ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റ്, അഥവാ സെലക്ഷൻ പൊളിറ്റിക്‌സും താരങ്ങളുടെ നിരാകരണവും
പ്രതിഭാധാരാളിത്തം എന്ന ഒരൊറ്റ മേന്മ കൊണ്ട് ഒരുപക്ഷെ പൂർണമായും വീഴാതെ പിടിച്ചു നിൽക്കാൻ ഇൻഡ്യൻ ക്രിക്കറ്റിനാകുമെങ്കിലും അടിത്തറ മറന്ന് കൊണ്ടുള്ള സെലക്ഷൻ പൊളിറ്റിക്സ് എന്ന ദുരന്തം ഇൻഡ്യയുടെ ശക്തി ചോർത്തുന്ന ഒരു ദിനം സമീപഭാവിയിൽ സമാഗതമായേക്കും

‘ഒരു ടൂർണ്ണമെന്റിലുടനീളം 750 റൺസ് എന്ന മോഹശരാശരി നിലനിർത്തുകയെന്നത് ഏറെക്കുറെ അവിശ്വനീയമായ കാര്യമാണ്, എങ്കിലും നിർഭാഗ്യവശാൽ കരുൺ നായരെ ടീമിൽ ഉൾപ്പെടുത്തുക പ്രയാസകരം..’
കഴിഞ്ഞയാഴ്ച്ച സമാപിച്ച വിജയ് ഹസാരെ ടൂർണമെന്റിൽ സ്വപ്നത്തിൽ പോലും സാധ്യമല്ലാത്ത വിധം ബാറ്റ് ചെയ്യുകയും അസാധ്യമെന്ന് തോന്നുന്ന തരത്തിലുള്ള സ്റ്റാറ്റിസ്റ്റിക്സുകൾ കൈമുതലായുള്ള കരുൺ നായർ ദേശീയ ടീമിലേക്ക് ഒരിക്കൽ കൂടെ തഴയപ്പെട്ട ശേഷം സെലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത് അഗർക്കറുടെ വിചിത്രമായ വാദം ഇപ്രകാരമായിരുന്നു..
സ്ഥിരമായി നല്ല പ്രകടനങ്ങൾ നടത്തുകയും ദേശീയടീമിന്റെ വാതിൽ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന ആദ്യത്തെ ക്രിക്കറ്റർ അല്ല കരുൺ നായർ, അവസാനത്തേതുമാവാനിടയില്ല. ഇനിയും വ്യക്തമായിട്ടില്ലാത്ത ഒരുപിടി അജണ്ടകൾ നടപ്പിലാക്കി ഇന്ത്യൻ ക്രിക്കറ്റിനെയും തെരഞ്ഞെടുപ്പ് പ്രക്രിയകളെയും നാമാവശേഷമാക്കിയ - ആക്കിക്കൊണ്ടിരിക്കുന്നവരുടെ പട്ടികയിലും അജിത് അഗാർക്കറിന് മുൻഗാമികളുണ്ട്, ഒരഴിച്ചു പണി സാധ്യമാകുന്നത് വരെ പിൻഗാമികളുമുണ്ടാകും..
ഇന്ത്യൻ ക്രിക്കറ്റിന്റെ അടിത്തറ അതിന്റെ ശക്തമായ ആഭ്യന്തര ക്രിക്കറ്റ് ഘടനയാണ്. രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, ദുലീപ് ട്രോഫി, ദേവ്ദർ ട്രോഫി തുടങ്ങി ഇന്ത്യൻ ക്രിക്കറ്റിനെ സമ്പുഷ്ടിപ്പെടുത്താൻ തക്ക പ്രാപ്തിയുള്ള ഭൂമികയാണ് ഇന്ത്യയുടെ ആഭ്യന്തര മണ്ണ്. ഇത്തരം ടൂർണമെന്റുകൾ ഇന്ത്യൻ താരങ്ങൾക്ക് ദേശീയ ടീമിലേക്ക് പ്രവേശനപഥം ഒരുക്കുന്നവയാണ്. രഞ്ജി ട്രോഫിയിലൂടെ ദേശീയ ടീമിൽ സ്ഥാനമുറപ്പിക്കുകയും പതിറ്റാണ്ടുകളോളം ടീമിനെ സേവിക്കുകയും ചെയ്തിരുന്ന പുരാതന മഹത്വം ഇന്നേറെക്കുറെ അന്യമായി. പകരം ഫ്രാഞ്ചൈസി ടൂർണമെന്റിലെ ഒറ്റ രാത്രിയിലെ ഹീറോ പരിവേഷം കൊണ്ട് ചിലർ ടീമിൽ സ്ഥാനമുറപ്പിക്കുകയും മറ്റ് ചിലർ ഡൊമസ്റ്റിക്ക് സർക്കിളിനപ്പുറത്തേക്ക് കരിയർ വ്യാപിപ്പിക്കാനാവാതെ സെലക്ഷൻ പൊളിറ്റിക്സിന് ഇരയാവുകയും ചെയ്തു.
