Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 8 Dec 2022 9:39 AM GMT

മരിച്ചു വോട്ട് ചെയ്യുന്നവര്‍

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിദ്വേഷവും, നുണ പ്രചരണവും ആവശ്യത്തിന് ഉണ്ടായിരിന്നു. ഗുജറാത്തില്‍ പ്രസംഗിക്കവേ മോദി ഇറക്കിയ തുറുപ്പു ചീട്ടായിരിന്നു, ഗുജറാത്തി അഭിമാനം. ഞാനാണ് ഗുജറാത്ത് എന്ന മുദ്രാവാക്യമായിരുന്നു അതിനു ഉപയോഗിച്ചത്. | LookingAround

മരിച്ചു വോട്ട് ചെയ്യുന്നവര്‍
X

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നു കഴിഞ്ഞു. എണ്ണി തുടങ്ങിയ നിമിഷം തന്നെ ഫലത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി കൊണ്ടാണ് ലീഡുകള്‍ ടി.വി സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്നത്. 20 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം ബി.ജെ.പി മുന്നോട്ട് കൊണ്ട് പോകട്ടെ എന്നാണ് ജനങ്ങളുടെ തീരുമാനം. സീറ്റുകളുടെ എണ്ണം നോക്കിയാല്‍, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് ബി.ജെ.പിക്ക് ഇത്തവണ ഗുജറാത്തില്‍ ലഭിച്ചിരിക്കുന്നത്.

2ജി, കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിവയുടെ മസാല ചേര്‍ത്ത കഥകള്‍ പാണന്മാര്‍ പാടി നടന്നിരുന്ന കാലത്ത്, ഗുജറാത്ത് മോഡല്‍ എന്ന ലേബല്‍ ഉയര്‍ത്തിക്കാട്ടിയാണ്, അവിടത്തെ മുന്‍മുഖ്യമന്ത്രി മോദി 2014ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാജ്യം അതിനെ കണ്ണടച്ചു വിശ്വസിച്ചാണ് ബി.ജെ.പിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ ഏറ്റിയത്. എന്നാല്‍, പിന്നീടുള്ള നാളുകളില്‍ സാധാരണ വായനയില്‍ പോലും തെളിഞ്ഞു വന്നത്, ഒരു മോഡല്‍ എന്നു പറയാന്‍ പോലും ആ സംസ്ഥാനത്ത് ന്യായത്തില്‍ അധിഷ്ഠിതമായ ഭരണം ഉണ്ടായിരുന്നില്ല എന്നാണ്.

ഇലക്ഷന്‍ പ്രചാരണ കാലത്ത് ഗുജറാത്തിലെ ഒരു പട്ടണത്തില്‍ വച്ച് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അജിത് അഞ്ജും ഒരു കൂട്ടം കച്ചവടക്കാരോട് സംസാരിക്കവെ, എന്തുകൊണ്ട് അവര്‍ മോദിയെ പിന്തുണക്കുന്നു എന്ന് ചോദിക്കുമ്പോള്‍ കിട്ടിയ മറുപടികള്‍ അവിശ്വസനീയമായിരിന്നു. അവരില്‍ ഒരാള്‍ പറഞ്ഞത്, യുക്രൈന്‍-റഷ്യ പ്രശ്നത്തില്‍ മോദി ഇടപെട്ടാണ് യുദ്ധം താല്‍ക്കാലികമായി നിറുത്തി വെപ്പിച്ച്, ഇന്ത്യന്‍ വിദ്യാര്‍ഥികളെ അവിടെ നിന്നും രക്ഷപ്പെടുത്തിയത് എന്നാണ്.

