Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 30 July 2022 6:31 AM GMT

സ്ഥാനാര്‍ഥിയായി മഹാരാജാസില്‍

കോളജിലെ വിശാലമായ ചത്വരത്തില്‍ കെ.എസ്.യുവിന്റെ യോഗം നടക്കുമ്പോള്‍ ഞാന്‍ അങ്ങോട്ട് കയറിച്ചെന്നു. എന്റെ വരവ് സ്റ്റേജില്‍ ഇരിക്കുന്ന നേതാക്കന്മാരും അണികളും മാത്രമല്ല, വരാന്തകളിലും ബാല്‍ക്കണിയിലും നില്‍ക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളും കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്നു. പ്രസംഗിച്ചു കൊണ്ടിരുന്ന നേതാവ് പ്രസംഗം നിര്‍ത്തി.. | വൈഡ് ആംഗിള്‍ - ഭാഗം 11

സ്ഥാനാര്‍ഥിയായി മഹാരാജാസില്‍
X
Listen to this Article

സ്‌കൂളിലെ ഗാനാലാപനത്തിന്റെ പരിസമാപ്തി, മൈക്കിലൂടെ ദേശീയ ഗാനം ആലപിക്കുന്ന ആസ്ഥാന ഗായകന്റെ പദവി വരെ എത്തിയെങ്കിലും, മഹാരാജാസ് കോളജിലെ പാട്ട് പരിപാടിക്ക് പ്രിന്‍സിപ്പല്‍ വിരാമം ഇട്ടതിനു ശേഷം പിന്നെ സ്റ്റെയര്‍ കേസിലെ ഗാനമേള ഞാന്‍ അവസാനിപ്പിച്ചു. പ്രിന്‍സിപ്പാളുമായി നല്ലൊരെ ബന്ധം സ്ഥാപിച്ച സ്ഥിതിക്ക് ഇനി അത് വഷളാക്കണ്ട എന്ന് കരുതിയാണ് ഞാന്‍ അങ്ങിനെയൊരു ത്യാഗം ചെയ്തത്. പക്ഷെ, സംഗീതം ചെറുപ്പം മുതലേ എന്റെ ഹരമായിരുന്നു. കാര്യങ്ങള്‍ വിശദമാക്കാന്‍ ഇവിടെ ചെറിയൊരു ഫ്‌ലാഷ് ബാക് ആവശ്യമാണ്.

എന്റെ പിതാവ് കുവൈത്തില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയ കാലം. അദ്ദേഹം നാട്ടില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് കോണ്ട്രാക്റ്റ് ബിസിനസ്സ് ആരംഭിച്ചു. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമല്ലാത്ത ഒരു കാലമായിരുന്നു അത്.

എന്റെ സുഹൃത്ത് രവി നന്നായി ഗിറ്റാര്‍ വായിക്കുമായിരുന്നു. അവന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ഞാനും ഗിറ്റാറിന്റെ ആരാധകനായി. ഒരു ആംഗ്ലോ ഇന്ത്യന്‍ സീഗീതാധ്യാപകനാണ് അവനെ ഗിറ്റാര്‍ പഠിപ്പിച്ചിരുന്നത്. എനിക്കും ഗിറ്റാര്‍ പഠിക്കണമെന്ന് മോഹമായി. എന്നോടുള്ള അമിത വാത്സല്യം മൂലം എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരാന്‍ പിതാവ് സന്നദ്ധനായിരുന്നു. അതുകൊണ്ട് ഞാന്‍ എന്റെ മോഹം പറഞ്ഞ ഉടനെ തന്നെ ആദ്ദേഹം എനിക്ക് പുതിയ ഗിറ്റാര്‍ വാങ്ങിച്ചു തന്നു. അങ്ങിനെ ഞാനും ആ ആംഗ്ലോ ഇന്ത്യന്‍ അധ്യാപകന്റെ ശിക്ഷണത്തില്‍ ഗിറ്റാര്‍ അഭ്യസിക്കാന്‍ തുടങ്ങി. അദ്ദേഹം എനിക്ക് കുറച്ചു ഹിന്ദി സിനിമാ ഗാനങ്ങള്‍ വായിക്കാന്‍ പഠിപ്പിച്ചു തന്നു. പക്ഷെ, നാലഞ്ചു ഹിന്ദി പാട്ടുകള്‍ക്കപ്പുറം എന്റെ സീഗീതാഭ്യാസം മുന്നോട്ടു പോയില്ല. എന്നാല്‍, എന്റെ സുഹൃത്ത് രവി കേരളത്തിലെ മികച്ച ഗിറ്റാറിസ്റ്റുകളില്‍ ഒരാളായി മാറി. രവിയും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ''ഹൈജാക്കേഴ്‌സ്'' എന്ന ബാന്‍ഡ് ഗ്രൂപ്പിന് രൂപം നല്‍കി. രവി ആയിരുന്നു ലീഡ് ഗിട്ടാറിസ്റ്റ്.


