Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 30 March 2023 11:51 AM GMT

രാഹുലിന്റെ അയോഗ്യതയിലെ നേട്ടവും കോട്ടവും

മോദിയെന്ന ശക്തനായ പ്രതിയോഗിക്ക് മുന്നില്‍ രാഷ്ട്രീയ ചുവടുറപ്പിക്കാന്‍ പാടുപെടുകയായിരുന്ന രാഹുലിന് രക്തസാക്ഷി പരിവേഷം നേടിയെടുക്കാന്‍ അയോഗ്യനാക്കിയ നടപടിയിലൂടെ സാധിച്ചു എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മോദിയുടെ പാളിച്ചയായിട്ടും പല രാഷ്ട്രീയ നിരീക്ഷകരും അയോഗ്യതാ നടപടിയെ കാണുന്നുണ്ട്. |TheFourthEye

രാഹുലിന്റെ അയോഗ്യത
X


രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കുകയും ലോകസഭാംഗത്വം റദ്ദാക്കുകയും ചെയ്ത സൂറത്തിലെ കോടതിയുടെ വിധിയാണല്ലോ ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ച. ചോദ്യങ്ങള്‍ ചോദിയ്ക്കുന്ന കുട്ടിയില്‍ സ്വഭാവദൂഷ്യം ആരോപിച്ച് പ്രിന്‍സിപ്പല്‍ വഴി അവനെ ക്ളാസ്സിന് പുറത്താക്കുന്ന അധ്യാപകനെപ്പോലെ വളഞ്ഞവഴിയിലൂടെ അഹിതവിഷയങ്ങള്‍ ഉന്നയിക്കുന്ന രാഹുലിനെ മോദി പാര്‍ലമെന്റില്‍ നിന്നൊഴിവാക്കിയതില്‍ അത്ഭുതത്തിന് വകയില്ല. അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്നവരെയും പൊന്നുതമ്പുരാന് തിരുവുള്ളക്കേട് ഉണ്ടാക്കുന്നവരെയുമെല്ലാം കോടതിയെയും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് നിശ്ശബ്ദരാക്കുന്നത് ഹിന്ദുത്വവഴിയേ സഞ്ചരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുതിയ രീതിയാണല്ലോ.

വീണു കിടക്കുന്നവനെ ചവിട്ടുന്നത് പോലെ അനൗചിത്യമാകും എന്നറിയുമ്പോഴും രാജ്യത്തിന്റെ പൈതൃകവും ചരിത്രവും ഭാവിയും ഒന്നിച്ചു വിഴുങ്ങാന്‍ പാകത്തിന് ഹിന്ദുത്വമെന്ന ഹീനവും ജീര്‍ണ്ണവുമായ തത്വദര്‍ശനത്തെ പ്രാപ്തമാക്കിയ കൊടിയപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരുകാലത്തും ഒളിച്ചോടാനാവില്ല. ഷാഹ്ബാനു ഓര്‍ഡിനന്‍സിന്റെ പേരില്‍ ഹിന്ദുക്കള്‍ക്കുണ്ടായ മനോവ്യഥ പരിഹരിയ്ക്കാനും ഹിന്ദുവോട്ട് ഉറപ്പിച്ചു നിര്‍ത്താനുമായി ഉപജാപകവൃന്ദം ഓതിക്കൊടുത്ത വക്രബുദ്ധിയ്ക്ക് വശംവദനായ രാജീവ് ഗാന്ധി വിശ്വഹിന്ദു പരിഷത്തിന് അയോധ്യയിലെ തര്‍ക്കമന്ദിരത്തിന്റെ പൂട്ട് തുറന്ന് നല്‍കിയതില്‍ നിന്നാരംഭിച്ച ഇസ്‌ലാം വിരുദ്ധ രാഷ്ട്രീയത്തിന്റെ ഹിന്ദുത്വപ്രയാണം ഇന്ന് രാജ്യത്തെ എവിടെ കൊണ്ടുചെന്നെത്തിച്ചു എന്ന് കോണ്‍ഗ്രസ്സുകാര്‍ ഇടയ്‌ക്കൊക്കെ ഒന്നോര്‍ക്കുന്നത് നല്ലതാണ് എന്ന് മാത്രം ഇവിടെ പറയുന്നു.