20 വര്‍ഷത്തോളം ഒരേ പാര്‍ട്ടി തന്നെ ഭരിച്ചിരുന്ന ആ സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ മാനവ വികസന സൂചികയില്‍ ഒന്നില്‍ പോലും മുന്നില്‍ എത്താന്‍ സാധിച്ചിട്ടില്ല എന്നു മാത്രമല്ല, മിക്കതിലും വളരെ പുറകിലാണ് താനും. ഇത്രയേറെ ധനികരും, അവരുടെ കച്ചവട പ്രസ്ഥാനങ്ങളും ഉള്ള ആ സംസ്ഥാനം എങ്ങനെ ഇതുപോലെ പുറകോട്ട് പോയി എന്നത് അത്ഭുതം തന്നെ. ഇതില്‍ അവിടം ഭരിച്ചിരുന്ന സര്‍ക്കാരിനോ പാര്‍ട്ടിക്കോ യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നു വിശ്വസിക്കുന്ന ജനത, മനസ്സ് മരവിച്ചവരാകണം. ഈ വിജയത്തെ ജനാധിപത്യത്തിന്റെ വിജയമായി കാണാന്‍ സാധിക്കില്ല. മീഡിയയുടെ മേലുള്ള അധികാരവും, ഇലക്ഷന്‍ ബോണ്ടിന്റെ കുത്തകാവകാശവും, വര്‍ഗീയ രാഷ്ട്രീയത്തിന്റെ അതിപ്രസരവും മൂലമുള്ള വിജയമാണ് ഇത് എന്നു വ്യക്തമാണ്. ഇവയുടെ ശ്രദ്ധയോടെയുള്ള പ്രയോഗത്തിലൂടെ ഗുജറാത്ത് ജനതയുടെ മനസ്സ് പരുവപ്പെടുത്തി എടുത്തിരിക്കുകയാണ് ബി.ജെ.പിയുടെ തലപ്പത്തുള്ളവര്‍. ഇത് ഗുജറാത്തിലെ അവരുടെ തന്നെ നേതാക്കള്‍ക്ക് പോലും മനസ്സിലായിട്ടുണ്ട് എന്നു തോന്നുന്നില്ല. കൂടെ നിന്നാല്‍ മതി ബാക്കിയെല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന രീതിയിലാണ് ഗുജറാത്തിലെ അവരുടെ പാര്‍ട്ടി പ്രവര്‍ത്തനം.

ഇത്തവണയും ഇലക്ഷന്‍ പ്രചാരണത്തിന് മുന്നേ അവിടത്തെ മുഖ്യമന്ത്രിയെ മാറ്റിക്കൊണ്ടാണ് ബി.ജെ.പി കളത്തിലിറങ്ങിയത്. ഭരണ വിരുദ്ധ വികാരം പാടെ തള്ളിക്കളായനുള്ള ഒരു അടവായിരുന്നു ഇത്. കഴിഞ്ഞു പോയ നാളുകളിലെ വീഴ്ചകള്‍ മുഴുവനായി മുന്‍ മുഖ്യമന്ത്രിയുടെ വീഴ്ചകളായി ജനം കണക്കാക്കിക്കോളും എന്ന്, ഇന്നും നെഹ്റുവിനെ കുറ്റം പറയാതെ ഒരു ദിനവും കടന്ന് പോകാന്‍ അനുവദിക്കാത്ത മോദിയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ!

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിദ്വേഷവും, നുണ പ്രചരണവും ആവശ്യത്തിന് ഉണ്ടായിരിന്നു. ഗുജറാത്തില്‍ പ്രസംഗിക്കവേ മോദി ഇറക്കിയ തുറുപ്പു ചീട്ടായിരിന്നു, ഗുജറാത്തി അഭിമാനം. ഞാനാണ് ഗുജറാത്ത് എന്ന മുദ്രാവാക്യമായിരുന്നു അതിനു ഉപയോഗിച്ചത്. മറ്റ് പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളെല്ലാം ഇതര സംസ്ഥാനക്കാരായത് കൊണ്ട്, അവരെ തടയാനുള്ള അടവായിരുന്നു ഇത്. ഇലക്ഷന്‍ പ്രചാരണ കാലത്ത് ഗുജറാത്തിലെ ഒരു പട്ടണത്തില്‍ വച്ച് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അജിത് അഞ്ജും ഒരു കൂട്ടം കച്ചവടക്കാരോട് സംസാരിക്കവെ, എന്തുകൊണ്ട് അവര്‍ മോദിയെ പിന്തുണക്കുന്നു എന്ന് ചോദിക്കുമ്പോള്‍ കിട്ടിയ മറുപടികള്‍ അവിശ്വസനീയമായിരിന്നു. അവരില്‍ ഒരാള്‍ പറഞ്ഞത്, യുക്രൈന്‍-റഷ്യ പ്രശ്നത്തില്‍ മോദി ഇടപെട്ടാണ് യുദ്ധം താല്‍ക്കാലികമായി നിറുത്തി വെപ്പിച്ച്, ഇന്ത്യന്‍ വിദ്യാര്‍ഥികളെ അവിടെ നിന്നും രക്ഷപ്പെടുത്തിയത് എന്നാണ്. വിശ്വഗുരുവായി വേറെ ആരും കണ്ടില്ലെങ്കിലും, ഗുജറാത്തിലെ വാട്‌സാപ്പ് സന്ദേശങ്ങള്‍ മോദിയെകുറിച്ചു ആ നാട്ടുകാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് അത്തരത്തിലുള്ള ചിത്രമാണ് എന്നു സാരം.

