Quantcast
MediaOne Logo

റഫീക്ക് തിരുവള്ളൂര്

Published: 21 April 2023 12:17 PM GMT

'അവനെ ആ പേര് ഞങ്ങളൊന്നും വിളിക്കാറില്ല' - മമ്മൂട്ടിയുടെ ഉമ്മയുമായി അഭിമുഖം

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായീലുമായി 2006-ൽ റഫീക്ക് തിരുവള്ളൂർ നടത്തിയ അഭിമുഖം

അവനെ ആ പേര് ഞങ്ങളൊന്നും വിളിക്കാറില്ല - മമ്മൂട്ടിയുടെ ഉമ്മയുമായി അഭിമുഖം
X

2006ലെ പെരുന്നാളിന് ഏതാനും ദിവസം മുമ്പാണ് നമുക്ക് മമ്മൂട്ടിയുടെ ഉമ്മയെ കണ്ട് ഒരു പെരുന്നാൾ കിസ്സ എഴുതിയാലോ എന്ന് സുഹൃത്തായ എഡിറ്റർ ചോദിച്ചത്. ടീവിയിൽ എല്ലാ കൊല്ലവും ഈദ് നിസ്‌കാരത്തിനു വരുന്ന മമ്മൂട്ടിയെ കാണിക്കുന്ന കാലമാണ്. പെരുന്നാളിന് മമ്മൂട്ടിയുടെ ഉമ്മയെ അവതരിപ്പിക്കുക എന്നത് പുതിയ ആശയം. മകൻ ഇബ്രാഹിം കുട്ടി വഴി ഉമ്മയുമായി ബന്ധപ്പെട്ടു. ആദ്യം മടിച്ചെങ്കിലും അവർ സമ്മതം മൂളി. സുഹൃത്ത് ഖൈറുദ്ദീനും പടമെടുപ്പിനു ജയൻ പട്ടാമ്പിയും കൂടെവന്നു.

ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ അവരുമായുള്ള അന്നത്തെ അഭിമുഖം വായിക്കാം.

'ഇപ്പഴ് എന്നും പെരുന്നാളല്ലേ എല്ലാവർക്കും. അതു കൊണ്ട് പണ്ടത്തെപ്പോലെ ഒരു പെരുന്നാള് ഇപ്പഴില്ല. പണ്ട് പെരുന്നാളിനാണ് നല്ല ഭക്ഷണം നല്ല വസ്ത്രം നല്ല കാഴ്ചകൾ എല്ലാം എല്ലാവർക്കും കിട്ടുക. ഇപ്പോ എല്ലാ ദിവസവും പെരുന്നാള് പോലെയായി. അങ്ങനെ പെരുന്നാള് ഒരു വിശേഷല്ലാണ്ടായി. ഇപ്പൊ എല്ലാവർക്കും എന്നും പെരുന്നാള്. ടി.വി പെരുന്നാള്...' പഴയ പെരുന്നാൾ ഓർമ്മകളെ ഓർത്തെടുക്കാൻ തുടങ്ങി ഫാത്തിമയുമ്മ, മമ്മൂട്ടിയുടെ ഉമ്മ.

മലയാളികൾക്ക് വെള്ളിത്തിരയിലും മനസ്സിന്റെ തിരശ്ശീലയിലും പ്രിയങ്കരനായ മമ്മൂട്ടിയുടെ ഉമ്മയാണ് മുന്നിലിരിക്കുന്നത്. വീണ്ടും വീണ്ടും വിളിച്ചു ചോദിച്ചിട്ടാണ് ഒരു വൈകുന്നേരം കുറച്ചു നേരം സംസാരിച്ചിരിക്കാൻ സമ്മതിച്ചത്. എറണാകുളത്ത് വാടക വീട്ടിലാണവരിപ്പോൾ. വൈറ്റിലയിൽ, പുല്ലുപറമ്പ് റോഡ് അവസാനിക്കുന്ന ചെമ്മൺനിരത്തു കഴിഞ്ഞ് ഒരു ഇടവഴി കൂടി കടന്നാൽ വീടെത്തി. ചോദിച്ച് ചോദിച്ച് വഴി കണ്ടു പിടിച്ച ഞങ്ങൾ വീടു തെറ്റി എന്ന സംശയത്തോടെയാണ് ഗെയ്റ്റു തുറന്നു അകത്തു കയറിയത്. ഇതു തന്നെ വീട്. ഉമ്മ വാതുക്കൽ വന്ന് വിളിച്ചു ഞങ്ങളെ സ്വീകരണ മുറിയിലിരുത്തി.