രാഹുലിന്റെ വിവാദ പരാമര്‍ശത്തില്‍ ഉള്‍പ്പെടാത്ത പൂര്‍ണേഷ് മോദി എന്ന ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ വഴി കോടതിയില്‍ കേസ് കൊടുപ്പിക്കുകയും അനുകൂല നിലപാടുള്ള ജഡ്ജി മാറുമെന്ന ഘട്ടം വന്നപ്പോള്‍ കേസ് മരവിപ്പിക്കുകയും പിന്നീട് ഇപ്പോഴത്തെ ജഡ്ജി വന്നപ്പോള്‍ അതിനെ പുനരുജ്ജീവിപ്പിക്കുകയും ഒക്കെ ചെയ്തതിന് പിന്നില്‍ വൈരനിര്യാതനം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഗാന്ധിഘാതകരുടെ ആനപ്പക പകല്‍ പോലെ വ്യക്തമാണ്. മാത്രമല്ല, പരിഷ്‌കൃത സമൂഹം മൂക്കത്തു വിരല്‍ വെച്ച് പോകുന്നത്ര അപഹാസ്യമായ ഈ കേസിന് ഹിന്ദുത്വവിഷം സിരകളിലേന്തിയ കോടതി നിയമം അനുശാസിക്കുന്നതിന്റെ പരമാവധി ശിക്ഷ തന്നെ നല്‍കിയത് രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം അസാധുവാക്കുന്നതിന് വേണ്ടിത്തന്നെയാണ് എന്നതിലും അരിയാഹാരം ഭക്ഷിക്കുന്നവര്‍ക്ക് സംശയം ഉണ്ടാവേണ്ടതില്ല.

പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ നേതാവിനെ ഇങ്ങനെയൊരു ചതിപ്രയോഗത്തിലൂടെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടികളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനമുയരുന്നത് തികച്ചും സ്വാഭാവികം. ഇതിന്റെയെല്ലാം ബലത്തില്‍ കോണ്‍ഗ്രസ്സ് കേന്ദ്രങ്ങളില്‍ ഒരു പുത്തനുണര്‍വ് വന്നിട്ടുണ്ട് എന്നുള്ളതില്‍ തര്‍ക്കവുമില്ല. എന്നാല്‍, ഈ പ്രതിഷേധാഗ്‌നിയുടെ വീര്യവും ജ്വാലയും ചോര്‍ന്നുപോകാതെ അധികനാള്‍ കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് ആ പാര്‍ട്ടിയെ അറിയാവുന്നവരാരും വിശ്വസിക്കുന്നുണ്ടെന്ന് കരുതുന്നില്ല.

മുഖ്യശത്രുവിനെക്കൊണ്ടുള്ള ശല്യം തന്ത്രപൂര്‍വം ഒഴിവാക്കിയ മോദിജിയെ മുക്തകണ്ഠം പ്രശംസിക്കുകയും രാഹുലിനെതിരായ കോടതിവിധിയെ അദ്ദേഹത്തിന്റെ മാസ്റ്റര്‍ സ്‌ട്രോക്കായി അടക്കം പറയുകയും ചെയ്യുകയാണ് ഇപ്പോള്‍ സംഘ്പരിവാറിന്റെ ആരാധകര്‍. എന്നാല്‍, മോദിയെന്ന ശക്തനായ പ്രതിയോഗിക്ക് മുന്നില്‍ രാഷ്ട്രീയ ചുവടുറപ്പിക്കാന്‍ പാടുപെടുകയായിരുന്ന രാഹുലിന് ഒരു രക്തസാക്ഷി പരിവേഷം നേടിയെടുക്കാന്‍ സഹായിച്ച ഈ നടപടിയെ മോദിയുടെ പാളിച്ചയായിട്ടാണ് പല രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ അതീവ പ്രാധാന്യമുള്ള ഈ സംഭവവികാസത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എന്തൊക്കെ, അതിന്റെ ആത്യന്തിക ഗുണഭോക്താവ് ആര് എന്നതൊക്കെയാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യാന്‍ താല്‍പര്യപ്പെടുന്നത്.

