ഇന്ത്യയെ അറിഞ്ഞ് രാജീവിനെ തിരുത്തിയ സോണിയ
2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുകയും ആ ഭരണം പത്തുവര്‍ഷത്തേക്ക് തുടരുകയും ചെയ്തപ്പോള്‍ രാജ്യത്തിന്‍റെ മുഖവും സോണിയാ ഗാന്ധിയെന്ന രാഷ്ട്രീയ വ്യക്തിത്വത്തിന്‍റെ പ്രതിച്ഛായയും മാറുകയായിരുന്നു.

അധികാരകേന്ദ്രീകരണത്തിലൂടെ ജനാധിപത്യം അടിച്ചമര്‍ത്തിയ ഇന്ദിരാഗാന്ധിയെ സോണിയാ ഗാന്ധിയില്‍ നിങ്ങള്‍ക്ക് കാണില്ല. മറിച്ച് അവര്‍ ഇന്ത്യന്‍ സമൂഹത്തിന്‍റെ വൈവിധ്യത്തെ അറിഞ്ഞ് മുന്നണി രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുകയും പ്രധാനമന്ത്രി പദം കൈവെള്ളയില്‍ നീട്ടിത്തന്നപ്പോള്‍ അത് നന്ദിപൂര്‍വം നിരസിക്കുകയും ചെയ്തു. ആര്‍.എസ്.എസുമായി രഹസ്യബന്ധം പുലര്‍ത്തുകയും ബാബരി മസ്ജിദിന്‍റെ കവാടങ്ങള്‍ ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കുകയും ചെയ്ത രാജീവ് ഗാന്ധിയെ സോണിയാ ഗാന്ധിയില്‍ നിങ്ങള്‍ക്ക് കാണില്ല. മറിച്ച് അവര്‍ ആര്‍.എസ്.എസിനെ സമൂലം എതിര്‍ക്കുകയും ഷബാനു കേസിലെ വിധി മറികടക്കാന്‍ നിയമനിര്‍മാണത്തിനു മുതിര്‍ന്ന രാജീവ് ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ് കൂട്ടക്കൊലയെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി ചെറുതായി കുലുങ്ങും എന്ന കുപ്രസിദ്ധ വാചകത്തിലൂടെ ന്യായീകരിച്ച രാജീവ് ഗാന്ധിയെ സോണിയ ഗാന്ധിയില്‍ നിങ്ങള്‍ കാണില്ല. മറിച്ച് അവര്‍ ഒരു സിഖുകാരനെ പ്രധാനമന്ത്രിയാക്കുകയും ആ പ്രധാനമന്ത്രിയെക്കൊണ്ട് കോണ്‍ഗ്രസിനുവേണ്ടി സിഖ് ജനതയോടും രാജ്യത്തോടും മാപ്പ് പറയിക്കുകയും ചെയ്തു. ഒരു വിവാഹത്തിലൂടെയാണ് സോണിയയുടെ രണ്ടാം നാമമായി ഗാന്ധി വന്നതെങ്കിലും ആ നാമത്തോട് കൂടുതല്‍ നീതിപുലര്‍ത്തിയത് സോണിയ ആണെന്ന് പറഞ്ഞാല്‍ തെറ്റില്ല.
1991 മെയ് 21ന് രാത്രി ഏതാണ്ട് 11 മണിയോടെ ഞാന്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങി. കോഴിക്കോട് ദേശാഭിമാനി ദിനപത്രത്തിന്‍റെ ന്യൂസ് ഡെസ്കില്‍ സബ് എഡിറ്ററായി ജോലിചെയ്യുകയായിരുന്നു അക്കാലത്ത് ഞാന്‍. എന്‍റെ ആദ്യത്തെ പത്രപ്രവര്‍ത്തന ജോലി. പൊതുതിരഞ്ഞെടുപ്പിന്‍റെ പ്രചാരണ കൊട്ടിക്കലാശം കഴിഞ്ഞ് മെയ് 23ന് നടക്കുന്ന വോട്ടെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് വളരെ വൈകിയുള്ള യാത്രയായിരുന്നു അത്. കോഴിക്കോട് നിന്ന് ഏകദേശം ഏഴുമണിയോടെ ഒരു കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചറില്‍ കയറിയാണ് കാഞ്ഞങ്ങാട് വന്നിറങ്ങിയത്.