ഫാത്തിമ ഇസ്മായില്‍ - ചിത്രം ജയന്‍ പട്ടാമ്പി


സ്വീകരണ മുറിയിൽ മുൻ രാഷ്ട്രപതി കെ.ആർ നാരായണനിൽ നിന്ന് മമ്മൂട്ടി മൂന്നാമത്തെ ഭരത് അവാർഡ് സ്വീകരിക്കുന്നതിന്റെ പടവും ഒരു പ്ലാസ്റ്റിക് പൂച്ചെടിയും. നിരത്തിയിട്ട നാലഞ്ച് സോഫാ സെറ്റുകളും. ഖുർആൻ വചനങ്ങളെഴുതിയ ഒരു കാലിഗ്രാഫി വർക്ക് ചുമരിലെ അലങ്കാരം. ഞാനെന്തു പറയാനാണ് എന്നൊരു മുഖവുരയോടെ അവർ മടികാണിച്ചു. പെരുന്നാളിനെ പറ്റിയല്ലേ എന്ന സമാധാനത്തിൽ പിന്നെ പതുക്കെ ചിലതു പറഞ്ഞു. ചിലതു ചോദിച്ചു പറയിപ്പിച്ചു.

വൈക്കത്തിനടുത്തുള്ള ചെമ്പ് ഗ്രാമത്തിലെ പാണപ്പറമ്പിലുള്ള തറവാട്ടു വീട്ടിലെ സ്വച്ഛന്ദമുള്ള ജീവിതത്തിൽ നിന്ന് അടുത്താണ് ഫാത്തിമയുമ്മ എറണാകുളം നഗരത്തിന്റെ തിരക്കുകളിലേക്ക് മാറിത്താമസിച്ചത്. തറവാട് വാടകക്കു കൊടുത്തിരിക്കുന്നു. വാടക വേണ്ടീട്ടല്ല. വീട് ചീത്തയായിപ്പോകരുതല്ലോ. ഇവരുടെ ബാപ്പ കൂടി മരിച്ചതോടെ അവിടെ ഞങ്ങൾ തനിച്ചായി. ആശുപത്രിയിലൊക്കെ പോകാൻ ഇടക്ക് ഇവിടെ കൊച്ചിയിൽ വരണം. അതുകൊണ്ട് ഞങ്ങളും ഇങ്ങോട്ട് പോന്നു. അതിന് ഉമ്മാക്കെന്താ അസുഖം എന്നായി ഞങ്ങൾ. പ്രഷറുണ്ട്, ഷുഗറുണ്ട്..പിന്നെ ഹാർട്ടിനുമുണ്ട് അസുഖം. അത് ഇവരുടെ ബാപ്പയുള്ളപ്പഴേ ഉണ്ടായിരുന്നതാ...''

ഇവരുടെ ബാപ്പയുണ്ടായിരുന്നപ്പോൾ പെരുന്നാളിന് എല്ലാവരും അവിടെ ചെമ്പിലെ വീട്ടിലാണൊത്തു കൂടുക. ബാപ്പയുണ്ടായിരുന്നപ്പം മക്കളൊക്കെ വരുമെന്നറിയാവുന്നത് കൊണ്ട് അവര് എല്ലാ ഒരുക്കവും നടത്തും. മോനെ വല്ലപ്പോഴും ഒന്നു കാണാൻ കിട്ടുന്നതാണ്. സഖറിയ കൂടെയുണ്ട്. ഇബ്രാഹിം കുട്ടി വരും. പെൺമക്കളും കുട്ടികളും വരും. മക്കളും ബാപ്പായും പള്ളിയിൽ പോകും, നല്ല ഭക്ഷണമുണ്ടാക്കും. നല്ല ഭക്ഷണം വേണം മമ്മദ് കുഞ്ഞിന്. നല്ലത് എന്നു പറഞ്ഞാൽ നല്ല രുചിയുള്ളത്. ബിരിയാണി, പത്തിരിയും ഇറച്ചിയും ഒക്കെയാണ് പെരുന്നാളിന് വെച്ചുണ്ടാക്കുക. മീനും വെറുംചോറുമാണ് അവന് പ്രിയം. ചെമ്പിൽ നല്ല മീൻ കിട്ടുമായിരുന്നു. നന്നായി ഉണ്ടാക്കിയ ഭക്ഷണമാണ് അവന് നല്ല ഭക്ഷണം.