ഗിറ്റാറിസ്റ്റ് രവി

ഹരീന്ദ്രന്‍ ('ഹരിശ്രീ' യുടെ സ്ഥാപകന്‍) ബേസ് ഗിട്ടാരിസ്റ്റ്, കൃഷ്ണന്‍ (കിച്ചന്‍) ഡ്രമ്മര്‍, ജയന്‍ ക്രൂണര്‍ എന്നിവരായിരുന്നു ഗ്രൂപ്പിലെ അന്നത്തെ മറ്റു അംഗങ്ങള്‍. കേരളത്തിലും പുറത്തും അവര്‍ ധാരാളം പരിപാടികള്‍ അവതരിപ്പിച്ചു. (രവിയും ഹരിയും ഇന്ന് ജീവിച്ചിരിപ്പില്ല). എന്റെ സംഗീത സപര്യ നാലഞ്ചു ഹിന്ദി പാട്ടുകളുടെ ട്യൂണുകള്‍ വായിക്കുന്നതില്‍ ഒതുങ്ങി. എന്നാല്‍, ഹൈജാക്കര്‍സ് കേരളത്തിലെ ഒന്നാം നമ്പര്‍ ബാന്‍ഡ് ഗ്രൂപ്പ് ആയി മാറി. എല്ലാവരും മഹാരാജാസ് കോളജിലെ എന്റെ സഹപാഠികളും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. ഒരിക്കല്‍ മറ്റൊരു സഹപാഠിയായ ശിവറാം ശ്രീകണ്ടത്ത് (പില്‍ക്കാലത്തു മനോരമ ടി.വിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായി) തന്റെ വീട്ടിലെ ഒരു ആഘോഷത്തിന് പരിപാടി അവതരിപ്പിക്കാന്‍ hijackers നെ ക്ഷണിച്ചു. സുഹൃത്തുക്കളായ ഞങ്ങളെ എല്ലാവരെയും ക്ഷണിച്ചിരുന്നു. അന്ന് hijackers ന്റെ ഗിറ്റാറിന്റെയും drusm ന്റെയും അകമ്പടിയോടെ പത്തു വയസ്സുള്ള ഒരു ബാലിക 'തൃക്കാക്കര പൂ പോരാഞ് ...തിരുനക്കര പൂ പോരാഞ് ' എന്ന മലയാള ഗാനം അതിമനോഹരമായി ആലപിച്ചു. ശിവറാം ശ്രീകണ്ടത്തിന്റെ അനന്തിരവള്‍ ആയിരുന്നു ആ കുട്ടി. പിന്നീട് പ്രശസ്തയായ പിന്നണി ഗായിക സുജാത ആയിരുന്നു അത് .


സുജാത


Hijackers

യൗവ്വനത്തില്‍ നമ്മുടെ ഏറ്റവും വലിയ പ്രേരണയും, പ്രചോദനവും, താങ്ങും തണലും നമ്മുടെ സുഹൃത്തുക്കള്‍ തന്നെയാണല്ലോ. കോളജ് കാലമായിരുന്നു ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലം. ഋതുഭേദങ്ങള്‍ക്കതീതമായി മനസ്സില്‍ എന്നും പൂക്കാലമായിരുന്ന കാലം. വീട്ടിലെ എന്റെ പ്രാരബ്ധങ്ങളൊന്നും എന്റെ കൂട്ടുകാര്‍ക്കു അറിയില്ലായിരുന്നു. കൂട്ടുകാര്‍ മാത്രമല്ല, എന്നെ അറിയുന്നവരൊക്കെ വിചാരിച്ചിരുന്നത് ഞാന്‍ ഏതോ സമ്പന്ന കുടുംബത്തിലെ അംഗമാണ് എന്നാണ്.

കോളജിലെ എല്ലാ പരിപാടികളിലും മത്സരങ്ങളിലും ഞങ്ങള്‍ പങ്കെടുത്തിരുന്നു. വിജയിക്കുക എന്നതിലുപരി, എല്ലാ പരിപാടികളിലും ഞങ്ങളുടെ സാന്നിധ്യം സജീവമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അങ്ങിനെ ഞങ്ങള്‍ കോളജില്‍ വളരെ ജനപ്രിയരായ ഒരു സംഘമായി മാറി. അപ്പോഴാണ് കോളജില്‍ തെരഞ്ഞെടുപ്പില്‍ എന്നെ മത്സരിപ്പിക്കാന്‍ സുഹൃത്തുക്കള്‍ തീരുമാനിക്കുന്നത്. കെ.എസ്.യുവും എസ്.എഫ് ഐയുമായിരുന്നു കോളജിലെ പ്രബലമായ വിദ്യാര്‍ഥി സംഘടനകള്‍. പക്ഷെ, രണ്ടു സംഘടനകളിലും ഞങ്ങള്‍ അംഗങ്ങളായിരുന്നില്ല.