അവിടെനിന്ന് രാവണീശ്വരമെന്ന എന്‍റെ ഗ്രാമത്തിലേക്ക് അഞ്ച് കിലോമീറ്ററോളമുണ്ട്. ബസ്സില്ല. സ്റ്റാന്‍ഡില്‍ ഓട്ടോയുമില്ല. കുറച്ച് കാത്തുനില്‍ക്കാമെന്ന് വെച്ചു. ആ കാത്തിരിപ്പിന് ഇടയിലാണ് മറ്റേതോ ലോകത്തുനിന്നുള്ള അറിയിപ്പ് പോലെ മൈക്കിലൂടെ വിദൂരതയില്‍ നിന്ന് ആ അനൗണ്‍സ്മെന്‍റ് സാവകാശം അടുത്തടുത്ത് വന്നത്. പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ പ്രിയങ്കരനായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്നാട്ടില്‍ ശ്രീപെരുമ്പദൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വിവരം ഖേദപൂര്‍വം നിങ്ങളെ അറിയിക്കുന്നു. ആ നഗരവും അവിടെ ഞാനുള്‍പ്പെടെ അതുകേട്ടുനിന്ന മനുഷ്യരും ഒരുതരം മരവിപ്പിലേക്ക് വീഴുകയായിരുന്നു. ഇന്ന് ഇതോര്‍ത്തത്, ആ രാത്രിയില്‍, അതിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍, ഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ രണ്ട് സ്ത്രീമനസ്സുകള്‍ അന്ന് കടന്നുപോയ, അവിശ്വസനീയമായ മരവിപ്പിന്‍റെ ചിത്രം ഒരു പുസ്തകത്താളിലൂടെ വായിച്ചറിഞ്ഞപ്പോഴാണ്. സോണിയാ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേണിി ഓഫ് ലവ്' വായിക്കുന്നവര്‍ക്കും വായിക്കാനിരിക്കുന്നവര്‍ക്കും ഈ എഡിറ്റേഴ്സ് ടേക്ക് സമര്‍പ്പിക്കുന്നു.
അന്ന് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ പഠിക്കുകയായിരുന്നു. പിതാവിന് മുന്നില്‍ പൊട്ടിത്തെറിച്ച മനുഷ്യബോംബിന്‍റെ ആഘാതം കാതങ്ങള്‍ക്കകലെ ഡല്‍ഹിയില്‍, സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയ പ്രിയങ്ക, ആ വാര്‍ത്ത അമ്മയോട് പറയാനെടുത്ത നിമിഷങ്ങളുടെ സ്ഫോടനാത്മകത പുസ്തകത്തില്‍ നമുക്ക് വായിച്ചറിയാം. ഇതേനിലയ്ക്ക് രാജ്യത്തെ നടുക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടെറെ സംഭവങ്ങളുടെ, നമ്മളിതുവരെ അറിയാത്ത കാര്യങ്ങള്‍ പുസ്തകത്തിലുണ്ട്.പക്ഷേ, ഇത് ബുക്ക് റിവ്യൂ അല്ല. എന്തുകൊണ്ട് സോണിയാ ഗാന്ധിയുടെ ഓര്‍മക്കുറിപ്പുകള്‍ രാഷ്ട്രീയമായി വായിക്കപ്പെടണം എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
സോണിയാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആരാണ്? പല ഉത്തരങ്ങളാണ് ഉള്ളത്. സംഘപരിവാര്‍ ശക്തികള്‍ അവരെ വിദേശിയും ക്രിസ്ത്യാനിയും നെഹ്റു കുടുംബത്തില്‍ വന്നുകയറിയവളുമായി ചിത്രീകരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്ന് പതിറ്റാണ്ടാകുന്നു. രാജീവ് ഗാന്ധി വധത്തിനു ശേഷമുള്ള നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം രാഷ്ട്രീയത്തിലേക്ക് സോണിയ സജീവമായി തിരിച്ചുവന്നപ്പോള്‍ ബി.ജെ.പിയില്‍ നിന്ന് മാത്രമല്ല, കോണ്‍ഗ്രസില്‍ നിന്നുതന്നെ അവരുടെ വിദേശി സ്വത്വം ചോദ്യംചെയ്യപ്പെട്ടതും കോണ്‍ഗ്രസില്‍ മറ്റൊരു പിളര്‍പ്പിന് അത് വഴിവെച്ചതുമെല്ലാം നമുക്കറിയാം.
