വഖഫ് ഭേദഗതി നിയമം പിൻവലിക്കണം,സംഘപരിവാർ യുക്തിയെ എന്തുവില കൊടുത്തും ചെറുക്കണം; ഫാ. ഡോ. വൈ.ടി വിനയരാജ്
മുസ്ലിം മത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി അവരെ ഉന്മൂലനം ചെയ്യാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കിൽ കൊളോണിയൽ സാമ്രാജ്യങ്ങൾക്കെതിരെ പോരാടിയ പാരമ്പര്യമുള്ള ഈ നാട്ടിലെ ജനാധിപത്യ സമൂഹം കയ്യുംകെട്ടി നോക്കിനിൽക്കുമെന്നു കരുതരുത്. ഈ കരിനിയമം പിൻവലിക്കും വരെ പോരാട്ടം തുടരേണ്ടതുണ്ട്. അത് ഈ നാട്ടിലെ ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

സംഘപരിവാർ നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ ഭരണകൂടം വഖഫ്ബിൽ പാർലമെന്റിലും രാജ്യസഭയിലും പാസാക്കിയിരിക്കുന്നു. പ്രസിഡന്റ് ഒപ്പുവച്ചതോടെ അത് രാജ്യത്തെ നിയമവും ആയിരിക്കുന്നു. ഏറെ ആശങ്കകളും പ്രതിസന്ധികളും സൃഷ്ടിക്കുന്ന ഒരു ബില്ലാണിതെന്നുള്ളതിൽ ഒരു സംശയവുമില്ല. വഖഫ് ബിൽ, രാജ്യത്തെ മതസ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും മാത്രമല്ല നാം ഈ കാലഘട്ടങ്ങളിലൊക്കെ ഉയർത്തിപ്പിടിച്ച മതസൗഹാർദത്തിൻെറയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ പാടെ തകർക്കുന്നതാണ്.
വഖഫ് ആക്ട് എന്നത്,നമ്മുടെ രാജ്യം മുസ്ലിം മതവിശ്വാസികൾക്ക് നൽകിയിരുന്ന ഒരു അവകാശമായിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് തങ്ങളുടെ വസ്തുവകകൾ സമുദായത്തിന്റെ ആവശ്യങ്ങൾക്കു ഇഷ്ടദാനം നൽകുന്നതിനും അതിലൂടെ സമുദായത്തിലെ ദുർബലരുടെ ക്ഷേമം പരിപാലിക്കപ്പെടിന്നതിനും രാജ്യത്തെ ഒരു ന്യൂനപക്ഷ വിഭാഗം എന്നനിലയിൽ നിലനിൽക്കുന്നതിനും ഒരു ജനാധിപത്യ സമൂഹം നൽകിയിരുന്ന അവകാശമാണ് വഖഫ്. മുസ്ലിം സമുദായത്തോടുള്ള ശത്രുതാ മനോഭാവത്തിന്റെ പേരിൽ ആ അവകാശം എടുത്തുമാറ്റുകയാണ് ഇപ്പോൾ. വഖഫ് ബോർഡ് ഈ രാജ്യത്തെ ഏറ്റവും വലിയ ഭൂ ഉടമയാണെന്നും അതിന്റെ പേരിൽ ഒരുപാടുപേരുടെ വസ്തുവകകൾ തട്ടിയെടുക്കാനുള്ള സാധ്യത ഉണ്ടെന്നുമുള്ള കള്ള പ്രചാരണം നടത്തി മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്തുന്നതിനും നിലനിൽപ്പ് അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടിയല്ലിത്. രാഷ്ട്രീയ സ്വയം സേവക് സംഘു൦ മറ്റു സംഘപരിവാര സംഘടനകളും ആരംഭിച്ച കാലംമുതൽ അപരവൽക്കരിക്കപ്പെട്ട സമൂഹമാണ് ഇന്ത്യയിലെ മുസ്ലിംകൾ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ കീഴാള സമൂഹങ്ങൾ ജാതിവ്യവസ്ഥയെയും ചാതുർവർണ്യ ക്രമത്തെയും ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഉണ്ടായ പ്രസ്ഥാനങ്ങളാണ് ഇവയൊക്കെ.
