Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 3 Jan 2023 4:17 PM GMT

വേള്‍ഡ് കപ്പും കടന്ന് മരുഭൂമിയില്‍ ഉരുളുന്ന പന്തുകള്‍

ഫുട്‌ബോള്‍ ഭൂപടത്തില്‍ കാര്യമായ സാന്നിധ്യമില്ലാത്ത സൗദി ലീഗില്‍, റൊണാള്‍ഡോ തന്റെ ജീവിതത്തില്‍ കളിച്ചിട്ടുള്ള ലീഗുകളില്‍ ഏറ്റവും താഴെ നില്‍ക്കുന്ന ഒരു ലീഗില്‍, ഇത്തരം ഒരു കളിക്കാരന്‍ എന്ത് മാജിക് കാണിക്കാനാണ് എന്നതാണ് ചോദ്യം. | LookingAround

വേള്‍ഡ് കപ്പും കടന്ന് മരുഭൂമിയില്‍ ഉരുളുന്ന പന്തുകള്‍
X

ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയിട്ട് മൂന്നാഴ്ചയായി. ഇപ്പഴും അറേബ്യന്‍ നാടുകളില്‍ നിന്നുള്ള ഫുട്‌ബോള്‍ കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. ആ കുഞ്ഞു രാജ്യത്ത് നടന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കുറ്റമറ്റ സംഘാടനത്തെക്കുറിച്ചുള്ള അത്ഭുതം നിറഞ്ഞ കഥകളെ കടത്തിവെട്ടുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്.

നാസ്സര്‍ എന്ന അറബിക് പദത്തിന്റെ അര്‍ഥം വിജയം എന്നാണ്. ഇന്ന് ലോകത്ത് അറിയപ്പെടുന്ന ക്ലബ്ബുകളില്‍ ഒന്നായി മാറിയ സൗദിയിലെ അല്‍ നാസ്സര്‍ ക്ലബ്ബും വിജയിച്ചു നില്‍ക്കുകയാണ് എന്ന് തന്നെ പറയാം. ലോക ഫുട്ബാളില്‍ മാറ്റി വയ്ക്കാന്‍ ആകാത്ത പേരായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തങ്ങളുടെ താവളത്തില്‍ എത്തിക്കുക വഴി ഒരു വന്‍ വിജയമാണ് അവര്‍ നേടിയിരിക്കുന്നത്.

തങ്ങളുടെ കാശുകൊണ്ട് നടന്നു പോകുന്ന ഇത്തരം ക്ലബ്ബുകള്‍ എന്തുകൊണ്ട് തങ്ങള്‍ക്കു സ്വന്തമാക്കിക്കൂടാ എന്ന ചിന്തയില്‍ നിന്നാണ് പല ക്ലബ്ബുകളുടെയും ഉടമസ്ഥാവകാശം പേറുന്ന മുദ്രപത്രങ്ങള്‍ ഖത്തറിലേയും, അബുദാബിയിലെയും, സൗദിയിലെയും ബിസിനസ്സ് ഗ്രൂപ്പുകളിലേക്ക് എത്തിയത്. അത്തരം ക്ലബ്ബുകള്‍ കളിക്കാരെ വാങ്ങാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ പല സായ്യിപ്പ് മുതലാളിമാരും ഞെട്ടി.

