേശിച്ചത് ഇന്നത്തെ ഇന്ത്യ-പാക്കിസ്ഥാന്‍ മാതൃകയില്‍ വെവ്വേറെ രാഷ്ട്രങ്ങള്‍ ആയിരുന്നില്ല എന്നത് പകല്‍ പോലെ വ്യക്തം. എന്നാല്‍, ഇതിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയിരുന്ന നെഹ്റു ക്യാബിനറ്റ് മിഷന്‍ പ്ലാനിലെ നിര്‍ദേശങ്ങളെ ഭാവിയില്‍ പരിഷ്‌കരിക്കാന്‍ കോണ്‍ഗ്രസിന് അധികാരമുണ്ടെന്ന് പ്രഖ്യാപിച്ചതോടെയാണ് മുസ്‌ലിം ലീഗ് എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തുന്നത്. ബ്രിട്ടീഷുകാര്‍ തിരികെപ്പോയാല്‍ പിന്നെ നടക്കാന്‍ പോകുന്നത് സവര്‍ണഹിന്ദു ആധിപത്യമാവും എന്ന തന്റെ ചിരകാലഭീതിയുടെ സാധൂകരണമായി ഇത് ജിന്നക്കും തോന്നി. ഇതോടെയാണ് മുന്‍പ് അംഗീകരിച്ച ക്യാബിനറ്റ് മിഷന്‍ നിര്‍ദേശങ്ങളില്‍ നിന്ന് അദ്ദേഹം പിന്നോട്ട് പോയതും മുസ്‌ലിംകള്‍ക്കായി ഒരു പ്രത്യേക രാഷ്ട്രം തന്നെ വേണമെന്ന പുതിയ ആവശ്യം മുന്നോട്ട് വെച്ചതും. ഈ സംഭവങ്ങള്‍ മൗലാനാ ആസാദ് തന്റെ ആത്മകഥയായ India Wins Freedom എന്ന പുസ്തകത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്.

സുഹ്രവര്‍ദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വേണ്ട വിധം ഇടപെടാതെ മുസ്‌ലിംകളെ സഹായിച്ചു എന്നൊരു ആഖ്യാനം നിലവിലുള്ളപ്പോള്‍ പോലും ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്ന ലക്ഷ്യം ജിന്നയില്‍ ആരോപിയ്ക്കുന്നത് തികച്ചും വസ്തുതകള്‍ക്ക് നിരക്കാത്തതാവും.

അങ്ങനെ 1946 ആഗസ്റ്റ് 16ന് രാജ്യമൊട്ടാകെ Direct Action Day ആചരിയ്ക്കാന്‍ മുസ്‌ലിം ലീഗ് തീരുമാനിയ്ക്കുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ പിക്കറ്റ് ചെയ്യുക, ധര്‍ണകള്‍ സംഘടിപ്പിക്കുക, ഹര്‍ത്താല്‍ ആചരിയ്ക്കുക ഇവയായിരുന്നു മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടിരുന്ന പദ്ധതികള്‍ എന്ന് ബംഗാള്‍ ഗവര്‍ണ്ണര്‍ ആയിരുന്ന സര്‍. ഫ്രെഡ്രിക് ബറോസ് അന്നത്തെ വൈസ്രോയിക്ക് അയച്ച കത്തില്‍ നിന്ന് വ്യക്തമാണ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി അന്നത്തെ ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും അവധി നല്‍കണമെന്ന ബംഗാള്‍ മുഖ്യമന്ത്രിയായ സുഹ്റാവര്‍ദിയുടെ ആവശ്യം താന്‍ അംഗീകരിച്ചതായി സര്‍. ബറോസ് കത്തില്‍ പറയുന്നു.

