ഇസ്രയേലിനെ പ്രകോപിപ്പിച്ച നെഹ്റുവിൻ്റെ ഗസ്സ സന്ദർശനം
ഇന്ത്യയുടെ ഫലസ്തീൻ അനുകൂല നിലപാടിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനും നെഹ്റുവിനെ ഭീതിപ്പെടുത്താനും ഇസ്രയേൽ ബോധപൂർവം ചെയ്ത പ്രകോപനമാണ് ഈ യുദ്ധവിമാനങ്ങളെ വിട്ടുള്ള ആകാശധാർഷ്ഠ്യ പ്രകടനമെന്ന വായന അന്നേയുണ്ടായിരുന്നു. പക്ഷേ, നെഹ്റു അതുകൊണ്ട് ഒട്ടും പതറിയില്ലെന്ന് മാത്രമല്ല; മരണംവരെ അദ്ദേഹം ഫലസ്തീൻ വിഷയത്തിലെ തൻ്റെ നിലപാടിൽ നിന്ന് ഒരിഞ്ചും പിന്നോട്ടുപോയതുമില്ല

ഇസ്രയേൽ എന്ന ജൂതരാഷ്ട്രത്തെക്കുറിച്ച് ചർച്ചകൾ സജീവമായ മുപ്പതുകളിൽ തന്നെ ഇന്ത്യയുടെ ദേശീയ നേതാക്കൾ ആ വിഷയത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. 1938 നവംബറിലെ ഹരിജൻ പത്രത്തിൽ ഗാന്ധി ഇങ്ങനെ എഴുതി ‘ഇംഗ്ലീഷുകാർക്ക് ഇംഗ്ലണ്ട് പോലെയും ഫ്രഞ്ചുകാർക്ക് ഫ്രാൻസ് പോലെയും അറബികളുടെ സ്വന്തമാണ് ഫലസ്തീൻ’. അറബ് ജനതയ്ക്ക് മുകളിൽ ജൂതരാഷ്ട്ര നിർമ്മിക്കുന്നത് തെറ്റാണ് എന്ന് ഗാന്ധി വ്യക്തമാക്കുകയും ചെയ്തു. അതിനാൽ നെഹ്റുവടക്കമുള്ള ദേശീയ നേതാക്കൾക്ക് ഫലസ്തീൻ വിഷയത്തിൽ മറ്റൊരഭിപ്രായം ഉണ്ടായിരുന്നില്ല. 1947 നവംബർ മാസത്തിലാണ് യുഎൻ പൊതുസഭയിൽ ഫലസ്തീൻ ഇസ്രായേൽ വിഭജന രാഷ്ട്രീയ പ്രമേയം വോട്ടിനിട്ടത് .ഇന്ത്യയന്ന് സ്വാതന്ത്ര്യം നേടിയിട്ടും മൂന്നു മാസങ്ങളെ ആയിട്ടുള്ളൂ .എന്നിട്ടും ഇസ്രായേൽ രാഷ്ട്രത്തെ എതിർത്തു കൊണ്ട് വോട്ട് ചെയ്യുന്നതിൽ തീരുമാനമെടുക്കാൻ നെഹ്റുവിന് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നിട്ടില്ല.
1948 യുഎൻ അംഗീകരിച്ച ഒരു രാഷ്ട്രമായി ഇസ്രായേൽ പിറന്നിട്ടും രണ്ടു വർഷത്തിനുശേഷം 1950 ലാണ് ഇന്ത്യ ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിച്ചത്.എന്നിട്ടും നെഹ്റുവും സ്വാതന്ത്യസമര സേനാനികളും ജീവിച്ചിരുന്ന കാലത്തൊന്നും ഇന്ത്യ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നില്ല. രാഷ്ട്രശിൽപ്പികളുടെയെല്ലാം മരണശേഷം 1992 ലാണ് ഇന്ത്യ ആദ്യമായി ഇസ്രയേലുമായി നയതന്ത്ര ബന്ധം തുടങ്ങുന്നത്. ഫലസ്തീൻ ഇസ്രായേൽ സംഘർഷത്തിൽ എന്നും ഇന്ത്യ ഫലസ്തീനൊപ്പമായിരുന്നു.1974 ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (PLO) ആദ്യമായി അംഗീകരിച്ച അറബേതര രാജ്യം ഇന്ത്യയായിരുന്നു. ഫലസ്തീൻ ജനതയുടെ ഒരു ലെജിറ്റ്മേറ്റ് പ്രതിനിധിയായാണ് ഇന്ത്യ പിഎൽഒ വിനെ കണ്ടത്. 1988 ൽ ഫലസ്തീൻ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നിലും ഇന്ത്യയെ കാണാം. ഐക്യരാഷ്ട്രസഭയുടെ അമ്പത്തിമൂന്നാം സെഷനിൽ ഫലസ്തീന് അവരുടെ സ്വയംഭരണം തീരുമാനിക്കാനുള്ള പ്രമേയത്തിനും ഇന്ത്യ പിന്തുണ നൽകിയത് ചരിത്രമാണ്.