അതേസമയം, ഇടതുപക്ഷം അവരെ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്ത ബൂര്‍ഷ്വാ മുതലാളിത്തത്തിന്‍റെയും നവലിബറല്‍ സാമ്പത്തിക നയങ്ങളുടെയുമെല്ലാം വക്താവായും കണ്ടു. കോണ്‍ഗ്രസിന്‍റെ ഡൈനാസ്റ്റി പൊളിറ്റിക്സിലെ ചോദ്യംചെയ്യാനാകാത്ത ശബ്ദം എന്നതിനപ്പുറം ദേശീയ രാഷ്ട്രീയത്തില്‍ എന്തെങ്കിലും പങ്ക് വഹിക്കാന്‍ കഴിയുന്ന ഒരാളായി അവര്‍ സോണിയയെ കണ്ടില്ല. ബി.ജെ.പിയെപ്പോലെ തന്നെ എതിര്‍ക്കേണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസും എന്ന് അന്ന് ശരിയായി കരുതിയ ജനാധിപത്യ പാര്‍ട്ടികളും - അവരില്‍ ആന്ധ്രയില്‍ നിന്ന് തെലുഗുദേശവും തമിഴ്നാട്ടില്‍ നിന്ന് ഡി.എം.കെയും പോലെ യു.പിയില്‍ നിന്നും ബിഹാറില്‍ നിന്നും ജനതാദളും അവരുടെ പിന്‍മുറപ്പാര്‍ട്ടികളും ഉണ്ടായിരുന്നു - സോണിയാ ഗാന്ധിയെ ഗൗരവമായി എടുത്തില്ല. ഏറെക്കുറെ ഇന്ത്യന്‍ ലിബറല്‍ ബുദ്ധിജീവികളും മാധ്യമസിംഹങ്ങളും അതിലുപരിയായ പ്രാധാന്യം അവര്‍ക്ക് കൊടുത്തില്ല. ഏതുവരെ? 2004 വരെ എന്നുപറയുന്നതാണ് ശരി.
2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുകയും ആ ഭരണം പത്തുവര്‍ഷത്തേക്ക് തുടരുകയും ചെയ്തപ്പോള്‍ രാജ്യത്തിന്‍റെ മുഖവും സോണിയാ ഗാന്ധിയെന്ന രാഷ്ട്രീയ വ്യക്തിത്വത്തിന്‍റെ പ്രതിച്ഛായയും മാറുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്കും നിഷേധിക്കാനാകാത്ത ഇച്ഛാശക്തിയുടെ പ്രതീകം. ഇംഗ്ലീഷില്‍ അക്യുമെന്‍ എന്നൊരു വാക്കുണ്ട്. സൂക്ഷ്മബുദ്ധിയെന്നോ ബുദ്ധികൂര്‍മയെന്നോ മലയാളത്തില്‍ പറയാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആ വാക്കിന്‍റെ മേല്‍വിലാസമായി മാറാന്‍ കഴിഞ്ഞ ഒരാള്‍ സോണിയാ ഗാന്ധിയായിരുന്നു. രാജീവിന്‍റെ സഹചാരിയായി മാത്രം രാഷ്ട്രീയത്തെ കണ്ടും മറന്നും കടന്നുപോയ വര്‍ഷങ്ങളെ പിന്നിലാക്കി ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ മാത്രമല്ല, ലോകനേതാക്കളുടെ മുന്‍നിര പട്ടികയിലേക്ക് അവര്‍ ഉയര്‍ന്നുവന്നു. 2007 -ലും 2008-ലും ടൈം മാഗസിന്‍റെ ലോകത്തെ സ്വാധീനിക്കുന്ന നൂറുനേതാക്കളുടെ പട്ടികയില്‍ സോണിയാ ഗാന്ധി സ്ഥാനം പിടിച്ചു. ഈ ഉയര്‍ച്ചയെ കേവലം അധികാരം കൊണ്ട് ഉണ്ടാക്കിയ നേട്ടമായി കാണുന്നവരോടാണ് - സോണിയയുടെ പുസ്തകത്തിന്‍റെ രാഷ്ട്രീയം വായിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പട്ടിരിക്കുന്നു.