എന്നാല്‍, ഇത് ഫലത്തില്‍ ഹിന്ദുക്കളും തങ്ങളുടെ പ്രവര്‍ത്തകരും മുസ്‌ലിം ലീഗിന്റെ ഹര്‍ത്താലിനെ അംഗീകരിച്ചതായി വ്യാഖ്യാനിയ്ക്കപ്പെടാന്‍ ഇടയാക്കും എന്ന ആകുലതയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെ ബംഗാളിലെ കോണ്‍ഗ്രസ് എതിര്‍ത്തു. ഹിന്ദുക്കളുടെ സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിക്കാനും ഹര്‍ത്താലുമായി നിസ്സഹകരിയ്ക്കാനും ബംഗാള്‍ അസംബ്ലിയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവായിരുന്ന കിരണ്‍ ശങ്കര്‍ റോയ് പരസ്യമായി ആവശ്യപ്പെട്ടു. ഇതിനൊപ്പം ജുമാ നമസ്‌കാരത്തിന് പള്ളികളില്‍ എത്തിയ മുസ്‌ലിംകളെ സ്വതന്ത്ര മുസ്‌ലിം രാഷ്ട്രത്തിനായി ബോധവല്‍ക്കരിയ്ക്കാന്‍ മുസ്‌ലിം ലീഗ് തീരുമാനിയ്ക്കുകയും അതിനെ എതിര്‍ത്തുകൊണ്ട് ഹിന്ദുക്കള്‍ അഖണ്ഡഭാരതത്തിനായുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവില്‍ ഇറങ്ങുകയും ചെയ്തു.


ഇതേത്തുടര്‍ന്നാണ് ലീഗിന്റെ Direct Action ഒരു സാമുദായിക കലാപമായി മാറുന്നത് എന്നത് നിരവധി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സുഹ്രവര്‍ദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വേണ്ട വിധം ഇടപെടാതെ മുസ്‌ലിംകളെ സഹായിച്ചു എന്നൊരു ആഖ്യാനം നിലവിലുള്ളപ്പോള്‍ പോലും ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്ന ലക്ഷ്യം ജിന്നയില്‍ ആരോപിയ്ക്കുന്നത് തികച്ചും വസ്തുതകള്‍ക്ക് നിരക്കാത്തതാവും. അപ്പോഴും We will either have a divided India or a destroyed India എന്ന അദ്ദേഹത്തിന്റെ സ്‌ഫോടനാത്മകമായ വാക്കുകള്‍ Direct Action ദിവസത്തെ കൂടുതല്‍ കലാപകലുഷിതമാക്കി എന്നത് അവിതര്‍ക്കിതമായ ഒരു യാഥാര്‍ഥ്യമായും അവശേഷിക്കുന്നു.

യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയാണെന്നിരിയ്‌ക്കേ ദ്വിരാഷ്ട്രവാദം ജിന്നയുടെ തലയിലാണ് ആദ്യമായി ഉദിച്ചത് എന്ന സംഘ്പരിവാറിന്റെ വാദം തികച്ചും ഏകപക്ഷീയവും സത്യവിരുദ്ധവുമാണ്. ലാഹോര്‍ പ്രമേയം അവതരിപ്പിയ്ക്കപ്പെടുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് രാഷ്ട്രങ്ങളാണ് എന്ന് പ്രഖ്യാപിച്ച സവര്‍ക്കറെ ഇന്ന് സംഘ്പരിവാര്‍ ദേശസ്‌നേഹിയും വീരശൂര പരാക്രമിയുമായി വാഴ്ത്തുന്നത് തികഞ്ഞ കാപട്യമല്ലെ? 1937ലെ ഹിന്ദു മഹാസഭയുടെ അഹമ്മദാബാദ് സമ്മേളനത്തില്‍ സവര്‍ക്കര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: 'There are two antagonistic nations living side by side in India. India cannot be assumed today to be a unitarian and homogenous nation. On the contrary, there are two nations in the main: the Hindus and the Muslims, in India'


