Quantcast
MediaOne Logo

ഇന്ത്യയില്‍ മുസ്‌ലിംകള്‍ വംശഹത്യയെ നേരിട്ടുകൊണ്ടിരിക്കുന്നു

ഓരോ വെള്ളിയാഴ്ചക്ക് ശേഷവും ശനിയാഴ്ചയുണ്ടെന്നാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിനെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്തർ പ്രദേശിലെ പ്രയാഗരാജ് എന്ന് പേരുമാറ്റിയ അലഹബാദിലെ ജാവേദ് അഹമ്മദിന്റെ വീട് പൊളിച്ചു മാറ്റുന്നത്. അദ്ദേഹത്തെ പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധങ്ങളിൽ നടന്ന അക്രമങ്ങളുടെ സൂത്രധാരനെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയെയും ഒരു മകളെയും അർധരാത്രിയിൽ പിടിച്ചുകൊണ്ടുപോയി പൊലീസ് ഇരുപത്തിനാലുമണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിന് ശേഷം വിട്ടയക്കുകയുണ്ടായി. ജാവേദ് അഹമ്മദിന്റെ മകളും ഫ്രട്ടേണിട്ടി ദേശീയ സെക്രട്ടറിയും പൗരത്വ നിയമ വിരുദ്ധ സമരങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്ന അഫ്രീൻ ഫാത്തിമയെയും തേടി പൊലീസ് എത്തിയതായി പറയുന്നു. വീട് തകർക്കപ്പെട്ട ശേഷമുള്ള ജീവിതം, ഉത്തർ പ്രദേശിലെ ബുൾഡോസർ രാജ്, ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ ഭാവി ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ അഫ്രീൻ ഫാത്തിമ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നു.

ഇന്ത്യയില്‍ മുസ്‌ലിംകള്‍ വംശഹത്യയെ നേരിട്ടുകൊണ്ടിരിക്കുന്നു
X

Illustration : Faheem PT

Listen to this Article

അഫ്രീന്‍ ഫാത്തിമ / അഫ്സൽ റഹ്മാൻ

വീട് തകര്‍ക്കപ്പെട്ടു എന്ന യാഥാര്‍ഥ്യത്തെ എങ്ങനെയാണ് താങ്കള്‍ അഭിമുഖീകരിക്കുന്നത് ?

അഫ്രീന്‍: എന്നെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം വളരെ വിഷമം നിറഞ്ഞ ഒരു സന്ദര്‍ഭത്തിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. അത് സംഭവിച്ചു (വീട് തകര്‍ക്കപ്പെട്ടു) എന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ എല്ലാവരും. അബ്ബൂവിനെ അവര്‍ അറസ്റ്റ് ചെയ്തു. അവര്‍ ഞങ്ങളുടെ വീട് തകര്‍ത്തു. ഞങ്ങള്‍ കൂടുതല്‍ ക്ഷമിക്കാന്‍ പഠിക്കുകയാണ്. ഞങ്ങള്‍ പരസ്പരം താങ്ങായി തുടരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കാരണം, ഞങ്ങളില്‍ ഒരാള്‍ താഴെ വീണാല്‍ അത് എല്ലാവരെയും തകര്‍ക്കും. ഞങ്ങള്‍ അബ്ബൂവിനു വേണ്ടി ധൈര്യമുള്ളവരായി തുടരുക തന്നെ വേണം. ദിവസത്തിലൊരിക്കല്‍ എങ്കിലും സഹോദരനും ഉമ്മയും സഹോദരിമാരുമായി ഞാന്‍ സംസാരിക്കാറുണ്ട്.

അക്രമങ്ങളുടെ സൂത്രധാരന്‍ എന്നാണ് നിങ്ങളുടെ പിതാവിനെ പൊലീസ് വിശേഷിപ്പിച്ചത്?