ഒറ്റനോട്ടത്തില്‍ രാഹുലിന്റെ ശിക്ഷാ നടപടി ബി.ജെ.പിക്കും മോദിക്കും ഒരു പൊല്ലാപ്പായി മാറുമെന്ന് കണക്ക് കൂട്ടുന്നവരെ കുറ്റം പറയാനാകില്ല. കഴുത്തോളം മുങ്ങിക്കഴിഞ്ഞ കോണ്‍ഗ്രസിന് വീണുകിട്ടിയ അവസാന കച്ചിത്തുരുമ്പായി ഈ പ്രശ്‌നം അടുത്ത് വരുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും അധികം അകലെയല്ലാത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും മാറിയേക്കാമെന്ന നിരീക്ഷണത്തില്‍ തെറ്റ് പറയനുമാകില്ല. പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ നേതാവിനെ ഇങ്ങനെയൊരു ചതിപ്രയോഗത്തിലൂടെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടികളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനമുയരുന്നത് തികച്ചും സ്വാഭാവികം. ഇതിന്റെയെല്ലാം ബലത്തില്‍ കോണ്‍ഗ്രസ്സ് കേന്ദ്രങ്ങളില്‍ ഒരു പുത്തനുണര്‍വ് വന്നിട്ടുണ്ട് എന്നുള്ളതില്‍ തര്‍ക്കവുമില്ല. എന്നാല്‍, ഈ പ്രതിഷേധാഗ്‌നിയുടെ വീര്യവും ജ്വാലയും ചോര്‍ന്നുപോകാതെ അധികനാള്‍ കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് ആ പാര്‍ട്ടിയെ അറിയാവുന്നവരാരും വിശ്വസിക്കുന്നുണ്ടെന്ന് കരുതുന്നില്ല. ആരംഭശൂരത്വം അവസാനിച്ചാല്‍ ഖദര്‍ ധാരികള്‍ പതിവ് അധികാര വടംവലികളിലേക്കും പരസ്പരം പാരവെപ്പിലേക്കും തന്നെ മടങ്ങാനാണ് സാധ്യത.

എങ്കില്‍പ്പോലും കോണ്‍ഗ്രസിന് ഇപ്പോള്‍ കിട്ടുന്ന പ്രതിപക്ഷ പിന്തുണയില്‍ ബി.ജെ.പിയില്‍ ചിലരെങ്കിലും ആശങ്കാകുലരാണ് എന്ന് വേണം മനസ്സിലാക്കാന്‍. പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന്റെ ഇക്കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ ഈ ആകുലത അദ്ദേഹം തീരെ മറച്ചുവെച്ചില്ല. ആസന്നമായ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹതാപ വോട്ടിനുള്ള സാധ്യതകളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് തേടുന്നത് എന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ ആരോപണം. കപില്‍ സിബല്‍, മനു അഭിഷേക് മനു സിംഗ്വി തുടങ്ങി അതിപ്രഗത്ഭരായ നിരവധി അഭിഭാഷകര്‍ പാര്‍ട്ടിയുടെ മുന്‍നിര നേതാക്കന്മാര്‍ക്കിടയില്‍ തന്നെയുള്ളപ്പോഴും കോടതി വിധിക്ക് സ്റ്റേ വാങ്ങാനുള്ള യാതൊരു തയ്യാറെടുപ്പും പാര്‍ട്ടി നടത്തുന്നില്ല എന്നതായിരുന്നു ഈ സംശയത്തിന്റെ ആധാരം.


കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ രാഹുലിനെതിരായ നീക്കം നടത്തുക വഴി മോദിക്ക് തന്ത്രം പിഴച്ചോ? അങ്ങനെയൊരു അഭിപ്രായമില്ലെന്ന് മാത്രമല്ല, മോദി നല്ലവണ്ണം ആലോചിച്ചുറപ്പിച്ച ഒരു നീക്കം തന്നെയാണ് ഇതെന്നാണ് വിലയിരുത്തല്‍. നരേന്ദ്ര മോദിയെപ്പോലെ കളി അറിഞ്ഞു കളിക്കുന്ന, സ്വന്തമായി കാര്യങ്ങള്‍ പഠിക്കുകയും അനാവശ്യമായ ബാഹ്യ ഇടപെടലുകളെ തന്റെ തീരുമാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്ന തന്ത്രശാലിയായ ഒരു രാഷ്ട്രീയക്കാരന്‍ വരുംവരായ്കകള്‍ കണക്കിലെടുക്കാതെ ഇത്രയും നിര്‍ണ്ണായകമായ ഒരു തീരുമാനമെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയെങ്കില്‍, എന്തായിരിക്കാം ഈ നീക്കം കൊണ്ട് മോദി മുന്നില്‍ കണ്ട നേട്ടങ്ങള്‍? എന്റെ വിശകലനത്തില്‍ സ്വന്തം ചിലവില്‍ രാഹുലിനെ ഒരു രക്തസാക്ഷിയാക്കി മാറ്റാന്‍ ബിജെപിയെ പ്രേരിപ്പിച്ചത് ആറ് കാരണങ്ങള്‍ ആയിരിക്കും. അവയോരോന്നും വിശദമായി പരിശോധിക്കാം.