ദ്വിരാഷ്ട്ര സിദ്ധാന്തം ജിന്നയുടെ തലയിലുദിച്ച ബുദ്ധിയായിരുന്നു എന്ന് മതേതരവാദികള്‍ പോലും ഇന്ന് വിളിച്ചുപറയുമ്പോള്‍ അവരുടെ നിലപാടുകള്‍ സത്യത്തില്‍ നിന്ന് എത്രമാത്രം അകലെയാണ് എന്ന് സവര്‍ക്കറുടെ തന്നെ വാക്കുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇന്ത്യാ വിഭജനത്തിന് ജാതിമത ഭേദമന്യേ ജിന്നയെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നവര്‍ അറിയാതെ പോകുന്ന മറ്റു ചില സത്യങ്ങള്‍ കൂടിയുണ്ട്. രാജ്യം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ രാജ്യസ്‌നേഹിയായി ഇപ്പോള്‍ സംഘ്പരിവാര്‍ അവതരിപ്പിക്കുന്ന ശ്യാമപ്രസാദ് മുഖര്‍ജി ബംഗാള്‍ വിഭജനവുമായി ബന്ധപ്പെട്ട് അക്കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ ബംഗാളിലെ പ്രക്ഷുബ്ദമായ സാമൂഹിക അന്തരീക്ഷത്തെ കൂടുതല്‍ ദുഷിപ്പിച്ചു എന്നത് അവിതര്‍ക്കിതമായ സത്യമാണ്. ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന മുഖര്‍ജീ ബംഗാളിനെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിയ്ക്കണമെന്ന പക്ഷക്കാരന്‍ ആയിരുന്നു എന്ന സത്യം സംഘ്പരിവാര്‍ ഇന്ന് നിഷേധിയ്ക്കുമായിരിക്കാം. എങ്കിലും ഇന്ത്യ വിഭജിക്കപ്പെട്ടാലും ഇല്ലെങ്കിലും ബംഗാളിനെ മതാടിസ്ഥാനത്തില്‍ വിഭിച്ചേ തീരൂ എന്നാവശ്യപ്പെട്ട് മൗണ്ട്ബാറ്റണ്‍ പ്രഭുവിന് മുഖര്‍ജി May 2, 1947ന് അയച്ച കത്ത് ഇന്ന് പൊതുമണ്ഡലത്തില്‍ ലഭ്യമാണ്.

ധാക്ക സന്ദര്‍ശിക്കവെ രാജ്യം വിട്ട് ഇന്ത്യയിലേയ്ക്ക് പോകാന്‍ ഒരുങ്ങി നിന്ന ഹിന്ദുക്കളെ നേരില്‍ കാണുകയും പാക്കിസ്ഥാന്‍ അവരുടെ കൂടി രാജ്യമാണെന്ന ഉറപ്പു നല്‍കി അവരെ രാജ്യം വിടുന്നതില്‍ നിന്ന് സ്‌നേഹപൂര്‍വ്വം വിലക്കുകയും ചെയ്തു.

പാകിസ്ഥാന്‍ രൂപീകരിയ്ക്കപ്പെട്ട ശേഷം വിഭജനത്തിന്റെ ഭാഗമായി നടന്ന കലാപങ്ങള്‍ ഒഴിച്ചാല്‍ (അതിന് ജിന്നയെ മാത്രം കുറ്റപ്പെടുത്താനാവില്ലല്ലോ) ജിന്നയുടെ മരണം വരെ അവിടെ ഹിന്ദുക്കള്‍ക്കോ മറ്റു ന്യൂനപക്ഷങ്ങള്‍ക്കോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതും നാം കാണാതെ പോയിക്കൂടാ. ജോഗേന്ദ്ര മണ്ഡല്‍ എന്ന ഹിന്ദുവിനെയും മുഹമ്മദ് സഫറുള്ള ഖാന്‍ എന്ന അഹ്മദി മുസ്‌ലിമിനെയും അദ്ദേഹം ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തിയത് മുസ്‌ലിം ഭൂരിപക്ഷമെങ്കിലും പാകിസ്ഥാന്‍ ഒരു മതേതര രാജ്യമാണ് എന്ന മെസ്സേജ് ലോകത്തിന് നല്‍കാന്‍ വേണ്ടിയായിരുന്നു. നാഷണല്‍ അസംബ്ലി (പാര്‍ലമെന്റ്) സമ്മേളനങ്ങള്‍ക്ക് മുന്‍പുള്ള ഇസ്‌ലാമിക പ്രാര്‍ത്ഥന അദ്ദേഹം വിലക്കിയതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. ഇന്ന് സംഘ്പരിവാര്‍ പ്രചരിപ്പിയ്ക്കുന്നത് പോലെ അദ്ദേഹം ഒരു ഹിന്ദു വിരോധിയോ തീവ്ര ഇസ്‌ലാമിസ്റ്റോ ആയിരുന്നുവെങ്കില്‍ ഇപ്പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി പെരുമാറാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നതും ഓര്‍ക്കുക.