മമ്മൂട്ടിയുടെ ഉമ്മയ്ക്കൊപ്പം ലേഖകനും സുഹൃത്ത് ഖൈറുദ്ദീന്‍ വല്ലപ്പുഴയും


കുട്ടിക്കാലത്തെ പെരുന്നാള്.. എന്റെ കുട്ടിക്കാലത്തേത് പോലല്ല മക്കളുടെ കുട്ടിക്കാലത്തേത്. മക്കളുടെ കുട്ടിക്കാലത്തെ പെരുന്നാൾ ഇന്നവർക്കില്ല. അന്നു കാത്തിരിപ്പല്ലെ പെരുന്നാളിന്. നോമ്പു പെരുന്നാളായാലും ഹജ്ജ് പെരുന്നാളായാലും കുട്ടികൾ കാത്തിരിക്കും. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് പെരുന്നാളിന് ഒരുങ്ങും. മൈലാഞ്ചി അരച്ച് അതണിയും. പിന്നെ ഉറക്കമില്ല. നേരം പുലരുന്നതും കാത്തിരിക്കും. ശരിക്കൊരു കല്യാണ രാത്രി പോലെയാ അക്കാലത്തെ പെരുന്നാൾ രാവും. പെരുന്നാളിൻറെ പകലും ഇന്നത്തെ പോലല്ല. ഇപ്പോ ആരാ വീട്ടിലുണ്ടാകാറ്. അന്ന് എല്ലാവരും വീട്ടിലുണ്ടാകും. ബന്ധുക്കൾ വരും. സുഹൃത്തുക്കൾ വരും. പിന്നെ സ്ത്രീകളൊക്കെ അടുത്ത വീടുകളിൽ പോകും. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കിട്ടുന്ന ആകെ ഉള്ള അവസരമാണ്. പിന്നെ വയളിന്, മത പ്രസംഗത്തിനാണ് പുറത്തു പോകുന്നത്. ഞാനും പോയിട്ടുണ്ട്. ഇപ്പോ അതിനൊന്നും പോകാൻ മതപ്രസംഗ പരിപാടിയൊക്കെ നിന്നില്ലേ. ഓരോന്നോരോന്നായി ഇല്ലാതായി. അക്കൂട്ടത്തിൽ പെരുന്നാളിനെപ്പറ്റി പറയാൻ ഇപ്പോഴുള്ളവർക്ക് വിശേഷങ്ങളില്ലാതായി'.

മമ്മൂട്ടി ഉമ്മായുടെ മുന്നിൽ അഭിനയിക്കുമോ?

കുട്ടിയായിരുന്നപ്പോ മാമൻമാരുടെ കൂടെപ്പോയി സിനിമ കണ്ടു വന്നിട്ട് അത് വീട്ടിലഭിനയിച്ചു കാട്ടും. ചെറുപ്പത്തിലേ ഉള്ളതാ അവന് അഭിനയം. അവനെ വക്കീലാവനല്ലേ നമ്മള് പഠിപ്പിച്ചത്. എന്നിട്ടുമവൻ സിനിമയിലെത്തി. രണ്ടും തൊഴില്.

വക്കീലായ മോനെയാണോ നടനായ മോനെയാണോ ഉമ്മാക്കിഷ്ടം?