ഒന്നാമത്തെ കാരണം അടുത്ത് വരുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റവും വലിയ ഭീഷണിയാവുമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്ന ഭരണവിരുദ്ധ വികാരത്തെ മയപ്പെടുത്താനുള്ള ഒരു വഴിയായി രാഹുലിനെ മുന്നില്‍ നിര്‍ത്തുക എന്നതാവാം. ഇപ്പോഴും ശക്തനായ യെദിയൂരപ്പയെ മറികടന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെത്തന്നെ ഏല്‍പിച്ചത് ചില പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് പാര്‍ട്ടി മുന്‍കൂട്ടി കാണുന്നു. ഇത് വഴി ലിംഗായത്തുകള്‍ക്ക് ഉണ്ടാകാനിടയുള്ള നീരസം പരിഹരിക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ക്ക് ഉണ്ടായിരുന്ന നാല് ശതമാനം സംവരണം സര്‍ക്കാര്‍ എടുത്തു കളയുകയും അത് ലിംഗായത്തുകള്‍ക്കും വൊക്കലിംഗ സമുദായത്തിനുമായി നല്‍കുകയും ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്. ഇതുകൊണ്ടൊന്നും ജനപ്രീതിയില്‍ കാര്യമായി ഇടിവ് വന്ന ബൊമ്മെക്കെതിരായ ഭരണവിരുദ്ധ വികാരത്തെ ചെറുക്കാനാവുമെന്ന് പാര്‍ട്ടി കരുതുന്നില്ല.

മാത്രമല്ല, മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനുള്ളില്‍ പാര്‍ട്ടി പ്രതീക്ഷിച്ച തോതിലുള്ള ആഭ്യന്തര കലഹങ്ങളൊന്നും ഇപ്പോള്‍ നടക്കുന്നുമില്ല. ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും തമ്മില്‍ തല്‍ക്കാലം വെടിനിര്‍ത്തലിലാണെന്ന സാഹചര്യം അഴിമതി, ഭരണപരാജയം തുടങ്ങിയവയില്‍ ചര്‍ച്ചകളെ ഉറപ്പിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചേക്കുമെന്ന് ബി.ജെ.പി ഭയക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹിന്ദുവോട്ടര്‍മാര്‍ക്കുള്ളില്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം ഇളക്കിവിടാനും സംസ്ഥാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും രാഹുലിന്റെ 'രാജ്യദ്രോഹം' ചര്‍ച്ചയാകുന്നത് പ്രയോജനകരമാകും എന്ന് പാര്‍ട്ടി കണക്കു കൂട്ടുന്നു. പ്രചാരണത്തിനിടെ കള്ളന്‍, ഫാഷിസ്റ്റ്, ഭീരു, സ്വേച്ഛാധിപതി തുടങ്ങി കോണ്‍ഗ്രസ്സുകാര്‍ മോദിയെ വിളിക്കുന്ന ഓരോ ചീത്തയും പാര്‍ട്ടിക്ക് ഗുണമായി വരുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.


മറ്റൊരു കാരണം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ എന്‍.സി.പി.യെ കോണ്‍ഗ്രസില്‍ നിന്നകറ്റാന്‍ രാഹുലിന്റെ അദാനി വിരോധത്തെ മുന്നില്‍നിര്‍ത്തിയാല്‍ സാധിച്ചേക്കും എന്ന കണക്കുകൂട്ടലാവാം. അദാനിയെ നിരവധി തവണ പരസ്യമായി പിന്തുണക്കുകയും പുകഴ്ത്തുകയും ചെയ്തിട്ടുള്ള ശരദ് പവാറിന് തിരഞ്ഞെടുപ്പ് വേളയിലെ രാഹുലിന്റെ അദാനി വിരുദ്ധത സൃഷ്ടിച്ചേക്കാവുന്ന ചെറുതല്ലാത്ത തലവേദന മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ബി.ജെ.പി കണക്കു കൂട്ടുന്നു.