പാകിസ്ഥാന്‍ രൂപീകരണത്തിന് തൊട്ട് പിന്നാലെ അമേരിയ്ക്ക, ഓസ്ട്രേലിയ തുടങ്ങിയ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും റേഡിയോ സന്ദേശങ്ങളിലും പാകിസ്ഥാന്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊളളുന്ന ഒരു മതേതര രാഷ്ട്രമായിരിക്കും എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ധാക്ക സന്ദര്‍ശിക്കവെ രാജ്യം വിട്ട് ഇന്ത്യയിലേയ്ക്ക് പോകാന്‍ ഒരുങ്ങി നിന്ന ഹിന്ദുക്കളെ നേരില്‍ കാണുകയും പാക്കിസ്ഥാന്‍ അവരുടെ കൂടി രാജ്യമാണെന്ന ഉറപ്പു നല്‍കി അവരെ രാജ്യം വിടുന്നതില്‍ നിന്ന് സ്‌നേഹപൂര്‍വ്വം വിലക്കുകയും ചെയ്തു. ഇസ്‌ലാമിനെ പുരോഗമന ആശയം മുന്നോട്ട് വെയ്ക്കുന്ന ഒരു മതമായി ലോകത്തിന് മുന്നില്‍ അവതരിപ്പിയ്ക്കാന്‍ ശ്രമിച്ച മുഹമ്മദാലി ജിന്ന സാഹോദര്യത്തിനും വിശ്വമാനവികതയ്ക്കും ഊന്നല്‍ നല്‍കുന്ന പ്രവാചക വചനങ്ങളെയാണ് പാക്കിസ്താന്‍ എന്ന രാജ്യത്തിന്റെ അടിസ്ഥാനതത്വമായി അവതരിപ്പിയ്ക്കാന്‍ ശ്രമിച്ചത്.


പാക്കിസ്താനെ ഇസ്‌ലാമിക രാഷ്ട്രമാക്കാനുള്ള മതനേതൃത്വത്തിന്റെ നിരന്തര പ്രയത്‌നങ്ങള്‍ക്ക് മുന്നില്‍ എതിര്‍പ്പുമായി പാറ പോലെ ഉറച്ചു നിന്ന ജിന്ന പുരോഹിതവര്‍ഗവുമായി നിരന്തര പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടത് മതേതരത്വം സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടിയായിരുന്നു. അമുസ്‌ലിംകള്‍ക്ക് തുല്യ പരിഗണന നല്‍കിയ ഭരണകൂടത്തിന്റെ വിശാലമനോഭാവത്തോട് കലഹിച്ച മതനേതൃത്വം പലപ്പോഴും ജിന്നയെ ക്രൂരമായി അധിക്ഷേപിയ്ക്കുക വരെയുണ്ടായി. ജനങ്ങള്‍ ബഹുമാനത്തോടെ കായ്ദ് -എ-ആസം എന്ന് വിളിച്ചിരുന്ന അദ്ദേഹത്തെ മജ്‌ലിസ്-എ-ഇഹ്റാര്‍ നേതാവായിരുന്ന മൗലാനാ മസാര്‍ അലി അസ്ഹര്‍ ഒരിയ്ക്കല്‍ വിളിച്ചത് കാഫിര്‍-എ-ആസം എന്നായിരുന്നു. കാരണം, അഹ്മീദിയ വിഭാഗത്തെ അമുസ്‌ലിംകളായി പ്രഖ്യാപിയ്ക്കാനും അവരെ മുസ്‌ലിം ലീഗില്‍ നിന്ന് പുറന്തള്ളാനും ഒപ്പം അമുസ്‌ലിംകളെ രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്താനുമുള്ള അലി അസ്ഹറിന്റെ ആവശ്യങ്ങളെ ജിന്ന അപ്പാടെ നിരാകരിച്ചത് തന്നെ. ഇത്തരം എത്രയോ സംഭവങ്ങളെ തിരസ്‌കരിച്ചും തമസ്‌കരിച്ചുമാണ് ശരാശരി ഇന്ത്യക്കാരന്‍ ജിന്നയെ ഹിന്ദുവിരോധിയും മതഭ്രാന്തനുമായി കരിവാരിത്തേയ്ക്കുന്നത്.