അഫ്രീന്‍: അതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാത്രമാണ്. എന്നാല്‍, ഇതൊരു പുതിയ പ്രതിഭാസമല്ല. നമുക്കറിയാം പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭ സമയത്തും ഡല്‍ഹി വംശീയാതിക്രമങ്ങളുടെ സമയത്തും മുസ്ലിംകളെ എങ്ങനെയാണ് വ്യാജ കേസുകളില്‍ പെടുത്തി അറസ്റ്റ് ചെയ്തതെന്ന്. ആ കേസുകളിലെ കുറ്റപത്രങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന കാര്യം അവയെല്ലാം വെറും കെട്ടുകഥകളാണെന്നാണ്. ക്രിമിനല്‍ നിയമസംവിധാനത്തിനെ ഒക്കെ പരിഹസിക്കുകയാണ് ഇതിലൂടെ. അത് തന്നെയാണ് അബ്ബൂവിന്റെ കാര്യത്തിലും സംഭവിക്കുന്നത്. അദ്ദേഹത്തിന് പങ്കില്ലാത്ത ഒരു കുറ്റമാണ് അദ്ദേഹത്തിന് മേല്‍ ആരോപിച്ചിരിക്കുന്നത്. അദ്ദേഹത്തിനെ ശിക്ഷിക്കുന്നതിലൂടെ മുസ്ലിം സമൂഹത്തിനു ഒരു സന്ദേശം നല്‍കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. നിങ്ങള്‍ ഒരു പ്രാസംഗികനോ മറ്റോ ആകേണ്ടതില്ല, നിങ്ങള്‍ സമൂഹത്തില്‍ ഇറങ്ങി പണി എടുക്കുന്ന ആളാണെങ്കില്‍ പോലും നിങ്ങളെ അവര്‍ കള്ളക്കേസുകളില്‍ കുടുക്കും. എന്റെ അബ്ബൂ ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ്. നിരാലംബര്‍ക്ക് സഹായം എത്തിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. എന്നാല്‍, അവര്‍ അദ്ദേഹത്തെ അക്രമങ്ങളെന്ന് ആരോപിക്കപ്പെട്ട സംഭവങ്ങളുടെ സൂത്രധാരനെന്നു മുദ്രകുത്തി അറസ്റ്റ് ചെയ്തു.

താങ്കളുടെ വീട് തകര്‍ക്കുന്നതിന് മേല്‍നോട്ടം വഹിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ താങ്കളുടെ പിതാവുമായി നല്ല സൗഹൃദം നിലനിര്‍ത്തിയ ആളായിരുന്നു എന്ന് ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

അഫ്രീന്‍: അതെ, നഗരത്തിലെ പല സമാധാന കമ്മിറ്റികളിലും എന്റെ പിതാവ് അംഗമായിരുന്നു. അദ്ദേഹം ഖബറിസ്ഥാന്‍ കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്നു. നിയമ നിര്‍വഹണ സംവിധാനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തേണ്ട ആവശ്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജോലി. മുസ്ലിം സമൂഹത്തിന്റെ മാത്രമല്ല, മറിച്ച് അവിടത്തെ പ്രാദേശിക വിഷയങ്ങള്‍ അധികാരികളെ ധരിപ്പിക്കാന്‍ പോകുന്ന വിവിധ പ്രതിനിധി സംഘങ്ങളുടെ ഭാഗം കൂടി ആയിരുന്നു അദ്ദേഹം. ജില്ലാ ഭരണ നിര്‍വഹണ സംവിധാനത്തിലെ ഏതാണ്ട് എല്ലാവരുമായും അദ്ദേഹം നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അവര്‍ക്ക് എന്തോ ദേഷ്യം ഉള്ള പോലെ തോന്നിയിരുന്നെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇത്ര ക്രൂരമായി അവര്‍ ചെയ്യുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.