അത് മനസ്സിലാക്കണമെങ്കില്‍ 1995 ഓടെ കോണ്‍ഗ്രസ് എത്തിപ്പെട്ട ദുരവസ്ഥയും അടുത്ത പത്തുവര്‍ഷത്തില്‍ പാര്‍ട്ടി കടന്നുപോയ ദൂരവും ഓര്‍ത്തെടുക്കണം. പി.വി.നരസിംഹറാവു സര്‍ക്കാര്‍ രാജ്യത്തെ ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്ക് നയിച്ചു. ബാബരി മസ്ജിദ് തകര്‍ച്ച, സാമ്പത്തിക പ്രതിന്ധികള്‍, ജെ.എം.എം.കുംഭകോണം അങ്ങനെ വിവാദങ്ങളുടെ ഘോഷയാത്ര. കോണ്‍ഗ്രസിലാകട്ടെ ഉള്‍പ്പോരും അവിശ്വാസവും പിളര്‍പ്പും. ജി.കെ.മൂപ്പനാര്‍, പി.ചിദംബരം,എന്‍.ഡി.തിവാരി, മമതാ ബാനര്‍ജി - വരിവരിയായി നേതാക്കള്‍ പാര്‍ട്ടിവിട്ടു പോയി. 1996, 98, 99 - മൂന്ന് പൊതുതിരഞ്ഞെടുപ്പുകളിലെ പരാജയം. വിദേശവേരുകളുള്ള സോണിയയുടെ നേതൃത്വം അംഗീകരിക്കാതെ പാര്‍ട്ടി വിട്ട് ശരദ് പവാര്‍, പി.എ.സങ്മ തുടങ്ങിയവര്‍. 1998 -ല്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ഒറ്റവോട്ടിന് വാജ്പേയി സര്‍ക്കാര്‍ നിലംപതിച്ചപ്പോള്‍ പകരം സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടി. 99-ല്‍ എന്‍.ഡി.എ മുന്നണിയായി അധികാരത്തിലെത്തിയ ബി.ജെ.പിയുടെ അഞ്ചുവര്‍ഷത്തെ ഭരണം. അങ്ങനെ തിരിച്ചുവരവിന് ആരും സാധ്യത കല്‍പിക്കാത്തവിധം മങ്ങിപ്പോയ കോണ്‍ഗ്രസ്.
ഇതിനിടയിലാണ് പാര്‍ട്ടിയുടെ തകര്‍ച്ചയും വര്‍ഗീയശക്തികളുടെ ആരോഹണവും സോണിയാ ഗാന്ധിയെ അസ്വസ്ഥകരമായ പല ചോദ്യങ്ങളിലേക്കും നയിച്ചത്. പുസ്തകത്തില്‍ സോണിയ പറയുംപോലെ എത്ര ശ്രമിച്ചിട്ടും തടുക്കാനാവാത്ത, ഇന്ദിരയും രാജീവും സേവിച്ച രാജ്യത്തെ വര്‍ഗീയശക്തികള്‍ക്ക് അടിയറവെക്കാന്‍ കഴിയില്ലെന്ന തീവ്രമായ കര്‍ത്തവ്യബോധമാണ് സോണിയയെ രാഷ്ട്രീയത്തിലെത്തിച്ചത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുംമുമ്പ് ഗരുവിനെ വീട്ടില്‍ വരുത്തി ഭഗവദ്ഗീത ഉരുവിട്ടു പഠിച്ച സോണിയാഗാന്ധിയെ സങ്കല്‍പിച്ചു നോക്കൂ. പ്രിയപ്പെട്ടവരെ കുരുതികൊടുക്കേണ്ടി വന്ന രാഷ്ട്രീയത്തെ എത്ര വെറുത്തിട്ടും കര്‍ത്തവ്യത്തില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കാതിരുന്ന മനസ്സിനെ കൂടുതല്‍ ദൃഢപ്പെടുത്താന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു അത്.