ഒരു മതവിശ്വാസി അല്ലാതിരുന്ന ജിന്ന പാക്കിസ്താനിലൂടെ സ്വപ്നം കണ്ടത് ഒരു ഇസ്‌ലാമിക രാഷ്ട്രമല്ല മറിച്ച് a homeland for Muslism ആയിരുന്നു എന്നും ഓര്‍ക്കുക. ജിന്നയുടെ മരണം വരെ ഇസ്‌ലാം പാകിസ്താന്റെ ഔദ്യോഗിക മതമായിരുന്നില്ല എന്നതും ശ്രദ്ധേയം. എന്നാല്‍, ജിന്നയുടെ മരണത്തോടെ ലിയാക്കത് അലി ഖാന്റെ നേതൃത്വത്തില്‍ പാകിസ്താനിലെ ഇതര മതവിശ്വാസികളെ രണ്ടാംകിട പൗരന്മാരാക്കുന്ന പണി തകൃതിയായി നടന്നു. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ദലിത് എന്നിവരെ സ്ഥിരമായി ആക്രമിക്കുകയും ബംഗാളില്‍ ഹിന്ദുക്കളെയും ദലിതരെയും കൂട്ടക്കൊല ചെയ്യുകയും ഉണ്ടായി. 1956ല്‍ പാകിസ്ഥാന്‍ അങ്ങനെ Islamic Republic of Pakistan ആയി മാറി. ഇത് പറയുമ്പോഴും ന്യൂനപക്ഷങ്ങളോടുള്ള അവഹേളനത്തിലും അവരെ ശ്വാസം മുട്ടിയ്ക്കുന്നതിലും കാലാന്തരത്തില്‍ ഇന്ത്യ പാകിസ്താനെ കടത്തിവെട്ടി ബഹുദൂരം പിന്നിലാക്കി എന്ന സത്യം അംഗീകരിയ്ക്കാന്‍ എനിയ്ക്ക് യാതൊരു മടിയുമില്ല.

പാകിസ്താനെ ഒരു മതേതര രാഷ്ട്രമാക്കാനുള്ള ജിന്നയുടെ തീരുമാനത്തിന്റെ ഏറ്റവും നല്ല ഉദാഹരണം പുതിയ രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണത്തിന് വേണ്ടി സംഘടിപ്പിച്ച Constituent Assembly യുടെ ആദ്യ ചെയര്‍മാനായി അദ്ദേഹം നിയമിച്ചത് ഹിന്ദുവായ യോഗേന്ദ്ര മണ്ഡലിനെ ആയിരുന്നു എന്നതാണ്.