ആറായിരത്തിലധികം റൺസും മുന്നൂറ്റമ്പതോളം വിക്കറ്റുകളുമുള്ള ജലജ് സക്‌സേന എന്ത് കഴിവ്കേടിന്റെ പേരിലാണ് ടീം സെലക്ഷൻ പ്രക്രിയകളിൽ ആരുടേയും ഒരു ചോയ്സ് ആവാത്തത്.?
ഇനിയുമെത്ര റൺസ് സ്‌കോർ ചെയ്താലായിരിക്കും അയാൾക്ക് മുന്നിൽ ദേശീയ വാതിൽ തുറക്കപ്പെടുക.!?
ഇതെഴുതുമ്പോൾ ജലജ് സക്സേനയുടെ ബൗളിംഗ് മികവിൽ കേരളം ആറ് വർഷങ്ങൾക്ക് ശേഷം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചിരിക്കുന്നു, അതും 9 വട്ടം ചാമ്പ്യന്മാരായ കർണാടകയും ശക്തരായ ഹരിയാനയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് അവരെക്കാൾ മുന്നേ..
സെലക്ഷൻ അപാകതകളെയും പൊളിറ്റിക്സുകളെയും നിർവചിക്കാൻ ഇതിൽപ്പരം തെളിവുകൾ വേണ്ടാത്ത വിധമുള്ള 'ഐറണി'.
ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയിട്ടും മത്സരിച്ച അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയിട്ടും പിന്നീടൊരിക്കലും ഫൈസൽ ഫസൽ ടീമിന്റെ ഭാഗമായില്ല. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ 8000 റൺസും നാല്പത്തിന് മുകളിലെ ശരാശരിയും തികയാത്തവസ്ഥ..
പ്രിയാംഗ് പാഞ്ചാൽ, അഭിമന്യൂ ഈശ്വർ, അൻമോൽപ്രീത് സിംഗ് തുടങ്ങി ആരുടെയും സ്ഥിതി വ്യത്യസ്ഥമല്ല.
ഐ പി എല്ലിലെ വൺ സീസൺ വണ്ടറായിരുന്ന പോൾ വൾത്താട്ടിയെക്കുറിച്ചറിയുന്ന എത്ര പേർക്ക് രഞ്ജി ട്രോഫിയിലെ റയിൽവേസ് താരം ഉപേന്ദ്രയാദവിനെയറിയാം.!? അയാളുടെ പ്രകടനമികവിനെക്കുറിച്ചറിയാം.!?
ദേശീയ ടീമിൽ ചെറുതെങ്കിലും ഒരു കരിയർ സാധ്യമായത് കൊണ്ട് വസീം ജാഫർ ഓർത്തിരിക്കപ്പെടുന്നെങ്കിലും അയാളുടെ ബൃഹത്തായ ഫസ്റ്റ് ക്ലാസ്സ് കരിയർ വിസ്മരിക്കപ്പെട്ട് കഴിഞ്ഞു.
മനൻ വോഹ്‌റയും ശ്രേയസ് ഗോപാലും പ്രവീൺ താംബെയും രജത് ഭാട്ടിയയും മൻവിന്ദർ ബിസ്ലയും ഓർത്തിരിക്കുന്നത് ഐ പി എൽ പ്രകടനങ്ങൾ കൊണ്ടാണ്, അല്ലാതെ അതിനേക്കാൾ മികച്ച ഡൊമസ്റ്റിക് പ്രകടനങ്ങൾ സാധ്യമായത് കൊണ്ടല്ല.
തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ സമ്മർദ്ദം ചെലുത്താൻ 'ഗോഡ് ഫാദർ' ഇല്ലാത്ത, താരമൂല്യങ്ങളില്ലാത്ത 'സാധാരണക്കാരുടെ' പ്രകടനങ്ങൾ ഞങ്ങൾ മുഖവിലക്കെടുക്കുന്നില്ലായെന്നതാണ് സെലക്ഷൻ കമ്മിറ്റിയുടെ പറയാതെയുള്ള പരസ്യ പ്രസ്‌താവന.
പ്രകടന മികവ് കണക്കിലെടുക്കാതെ ഫ്രാഞ്ചൈസി ടൂര്ണമെന്റായ ഐ പി എല്ലിലെ പിൻവാതിൽ നിയമനമാണ് മറ്റൊരു ശാപം. രവി അശ്വിൻ, രവീന്ദ്ര ജഡേജ , ജസ്പ്രീത് ബുംറ , മുഹമ്മദ് സിറാജ് തുടങ്ങിയവരൊക്കെ ഐ പി എൽ ഉല്പന്നങ്ങളാണെങ്കിലും ഗുണത്തേക്കാളേറെ ഇന്ത്യൻ ക്രിക്കറ്റിന് ദോഷം സമ്മാനിച്ച ഒന്നാണ് ഐ പി എല്ലെന്നതിൽ കൂടുതൽ ചർച്ചകൾ വേണ്ടി വരുമെന്ന് തോന്നുന്നില്ല.