താങ്കളുടേത് കൂടാതെ ഒരുപാട് വീടുകള്‍ തകര്‍ക്കപ്പെടുകയുണ്ടായി. തങ്ങളുടെ വീടുകളും സ്വത്തുക്കളും ഇല്ലാതാക്കുന്നത് ഒരാളെ വല്ലാത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുന്നുണ്ട്. മുസ്ലിംകളുടെ ഉന്മൂലനമെന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഇതെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

അഫ്രീന്‍: അതെ, നമുക്ക് അങ്ങിനെ കാണാന്‍ കഴിയും. വംശഹത്യകളിലൂടെ, ആള്‍ക്കൂട്ട അക്രമങ്ങളിലൂടെ അവര്‍ മുസ്ലിംകള്‍ക്കെതിരെ ചെയ്യുന്നതെന്തിന്റെയും ഉദ്ദേശം മുസ്ലിംകളെ ഒരു സമൂഹമെന്ന നിലയില്‍ അവരുടെ ശക്തിയെ ക്ഷയിപ്പിക്കുക എന്നതാണ്. ഏതൊരു വംശഹത്യയുടെ സമയത്തും വംശീയാതിക്രമങ്ങളുടെ സമയത്തും - ഈയടുത്ത് നമ്മള്‍ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ഒക്കെ കണ്ട പോലെ - അവര്‍ ആദ്യം ആക്രമിക്കുക മുസ്ലിംകളുടെ കച്ചവട സ്ഥാപനങ്ങളെയാണ്. അവര്‍ കടകള്‍ അഗ്‌നിക്കിരയാക്കി. ഇത് മുസ്ലിം സമൂഹത്തെ ക്ഷയിപ്പിക്കുന്നതിന് (disempower) വേണ്ടി ആണ്. സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു കൂട്ടരുടെ തകര്‍ച്ചയിലൂടെ അവരുടെ പ്രതികരണശേഷി ഇല്ലാതാക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു.

ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കുന്നതിന് എതിരെയും പ്രതിഷേധങ്ങള്‍ അക്രമങ്ങള്‍ കൊണ്ട് നേരിടുന്നതിനെതിരെയും നമ്മള്‍ പ്രതിഷേധങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍, പ്രതിഷേധങ്ങളേക്കാള്‍ കണ്ടത് വലിയ മൗനമാണ്. ഒരു വലിയ സമൂഹം ഇതിനോടൊന്നും പ്രതികരിക്കാതെ പോകുന്നു?

അഫ്രീന്‍: ഭൂരിപക്ഷ സമൂഹം സജീവ പങ്കാളികളോ നിശബ്ദ കാഴ്ചക്കാരോ ആയി മാറിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. രണ്ടും രാജ്യത്തിന് ഒരുപോലെ അപകടകരമാണ്. ഗുജറാത്ത് വംശഹത്യ ആകട്ടെ, ബാബരി മസ്ജിദ് തകര്‍ത്തതാവട്ടെ, അതിനു ശേഷമുണ്ടായ അക്രമപരമ്പരകള്‍ ആവട്ടെ, ഭൂരിപക്ഷ സമൂഹം നിശബ്ദ കാഴ്ചക്കാരായി തുടരുകയാണ്. ഏറ്റവും വിചിത്രമായ കാര്യം ഈ അക്രമങ്ങളെല്ലാം നടക്കുന്നത് അവരുടെ പേരിലാണ്. അവരുടെ സമുദായത്തിന്റെ പേരിലാണ്. നിശബ്ദ കാഴ്ചക്കാരായി അവര്‍ തുടരുന്നതിന്റെ കാരണമായി എനിക്ക് തോന്നുന്നത് നമ്മുടെ മുഖ്യധാര മാധ്യമങ്ങളൊക്കെ ചേര്‍ന്ന് ആക്രമിക്കപ്പെടുന്ന/പീഡിപ്പിക്കുന്ന മുസ്ലിമിനെ നോര്‍മലൈസ് ചെയ്തു കഴിഞ്ഞു എന്നതാണ്.