കോണ്‍ഗ്രസില്‍ വര്‍ധിച്ചു വന്ന സവര്‍ണ്ണ ഹിന്ദുക്കളുടെ ആധിപത്യം ജിന്നയില്‍ അത്യധികം ആശങ്ക ഉണ്ടാക്കിയിരുന്നു എന്നത് സത്യമാണ്. Poona Pact ന്റെ വെളിച്ചത്തില്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും അധഃകൃത ജനസമൂഹത്തിനും സാമൂഹിക തുല്യത ഒരുകാലത്തും കിട്ടാന്‍ പോകുന്നില്ല എന്ന അദ്ദേഹത്തിന്റെ ബോധ്യം ഒന്ന് കൂടി ബലപ്പെട്ടു. ഇവിടെയാണ് മുസ്‌ലിംകള്‍ക്ക് വേണ്ടി ഒരു പരമാധികാര സ്വയംഭരണ പ്രദേശം എന്ന ആശയം അദ്ദേഹം ലാഹോര്‍ പ്രമേയത്തിലൂടെ മുന്നോട്ട് വെക്കുന്നത്. എന്നാല്‍, ഇന്നത്തെ രീതിയില്‍ രാജ്യം വെട്ടിമുറിച്ച് മുസ്‌ലിംകള്‍ക്കായി ഒരു പ്രത്യേക രാജ്യം എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ കൈവിട്ടുപോയത് ക്യാബിനറ്റ് മിഷന്‍ പരാജയപ്പെട്ടതോടെയാണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നല്ലോ. ഇതിന്റെ വെളിച്ചത്തില്‍ വിഭജനത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഉത്തരവാദി ജിന്നയാണെന്ന ശരാശരി ഇന്ത്യക്കാരന്റെ പൊതുബോധം എത്ര മാത്രം അബദ്ധവും അപകവാവുമാണെന്ന് നിങ്ങള്‍ തന്നെ ചിന്തിച്ചു നോക്കുക.


ഇസ്‌ലാമിന്റെ സര്‍വ്വാധിപത്യമായിരുന്നു ജിന്നയുടെ ലക്ഷ്യമെങ്കില്‍ അദ്ദേഹത്തിന് മന്ത്രിസഭയിലും മറ്റു താക്കോല്‍ സ്ഥാനങ്ങളിലും മൗലാനമാരെയും ഉലമാക്കളെയും കുത്തിതിരുകാമായിരുന്നു. പാകിസ്താനെ ഒരു മതേതര രാഷ്ട്രമാക്കാനുള്ള ജിന്നയുടെ തീരുമാനത്തിന്റെ ഏറ്റവും നല്ല ഉദാഹരണം പുതിയ രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണത്തിന് വേണ്ടി സംഘടിപ്പിച്ച Constituent Assembly യുടെ ആദ്യ ചെയര്‍മാനായി അദ്ദേഹം നിയമിച്ചത് ഹിന്ദുവായ യോഗേന്ദ്ര മണ്ഡലിനെ ആയിരുന്നു എന്നതാണ്. ഇസ്‌ലാമിക ഭരണഘടനയായിരുന്നു ലക്ഷ്യമെങ്കില്‍ ആ ദൗത്യം ഏതെങ്കിലും മതപണ്ഡിതനെ ആയിരിക്കുമല്ലോ അദ്ദേഹം ഏല്‍പിയ്ക്കുക. ഇന്ത്യയില്‍ കിട്ടാക്കനിയാവുമെന്ന് അറിയാമായിരുന്ന തുല്യനീതി മുസ്‌ലിംകള്‍ക്ക് ഉറപ്പ് വരുത്തുകയായിരുന്നു പാകിസ്താന്റെ സൃഷ്ടിയിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് എന്ന് ഇതിന്റെയെല്ലാം വെളിച്ചത്തില്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്.