ഇതേ സൗകര്യം പാര്‍ട്ടിക്ക് അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നല്‍കാന്‍ രാഹുലിന്റെ അയോഗ്യതാ പ്രശ്‌നം സജീവമാക്കി നിര്‍ത്തുക വഴി സാധിക്കുമെന്നും ബി.ജെ.പി കരുതുന്നുണ്ടാവാം. തൊഴിലില്ലായ്മ, പാചക വാതകത്തിന്റെ ഉള്‍പ്പെടെയുള്ള വിലക്കയറ്റം, കര്‍ഷകരുടെ വരുമാനം തുടങ്ങിയ വിഷയങ്ങളിലെല്ലാം അഞ്ച് വര്‍ഷം മുന്‍പ് നടത്തിയ എമണ്ടന്‍ വാഗ്ദാനങ്ങള്‍ അസ്ഥികൂടങ്ങളായി വന്ന് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നുണ്ടെന്ന് തീര്‍ച്ച. ഒപ്പം ഇപ്പോഴും എങ്ങുമെത്താത്ത കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നതിനൊപ്പം മൂന്ന് ദശാബ്ദങ്ങളായി സ്വസ്ഥമായിരുന്ന പഞ്ചാബിലും ഇപ്പോള്‍ സ്ഥിതി സങ്കീര്‍ണ്ണമാണ്. ലഡാക്കില്‍ ചൈന ഭാരതത്തിന്റെ ഭൂമി കയ്യടക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്നിട്ടും മറുപടി പറയാനാവാതെ കുഴങ്ങുന്ന മോദിക്ക് രാഹുലിനെ മുന്നില്‍ നിര്‍ത്തി ദേശീയതയ്ക്ക് ഒരു വോട്ട് എന്ന പതിവ് തട്ടിപ്പ് വീണ്ടും പുറത്തെടുത്തേ പറ്റൂ.

അയോഗ്യനാക്കപ്പെടും വരെ രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ അല്ലെങ്കില്‍ തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കും എന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. 2019ല്‍ രാഹുല്‍ വയനാട് തിരഞ്ഞെടുത്തത് കോണ്‍ഗ്രസിന് തെക്കേയിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് ഈ രണ്ട് സംസ്ഥാനങ്ങളിലായിരുന്നു. കേരളത്തില്‍ ഇരുപതില്‍ പത്തൊന്‍പത്തിടത്തു ജയിച്ച കോണ്‍ഗ്രസ്സ് മുന്നണി തമിഴ്നാട്ടില്‍ മുപ്പത്തിയൊന്‍പതില്‍ മുപ്പത്തിയെട്ടും നേടിയിരുന്നു. കോണ്‍ഗ്രസ്സിനെയും ഡി.എം.കെ ഉള്‍പ്പെടുന്ന പ്രതിപക്ഷത്തെയും കഴിയുന്നത്ര കുറവ് സീറ്റുകളിലേക്ക് ഒതുക്കണമെങ്കില്‍ ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 സീറ്റുകളില്‍ പാര്‍ട്ടിയുടെ കുതിപ്പിന് കടിഞ്ഞാണിടേണ്ടി വരുമെന്ന് ബി.ജെ.പി തിരിച്ചറിയുന്നു. രാഹുലിനെതിരായ പ്രതികാര നടപടിക്ക് പിന്നിലെ ഒരു ചേതോവികാരം ഇതുമായിരിക്കാം.

സോണിയാ ഗാന്ധിയുടെ അഭാവത്തില്‍ കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത നേതാവായി ഉയര്‍ന്നുവരുമായിരുന്ന രാഹുല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇല്ലാതാവുന്നതോടെ പ്രതിപക്ഷ ഐക്യത്തിനുള്ള ഒരു നവസാധ്യത അത് തുറന്നിടുന്നു എന്ന സത്യം ബി.ജെ.പി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് നിശ്ചയമില്ല. അങ്ങനെ വന്നാല്‍, വെളുക്കാന്‍ തേച്ചത് അവര്‍ക്ക് പാണ്ടായി മാറിയേക്കാം.