പതിന്മടങ്ങ് ഭൂരിപക്ഷത്തോടെ മോദിയുടെ പാര്‍ട്ടി ഗുജറാത്തില്‍ അധികാരത്തില്‍ ഏറുമ്പോള്‍, നാം ഗൗരവമായി ചിന്തിക്കേണ്ടത് ഗാന്ധിജിയുടെ ഗുജറാത്ത് എന്തേ ഇങ്ങനെയായി എന്നാണ്. കാരണം, ആ ഗുജറാത്തില്‍ നിന്നാണ് ഗാന്ധിജിയുടെ ഇന്ത്യ ഉണ്ടായതെന്നാണ് ചരിത്രം. ഇന്നിപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ നാം കാണുന്നത് ഗുജറാത്തിലെ ചുവര്‍ചിത്രങ്ങളില്‍ ഗാന്ധിജിയുടേതിന് പകരം സവര്‍ക്കറുടെ പടങ്ങള്‍ പടര്‍ന്നു കഴിഞ്ഞു എന്നതാണ്. ഇത് ഇന്ത്യയുടെ ചുവരിലേക്ക് പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍, മനസ്സില്‍ ഇപ്പോഴും മനുഷ്യത്വം ബാക്കിയുള്ള, ഭരണഘടനയെ മാനിക്കുന്നവര്‍ എടുക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ മരിച്ചവരുടെ മനസ്സുമായി ഈ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടി വരും.

2002 കലാപ സമയത്തു കലാപകാരികളുടെ പൈശാചിക അക്രമത്തിനു ഇരയായ ഒരു സ്ത്രീയുടെ ആക്രമകാരികളെ ഇലക്ഷന് മുന്‍പേ ജയില്‍ മോചിതരാക്കിയതില്‍ ഗുജറാത്തിലെ ജനങ്ങള്‍ ഒരു തെറ്റും കണ്ടില്ല. പുറത്തിറങ്ങിയ അവര്‍ക്ക് ഈ രാഷ്ട്രീയ പാര്‍ട്ടി നല്‍കിയ സ്വീകരണം പോലും ആ ജനതയെ തെല്ലും അലോസരപ്പെടുത്തിയില്ല. അവരെ മോചിതരാക്കിയതില്‍ പോലും തെറ്റ് കാണാത്തവര്‍, അതിനെ തിരഞ്ഞെടുപ്പുമായി എങ്ങനെ ചേര്‍ത്ത് കാണാനാണ്? ഇത്തരം വാര്‍ത്തകള്‍ ഇക്കാലത്ത് ഒരു പുരോഗമന സംസ്‌കാരത്തിലും കേള്‍ക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ ഇങ്ങനെ എത്രയെത്ര കുറ്റവാളികളെയാണു പരസ്യമായി അവര്‍ കൂടെ കൂട്ടിയത്.