ഇന്ത്യയെ എങ്ങനെയും എത്രയും പെട്ടെന്ന് വിഭജിച്ച് മുസ്‌ലിംകള്‍ക്കൊരു രാഷ്ട്രം വകഞ്ഞു മാറ്റണം എന്ന ജിന്നയുടെ നിര്‍ബന്ധബുദ്ധി നാല്‍പതുകളുടെ മധ്യത്തോടെ തീവ്രമാവുന്നതും നമുക്ക് കാണാനാവും. Divided India or a destroyed India തുടങ്ങിയ വൈകാരിക പ്രകടനങ്ങളിലൂടെ വെളിവാകുന്ന ആ ധൃതിയ്ക്കുള്ള കാരണവും നാം കൃത്യമായി മനസ്സിലേക്കേണ്ടതുണ്ട്. തന്നെ കാന്‍സര്‍ അതിവേഗം കാര്‍ന്നു തിന്നുന്നു എന്ന തിരിച്ചറിവ് ജിന്നയ്ക്ക് നല്ലതുപോലെ ഉണ്ടായിരുന്നു. തന്റെ മരണശേഷം കോണ്‍ഗ്രസ് വിഭജനത്തെ അട്ടിമറിയ്ക്കും എന്ന ഭയമായിരുന്നു എത്രയും വേഗം പാകിസ്ഥാന്‍ സ്വന്തമാക്കുക എന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധിയ്ക്ക് പിന്നില്‍. ജിന്ന പാകിസ്ഥാന്‍ പിടിച്ചു വാങ്ങിയത് തനിയ്ക്ക് സ്വസ്ഥമായി ജീവിയ്ക്കാനോ ഭരണാധികാരി ആവാനോ അല്ല മറിച്ച് തന്നോടൊപ്പം നിന്ന ജനങ്ങളുടെ സുരക്ഷിതമായ ജീവിതത്തിന് അത്യന്താപേക്ഷിതം എന്ന സ്വന്തം ബോധ്യത്തിന്റെ വെളിച്ചത്തിലാണ് എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ത്യാ വിഭജനത്തെ നടന്നു കൂടാത്ത ഒരു തിന്മയായി ഇന്നത്തെ ശരാശരി ഇന്ത്യക്കാര്‍ പൊതുവെ വിലയിരുത്താറുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് വിഭജനത്തിന് കളമൊരുക്കിയ സംഘ്പരിവാറുകാര്‍ തന്നെയാണ്. സംഘ്പരിവാറിനെ തൃപ്തിപ്പെടുത്തും വിധം ദേശസ്‌നേഹം പ്രകടിപ്പിയ്‌ക്കേണ്ടി വരുന്ന സംഘ്പരിവാര്‍ അല്ലാത്ത ഒരു സമൂഹം ഇന്ന് ഇന്ത്യയിലുണ്ട്. മുസ്‌ലിം ലീഗ് പോലുള്ള മുസ്‌ലിം സംഘടനകള്‍ പോലും ഉള്‍പ്പെടുന്ന ഈ വിഭാഗവും രാജ്യം വിഭജിക്കപ്പെട്ടതിന്റെ പേരില്‍ പലപ്പോഴും കണ്ണീരൊഴുക്കി നാം കാണാറുണ്ട്.


എന്നാല്‍, മുസ്‌ലിംകള്‍ക്ക് വേണ്ടി ഒരു പ്രത്യേക രാജ്യം ആവശ്യപ്പെട്ട ജിന്നയുടെ നടപടിയെ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിഷ്പക്ഷമായി ചിന്തിയ്ക്കുന്നവര്‍ക്ക് എങ്ങനെ കുറ്റപ്പെടുത്താനാവും? തീവ്രഹിന്ദുത്വം അടക്കിവാഴുന്ന സമകാലീന ഇന്ത്യയെ ഒരു നൂറ്റാണ്ട് മുന്‍പേ മുന്‍കൂട്ടി കണ്ട ക്രാന്തദര്‍ശി എന്ന് മാത്രമേ എനിയ്ക്ക് മുഹമ്മദ് അലി ജിന്ന എന്ന രാഷ്ട്രതന്ത്രജ്ഞനെ വിശേഷിപ്പിയ്ക്കാനാവു.

TAGS :