2019ല്‍ അംബാനിയില്‍, പ്രത്യേകിച്ച് അനില്‍ അംബാനിയിലൂന്നിയാണ് കോണ്‍ഗ്രസ് തങ്ങളുടെ ബി.ജെ.പി വിരുദ്ധ പ്രചാരണം മുഖ്യമായും നടത്തിയത് എന്ന് പറഞ്ഞാല്‍ തെറ്റുണ്ടാവില്ല. റഫാല്‍ വിമാന ഇടപാട് ചൂണ്ടിക്കാട്ടി ചൗക്കീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം രാജ്യമെമ്പാടും വിളിച്ച കോണ്‍ഗ്രസിന് അത് തിരഞ്ഞെടുപ്പില്‍ വിനയായി മാറിയത് നാം കണ്ടതാണ്. സ്വന്തമായി ഒരു കുടുംബം പോലുമില്ലാത്ത, ഹിമാലയസാനുക്കളില്‍ തപസ്സ് ചെയ്യുന്നതിനിടെ രാജ്യത്തെ വിശ്വഗുരുവാക്കാനായി ലീവെടുത്ത് ഇറങ്ങിവന്ന പരമസാത്വികനായ തന്നെ കള്ളനെന്ന് വിളിക്കുന്നു എന്ന് നാടാകെ ഗദ്ഗദകണ്ഠനായി പ്രസംഗിച്ച മോദിക്ക് അത് ഹിന്ദുത്വബെല്‍റ്റില്‍ ഒരു രക്തസാക്ഷി പരിവേഷം നല്‍കി. വിഷയവും കഥാപാത്രവും മാറുന്ന 2024ല്‍ കോണ്‍ഗ്രസ് ഹിന്‍ഡന്‍ബര്‍ഗ്-അദാനി അച്ചുതണ്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും തനിക്ക് വീണ്ടുമൊരു രക്തസാക്ഷിയായി അധികാരത്തിലെത്താമെന്നും മോദി കണക്കുകൂട്ടുന്നു.

ഇനി മേല്‍പറഞ്ഞതു കൊണ്ടൊന്നും നികത്താനാവാത്ത എന്തെങ്കിലും കുറവ് വന്നാല്‍ അതിനെ ഒരു ജാതിക്കളിയിലൂടെ മറികടക്കാന്‍ കൂടിയാണ് രാഹുലിന്റെ മോദീ വിരുദ്ധ പരാമര്‍ശത്തെ ബി.ജെ.പി ഒ.ബി.സി വിരുദ്ധമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. അസംബ്ലി തിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്ര തന്നെ വരാനിരിക്കുന്ന അടുത്ത വര്‍ഷം ഇത് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് അവര്‍ കരുതുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നവയില്‍ മഹാരാഷ്ട്ര, ഹാരിയാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങി കുറഞ്ഞത് എട്ടിടത്തെങ്കിലും ഒ.ബി.സി വോട്ടുകള്‍ നിര്‍ണ്ണായകമാണ് എന്നിരിക്കേ സമുദായത്തെ ആക്ഷേപിച്ച കോണ്‍ഗ്രസിന്റെ നേതാവിനെ ഒരു പാഠം പഠിപ്പിച്ച സമുദായസ്‌നേഹി ചമഞ്ഞു വോട്ടു തട്ടാന്‍ ബി.ജെ.പി ശ്രമിക്കാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടൂ?