ഞാന്‍ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ രാഷ്ട്രീയ മുന്നണികളെപ്പോലെ കെ.എസ്.യു.വും, എസ്.എഫ്.ഐയും മാറി മാറി ഭരിക്കുന്ന കോളജ്.

യൂണിയനില്‍ സ്വാതന്ത്രന്മാര്‍ക്കു വിരലിലെണ്ണാവുന്ന വോട്ടുകള്‍ പോലും കിട്ടാറില്ല. എന്നാല്‍, എല്ലാ മത്സരങ്ങളിലും പങ്കെടുക്കുക എന്ന ഞങ്ങളുടെ പാരമ്പര്യം നിലനിര്‍ത്താന്‍ വേണ്ടി മാത്രം മത്സരിക്കുന്നത് കൊണ്ട് ജയപരാജയങ്ങള്‍ ഞങ്ങള്‍ക്ക് വിഷയമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു രണ്ടു പാര്‍ട്ടിക്കാരും നേര്‍ക്കുനേര്‍ വന്നാല്‍ സംഘര്‍ഷം ഉറപ്പാണ്. അടിപിടി നിത്യ സംഭവമാണ്. കത്തിക്കുത്തു വരെ നടന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ്, കോളജിലെ വിശാലമായ ചത്വരത്തില്‍ K.S.U വിന്റെ യോഗം നടക്കുമ്പോള്‍ ഞാന്‍ അങ്ങോട്ട് കയറിച്ചെന്നത്. എതിര്‍പാര്‍ട്ടിക്കാര്‍ യോഗം അലങ്കോലമാക്കാനും സംഘര്‍ഷം ഉണ്ടാക്കാനുമല്ലാതെ മറ്റു പാര്‍ട്ടിക്കാരുടെ യോഗത്തിലേക്ക് കടന്നു ചെല്ലാറില്ല. എന്റെ വരവ് സ്റ്റേജില്‍ ഇരിക്കുന്ന നേതാക്കന്മാരും അണികളും മാത്രമല്ല, വരാന്തകളിലും ബാല്‍ക്കണിയിലും നില്‍ക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളും കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്നു. പ്രസംഗിച്ചു കൊണ്ടിരുന്ന നേതാവ് പ്രസംഗം നിര്‍ത്തി. എല്ലാവരുടെയും ശ്രദ്ധ എന്നിലായി. എന്റെ പൊടുന്നനെയുള്ള ഈ നീക്കം എന്റെ കൂട്ടുകാരെയും അത്ഭുതപ്പെടുത്തി. ഞാന്‍ എന്തിനുള്ള പുറപ്പാടാണെന്ന് എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ സ്റ്റേജില്‍ കയറിച്ചെന്നു, എന്റെ എതിര്‍ സ്ഥാനാര്‍ഥിക്കു മുന്നില്‍ ഞാന്‍ പോയി നിന്നു. എന്നിട്ടു ഹസ്തദാനം ചെയ്യാനായി പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടി. അദ്ദേഹം ഇത് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അദ്ദേഹം എനിക്ക് കൈ തന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചു കുലുക്കികൊണ്ടു ഞാന്‍ പറഞ്ഞു, ' BEST OF LUCK , LET THE BEST CANDIDATE WIN ! '

കോളജിന്റെ QUADRANGLE നു ചുറ്റും കൂടി നിന്നിരുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ കരഘോഷം ചത്വരത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും നിത്യസംഭവമായ തെരഞ്ഞെടുപ്പ് രംഗത്തെ ഈ പരസ്യ സൗഹൃദ പ്രകടനം തെരഞ്ഞെടുപ്പിന്റെ പിരിമുറുക്കത്തിന് അയവു വരുത്താന്‍ വളരെയധികം സഹായിച്ചു. KSU വിന്റെ യോഗത്തില്‍ കടന്നു ചെന്ന് അവരുടെ സ്ഥാനാര്‍ഥിക്കു പരസ്യമായി ഹസ്തദാനം നല്‍കിയത് കൊണ്ട് സ്വാഭാവികമായും ഞാന്‍ SFI ക്കാരുടെ നോട്ടപ്പുള്ളിയാകും എന്നുറപ്പാണല്ലോ. SFI ക്കാരുടെ വോട്ടു ഭിന്നിപ്പിക്കാനുള്ള KSU വിന്റെ തന്ത്രമാണ് എന്റെ സ്ഥാനാര്‍ഥിത്വം എന്നും അവര്‍ ആരോപിച്ചു. ഇനി SFI ക്കാരുടെ തല്ലു കൊള്ളാന്‍ റെഡി ആയിക്കോ എന്ന് എന്റെ കൂട്ടുകാരും പറഞ്ഞു. അവരോടു പോലും ആലോചിക്കാതെയാണല്ലോ ഞാന്‍ ആ സാഹസത്തിനു മുതിര്‍ന്നത്.