ഡൊമസ്റ്റിക് ക്രിക്കറ്റിൽ 10000 റൺസും മുന്നൂറിലധികം വിക്കറ്റുകളുമുള്ളവർ അവഗണിക്കപ്പെടുന്നതിന്റെ കാരണം ബി സി സി ഐയുടെ ചിലരോടുള്ള അപൂർവ്വതാല്പര്യമല്ലാതെ മറ്റെന്താവാനാണ്.!?
ടാലന്റിനെക്കാൾ രാഷ്ട്രീയ സ്വാധീനമാണ് ഇപ്പോഴത്തെ സെലക്ഷൻ സമീപനം നിയന്ത്രിക്കുന്നത് എന്നതിൽ തർക്കമില്ല.
ചിലർ ഒഴിവാക്കപ്പെടാനുള്ള അതേ കാരണങ്ങളാണ് മറ്റ് ചിലർക്ക് ടീമിൽ കയറിപ്പറ്റാനുള്ള യോഗ്യതകളാകുന്നത് എന്നതാണ് ഖേദകരമായ മറ്റൊരു വിരോധാഭാസം..
മുപ്പത് കഴിഞ്ഞവരെ പ്രായം കൂടിയെന്ന് പറഞ്ഞു കണ്ടില്ലെന്ന് നടിക്കുമ്പോൾ തന്നെയും ബി സി സി ഐയുടെ പ്രത്യേകതാല്പര്യം നേടിയവർക്ക് 'എക്സ്പീരിയൻസ്' എന്ന പേരിൽ അതൊരു എക്സ്ട്രാ ക്വാളിറ്റി ആവുന്നു..!
വാണിജ്യ സ്വഭാവം മാറ്റി കഴിവുകളെയും പ്രകടനങ്ങളെയും മാത്രം അടിസ്ഥാനപ്പെടുത്തി എത്രയും വേഗം മാറ്റങ്ങൾക്കൊരുങ്ങുക എന്നതാണ് നിശ്ചയമായുള്ള പരിഹാരം. കഴിവുള്ളവർക്ക് അർഹമായ അംഗീകാരം നൽകുക വഴി താരങ്ങളെയും, കാലിയായ വേദികളെയും , നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപ്രീതി തിരിച്ചു പിടിക്കലിനെയുമൊക്കെ ഒരു പരിധി വരെ സഹായിച്ചേക്കും. ഓസ്‌ട്രേലിയൻ ഷെഫീൽഡ് ഷീൽഡ് , ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് ഒക്കെ ഉദാഹരണം..!
പ്രതിഭാധാരാളിത്തം എന്ന ഒരൊറ്റ മേന്മ കൊണ്ട് ഒരുപക്ഷെ പൂർണമായും വീഴാതെ പിടിച്ചു നിൽക്കാൻ ഇൻഡ്യൻ ക്രിക്കറ്റിനാകുമെങ്കിലും അടിത്തറ മറന്ന് കൊണ്ടുള്ള സെലക്ഷൻ പൊളിറ്റിക്സ് എന്ന ദുരന്തം ഇൻഡ്യയുടെ ശക്തി ചോർത്തുന്ന ഒരു ദിനം സമീപഭാവിയിൽ സമാഗതമായേക്കും..
അത്തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകിക്കൊണ്ടാണ് കഴിഞ്ഞ രണ്ട് ടെസ്റ്റ് സീരീസുകൾ പര്യവസാനിച്ചത്..
മാസങ്ങൾ കഴിഞ്ഞു നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലും അതാവർത്തിച്ചാൽ വരാനിരിക്കുന്ന ദുരന്തങ്ങളുടെ ഒരശുഭ സൂചനയായി മാറുമത്.
രഞ്ജി ട്രോഫി ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്തായിരുന്ന കാലം പതുക്കെയവസാനിക്കുകയാണ്. ആധിപത്യം ഐ പി എല്ലും ക്രിക്കറ്റ് ബോർഡ് സ്വാർത്ഥ തൽപരരും ഏറ്റെടുത്ത് കഴിഞ്ഞു. ടെസ്റ്റ് ടീമിന്റെ ഔന്നത്യം നഷ്ട്ടപ്പെട്ടു കഴിഞ്ഞു..
ഇനി അതിന്റെ പുരാതന മഹത്വം വീണ്ടെടുക്കാനുള്ള സമയമാണ്..!