Quantcast
MediaOne Logo

യാസീന്‍ അശ്‌റഫ്

Published: 1 Sept 2025 3:16 PM IST

പാശ്ചാത്യ മാധ്യമങ്ങളുടെ വംശീയത, മോദിയുടെ ബിരുദം സ്വകാര്യമോ?

ആശുപത്രിക്കെട്ടിടത്തിൽ നിന്നാണ് മാധ്യമങ്ങൾ പ്രവർത്തിച്ചിരുന്നത്. അൽ ജസീറ, റോയിട്ടേഴ്സ്, എ.പി, എൻ.ബി.സി എന്നീ മാധ്യമങ്ങളുടെ പ്രതിനിധികൾ അവിടെനിന്ന് ലൈവായി വാർത്തകൾ ചെയ്യുന്നു. അവിടെ ഇസ്രായേൽ ബോംബിട്ടു. ഒരു തവണ ബോംബിട്ട്, മിനിട്ടുകൾക്ക് ശേഷം, രക്ഷപ്പെട്ടവരെയും രക്ഷാപ്രവർത്തകരെയും ലക്ഷ്യമിട്ട് മറ്റൊരു ആക്രമണം കൂടി ഉൾപ്പെടുന്ന "ഡബ്ൾ ടാപ്പ്". മാധ്യമങ്ങൾ ജോലി ചെയ്യുന്ന ഇടം നോക്കിയായിരുന്നു ആക്രമണമെന്ന് വ്യക്തം. കരുതിക്കൂട്ടിതന്നെ എന്നും വ്യക്തം. എന്നിട്ടും, പതിവു പോലെ, കള്ളവുമായി ഇസ്രായേൽ രംഗത്തു വന്നു.

പാശ്ചാത്യ മാധ്യമങ്ങളുടെ വംശീയത, മോദിയുടെ ബിരുദം സ്വകാര്യമോ?
X

പാശ്ചാത്യ മാധ്യമങ്ങളുടെ വംശീയത

മറിയം അബൂദഖ്ഖ. 33 വയസ്സ്. ഗസ്സക്കാരി ഫോട്ടോ ജേണലിസ്റ്റ്. ഇസ്രായേൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാത്ത ഗസ്സയിൽ നിന്ന്, ബോംബുകൾക്കും പട്ടിണിക്കും നടുക്കുനിന്ന്, അവർ കാമറയുമായി ചുറ്റിനടന്നു. മറിയമിന് അറിയാമായിരുന്നു, ഇസ്രായേൽ തന്നെ കൊല്ലുമെന്ന്. അവർ രണ്ട് മരണപത്രങ്ങളെഴുതി. ഒന്ന് സഹപ്രവർത്തകർക്ക്: “ഞാൻ കൊല്ലപ്പെട്ടാൽ നിങ്ങൾ കരയരുത്”. മറ്റേത്, ഏക മകൻ ഗൈഥിന്: “കുഞ്ഞേ, കരയരുത്. മിടുക്കനാകണം. എന്‍റെ അഭിമാനമാകണം. എന്നെ മറക്കരുത്. നീ വളർന്ന് വിവാഹം കഴിച്ച്, പെൺകുഞ്ഞുണ്ടായാൽ അവൾക്ക് എന്‍റെ പേരിടണം. ഗൈഥ്, എപ്പോഴും പ്രാർഥനകൾ ഓർമയിലുണ്ടാകണം...”