ഇലക്ഷന്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ഗുജറാത്തില്‍ വന്നു അമിത് ഷാ പറഞ്ഞത് ഓര്‍ക്കുക. 2002ല്‍ നമ്മള്‍ അവരെ ഒരു പാഠം പഠിപ്പിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസംഗിച്ചത്. അത് കേട്ട് കൈയടിക്കുന്ന ജനങ്ങളെ നോക്കി ഡല്‍ഹിയിലുള്ള പത്രപ്രവര്‍ത്തക സുഹൃത്ത് അന്ന് ഫോണില്‍ വിളിച്ചു പറഞ്ഞത്, ഡിസംബര്‍ 8ന് വോട്ടെണ്ണുമ്പോള്‍, ആരും വലിയ അത്ഭുതങ്ങള്‍ ഒന്നും പ്രതിക്ഷിക്കേണ്ട എന്നാണ്. ഇരുപത് വര്‍ഷത്തെ ഭരണം തുടരുക തന്നെ ചെയ്യും, ഉള്ള് മരിച്ച മനുഷ്യര്‍ എങ്ങനെ മാറി ചിന്തിക്കാനാണ്. ഇന്നിപ്പോള്‍ ബ്രേക്കിങ് ന്യൂസ് പറയുന്നതും അതു തന്നെയാണ്. എന്ത് കൊണ്ടാകും ആ മനുഷ്യരില്‍ ഇത്രക്ക് മനുഷ്യത്വം ഇല്ലാതായത്? അതും വര്‍ണ്ണ, മത, ജാതി വെറിയെ ലോകത്തുള്ള ഭരണകൂടങ്ങളും സാധാരണ ജനങ്ങളും തള്ളിപ്പറയുമ്പോള്‍, ഇവര്‍ക്ക് എങ്ങനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ സാധിക്കുന്നു എന്നത് അത്ഭുതത്തെക്കാള്‍ കൂടുതല്‍, ഭയപ്പെടുത്തുന്ന കാര്യമാണ്. കച്ചവടവും, പണവും മറ്റെന്തിനെക്കാളും മുകളില്‍ വരുമ്പോള്‍, മനുഷ്യന് വിലയില്ലാതായി പോകുന്നതാകാനും സാധ്യതയുണ്ട് എന്നൊരു അഭിപ്രായമുണ്ട്. മാനവികതക്ക് തെല്ല് പോലും ബഹുമാനം കൊടുക്കാത്ത മനുഷ്യരാല്‍ നയിക്കപ്പെടുന്ന ജനത ഇനി എവിടേക്ക് ചെന്നെത്തും എന്നതും ചോദ്യമാണ്.


പ്രധാനമന്ത്രിയുടെ ഇലക്ഷന്‍ ജല്‍പനങ്ങള്‍ ഇനിയും തിരിച്ചറിയാന്‍ സാധിക്കാത്ത ജനതയുടെ ബോധമാണ് സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ അവര്‍ക്ക് താല്‍പര്യം ഇല്ലാതാക്കിയത്. അധമമായ വിഷയാസക്തി ആ മനുഷ്യരെ അവരുടെ തന്നെ വിചാര വികാര വിക്ഷോഭങ്ങളുടെ അടിമകളാക്കിയിരിക്കുന്നു. സംസ്ഥാനത്തിനോ, അവര്‍ക്ക് തന്നെയോ, അവരുടെ അടുത്ത തലമുറക്കോ ഗുണകരമല്ലാത്ത ആ വിഷയങ്ങളില്‍ ഭരണവര്‍ഗം അവരെ തളച്ചിടുകയാണ് ചെയ്യുന്നത്. ഇത്തരം തെറ്റായ വീക്ഷണങ്ങളില്‍ അഭിരമിച്ച സംസ്‌കാരങ്ങള്‍ എല്ലാം തന്നെ ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കാതെ നശിച്ചു പോയ കഥകള്‍ നമുക്ക് ചരിത്ര പുസ്തകങ്ങളില്‍ വായിച്ചെടുക്കാവുന്നതാണ്. പക്ഷെ, ചരിത്രം വെട്ടിക്കുറിക്കുന്നവരോട് ഇത് പറഞ്ഞിട്ട് കാര്യമില്ലല്ലോ.

