Quantcast
MediaOne Logo

നയതന്ത്ര

Published: 2 Oct 2022 2:04 PM GMT

കാള കളിക്കും നേതാക്കള്‍

പ്രായാധിക്യം കൊണ്ട് കയ്യിനും കാലിനും വിറയല്‍ വന്നിട്ടുണ്ടെങ്കിലും മനസ്സിന് ചെറുപ്പം തന്നയാണെന്നും എത്ര വേണമെങ്കിലും പാര്‍ട്ടിയുടെ തലൈവര്‍ കസേരയിലിരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമുള്ള ഹാവഭാവാദികളാണ് ശരീരഭാഷയിലൂടെ ചില നേതാക്കള്‍ എഴുതിനെറ്റിയില്‍ ഒട്ടിച്ചുവെച്ചിരിക്കുന്നത്. പാവങ്ങളുടെ ചെമ്പടയെന്നൊക്കെയാണ് ഒന്നൊന്നരത്തള്ളെങ്കിലും, അധികാരക്കൊതിക്ക് അരപ്പണിത്തൂക്കം കുറവില്ല. | പൊളിറ്റിക്കല്‍ പാര്‍ലര്‍

കാള കളിക്കും നേതാക്കള്‍
X

ഒരു ചുകപ്പന്‍ പാര്‍ട്ടിയിലിപ്പോള്‍ തീയും പുകയും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്ന് പറഞ്ഞതുപോലെയാണ് സംഭവം. അനന്തപുരിയിലെ സമ്മേളന നഗരിയാണ് വേദി. പ്രായം തികഞ്ഞ നേതാക്കളുടെ വകയാണ് പാര്‍ട്ടി സമ്മേളനവേളയില്‍ അലങ്കോല പ്രവര്‍ത്തനങ്ങള്‍. പ്രായപരിധിയാണ് വിഷയം. പ്രായാധിക്യം കൊണ്ട് കയ്യിനും കാലിനും വിറയല്‍ വന്നിട്ടുണ്ടെങ്കിലും മനസിന് ചെറുപ്പം തന്നയാണെന്നും എത്ര വേണമെങ്കിലും പാര്‍ട്ടിയുടെ തലൈവര്‍ കസേരയിലിരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമുള്ള ഹാവഭാവാദികളാണ് ശരീരഭാഷയിലൂടെ ചില നേതാക്കള്‍ എഴുതിനെറ്റിയില്‍ ഒട്ടിച്ചുവെച്ചിരിക്കുന്നത്. പാവങ്ങളുടെ ചെമ്പടയെന്നൊക്കെയാണ് ഒന്നൊന്നരത്തള്ളലെങ്കിലും, അധികാരക്കൊതിക്ക് അരപ്പണിത്തൂക്കം കുറവില്ല.

സമ്മേളനത്തിന്റെ കൊടിമരം ഏറ്റു വാങ്ങുന്ന, വിശേഷപ്പെട്ട് ചടങ്ങില്‍ പങ്കെടുക്കാതെ സഖാവ് കെ.ഇ ഇസ്മായില്‍ പാലക്കാട്ടേക്ക് പോയിക്കളഞ്ഞു. സമ്മേളനത്തിന് പാര്‍ട്ടിപതാക ഉയര്‍ത്തുന്ന ചടങ്ങിലാകട്ടെ, നേതാക്കളും അനുയായികളും ദീപശിഖയും കാത്തിരുന്നിട്ടും സഖാവ് ദിവാകരന്‍ ഇറങ്ങിവന്നില്ല. തുടര്‍ന്ന് നേതാക്കള്‍ പോയി ആനയിച്ചുകൊണ്ടുവരികയായിരുന്നു. ഇതൊക്കെ പ്രായമായവര്‍ക്ക്, പാര്‍ട്ടി ബഹുമാനിച്ചേല്‍പ്പിക്കുന്ന പണിയാണല്ലോ. അതു തന്നെയാണിവരുടെ പ്രശ്‌നവും. പ്രായമായെന്ന് സമ്മതിച്ചാല്‍ പാര്‍ട്ടിയില്‍ പിന്നെ സ്ഥാനമാനങ്ങളുണ്ടാവില്ലല്ലോ. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്ന ഭീഷണി കാനം പതിവു പോലെ മുഴക്കിയിട്ടുണ്ട്. അവിടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തിന് വേണ്ടിയുള്ള പിടിവലിയും കടിപിടിയും അരങ്ങുതകര്‍ക്കുകയാണ്.