സമകാല ഇന്ത്യയുടെ പുതിയ നോര്‍മല്‍ ആണ് അത്. അത് കൊണ്ട് തന്നെ ഈ അക്രമങ്ങള്‍ പ്രതിഷേധിക്കപ്പെടാന്‍ ഉള്ളതാകുന്നില്ല. മുസ്ലിംകള്‍ക്കെതിരായ അക്രമങ്ങള്‍, പീഡനങ്ങള്‍ എല്ലാം സാധാരണ സംഭവമായി മാറി. ഭൂരിപക്ഷ സമുദായത്തിന്റെ ഈ മൗനം ഏറെ നിരാശ നല്‍കുന്നതാണ്.

എല്ലാ സംവിധാനങ്ങളും ഹിന്ദുത്വത്തിന് വഴിപ്പെട്ട ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഭാവിയില്‍ എത്രമാത്രം പ്രതീക്ഷയുണ്ട്?

അഫ്രീന്‍ : ആര്‍.എസ്.എസ്/ഹിന്ദുത്വ ശക്തികളുടെ ഏറ്റവും വലിയ വിജയമെന്നത് രാജ്യത്തെ എല്ലാ സംവിധാങ്ങളിലും നുഴഞ്ഞു കയറാന്‍ അവര്‍ക്ക് സാധിച്ചു എന്നതാണ്. ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഭരണകൂടങ്ങള്‍ മുസ്ലിംകളോട് സൗഹാര്‍ദപരമായി പെരുമാറി എന്നല്ല ഇതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍, ഇന്ത്യയുടെ ഭരണ സംവിധാനം പൂര്‍ണമായും ഹിന്ദുത്വത്തിന്റെ നിയന്ത്രണത്തിലായി മാറിയിരിക്കുകയാണ്. നിയമ സംവിധാനമാകട്ടെ, നിയമനിര്‍വഹണ സംവിധാനങ്ങള്‍ ആകട്ടെ, ഇപ്പോള്‍ വികസന സമിതികളില്‍ വരെ - ക്രൂരമായി എന്റെ വീട് തകര്‍ത്ത അലഹബാദ് വികസന അതോറിറ്റി പോലെ - ഹിന്ദുത്വ ശക്തികളുടെ കയ്യിലാണ്. ഒരുതരത്തിലുമുള്ള നിയമ - നടപടിക്രമങ്ങളും പാലിക്കാതെയാണ് അവര്‍ എന്റെ വീട് തകര്‍ത്തത്. ഇനി, എന്റെ വീട് അനധികൃതമായിരുന്നെങ്കില്‍ കൂടി ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടല്ലോ. അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇത് ഭീകരമായ ഒരു പ്രവണത ആണ്.

ഇന്ത്യയിലെ ജ്രനാധിപത്യത്തിന്റെ ഭാവിയെകുറിച്ച് പറഞ്ഞാല്‍, പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങള്‍ മുതല്‍ പലരും ചൂണ്ടിക്കാണിക്കുന്നതാണ് ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരുന്നത് കടലാസില്‍ മാത്രമാണെന്ന്.

ഇന്ത്യയിലെ മുസ്ലിം സമൂഹമെന്നത് പലവിധ കാരണങ്ങള്‍ കൊണ്ട് ഐക്യപ്പെടാത്ത ഒരു സമൂഹമാണ്. അവര്‍ക്ക് നേരെ നടക്കുന്ന ഈ അക്രമങ്ങളെ അവര്‍ എങ്ങനെ നേരിടണമെന്നാണ് താങ്കള്‍ക്ക് തോന്നുന്നത്?