ആശുപത്രിക്കെട്ടിടത്തിൽ നിന്നാണ് മാധ്യമങ്ങൾ പ്രവർത്തിച്ചിരുന്നത്. അൽ ജസീറ, റോയിട്ടേഴ്സ്, എ.പി, എൻ.ബി.സി എന്നീ മാധ്യമങ്ങളുടെ പ്രതിനിധികൾ അവിടെനിന്ന് ലൈവായി വാർത്തകൾ ചെയ്യുന്നു. അവിടെ ഇസ്രായേൽ ബോംബിട്ടു. ഒരു തവണ ബോംബിട്ട്, മിനിട്ടുകൾക്ക് ശേഷം, രക്ഷപ്പെട്ടവരെയും രക്ഷാപ്രവർത്തകരെയും ലക്ഷ്യമിട്ട് മറ്റൊരു ആക്രമണം കൂടി ഉൾപ്പെടുന്ന "ഡബ്ൾ ടാപ്പ്". മാധ്യമങ്ങൾ ജോലി ചെയ്യുന്ന ഇടം നോക്കിയായിരുന്നു ആക്രമണമെന്ന് വ്യക്തം. കരുതിക്കൂട്ടിതന്നെ എന്നും വ്യക്തം. എന്നിട്ടും, പതിവു പോലെ, കള്ളവുമായി ഇസ്രായേൽ രംഗത്തു വന്നു. ആദ്യം അബദ്ധമെന്ന് പറഞ്ഞു, പിന്നെ ഹമാസിന്‍റെ കാമറ കണ്ടെന്നും. ഈ കഥകൾ അപ്പപ്പോൾ അനുസരണയോടെ പകർത്തിയവരിൽ പ്രമുഖ പശ്ചാത്യ മാധ്യമങ്ങളുണ്ട്. കൊല്ലപ്പെട്ടവർ ആർക്കുവേണ്ടി ജീവൻ അപകടപ്പെടുത്തി ജോലി ചെയ്യുകയായിരുന്നോ ആ മാധ്യമങ്ങൾ (റോയിട്ടേഴ്സും അസോസിയേറ്റഡ് പ്രസ്സ് എന്ന എ.പിയും) അടക്കം.ഗസ്സ വംശഹത്യയിൽ ഉടനീളം ഫലസ്തീനി ജേണലിസ്റ്റുകളെ കൊല്ലുന്നതിൽ ഇസ്രായേലിന് തുണയായത് പാശ്ചാത്യ മാധ്യമങ്ങളാണ്. പാശ്ചാത്യ മാധ്യമങ്ങളുടെ പക്ഷപാതിത്തത്തിന്, അവയുടെ അറബ് വിരുദ്ധ വംശീയതയും കാരണമാണ്. ജേണലിസം എന്താകരുത് എന്ന പാഠമാണ് ഫലസ്തീൻ വിഷയത്തിൽ അവ തരുന്നത്.

ബിഷപ് ഫ്രാങ്കോ, വോട്ട് കൃത്രിമം—ചില ഫോളോ-അപ്പ് സ്റ്റോറികൾ

നെടുങ്കൻ തലക്കെട്ടും ടിവി സ്ക്രീൻ നിറഞ്ഞുള്ള ബ്രേക്കിങ് ന്യൂസും പലപ്പോഴും ഏതാനും ദിവസത്തെ വിവാദോത്സവങ്ങളായി കെട്ടടങ്ങുകയാണ് പതിവ്. ഇവയിൽ സമൂഹത്തെയും നീതിയെയും ബാധിക്കുന്ന വിഷയങ്ങളും കാണും. ബഹളമടങ്ങിയ ശേഷം ശാന്തമായ അന്തരീക്ഷത്തിൽ അവയെപ്പറ്റി തുടരന്വേഷണം (ഫോളോ അപ്പ്) നടത്താൻ മാധ്യമങ്ങൾക്ക് കഴിയണം. വസ്തുനിഷ്ഠമായ, ശാന്തമായ, ഫോളോഅപ്പിന്‍റെ അഭാവത്തിൽ, പൂർണമായ വിവരം ഒരിക്കലും പുറത്തു വരില്ല. പൊതുപ്രവർത്തകർക്കെതിരായ ഗുരുതരമായ ആരോപണങ്ങൾ പോലും സാമൂഹികക്ഷേമ താല്പര്യത്തോടെ വിലയിരുത്തപ്പെടാതെ പോകും. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന ചില നല്ല ഫോളോ-അപ്പ് സ്റ്റോറികളെപ്പറ്റി പറയാം.