അന്നത്തെ SFI നേതാക്കള്‍ ആയ എന്റെ സീനിയേഴ്‌സ് കുട്ടന്‍, പവിത്രന്‍ (പിന്നീട് സിനിമ സംവിധായകനായി ), പ്രദീപ്, അഷ്റഫ് പടിയത്ത് എന്നിവരൊക്കെ എന്റെ സുഹൃത്തുക്കള്‍ ആയിരുന്നു. ക്ലാസ്സുകളില്‍ കയറി ചെറു പ്രസംഗം നടത്തി വോട്ടുകള്‍ ചോദിക്കുന്ന പതിവുണ്ടായിരുന്നു. ക്ലാസ്സുകള്‍ നടക്കുന്ന സമയം ആണെങ്കില്‍ പോലും, അവരുടെ ക്യാന്‍വാസിങ് കഴിയുന്നത് വരെ അധ്യാപകര്‍ മാറി നിന്ന് കൊടുക്കുമായിരുന്നു. SFI ക്കാര്‍ വോട്ടു ചോദിക്കാനായി എന്റെ ക്ലാസില്‍ വന്നപ്പോള്‍ യാദൃശ്ചികമായി ഞാന്‍ ക്ളാസില്‍ ഉണ്ടായിരുന്നു. എന്റെ കണ്ട ഉടനെ അവരുടെ നേതാവ് പ്രദീപ് പ്രസംഗിച്ചു


പവിത്രന്‍

'' ആദം അയൂബിന്റെ കഴിവുകള്‍ മഹത്താണ്, ബൃഹത്താണ്. അദ്ദേഹം സുന്ദരനാണ്, കലാകാരനാണ്. അതുകൊണ്ടു നിങ്ങള്‍ അദ്ദേഹത്തെ വോട്ടു ചെയ്തു ജയിപ്പിച്ചു അദ്ദേഹത്തിന്റെ ഭാവി നശിപ്പിക്കരുത്. ഇവിടെ മത്സരിക്കുന്നവരൊക്കെ രാഷ്ട്രീയ മോഹം ഉള്ളവരാണ്. ആദം അയൂബ് അങ്ങിനെയല്ല. അദ്ദേഹത്തിന്റെ ഫീല്‍ഡ് വേറെയാണ്. അതുകൊണ്ടു ആദം അയൂബിനെ പരാജയപ്പെടുത്തുക, SFI സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക.''

ഈ പ്രസംഗം പ്രദീപ് നടത്തിയത് എന്റെ ക്ലാസില്‍ മാത്രമാണ്. ഏതായാലും SFI ക്കാര്‍ക്ക് എന്നോട് ശത്രുത ഇല്ല എന്ന് ബോധ്യമായി. എന്നെ കാര്യമായ ഒരു എതിരാളിയായി രണ്ടു പാര്‍ട്ടികളും പരിഗണിച്ചിട്ടേയില്ല എന്നതാണ് സത്യം.

ഏതായാലും റിസള്‍ട്ട് വന്നപ്പോള്‍ ഇലക്ഷനില്‍ ഞാന്‍ ജയിച്ചില്ലെങ്കിലും, ചരിത്രത്തിലാദ്യമായി ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി ആയിരത്തോടടുത്തു വോട്ടുകള്‍ നേടി എന്ന അപൂര്‍വ ബഹുമതിയും എനിക്ക് ലഭിച്ചു. അനേകം പതിറ്റാണ്ടുകള്‍ക്ക് ശേഷവും എന്റെ ഫോട്ടോയോടുകൂടിയ തെരഞ്ഞെടുപ്പ് നോട്ടീസ് ലേഡീസ് കോമണ്‍ റൂമിന്റെ ഉയര്‍ന്ന ജനല്‍ ചില്ലുകളില്‍ കാലത്തിന്റെ കടന്നാക്രമണങ്ങളെ അതിജീവിച്ചു കൊണ്ട് നിലനില്‍ക്കുന്നു എന്ന് പുതിയ തലമുറയിലെ പല കുട്ടികളും എന്നോട് പറഞ്ഞിട്ടുണ്ട്.



TAGS :