റൊണാള്‍ഡോ എത്തിയ വഴികളെ കുറിച്ച് വളരെയധികം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. പക്ഷെ, ആ വരവ് കാരണം അറേബ്യന്‍ ഫുട്ബാളില്‍ മാത്രമല്ല, ലോക ഫുട്‌ബോളിലും ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ അനവധിയാണ്. ഇത് ആദ്യമായല്ല ഒരു യൂറോപ്യന്‍ കളിക്കാരന്‍ അറേബ്യന്‍ മരുഭൂമിയിലേക്ക് കൂടുമാറുന്നത്. പ്രശസ്തരല്ലാത്ത ഒട്ടനവധി താരങ്ങള്‍ സൗദിയിലും, എമിറാത്തിലും, ഒമാനിലും, കുവൈറ്റിലും, ബഹ്റൈനിലും വന്നു കളിച്ചു പോയിട്ടുണ്ട്. ഖത്തര്‍ വേള്‍ഡ് കപ്പിന്റെ അംബാസഡര്‍മാരായി എത്രയെത്ര മുന്‍കാല ഫൂട്‌ബോള്‍ മഹത്വങ്ങളാണ് വര്‍ഷങ്ങളോളം അവിടെ ചെന്ന് താമസിച്ചത്. സ്പാനിഷ് മണ്ണില്‍ നിന്നും ഖത്തറില്‍ വന്നു കളിച്ച ഷാവി ഹെര്‍ണാണ്ടസ് തിരിച്ചു പ്ളെയിന്‍ കയറിയത് മാനേജര്‍ ആയിട്ടാണ്, അതും ബാഴ്‌സലോണയിലേക്ക്. തന്റെ അവസാന കാലത്ത് മറഡോണ ദുബായില്‍ വന്നു അവിടത്തെ അല്‍ വാസല്‍ കളിക്കാരെ പരിശീലിപ്പിച്ചത് മറക്കാറായിട്ടില്ല. ഖത്തര്‍ കോച്ചായിരുന്ന അലക്‌സ് സാഞ്ചസ് ബാഴ്സലോണയില്‍ നിന്നാണ് ഖത്തറിലേക്ക് എത്തിയത്. അതുകൊണ്ട്, റൊണാള്‍ഡോയുടെ വരവ് ആദ്യത്തേതല്ല, ഇതിന് മുന്‍പ് എത്രയോ പേര്‍ വന്നിരിക്കുന്നു, ഇനിയും എത്രപേര്‍ വരാനിരിക്കുന്നു.


പണ്ട് ഇംഗ്ലീഷ്, യൂറോപ്യന്‍ ലീഗിലെ കളിക്കാര്‍ തങ്ങളുടെ തിളക്കമുള്ള നാളുകള്‍ കഴിഞ്ഞാല്‍ പിന്നെ കണ്ണ് വച്ചിരുന്നത് അമേരിക്കയിലെ ക്ലബ്ബുകളെയാണ്. ബെക്കാം ഉള്‍പ്പടെയുള്ള കളിക്കാര്‍ അവിടെ ചെന്ന് തങ്ങളുടെ അവസാന ഒന്നോ രണ്ടോ വര്‍ഷത്തെ പ്രൊഫഷണല്‍ ഫുട്ബാള്‍ കളിച്ചു വിരമിക്കുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. പക്ഷെ, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വളരെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് ക്രിസ്റ്റിയാനോയുടെ സൗദി ചുവടുവയ്പ്പ് തുടക്കം കുറിച്ചത്. ഇതില്‍ നമ്മള്‍ കാണുന്നതും, കാണാത്തതുമായ ഒരുപിടി വശങ്ങളുണ്ട്. പണ്ട് തച്ചന്‍ വട്ടത്തില്‍, നീളത്തില്‍, ചതുരത്തില്‍ ഒരേയൊരു കുളം പണിതത് പോലെ, റൊണാള്‍ഡോയുടെ ഈ വിലപിടിച്ച നീക്കം ലോക ഫുട്ബാളില്‍ ഉണ്ടാക്കാന്‍ പോകുന്നത് അത്യസാധാരണമായ മാറ്റങ്ങള്‍ക്കാണ്. ഇത് യൂറോപ്യന്‍ ഫുട്‌ബോള്‍ കാണികള്‍ക്ക് മനസ്സിലായിട്ടില്ലെങ്കിലും, ഫുട്‌ബോള്‍ ക്ലബ്ബുകളും, മുതലാളിലാരും അങ്കലാപ്പിലാണ്.