അത് പിന്നീട് ഹിന്ദുത്വ പ്രത്യയശാസ്ത്രമായി വളർന്നപ്പോൾ മുസ്ലിംകളും ക്രിസ്താനികളും അടങ്ങുന്ന മതന്യൂനപക്ഷങ്ങളും കമ്യൂണിസം പോലുള്ള മതനിരപേക്ഷ പ്രത്യയ ശാസ്ത്രങ്ങളും അവർക്ക് ശത്രുക്കളോ അപരന്മാരോ ആയി മാറി. ഇതിൽ മുസ്ലിം മതസമൂഹത്തെയാണ് പ്രാഥമികമായും അവർ ഉന്നം വച്ചത്. ശത്രുത പിന്നീട് അസഹിഷ്ണുതയായും വിഭജനകാലത്ത് ബഹിഷ്കൃത തത്വമായും മാറിയെങ്കിൽ ഗുജറാത്ത് കലാപകാലത്തു അത് വംശഹത്യാ പ്രവണതയായും മാറിയത് നമ്മൾ കണ്ടു. പിന്നീട് എടുത്ത രാഷ്ട്രീയ നിലപാടുകളിലൊക്കെ മുസ്ലിം വിരുദ്ധത വളരെ പ്രകടമായിരുന്നു. അത് ബാബരി മസ്ജിദിന്റെ തകർക്കലിന്റെ സമയത്തും അവിടെ ഒരു ഹിന്ദു ക്ഷേത്രം പണിയുന്ന സമയത്തും, പൗരത്വ നിഷേധ നിയമനിർമാണ സമയത്തും, മുതാലാഖ് -ഹിജാബ് നിരോധന സമയത്തും ഏകസിവിൽ കോഡിന്റെ ചർച്ചാസമയത്തും നമ്മൾ കണ്ടതാണ്. അത്, ഇതാ വഖഫ് ബില്ലിൽ എത്തിനിൽക്കുന്നു.
മുസ്ലിം മത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി അവരെ ഉന്മൂലനം ചെയ്യാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കിൽ കൊളോണിയൽ സാമ്രാജ്യങ്ങൾക്കെതിരെ പോരാടിയ പാരമ്പര്യമുള്ള ഈ നാട്ടിലെ ജനാധിപത്യ സമൂഹം കയ്യുംകെട്ടി നോക്കിനിൽക്കുമെന്നു കരുതരുത്. ഈ കരിനിയമം പിൻവലിക്കും വരെ പോരാട്ടം തുടരേണ്ടതുണ്ട്. അത് ഈ നാട്ടിലെ ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
ഒരു വിഭാഗം ക്രൈസ്തവ സമുദായ നേതൃത്വം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഒരു കാലത്തു ആഴമായ സാമൂഹ്യ ബോധവും സമർപ്പണവുമുള്ള നേതൃത്വം ഉണ്ടായിരുന്ന സഭയായിരിന്നു കേരളത്തിലെ കത്തോലിക്കാ സഭ. ഇപ്പോൾ വിഷം തുപ്പുന്ന ഭാഷ സംസാരിക്കുന്ന ചിലരെങ്കിലും അതിന്റെ നേതൃത്വത്തിൽ എത്തിയിരിക്കുന്നു. ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ തന്ത്രം മനസ്സിലാകാത്തത് കൊണ്ടാണോ മനസിലായില്ല എന്ന് നടിക്കുന്നതുകൊണ്ടാണോ എന്നറിയില്ല ബുദ്ധി ശൂന്യമായ നിലപാടുകളാണ് എടുക്കുന്നത്.
മുനമ്പം പ്രശ്നത്തെ മുൻ നിർത്തിയാണോ ഇന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയത്തെ മനസ്സിലാക്കേണ്ടത്. മുനമ്പത്തെ പ്രശ്നം ഈ നാടിന്റെ പ്രശ്നമാണ്. അത് നമ്മൾ ഒറ്റക്കെട്ടായി നിന്ന് പരിഹരിക്കും. അങ്ങനെ ചെയ്തിട്ടുള്ള നാടാണിത്. അതിനുള്ള ജനാധിപത്യ ബോധവും രാഷ്ട്രീയ പക്വത നമ്മുക്കുണ്ട്. പക്ഷെ അതിന്റെ പിന്നിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ കാത്തിരിക്കുന്ന രാഷ്ട്രീയ മുന്നകളെ (ജോൺ ബ്രിട്ടാസിനോട് കടപ്പാട്) തിരിച്ചറിയേണ്ടതുണ്ട്. ആ രാഷ്ട്രീയ വിവേകം കത്തോലിക്ക സഭാകാണിക്കും എന്ന് ഞാൻ കരുതുകയാണ്.
ഇന്ത്യയെ ഒരു ആധിപത്യ സംസ്‌കൃതിയായി നിലനിർത്താനും അതിനുവേണ്ടി ന്യൂനപക്ഷങ്ങളെയും ദുർബല സമൂഹങ്ങളെയും ഉൻമൂലനം ചെയ്യാമെന്നും കരുതുന്ന സംഘപരിവാർ യുക്തിയെ എന്ത് വില കൊടുത്തും നമ്മുക്ക് ചെറുക്കേണ്ടതുണ്ട്. വഖഫ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന എല്ലാ ജനാധിപത്യ സമരങ്ങളെയും പിന്തുണയ്ക്കുന്നു.
(ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തിയോളജിസ്റ്റും നിരവധി ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ)