ഇലക്ഷന് ഏതാനും ആഴ്ചകള്‍ മുന്നേ, ഇതിനു മുന്നേ രാജ്യം നേരിട്ടില്ലാത്ത തരം അപകടമാണ് മോര്‍ബി തൂക്കുപാലം തകര്‍ന്നപ്പോള്‍ നാം കണ്ടത്. 135 ജീവനുകള്‍ നഷ്ടപ്പെട്ട ആ ദാരുണ സംഭവത്തില്‍ ലോകം മുഴുവന്‍ നടുങ്ങി. മരിച്ചവരില്‍ മൂന്നിലൊന്നു പേര്‍ കുട്ടികളായിരുന്നു എന്നോര്‍ക്കുക. സംഭവം നടന്നത് അതിന്റെ അറ്റകുറ്റപ്പണികളില്‍ ഉണ്ടായ വീഴ്ച്ച മൂലമാണ് എന്നു പകല്‍ പോലെ വ്യക്തമായിരുന്നു. എന്നിട്ടും ആ സംഭവത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ആ പാലത്തിന്റെ കാവല്‍ക്കാരനും, നിര്‍മാണ കമ്പനിയുടെ ഓഫീസ് സ്റ്റാഫും മാത്രമാണ്. സാധാരണ നിലയില്‍ ഇതിലും പലമടങ്ങ് ചെറിയ അപകടമാണെങ്കില്‍ പോലും ആ നിര്‍മാണ കമ്പനിയുടെ മുതലാളിയെയാണ് ആദ്യം കസ്റ്റഡിയില്‍ എടുക്കുക. പക്ഷെ, അത് പോയിട്ട്, ഒരു വാച്ച് കമ്പനിക്കാരനാണ് ആ തൂക്ക്പ്പാലത്തിന്റെ പണികള്‍ക്ക് കരാര്‍ കൊടുത്തത് എന്നത് പോലും അവിടത്തെ ജനങ്ങളെ രോഷാകുലരാക്കിയില്ല എന്നു പറയുമ്പോള്‍, അവിടത്തെ ജനങ്ങളുടെ മാനസികാവസ്ഥയെ ചോദ്യം ചെയ്യുന്നതില്‍ തെറ്റ് കാണാന്‍ പറ്റില്ല. ഇന്നിപ്പോള്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ കയറിയെന്ന ഇലക്ഷന്‍ ന്യൂസ് വരുന്ന സമയത്തു പോലും ആ കമ്പനി ഉടമ കാണാമറയത്താണ്. ഇതില്‍ അവിടത്തെ ബി.ജെ.പി സര്‍ക്കാരിനും, അവരുടെ ഉന്നത നേതാക്കള്‍ക്കും പങ്കില്ല എന്നു വാര്‍ത്ത വായിക്കുന്ന ആരും വിശ്വസിക്കില്ല. വേറെ ഏത് നാട്ടിലായിരുന്നെങ്കിലും അപകടത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതിന് തക്കതായ തിരിച്ചടി ലഭിക്കേണ്ടതായിരുന്നു. പക്ഷെ, ഇന്നിപ്പോള്‍ പതിന്മടങ്ങ് ഭൂരിപക്ഷത്തോടെ മോദിയുടെ പാര്‍ട്ടി ഗുജറാത്തില്‍ അധികാരത്തില്‍ ഏറുമ്പോള്‍, നാം ഗൗരവമായി ചിന്തിക്കേണ്ടത് ഗാന്ധിജിയുടെ ഗുജറാത്ത് എന്തേ ഇങ്ങനെയായി എന്നാണ്. കാരണം, ആ ഗുജറാത്തില്‍ നിന്നാണ് ഗാന്ധിജിയുടെ ഇന്ത്യ ഉണ്ടായതെന്നാണ് ചരിത്രം. ഇന്നിപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ നാം കാണുന്നത് ഗുജറാത്തിലെ ചുവര്‍ചിത്രങ്ങളില്‍ ഗാന്ധിജിയുടേതിന് പകരം സവര്‍ക്കറുടെ പടങ്ങള്‍ പടര്‍ന്നു കഴിഞ്ഞു എന്നതാണ്. ഇത് ഇന്ത്യയുടെ ചുവരിലേക്ക് പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍, മനസ്സില്‍ ഇപ്പോഴും മനുഷ്യത്വം ബാക്കിയുള്ള, ഭരണഘടനയെ മാനിക്കുന്നവര്‍ എടുക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ മരിച്ചവരുടെ മനസ്സുമായി ഈ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടി വരും.


TAGS :