അറേബ്യന്‍ പെട്രോ ഡോളര്‍ ഇത് ആദ്യമായിട്ടല്ല ഫുട്‌ബോളില്‍ കയറി കളിക്കുന്നത്. നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന യുറോപ്യന്‍ ഫുട്ബാള്‍ ടീമുകളെ സ്വന്തമാക്കുന്നതിനും മുന്‍പേ, അറേബ്യന്‍ നാടുകളിലെ ദിര്‍ഹവും, റിയാലും ഒട്ടനവധി ക്ലബ്ബുകള്‍ക്ക് കൊടുത്തിരുന്ന സ്‌പോണ്‌സര്‍ഷിപ്പ് മണി മില്യണിലായിരുന്നു. തങ്ങളുടെ കാശുകൊണ്ട് നടന്നു പോകുന്ന ഇത്തരം ക്ലബ്ബുകള്‍ എന്തുകൊണ്ട് തങ്ങള്‍ക്കു സ്വന്തമാക്കിക്കൂടാ എന്ന ചിന്തയില്‍ നിന്നാണ് പല ക്ലബ്ബുകളുടെയും ഉടമസ്ഥാവകാശം പേറുന്ന മുദ്രപത്രങ്ങള്‍ ഖത്തറിലേയും, അബുദാബിയിലെയും, സൗദിയിലെയും ബിസിനസ്സ് ഗ്രൂപ്പുകളിലേക്ക് എത്തിയത്. അത്തരം ക്ലബ്ബുകള്‍ കളിക്കാരെ വാങ്ങാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ പല സായ്യിപ്പ് മുതലാളിമാരും ഞെട്ടി. റഷ്യന്‍ റൂബിളിന്റെ ശക്തി ശയിച്ചതും അറബികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. അറബ് പിന്തുണയോടെയുള്ള ക്ലബ്ബുകളുടെ വളര്‍ച്ച ആ ടീമുകളുടെ ആരാധകരെയും സന്തോഷിപ്പിച്ചു. നല്ലൊരു കോച്ചും, വായ് കെട്ടിയിട്ടില്ലാത്ത പണസഞ്ചിയുമാണല്ലോ ഈ ലീഗുകളില്‍ കളിക്കുന്ന ടീമുകള്‍ക്ക് അത്യന്താപേക്ഷികം. അതുകൊണ്ട് തന്നെ, ഇപ്പഴും ഇംഗ്ലീഷ് ലീഗിലെയും, മറ്റ് യൂറോപ്യന്‍ ലീഗുകളിലെയും ടീമുകള്‍ വില്‍പനക്ക് വയ്ക്കുമ്പോള്‍, ആദ്യം ഉയര്‍ന്നു കേള്‍ക്കുക അറബ് പൗരന്മാരുടെ പേരുകളാണ്. മെസ്സിയെയും, നെയ്മറെയും, എംബാപ്പയെയും ഒരേ ടീമില്‍ എത്തിക്കാന്‍ വേറെ ആരെക്കൊണ്ട് സാധിക്കും!

യൂറോപ്യന്‍ ലീഗില്‍ അസിസ്റ്റ് ചെയ്തു കളിക്കുന്ന അറബ് ഷെയ്ഖുമാര്‍, സ്വന്തം നാട്ടില്‍ ഗോള്‍ അടിക്കാന്‍ ഇനി അധികം നാളൊന്നും വേണ്ട. ടി.വി സംപ്രേക്ഷണവും, ടിഷര്‍ട്ടും വില്‍ക്കാന്‍ സാധിക്കുമെങ്കില്‍ കളി എവിടെയുമാകാം എന്നാണല്ലോ കളിക്കച്ചവടത്തിന്റെ സിദ്ധാന്തം. ഈത്തപ്പഴവും പവിഴവും കച്ചവടം ചെയ്തിരുന്ന റിയാദിലും, ദുബായിലും, മസ്‌കറ്റിലും, അലൈനിലും, അല്‍ സദ്ദിലും, മദീനയിലും ഉള്ള ഹുക്ക കഫെകളില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ക്രൂഡിന്റെ വിലയുടെ ഏറ്റക്കുറച്ചിലുകളാണെങ്കില്‍, അധികം താമസിയാതെ അത് ഫുട്‌ബോളിലെ മിന്നും താരങ്ങളുടെ വിലയാകും!