തന്റെ ജീവിതത്തിൽ ഏതെല്ലാം സന്ദർഭങ്ങളിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ അവസരം കിട്ടിയോ അതെല്ലാം നെഹ്റു ഉപയോഗപ്പെടുത്തിയിരുന്നു ഗസ്സ സന്ദർശനത്തിന് അപ്രതീക്ഷിതമായി അവസരം ലഭിച്ചപ്പോൾ അൽപ്പം റിസ്ക് എടുത്തുതന്നെ നെഹ്റുവത് ഉപയോഗപ്പെടുത്താനുള്ള കാരണവും ഇതുതന്നെയായിരുന്നു. ചേരിചേരാ രാജ്യങ്ങളുടെ തലവനെന്ന നിലയിൽ അന്താരാഷ്ട്ര ശ്രദ്ധയുള്ള തൻ്റെ ഫലസ്തീൻ സന്ദർശനം ഇസ്രായേലിന് പ്രകോപിപ്പിക്കുമെന്ന് നെഹ്റുവിനറിയാമായിരുന്നു.
1960 മെയ് 19ന് കോമൺവെൽത്ത് പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത് ലണ്ടനിൽ നിന്നും മടങ്ങുന്ന വഴിയാണ് നെഹ്റു ഗസ്സ സന്ദർശിച്ചത്. ഇംഗ്ലണ്ടിൽ നിന്നുള്ള മടക്കയാത്രയിൽ നെഹ്റു ലബനാനിലെ ബൈറൂത്തിൽ വിമാനമിറങ്ങി. അവിടെ നിന്നദ്ദേഹം ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലുള്ള യുഎൻ എമർജൻസി വിമാനത്തിൽ ഗസയിലേക്ക് പുറപ്പെട്ടു. അറബ് പത്രങ്ങളും ഇസ്രായേൽ മീഡിയകളും ന്യൂയോർക് ടൈംസ്, ദ ഗാർഡിയൻ അൽ അഹ്റാം തുടങ്ങിയ ആഗോളമാധ്യമങ്ങളും നെഹ്റുവിൻ്റെ ഗസ്സ സന്ദർശനം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെത്തിയ നെഹ്റു യുഎൻ ക്യാമ്പുകൾ സന്ദർശിക്കുകയും അവിടെയുള്ള വളണ്ടിയർമാരെയും യുഎൻ സൈനികരെയും അഭിസംബോധന ചെയ്തു. പിന്നീടദ്ദേഹം ഗസ്സ ചുറ്റി കാണുകയും പ്രാദേശിക ഫലസ്തീൻ നേതാക്കളുമായി സംസാരിക്കുകയും ചെയ്തു. ഫലസ്തീനികൾ ലീഡർ ഓഫ് പീസ് എന്ന അഭിസംബോധനയോടെ നെഹ്റുവിനെ സ്വാഗതം ചെയ്തു. അദ്ദേഹമവരോട് ഇന്ത്യയുടെ ഫലസ്തീൻ ഐക്യദാർഢ്യം നേരിട്ട് അറിയിക്കാൻ ഈ സന്ദർഭം ഉപയോഗപ്പെടുത്തുകയും ചെയ്തു.
നെഹ്റുവിൻ്റെ അപ്രതീക്ഷിത ഗസ്സ സന്ദർശനം സ്വാഭാവികമായും ഇസ്രയേലിനെ പ്രകോപിപ്പിച്ചു.ഗസയിൽ നിന്നുള്ള നെഹ്റുവിൻ്റെ മടക്കയാത്രയിൽ തങ്ങളുടെ അമർഷം ഇസ്രയേൽ ധാർഷ്ഠ്യത്തോടെ പ്രകടിപ്പിക്കുകയും ചെയ്തു.വിദേശകാര്യമന്ത്രാലയത്തിന്റെ രേഖപ്രകാരം നെഹ്റുവിനെ വഹിച്ച യുഎൻ വിമാനം മടക്കയാത്രയിൽ ഗസയുടെ ആകാശത്ത് ഉയർന്നപ്പോൾ ഇസ്രായേലിന്റെ രണ്ട് യുദ്ധ ജെറ്റ് വിമാനങ്ങൾ അതിന് ചുറ്റും വട്ടമിട്ട് പറക്കാൻ തുടങ്ങി. അപകടകരമാംവിധം പലവട്ടം വട്ടമിട്ട് പറന്നശേഷമാണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ പിൻവാങ്ങിയത്. യുഎൻ വിമാന പൈലറ്റിന്റെ നിശ്ചയദാർഢ്യം കാരണം യാതൊരുവിധ അപകടവുമുണ്ടാകാതെ നെഹ്റു ബൈറൂത്തിൽ തിരിച്ചിറങ്ങിയത്.സംഭവം നടന്ന പിറ്റേ ദിവസം ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ഡാഗ് ഹാമേഴ്സ്ഷോൾഡ് വിഷയത്തിലിടപ്പെട്ടു. അന്ന് യു എൻ സൈന്യത്തിന്റെ ഗസയിലെ തലവൻ ഇന്ത്യക്കാരനായ ലെഫ്റ്റനൻ്റ് ജനറൽ പ്രേം സിംഗ് ഗ്യാനിയായിരുന്നു. അദ്ദേഹത്തോട് സംഭവത്തിൻ്റെ വിശദമായ റിപ്പോർട്ട് എഴുതി നൽകാൻ യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മര്യാദകളും യു.