വർഷങ്ങൾക്കു മുമ്പ് കേരളത്തിലും പുറത്തുമെന്ന പോലെ കത്തോലിക്ക സഭയിലും കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ജലന്ധറിൽ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഒരു കന്യാസ്ത്രീ ഉയർത്തിയ പീഡനാരോപണം. കേസിൽ ഫ്രാങ്കോ വിട്ടയക്കപ്പെട്ടെങ്കിലും, ഒറ്റപ്പെട്ടുപോയ പീഡിതക്ക് പറയാനേറെയുണ്ടായിരുന്നു. ഇപ്പോൾ ന്യൂസ്‌മിനിറ്റ് എന്ന ഓൺലൈൻ പോർട്ടലിൽ നിധി സുരേഷ് എഴുതിയ ഫോളോ-അപ്പ് റിപ്പോർട്ട്, ഉള്ളടക്കത്തിന്‍റെ സമഗ്രതകൊണ്ടും ശൈലിയുടെ മാന്യത കൊണ്ടും ഇരയോടുള്ള കരുതൽ കൊണ്ടും മികച്ച ഒന്നാണ്. നല്ല ഫോളോ അപ്പ് സ്റ്റോറികളിൽ പെടുത്താവുന്നതു തന്നെയാണ്, ഇന്ത്യയുടെ തെരഞ്ഞെടുപ്പു സംവിധാനത്തെ, കുറച്ചു വർഷമായി ബാധിച്ച രോഗങ്ങളെപ്പറ്റി വിവിധ മാധ്യമങ്ങൾ -- ഏറെയും ഓൺലൈൻ മാധ്യമങ്ങൾ -- നടത്തുന്ന അന്വേഷണ റിപ്പോർട്ടുകൾ.

മോദിയുടെ ബിരുദം സ്വകാര്യമോ?

ജനാധിപത്യമെന്നാൽ സുതാര്യതയാണ് എന്ന് പറയാറുണ്ട്. ഭരണകൂടത്തിനോ ഭരണാധികാരികൾക്കോ,, ജനങ്ങളറിയാൻ പാടില്ലാത്ത രഹസ്യങ്ങൾ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ, ആഗസ്റ്റ് 26 ലെ പത്രങ്ങളിൽ വന്ന ഒരു വാർത്ത വിചിത്രമായി. നരേന്ദ്ര മോദിയുടെയും മുൻ മന്ത്രി സ്‌മൃതി ഇറാനിയുടെയും വിദ്യാഭ്യാസ യോഗ്യതയുടെ രേഖകൾ പുറത്ത് കാണിക്കേണ്ടതില്ല എന്ന് ഡൽഹി ഹൈക്കോടതി വിധിച്ചിരിക്കുന്നു. ആ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷന്റെ തീർപ്പിനെതിരെ ഹർജിയുമായി ചെന്നത് ഡൽഹി സർവകലാശാലയും സി.ബി.എസ്.ഇയുമായിരുന്നു. തങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകളെപ്പറ്റി നാടറിയരുതെന്ന് അവർക്കാണ് ശാഠ്യം.

എന്നാൽ വിവരാവകാശത്തിനപ്പുറം, തെരഞ്ഞെടുപ്പ് ക്രമക്കേടെന്ന് പറയാവുന്ന വിഷയം ഇതിൽ ഉൾപ്പെട്ടത് ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ബിരുദമുള്ളതായി മോദി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. അത് തെറ്റാണോ അല്ലേ എന്നത്, അദ്ദേഹം പ്രധാനമന്ത്രിയായിരിക്കാൻ യോഗ്യനോ അല്ലേ എന്ന് നിർണയിക്കാൻ തക്ക പ്രാധാന്യമുള്ളതാണ്. പ്രധാനമന്ത്രിക്ക് ബിരുദം വേണമെന്ന് നിയമമില്ല. എന്നാൽ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ സ്ഥാനാർഥി കള്ളം പറയാൻ പാടില്ലെന്നുണ്ട്. പറഞ്ഞെന്നു തെളിഞ്ഞാൽ അയാളെ അയോഗ്യനാക്കണമെന്നും നിയമമുണ്ട്. സത്യവാങ്മൂലവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം സ്വകാര്യമല്ലല്ലോ. ഇപ്പോൾ മോദിയുടെ ബിരുദരേഖകൾ പുറത്ത് കാണിക്കാതിരിക്കാൻ നടന്ന ശ്രമങ്ങളാണ് സംശയമുണർത്തുന്നത്. സംശയങ്ങൾ തീർക്കാൻ നല്ലത് സുതാര്യതയാണ്. വാഷിങ്ടൺ പോസ്റ്റ് പത്രത്തിന്‍റെ മുദ്രാവാക്യം ഓർക്കാം: “Democracy Dies in Darkness.” ഇരുട്ടിൽ ജനാധിപത്യം മരിക്കും. ഭരണാധികാരികൾ വെളിച്ചത്ത് നിൽക്കുകയാണ് വേണ്ടത്.

TAGS :