പക്ഷെ, മുന്നൊന്നും ഇല്ലാതിരുന്ന അലകളാണ് ഇന്നിപ്പോള്‍ റൊണാള്‍ഡോയുടെ സൗദി യാത്ര ഉണ്ടാക്കിയിരിക്കുന്നത്. ഫുട്‌ബോള്‍ ആരാധകരില്‍ വലിയൊരു വിഭാഗം ഇതിനെ കാര്യമായി എടുത്തിട്ടില്ലെങ്കില്‍ കൂടിയും, ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്ക് ഒരു കളിക്കാരന്‍ അറേബ്യയിലെ മണലാരണ്യത്തിലേക്ക് കൂട് മാറിയത് ആശ്ചര്യത്തോടെയാണ് ആളുകള്‍ കാണുന്നത്. ഫുട്‌ബോള്‍ ഭൂപടത്തില്‍ കാര്യമായ സാന്നിധ്യമില്ലാത്ത സൗദി ലീഗില്‍, റൊണാള്‍ഡോ തന്റെ ജീവിതത്തില്‍ കളിച്ചിട്ടുള്ള ലീഗുകളില്‍ ഏറ്റവും താഴെ നില്‍ക്കുന്ന ഒരു ലീഗില്‍, ഇത്തരം ഒരു കളിക്കാരന്‍ എന്ത് മാജിക് കാണിക്കാനാണ് എന്നതാണ് ചോദ്യം. CR7 എന്ന വിശ്വോത്തര കളിക്കാരന്റെ ഏഴയലത്തു വരില്ല ആ ലീഗില്‍ കളിക്കുന്ന മറ്റു കളിക്കാര്‍ എന്നതും ഒരു സത്യമാണ്. പക്ഷെ, ഫുട്‌ബോള്‍ ബിസിനസ്സ് കൈകാര്യം ചെയ്യുന്ന സായ്യിപ്പുമാര്‍ ഇതിനെ അങ്ങനെയല്ല കാണുന്നത്, അവര്‍ ഭയപ്പെട്ടിരിക്കുകയാണ്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ സാധാരണ ഒരു കളിക്കാരനല്ല എന്നത് തന്നെ കാര്യം. ലോക ഫുട്ബാളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന ഒന്നാം നിരക്കാരില്‍ മുന്‍പന്തിയിലാണ് ഈ കളിക്കാരന്‍. ഒരു വര്‍ഷം മുന്‍പ് വരെ, തങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് എല്ലാ യൂറോപ്യന്‍ ക്ലബ്ബുകളും ആഗ്രഹിച്ചിരുന്ന ഒരു കളിക്കാരന്‍. ഇപ്പോഴും അവര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, ആ വില നല്‍കാന്‍ എല്ലാവര്‍ക്കും സാധിക്കില്ലല്ലോ! ഫുട്‌ബോള്‍ ചരിത്രത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഈ കളിക്കാരന്‍ സൗദിയില്‍ എത്തിയത് റൊണാള്‍ഡോയുടെ കൈയ്യിലിരിപ്പ് കൊണ്ടോ, അതോ കാലിലിരിപ്പു കൊണ്ടോ എന്ന ചര്‍ച്ച ഉടന്‍ തീരില്ല. പക്ഷെ, ഇത് ഒരു പുതിയ തുടക്കത്തിന്റെ സൂചനയാണ് എന്നാണ് കളി വിദഗ്ധര്‍ അടക്കം പറയുന്നത്.


അറേബ്യയിലെ മരുഭൂവില്‍ ഒരു വേള്‍ഡ് കപ്പ്, അവിടെയുള്ളവര്‍ പോലും ഒരുകാലത്തും സ്വപ്നം പോലും കണ്ടിട്ടില്ല. പക്ഷെ, ഖത്തര്‍ അവരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചു എന്ന് തന്നെ വേണം പറയാന്‍. ഇനി ഒരു വേള്‍ഡ് കപ്പ് ഗള്‍ഫിലെ മറ്റൊരു രാജ്യത്തേക്ക് വരുന്നത് തടയാന്‍ ആര്‍ക്കും സാധിക്കില്ല. മാത്രമല്ല, വേള്‍ഡ് കപ്പ് കഴിഞ്ഞതോട് കൂടി, ആ നാടുകളെ കുറിച്ചുള്ള ധാരണകള്‍ തിരുത്തിയെഴുതുന്ന തിരക്കിലാണ് ലോകത്തെമ്പാടുമുള്ള, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങള്‍. അക്കൂട്ടത്തില്‍ അവിടുള്ള ഫുട്‌ബോള്‍ കളിക്കാരും പെടും എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഈ അവസരത്തിലാണ് അല്‍ നാസര്‍ റൊണാള്‍ഡോയെ തങ്ങളുടെ ക്യാമ്പിലേക്ക് സ്വരുക്കൂട്ടുന്നത്.