ഇവിടെയൊരാള്‍ ദേശീയപാതയിലൂടെ വെയില്‍ കൊണ്ടു നടക്കുകയാണ്. പാര്‍ട്ടി പ്രസിഡണ്ടായി തന്നെ തെരഞ്ഞെടുക്കുമെന്നും നിര്‍ബന്ധിക്കുമെന്നും അയാള്‍ക്കുറപ്പുള്ളത് കൊണ്ട് അത് വേണ്ടെന്ന് വെച്ച് ബുദ്ധനെപോലെ നടക്കാനാണ് രാഹുലിന്റെ തീരുമാനം. മനസ്സുമാറ്റാനിടക്കിടക്ക് നേതാക്കള്‍ ദേശീയ പാതയിലെത്തി സംസാരിച്ചിരുന്നു. രാജസ്ഥാനിലെ മുഖ്യമന്ത്രി ഗെഹലോട്ട് അധ്യക്ഷനകാട്ടെയെന്ന് ഗാന്ധികുടുംബം തീരുമാനമെടുത്തപ്പോള്‍ മനസില്‍ ലഡു പൊട്ടിയത് സ്വാഭാവികമായും സചിന്‍ പൈലറ്റിനായിരുന്നു. കുറച്ചുകാലമായി സചിന്‍ മുഖ്യമന്ത്രിപദത്തിനുള്ള കുപ്പായവും തയ്പ്പിച്ചു കസേരകളി നടത്തികൊണ്ടിരിക്കുന്നുണ്ട്. പേരില്‍ സചിനെന്നുണ്ടെങ്കിലും രാഷ്ട്രീയ മൈതാനിയില്‍ ഗെഹലോട്ടിന്റെ കുതന്ത്രപന്തുകളെ, സിക്‌സര്‍ പറത്തനുള്ള വൈഭവം ഇതുവരേ പ്രദര്‍ശിപ്പിച്ചിട്ടില്ല. പൈലറ്റ് എന്ന വാക്ക് പ്രയോഗമാക്കുന്നവിധത്തില്‍ രാജസ്ഥാന്‍ എം.എല്‍.എമാരുടെ മനസറിഞ്ഞ് കോക്പിറ്റിലിരുന്ന് സര്‍ക്കാരിനെ പറത്താനുള്ള ഭാഗ്യവും ലഭിച്ചിരുന്നില്ല. ഇനി ഗെഹലോട്ട് എ.ഐ.സി.സി അധ്യക്ഷനാവുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. പക്ഷെ, സചിനെ മുഖ്യമന്തിയാക്കിയാല്‍ രാജിവെക്കുമെന്ന ഭീഷണിയുമായി എം.എല്‍.എമാര്‍ കലാപക്കൊടിയുയര്‍ത്തി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ജയ്പൂരിലെത്തിയ ഹൈക്കമാന്റ് നേതാക്കള്‍ പാവ് ബജിയും സമൂസയും കഴിച്ച് കാത്തിരിപ്പായി. ഒന്നുമറിയാതെ പാവം ഗെഹ്‌ലോട്ട് കൈമലര്‍ത്തി. മാക്കനും ഗാര്‍ഗെയും നിരാശരും പരവശരുമായി ദില്ലിക്ക് മടങ്ങി. ഒരു നൂറ് അങ്കത്തിനും പതിന്മടങ്ങ് രാഷ്ട്രീയകളികള്‍ക്കും തനിക്കിനിയും ബാല്യമുണ്ടെന്ന് ഗെഹ്‌ലോട്ട് ദില്ലിവാലകളെ ബോധ്യപ്പെടുത്തി.

അവസരം മുതലെടുത്ത് തരൂര്‍ പത്രിക നല്‍കി. പ്രസിഡണ്ടായി മത്സരിക്കാന്‍ നേതാക്കളില്ലാതെ ഗാന്ധികുടുബം കുടുങ്ങി. ഒടുവില്‍ എല്ലാം രാജിവെച്ചു തിരിച്ചുവന്ന എ.കെ ആന്റണി, രക്ഷാദൗത്യത്തിനായി ദില്ലിയിലേക്ക് പറക്കുകയും ഖാര്‍ഗെയ്ക്ക് കുരിശു ചുമക്കാനുള്ള ഭാഗ്യം ലഭിക്കുകയും ചെയ്തു. രാജ്യസഭയിലെ പ്രതിപക്ഷസ്ഥാനത്തിനിള്ള ചരടുവലികള്‍ക്ക് ഇതോടുകൂടി തിരികൊളുത്തിയിട്ടുള്ള വിവരം കൂടി ഇപ്പോള്‍ പ്രഖ്യാപിക്കട്ടെ. അല്ല കോണ്‍ഗ്രസുകാരേ ഇനിയെങ്കിലും ഡല്‍ഹിയില്‍ നിന്നും സംസ്ഥാനത്തേക്ക് നടപ്പാക്കാന്‍ കഴിയാത്ത തീരുമാനങ്ങളുമായി വരുന്ന മുടക്കാചരക്കുകളെ ഹൈക്കമാന്റ് എന്നു തന്നെ വിളക്കുന്നതിലര്‍ഥമുണ്ടോ. ആ പേരൊന്ന് മാറ്റാന്‍ സമയമായില്ലേ.