1996 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണം ഏറ്റെടുത്തുകൊണ്ടാണ് സോണിയ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. രാഷ്ട്രീയ അനുഭവങ്ങളുടെ ബാലപാഠം പോലും പിന്നിടാത്ത സോണിയയ്ക്ക് ഒരു മാജിക്കും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ രണ്ടുവര്‍ഷം കഴിഞ്ഞ് 1998 മെയ് 14ന് അവര്‍ കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തു. അടത്തവര്‍ഷം വീണ്ടും ലോക്സഭാ തിരഞ്ഞെടുപ്പ്. പഞ്ച്മറി കോണ്‍ഫറന്‍സിന്‍റെ തീരുമാനപ്രകാരം കോണ്‍ഗ്രസ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കു തന്നെ മല്‍സരിച്ചു. രാഷ്ട്രീയമായി അസ്ഥിരമായ സര്‍ക്കാരുകളെ ഇന്ത്യന്‍ ജനത വെറുക്കുന്നുവെന്നും കോണ്‍ഗ്രസിന്‍റെ സ്ഥിരത ജനങ്ങള്‍ സ്വീകരിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ, ഇറ്റാലിയന്‍ വനിതയെ പ്രധാനമന്ത്രിയാക്കി ഇന്ത്യയെ റോമിന്‍റെ അടിമയാക്കാനുള്ള ശ്രമമെന്ന ആക്ഷേപം. ഹിന്ദി പ്രസംഗം നോക്കിവായിക്കുന്നതിലെ പരിഹാസം. അധികാരമോഹമെന്ന ആരോപണം. തീവ്രവലതുപക്ഷത്തുനിന്നും മധ്യ-ഇടതുപക്ഷത്തുനിന്നും ഇടതുപക്ഷത്തുനിന്നും ഉള്‍പ്പെടെ സോണിയാഗാന്ധിക്ക് ഇതെല്ലാം ഏല്‍ക്കേണ്ടിവന്ന ആ തിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസിന് പരാജയം.
പക്ഷേ അടുത്ത അഞ്ചുവര്‍ഷം പ്രതിപക്ഷനേതാവെന്ന നിലയിലും കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയിലും പാര്‍ട്ടിയെ നയിച്ച സോണിയ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവരുടെ ഏറ്റവും ഉജ്വലമായ ഇന്നിങ്സിലേക്കാണ് നടന്നടുത്തത്. അതില്‍ ഏറ്റവും നിര്‍ണായകമായത്, 2003 ജൂലൈയില്‍ ഷിംലയില്‍ ചേര്‍ന്ന പാര്‍ട്ടി ശിവിറില്‍ സോണിയ തന്നെ മുന്നോട്ടുവച്ച ആശയമാണ്. ഇനിയുള്ള കാലം ഇന്ത്യന്‍ രാഷ്ട്രീയം മുന്നണി രാഷ്ട്രീയത്തിന്‍റേതാണ്.
കോണ്‍ഗ്രസ് മതനിരപേക്ഷ ജനാധിപത്യ മുന്നണിയുണ്ടാക്കി മല്‍സരിക്കണം. ആ ആശയത്തിന്‍റെ സാക്ഷാത്കാരമായിരുന്നു, യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് അഥവാ യു.പി.എ. ഇന്ത്യ തിളങ്ങുന്നുവെന്ന പൊങ്ങച്ച മുദ്രാവാക്യമുണ്ടാക്കി അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിച്ച, വാജ്പേയി നയിച്ച എന്‍.ഡി.എയെ തറപറ്റിച്ച് സോണിയ ടീമിന് അത്യുജ്വല മടങ്ങിവരവ് സമ്മാനിച്ച 2004. അധികാരത്തിന്‍റെ തുടര്‍ച്ചയിലേക്കുള്ള ആര്‍ എസ് എസിന്‍റെ റൂട്ട് മാര്‍ച്ചിന് റെഡ് സിഗ്നല്‍. ബി.ജെ.പിയേയും കൂട്ടുകക്ഷികളെയും അമ്പരപ്പിച്ചുകൊണ്ട് അവര്‍ക്ക് ഇന്ത്യന്‍ ജനതയുടെ ബാലറ്റ് പ്രഹരം.