അഫ്രീന്‍: ഒന്നിച്ച് കൂടുന്നതിന് ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് അവരുടേതായ പ്രശ്ങ്ങള്‍ ഉണ്ട്. ഭാഷാപരവും, പ്രാദേശികവും, ആശയപരവുമായ വ്യത്യാസങ്ങള്‍ ഇതിന് കാരണമാണ്. അപ്പോള്‍ തന്നെ ഒരുമയുടെ, ഐക്യദാര്‍ഢ്യത്തിന്റെ ഒരു ബോധം ഇന്ത്യയിലെ മുസ്ലിംകള്‍ക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്. അത് വളരെ വേഗം വികസിക്കുന്നുമുണ്ട്. തങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരായി ഇന്ത്യയിലെ മുസ്ലിംകള്‍ തന്നെ പ്രതിരോധം തീര്‍ക്കും. അങ്ങനെയാണ് നമ്മള്‍ പൗരത്വ നിയമത്തിന്റെ ഉയര്‍ന്നു നിന്നത്. അതുപോലെ എല്ലാവിധ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരെ ഇന്ത്യയിലെ മുസ്ലിംകള്‍ എഴുന്നേറ്റ് നില്‍ക്കുക തന്നെ ചെയ്യും. അതാണ് എന്റെ വിശ്വാസം. എനിക്ക് എന്റെ സമൂഹത്തില്‍ വിശ്വാസമുണ്ട്.


ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആകട്ടെ, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ആകട്ടെ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്ന ഒരു കൂട്ടര്‍ പോലും പറയുന്നത് പ്രതിഷേധങ്ങളില്‍ മുസ്ലിം സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നത് മതേതരത്വത്തിന് എതിരാകുമെന്നാണ്. എന്താണ് താങ്കളുടെ പ്രതികരണം?

അഫ്രീന്‍ : അത്തരം പ്രതികരണങ്ങള്‍ എന്നുമുണ്ടാകും. മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും അവര്‍ അങ്ങനെ പ്രതികരിക്കരുത് എന്നാണ് അവര്‍ പറയുക. അത്തരം ആശയങ്ങളെ ഇന്ത്യയിലെ മുസ്ലിം സമൂഹം നിരാകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ തങ്ങളുടേതായ പ്രതിഷേധത്തിന്റെ ഒരു ഭാഷ സൃഷ്ടിച്ചിട്ടുണ്ട്. തങ്ങളുടെ വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ മുസ്ലിം സമൂഹം സ്വയം പ്രാപ്തരാണ്. മറ്റുള്ളവര്‍ പറയുന്ന മുദ്രാവാക്യങ്ങള്‍ അല്ല അവര്‍ വിളിക്കേണ്ടതെന്നും തങ്ങളുടെ വിഷയങ്ങള്‍ എന്താണെന്നും മുദ്രാവാക്യങ്ങള്‍ എന്താണെന്നും തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയും. മുസ്ലിം വിഷയങ്ങള്‍ മുഖ്യധാരാ വിഷയങ്ങളാക്കാന്‍ കഴിയും. മറ്റുള്ളവര്‍ വലിയ വിഷയങ്ങളില്‍ നിന്നും വഴിതിരിക്കാനുള്ള ശ്രമങ്ങളാണ് മുസ്ലിം വിഷയങ്ങള്‍ എന്ന് പറയും. എന്നാല്‍, ഇന്ത്യയിലെ മുസ്ലിംകള്‍ അനുഭവിക്കുന്ന പീഡനം, അവര്‍ നേരിടുന്ന അതിക്രമങ്ങള്‍ തുടങ്ങിയവ മുസ്ലിം വിഷയങ്ങള്‍ മാത്രമല്ലെന്നും അവ ഇന്ത്യയുടെ വിഷയങ്ങള്‍ ആണെന്ന രീതിയില്‍ കാണാത്തതിന്റെ കൂടി പ്രശ്‌നമാണ്.

പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ലോക രാജ്യങ്ങളുടെ, പ്രത്യേകിച്ച് അറബ് രാജ്യങ്ങളുടെ ശക്തമായ പ്രതികരണങ്ങള്‍ നാം കണ്ടു. എന്നാല്‍, ഇന്ത്യയില്‍ നടന്ന പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തിയതിനോട് കാര്യമായ പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഇതെന്തുകൊണ്ടാണെന്നാണ് അഫ്രീന്റെ അഭിപ്രായം?