എൻ നിയമങ്ങളും ഈ വിഷയത്തിൽ ഇസ്രയേൽ ലംഘിച്ചതായി ജനറൽ ഗ്യാൻ റിപ്പോർട്ട് നൽകി. അന്താരാഷ്ട്ര മീഡിയകളിൽ ഇതും വാർത്തയായി. അതോടെ അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ഡേവിഡ് ബെർഗൂറിയൻ രംഗത്തുവന്നു. ജനറൽ ഗ്യാനിനെ ഇസ്രയേൽ പ്രധാനമന്ത്രി വിമർശിക്കുകയും റിപ്പോർട്ടിൻ്റെ ഉള്ളടക്കത്തെ തള്ളിക്കളയുകയും ചെയ്തു. ഇസ്രയേൽ നിയന്ത്രിത വ്യോമപാത വഴി നെഹ്റുവിനെയും വഹിച്ചുള്ള യു.എൻ വിമാനത്തിൻ്റെ യാത്രാ വിവരം തങ്ങളെ അറിയിച്ചിരുന്നില്ലായെന്നും ഈജിപ്തിൻ്റെ നാല് മിഗ് വിമാനങ്ങൾ നെഹ്റുവിനെ അകമ്പടി സേവിച്ചിരുന്നതായും ഡേവിഡ് ബെർഗൂറിയൻ ആരോപിച്ചു. എന്നാൽ നെഹ്റുവിൻ്റെ ഗസായാത്രയെ കുറിച്ച് ഇസ്രയേലിനെ മുൻകൂട്ടി അറിയിച്ചിരുന്നതായും അകമ്പടി വിമാനങ്ങളൊന്നും നെഹ്റുവിനൊപ്പം ഉണ്ടായിരുന്നില്ലെന്നും ജനറൽ പ്രേം സിംഗ് ഗ്യാൻ റിപ്പോർട്ട് നൽകി. അതോടെ ഈ വിഷയത്തിൽ ഇസ്രയേലിനെ വിമർശിച്ചുള്ള വാർത്തകൾ വീണ്ടും ആഗോള മാധ്യമങ്ങളിൽ ഇടംപിടിച്ചു. യു. എന്നിന് ഈ വിഷയത്തിൽ വീഴ്ച്ച വന്നിട്ടില്ലെന്ന് വിശദീകരിച്ച് സംഭവങ്ങളുടെ വിശദാംശങ്ങൾ സഹിതം യുഎൻ സെക്രട്ടറി ജനറൽ നെഹ്റുവിന് കത്തെഴുതി. നെഹ്റു വിഷയത്തിൽ സ്വീകരിച്ച സംയമനത്തിൻ്റെ ഭാഷയെ സെക്രട്ടറി ജനറൽ കത്തിൽ അഭിനന്ദിക്കുകയും ചെയ്തു.
നേരിയ പ്രതിഷേധ പ്രസ്താവനക്കപ്പുറം ഇന്ത്യ ഔദ്യോഗികമായി ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ഇന്ത്യക്കന്ന് ഇസ്രയേലുമായി നയതന്ത്രബന്ധം ഇല്ലാത്തതും നെഹ്റുവിൻ്റെ യാത്രയുടെ ഉത്തരവാദിത്വം ഐക്യരാഷ്ട്ര സഭക്കായതുമാണ് ഇതിന് കാരണമായി പറയപ്പെട്ടത്. യു.എൻ തന്നെ വിഷയത്തിലിടപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കട്ടെ എന്നതായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ നിലപാട്. ഇന്ത്യയുടെ ഫലസ്തീൻ അനുകൂല നിലപാടിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനും നെഹ്റുവിനെ ഭീതിപ്പെടുത്താനും ഇസ്രയേൽ ബോധപൂർവം ചെയ്ത പ്രകോപനമാണ് ഈ യുദ്ധവിമാനങ്ങളെ വിട്ടുള്ള ആകാശധാർഷ്ഠ്യ പ്രകടനമെന്ന വായന അന്നേയുണ്ടായിരുന്നു. പക്ഷേ, നെഹ്റു അതുകൊണ്ട് ഒട്ടും പതറിയില്ലെന്ന് മാത്രമല്ല; മരണംവരെ അദ്ദേഹം ഫലസ്തീൻ വിഷയത്തിലെ തൻ്റെ നിലപാടിൽ നിന്ന് ഒരിഞ്ചും പിന്നോട്ടുപോയതുമില്ല. ഫലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ട സന്ദർഭങ്ങളിലെല്ലാം നെഹ്റുവത് സധൈര്യം പ്രഖ്യാപിക്കുക തന്നെ ചെയ്തു.