മുമ്പേ ഗമിക്കുന്ന ഗോട്ട് തന്റെ പിമ്പേ ഗമിക്കും ബഹുഗോട്ടുകളെല്ലാം എന്നാണല്ലോ ചൊല്ല്! കേള്‍ക്കുന്ന വാര്‍ത്തകളില്‍ പകുതിയും ശരിയാണെങ്കില്‍, ഇപ്പോള്‍ തന്നെ പല കളിക്കാരും 'ടു റിയാദ്' സ്റ്റിക്കര്‍ ഒട്ടിച്ച പെട്ടികള്‍ തയ്യാറാക്കി വച്ചിട്ടുണ്ട് എന്നാണ്. ഇത് സ്വാഭാവികം മാത്രമാണ്, കളിക്കാര്‍ക്ക് സൗകര്യവും, സന്തോഷവും നല്‍കുന്നയിടങ്ങളിലേക്ക് പോകുന്ന കാഴ്ച ലീഗ് ഫുട്‌ബോളില്‍ പുതുമയല്ലല്ലോ. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന, നല്ലൊരു കോച്ചുള്ള, സമാധാനം ലഭിക്കുന്ന ക്ലബ്ബ്കള്‍ തങ്ങളെ തേടി വരുമ്പോള്‍ അതിന് മുടക്കം പറയാന്‍ അവര്‍ക്കു സാധിക്കില്ല. യൂറോപ്യന്‍ ലീഗില്‍ അസിസ്റ്റ് ചെയ്തു കളിക്കുന്ന അറബ് ഷെയ്ഖുമാര്‍, സ്വന്തം നാട്ടില്‍ ഗോള്‍ അടിക്കാന്‍ ഇനി അധികം നാളൊന്നും വേണ്ട. ടി.വി സംപ്രേക്ഷണവും, ടിഷര്‍ട്ടും വില്‍ക്കാന്‍ സാധിക്കുമെങ്കില്‍ കളി എവിടെയുമാകാം എന്നാണല്ലോ കളിക്കച്ചവടത്തിന്റെ സിദ്ധാന്തം. ഈത്തപ്പഴവും പവിഴവും കച്ചവടം ചെയ്തിരുന്ന റിയാദിലും, ദുബായിലും, മസ്‌കറ്റിലും, അലൈനിലും, അല്‍ സദ്ദിലും, മദീനയിലും ഉള്ള ഹുക്ക കഫെകളില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ക്രൂഡിന്റെ വിലയുടെ ഏറ്റക്കുറച്ചിലുകളാണെങ്കില്‍, അധികം താമസിയാതെ അത് ഫുട്‌ബോളിലെ മിന്നും താരങ്ങളുടെ വിലയാകും!


അതുകൊണ്ട് അടുത്ത പത്ത് വര്‍ഷത്തില്‍, ലോകത്തെ ഏതൊരു ലീഗിനെയും വെല്ലുന്ന ഒരു അറേബ്യന്‍ ലീഗ് നമുക്ക് പ്രതീക്ഷിക്കാം. അവരുമായി കളിക്കാര്‍ക്ക് വേണ്ടി മത്സരിക്കുന്ന യൂറോപ്യന്‍ ലീഗിലെ മുതലാളിമാര്‍ അറബി പൊന്നിന്റെ തിളക്കത്തില്‍ പകച്ചു നില്‍ക്കുന്ന കാഴ്ചയാകും നമുക്ക് കാണാന്‍ സാധിക്കുക. ഫുട്‌ബോളില്‍ ഒരു പുതിയ ലോക ക്രമം വളര്‍ന്നു വരുന്നതിന് നാന്ദി കുറിക്കുന്നതാകും റൊണാള്‍ഡോയുടെ ഈ അല്‍ നാസര്‍ ചുവടുവയ്പ്പ്. ഖത്തര്‍ ഭരണാധികാരികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത് ഓര്‍ക്കുക, ഈ വേള്‍ഡ് കപ്പ് വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ ഖത്തറിനു മാത്രം സ്വന്തമാകില്ല, അത് അറേബ്യയിലെ മുഴുവന്‍ നിവാസികളെയും കൈപിടിച്ച് ഉയര്‍ത്തുന്ന ഒന്നാകും. അത് യാഥാര്‍ഥ്യമാക്കുന്ന നാളുകളാണ് വരാന്‍ പോകുന്നത്.

TAGS :