അഫ്രീന്‍: യഥാര്‍ഥത്തില്‍ എന്തുകൊണ്ട് അത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് എനിക്ക് അറിയില്ല. അത്തരം പ്രതികരണങ്ങള്‍ പ്രത്യേകിച്ചും വിദേശത്ത് നിന്നുള്ള പ്രതികരണങ്ങള്‍ക്ക് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അവിടെ എത്തിക്കേണ്ട ആവശ്യമുണ്ട്. ഒരു വിഷയത്തില്‍ പ്രതികരിക്കുകയും മറ്റൊന്നില്‍ മൗനം ആചരിക്കുകയും ചെയ്യുന്നതിന്റെ കാരണം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഹിജാബ് വിഷയമാകട്ടെ, ആള്‍ക്കൂട്ട അക്രമണങ്ങളാകട്ടെ, വംശഹത്യകളാകട്ടെ, വീട് തകര്‍ക്കുന്ന സംഭവങ്ങളാകട്ടെ, അന്യായമായി യുവാക്കളെ അറസ്റ്റ് ചെയ്ത തടങ്കലില്‍ ആക്കുന്നത് ആകട്ടെ മുസ്ലിംകള്‍ ഇന്ത്യയില്‍ അനുഭവിക്കുന്ന അതിക്രമങ്ങളില്‍ ശക്തമായ പ്രതികരണം നടത്തണമെന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിക്കുകയാണ്. എല്ലാവരും ഇന്ത്യയിലെ മുസ്ലിംകളോട് ഉപാധികളില്ലാതെ ഐക്യദാര്‍ഢ്യപ്പെടേണ്ടതുണ്ട്. മുസ്ലിംകളെ തീവ്രവാദികളെയും അക്രമകാരികളായും ചിത്രീകരിക്കുന്ന ഒരു പ്രോപഗണ്ട മെഷീന്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.

ഇന്ത്യന്‍ മുസ്ലിമിന്റെ ദൈനംദിന ജീവിതമെന്നത് നിരാശയുടെയും ട്രോമയുടെയും ആയിത്തീര്‍ന്നിട്ടുണ്ട്. മുസ്ലിംകളുടെ ഇന്ത്യയിലെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?

അഫ്രീന്‍: ഇന്ത്യന്‍ മുസ്ലിംകളുടെ ഭാവി എന്നത് വളരെ പ്രയാസം നിറഞ്ഞതാകുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍, ഭരണകൂടം, നിയമസംവിധാനം തുടങ്ങിയവ ഇങ്ങനെ കോംപ്രമൈസ് ചെയ്യപ്പെടുകയാണെങ്കില്‍, ഭൂരിപക്ഷ സമുദായം അവരുടെ മൗനം തുടരുകയാണെങ്കില്‍ മുസ്ലിംകളുടെ അവസ്ഥ വളരെ മോശം ആകാനാണ് പോകുന്നത്. ഇന്ത്യന്‍ മുസ്ലിംകള്‍ ഒരു വംശഹത്യയെ അഭിമുഖീകരിക്കുകയാണെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്ന് അതല്ല അവസ്ഥ, ഒരു തുടര്‍ന്ന് കൊണ്ടിരിക്കുന്നതായ ഒരു വംശഹത്യയിലൂടെയാണ് ഇന്ത്യയില്‍ മുസ്ലിംകള്‍ ജീവിച്ച് കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും എന്തെങ്കിലുമൊന്ന് സംഭവിക്കുന്നു. ആരെങ്കിലുമൊക്കെ ആള്‍ക്കൂട്ട ആക്രമങ്ങളില്‍ കൊല്ലപ്പെടുന്നു, വീടുകള്‍ തകര്‍ക്കപ്പെടുന്നു. മുസ്ലിം സമൂഹം കുറേക്കൂടി ശക്തരാകേണ്ടതുണ്ട്. അവര്‍ പരസ്പരം കൂടുതല്‍ ബന്ധപ്പെട്ട് ജീവിക്കേണ്ടതുണ്ട്. വരാനുള്ള എന്തിനെയും നേരിടാനുള്ള ധൈര്യം കൂടി ഇന്ത്യയിലെ മുസ്ലിം സമൂഹം ആര്‍ജിക്കേണ്ടതുണ്ട്.

TAGS :