ആ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയില്‍ കുറിച്ചത് മറ്റൊരു ചരിത്രമുഹൂര്‍ത്തം. വിദേശവനിത പ്രധാനമന്ത്രിയാകുന്നതിന്‍റെ പേരില്‍ വിദ്വേഷം ചീറ്റിയ സംഘപരിവാര്‍ വൃത്തങ്ങളെ കൂടുതല്‍ നാണിപ്പിച്ചുകൊണ്ട് സോണിയ പ്രധാനമന്ത്രി പദം നിരസിച്ചു. പകരം മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍, 1984-ലെ ഡല്‍ഹി സിഖ് വേട്ട തുടങ്ങി കോണ്‍ഗ്രസിന് തീരാക്കളങ്കം വരുത്തിവെച്ച കറുത്ത എപിസോഡുകള്‍ക്ക് സിഖ് ജനതയുടെ ഹൃദയം തൊട്ടുള്ള തിരുത്തായി മാറുകയായിരുന്നു ആ തീരുമാനം. Renunciation എന്ന ബൗദ്ധ സങ്കല്‍പത്തിന് ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുറിക്കപ്പെട്ട തിളക്കമുള്ള ഉദാഹരണമെന്ന് ലോകം അതിനെ വാഴ്ത്തി.
തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ പാര്‍ട്ടിയെ മാത്രമല്ല, ഇന്നത്തെപ്പോലെയല്ലെങ്കിലും വ്യാപകമായ വര്‍ഗീയ വിഭജനത്തിനും കാവിവത്കരണത്തിനും വഴിവെച്ചുകൊണ്ടിരുന്ന ഒരു സര്‍ക്കാരിനാല്‍ നാശത്തിലേക്ക് നയിക്കപ്പെടുമായിരുന്ന രാജ്യത്തേയും ഒരുവേള അതിജീവനത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സോണിയയുടെ നേതൃത്വത്തിന് കഴിഞ്ഞു എന്നതാണ് അവരെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും പ്രസക്തയാക്കി മാറ്റിയത്. വിദേശവനിതയെന്ന പ്രചാരണം കുപ്പത്തൊട്ടിയിലെറിഞ്ഞ ഇന്ത്യന്‍ ജനത, അതിന്‍റെ പേരില്‍ പാര്‍ട്ടിവിട്ടു പോയവരെ വരെ പാളയത്തില്‍ തിരിച്ചെത്തിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു.
സര്‍ക്കാര്‍ രൂപീകരണത്തില്‍ സെക്യുലര്‍ ക്രഡന്‍ഷ്യല്‍സില്‍ ഏറ്റവും വിശ്വസ്തരായ ഇടതുപക്ഷത്തെ വിശ്വാസത്തിലെടുത്ത് കൂടെ നിര്‍ത്താനും ആ കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്ക് ഒട്ടനവധി നിര്‍ണായക നിയമനിര്‍മാണത്തിന് വഴിയൊരുക്കാനും സോണിയയെന്ന യു.പി.എ അധ്യക്ഷയുടെ മുന്‍കൈ ഉണ്ടായി. സോണിയാ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവ് ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും പിന്നാലെയാണ് വന്നതെങ്കിലും വര്‍ഗീയതയുടെ ആസുരമായ ആക്രമണങ്ങളെ ചെറുത്തുതോല്‍പിക്കുന്നതിനുള്ള ഇച്ഛാശക്തിയില്‍ അവരെ മറികടന്നു. അതേ. ഇന്ദിരയും രാജീവും കണ്ടിട്ടില്ലാത്ത സോണിയയാണ് ഇന്ത്യയുടെ സോണിയ. അടിയുറച്ച ആര്‍.എസ്.എസ് വിരുദ്ധ. അകന്നുപോയ മമതാ ബാനര്‍ജിയും വിദേശപൗരത്വം ചോദ്യം ചെയ്ത ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെയും രാഷ്ട്രീയമായി വിയോജിച്ച മായാവതിയും ലാലുപ്രസാദിന്‍റെ ഭാര്യ റാബ്റി ദേവിയും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ഇന്ത്യയുടെ മാനസപുത്രി.