ഇതിനിടയില്‍ ഹരിയാനയിലെ ഫത്തേബാദില്‍, സമ്മാന്‍ ദിവസ് റാലി എന്ന പേരില്‍ ഒരു അത്ഭുതസംഭവം നടന്നു. എന്‍.സി.പി നേതാവ് ശരത് പവാര്‍, ബീഹാര്‍ മുഖ്യമന്ത്രി നിധിഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷത്തെ ഗഡാഗഡിയന്മാര്‍ ഒരു കുടക്കീഴില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഐക്യനിര കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിച്ചു. മുലായവും ലാലുവും ഇതേ ആവശ്യത്തിനായി സോണിയയെ സന്ദര്‍ശിക്കുകയും ചെയ്തു. ഈ ബഹളവും കോലാഹലവും കാണുമ്പോള്‍ ബി.ജെ.പി വക്താക്കളുടെ മുഖത്ത് പെരുംചിരിയാണ് തെളിയുന്നത്. ഐക്യമൊക്കെ ജോറാണ് പക്ഷെ, പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അപ്പോ വാളും വില്ലുമെടുത്ത് പോരിനിറങ്ങുന്ന ചേകവാന്മാരണത്രെ ഈ നേതാക്കള്‍. അതോടെ പൊളിഞ്ഞ് പാളീസാകുമത്രെ ഈ ഐക്യമത്യം. അതു തന്നെയാണ് മോദിയുടേയും കൂട്ടരുടേയും വലിയ പ്രതീക്ഷയും.

രാജ്യത്ത് കോമഡി രാജ് തുടരുകയാണ്. മാധ്യമങ്ങള്‍ കൊട്ടാരം വിദൂഷകന്മാരെ പോലെ തമാശകളെഴുന്നള്ളിക്കുന്നതില്‍ വിദഗധരാണ്. ചീറ്റപുലികള്‍ക്ക് പേരിടാനുള്ള മത്സരം ആഘോഷമായി ആരംഭിച്ചുകഴിഞ്ഞവത്രെ. അതിനിടയില്‍ ആശ എന്ന ചീറ്റ ഗര്‍ഭിണിയാണെന്ന വാര്‍ത്തയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നുണ്ട്. ആ വിശുദ്ധഗര്‍ഭത്തിന്റെ ഉത്തരവാദിയാരാണെന്ന ചൂടന്‍ ഡിബേറ്റുകള്‍ ഉടന്‍ നടക്കുമെന്നുറപ്പായിട്ടുണ്ട്.

ഒടുവില്‍ ഗുലാം നബിക്ക് ആഹ്ലാദത്തിന് വക നല്‍കി ടിയാന്‍ തന്നെ ഒരു പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരെന്താണെന്നറിയാമോ. ഡെമോക്രാറ്റിക്ക് ആസാദ് പാര്‍ട്ടി. പാര്‍ട്ടിയുടെ നേതാവോ ആസാദ് തന്നെ. അങ്ങിനെ കോണ്‍ഗ്രസ് അവഗണിച്ചുവെന്ന പരാതിക്ക്, പാര്‍ട്ടിയുടെ പേരില്‍ സ്വന്തം പേര് തുന്നിചേര്‍ത്ത് അദ്ധേഹം പകയും പകരവും വീട്ടി. ഇനി ആസാദ്, ആസാദ്പാര്‍ട്ടിയുടെ വോട്ടുകള്‍ അസാധുവാകാതെ നോക്കായിയാല്‍ മതിയാകും.

തിരുവനന്തപുരത്ത് പൂച്ച കടിച്ചതിന് ചികിത്സാര്‍ഥം ആശുപത്രിയിലെത്തിയ യുവതിയെ നായയും കടിച്ചു. ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചുവെന്ന് കേട്ടിട്ടില്ലേ. സമാനമായ കഷ്ടകാലം. ഇനിയും നമുക്ക് കേരളത്തിലെ ആരോഗ്യസംവിധാനത്തെകുറിച്ച് മേനി പറയാം. ലാല്‍സലാം. പാര്‍ലറിന് വിരാമം.

TAGS :