ഇതൊക്കെ പറയുമ്പോഴും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കാവുന്ന ഒരു ഘടകം ഇപ്പോഴത്തെ രാഹുല്‍ വിരുദ്ധ നീക്കത്തിന്റെ ഫലമായി ഉയര്‍ന്നു വന്നേക്കാം എന്ന സാധ്യതയും തള്ളിക്കളയാനാവുന്നതല്ല. ബി.ജെ.പിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് പിന്നിലെ ഒന്നാമത്തെ കാരണം പ്രതിപക്ഷ ഐക്യത്തിന്റെ അഭാവമാണ് എന്നതില്‍ തര്‍ക്കമില്ലല്ലോ. ആ ഐക്യത്തിന് വിലങ്ങുതടിയായി പലപ്പോഴും ഉയര്‍ന്നുവരാറുള്ളത് പ്രതിപക്ഷ നേതാക്കന്മാര്‍ക്കിടയില്‍ നെഹ്റു കുടുംബത്തിന്റെ നേതൃത്വത്തോടുള്ള നീരസമാണ് എന്നതും വ്യക്തമാണല്ലോ. സോണിയാ ഗാന്ധിയുടെ അഭാവത്തില്‍ കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത നേതാവായി ഉയര്‍ന്നുവരുമായിരുന്ന രാഹുല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇല്ലാതാവുന്നതോടെ പ്രതിപക്ഷ ഐക്യത്തിനുള്ള ഒരു നവസാധ്യത അത് തുറന്നിടുന്നു എന്ന സത്യം ബി.ജെ.പി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് നിശ്ചയമില്ല. അങ്ങനെ വന്നാല്‍, വെളുക്കാന്‍ തേച്ചത് അവര്‍ക്ക് പാണ്ടായി മാറിയേക്കാം.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ ഗുണഫലങ്ങള്‍ ഭരണമുന്നണിക്കോ അതോ പ്രതിപക്ഷത്തിനോ കിട്ടുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്നാല്‍, ഒരു കാര്യം ഇപ്പോഴേ വ്യക്തമാണ്. നേട്ടം ആരുണ്ടാക്കിയാലും ഇത്തരം ഒരു കിരാതനടപടിയിലൂടെ നഷ്ടമുണ്ടാവുക രാജ്യത്തിനും അതിന്റെ ജനാധിപത്യഘടനക്കുമാണ് എന്നതില്‍ തര്‍ക്കമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ പ്രധാനമന്ത്രിയെ ഒന്ന് കളിയാക്കിയതിന് കോടതി പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ നേതാവിന്റെ പാര്‍ലമെന്റ് അംഗത്വം തന്നെ റദ്ദാക്കിയ വാര്‍ത്ത CNN, BBC, Aljazeera, NYTimes, The Guardian തുടങ്ങി സംഘപരിവാറിന്റെ ഭാഷയിലെ ഇടത്-ജിഹാദികള്‍ മാത്രമല്ല Washington Post, Wall Street Journal, Fox തുടങ്ങിയ വലത് യാഥാസ്ഥിതിക മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തത് വിമര്‍ശന-പരിഹാസ സ്വരത്തിലാണ് എന്നതും നാം കാണാതെ പോയിക്കൂടാ.

2014 മുതല്‍ സംഘ്പരിവാര്‍ ഓരോ ഇഷ്ടികയായി ഇളക്കിമാറ്റി ദുര്‍ബ്ബലമാക്കിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂടിന് താങ്ങാനാവാത്ത ആഘാതമായി രാഹുലിനെതിരായ ഈ പ്രതികാര നടപടി മാറുന്നത് ഒരു സര്‍ക്കാര്‍ അതിക്രമം എന്നത് കൊണ്ട് മാത്രമല്ല. ഒരുപക്ഷേ അതിനേക്കാള്‍ അപകടകരമായ കാര്യം ജനാധിപത്യവിരുദ്ധമായ പ്രവണതകള്‍ ഒരു സര്‍ക്കാര്‍ പ്രകടിപ്പിക്കുമ്പോള്‍ അതിനെ കൃത്യമായി ചെറുത്തു തോല്‍പ്പിച്ച് നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥമായ ഒരു കോടതി തന്നെ സര്‍ക്കാരിന്റെ ഫാഷിസ്റ്റ് അതിക്രമത്തിന്റെ ചട്ടുകമായി മാറിയെന്നതാണ്. നരേന്ദ്ര മോദിയുടെ ഈ നടപടി ഏതായാലും മനുഷ്യാവകാശം, മാധ്യമസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ന്യൂനപക്ഷസുരക്ഷ തുടങ്ങിയ എല്ലാ സൂചികകളുടെയും അടിത്തട്ടിലെത്തിക്കഴിഞ്ഞ ഇന്ത്യയിലെ ഹിന്ദുത്വ ജനാധിപത്യത്തിന്റെ യഥാര്‍ഥമായ സ്വേച്ഛാധിപത്യമുഖം ലോകത്തിന് മുന്നില്‍ മറയില്ലാതെ പ്രദര്‍ശിപ്പിക്കുന്നതായിപ്പോയി എന്ന് പറയാതെ വയ്യ.

TAGS :