അതിപ്പോ രണ്ടും ഒരു പോലെയാണ്. ഓരോ തൊഴിലാണ്. രണ്ടിലും നുണ കൊണ്ടുള്ള കളിയാ. ആദ്യത്തേതിൽ എതിർകക്ഷിയെ നുണ പറഞ്ഞ് ഉപദ്രവിക്കണം. ഇതിപ്പോ നുണ പറഞ്ഞ് എല്ലാവരേയും രസിപ്പിച്ചാ മതി.

ഉമ്മ എന്താ വിളിക്കാറ്?

ആളെക്കണ്ടിട്ടു വേണ്ടേ വല്ലതും വിളിക്കാൻ.

അല്ല പേരു മാറ്റുകയാണല്ലോ ഉണ്ടായത്?

മാറ്റിയ പേര് ഞങ്ങൾ വിളിച്ചിട്ടില്ല. മമ്മദ് കുഞ്ഞെന്നാ വിളിച്ചിരുന്നത്. ബാപ്പയുടെ ബാപ്പയുടെ പേരാണവന് ഇട്ടത്. മുഹമ്മദ് കുട്ടി. ഇപ്പോ കണ്ടാ ഒരു പേരും വിളിക്കാറില്ല. കണ്ടു കിട്ടിയാൽ പിന്നെ എടാ പോടാന്നാ വിളി.

ഉമ്മ ഇപ്പോ സിനിമ കാണാറുണ്ടോ?

പത്തു പന്ത്രണ്ടു വർഷമായി സിനിമ കാണാറില്ല. ഹജ്ജിനു പോയി വന്നതോടെ തീരെ കാണാറില്ല.

ഹജ്ജിനു പോയിരുന്നോ?

ഞാനും ബാപ്പയും കൂടി ഇവിടന്ന് പോയി. അന്ന് ഇബ്രാഹിക്കുട്ടി ജിദ്ദയിലുണ്ടായിരുന്നു. മൂന്നാളും കൂടി ഒന്നിച്ച് ഹജ്ജ് ചെയ്തു. ഹജ്ജ് മുടങ്ങുമെന്ന് കരുതിയതാണ്. ഹജ്ജിന് നിയ്യത്താക്കിയ സമയം ഞങ്ങൾ ഒരു വാഹനാപകടത്തിൽ പെട്ടു. എന്റെ കയ്യെല്ല് പൊട്ടി. ഹജ്ജ് മുടക്കണ്ട എന്നു തന്നെ വച്ചു. ഉദ്ദേശിച്ച വർഷം നടന്നില്ലെകിൽ പിന്നെ അടുത്ത വർഷമല്ലെ പറ്റൂ. മനുഷ്യന്റെ അവസ്ഥയല്ലേ...അതു കൊണ്ട് ഹജ്ജിനു പോയി. 1994ൽ ആയിരുന്നു ഞങ്ങളുടെ ഹജ്ജ്.

മമ്മൂട്ടിയുടെ ഡ്രൈവിംഗ് അറിയപ്പെട്ടതാണ്. കാറു പറപ്പിക്കുന്ന വേഗത. ഉമ്മയെ കൂടെ കൊണ്ടു പോകാറുണ്ടോ?പെരുന്നാളിനെങ്കിലും?

അങ്ങനെയൊന്നുമില്ല. അവന് അതിനൊന്നും നേരം കിട്ടില്ലല്ലോ. പിന്നെ ഞാൻ വീട്ടിൽ തന്നെയല്ലേ. ചെന്നെയിലെ വീട്ടിൽ തന്നെ പോയിട്ടില്ല. മകളുടെ കല്യാണത്തിന് പോയതേയുള്ളൂ. അവൻ പോകുന്ന നാട്ടിലൊന്നും എനിക്കു പോകാനാവില്ലല്ലോ. അവന് എന്നെ വന്നു കാണാൻ തന്നെ സമയമില്ല. അതു കൊണ്ട് ഞാനവനെ പോയിക്കാണും. നമ്മളതല്ലേ മോൻ. അവന്റെ തിരക്കുകൾ ഞാൻ മനസ്സിലാക്കും. ഒരു പരാതിയുമില്ല.


ഫാത്തിമ ഇസ്മായില്‍ - ചിത്രം ജയന്‍ പട്ടാമ്പി


കാണണം എന്ന് തോന്നാറില്ലേ?

അതു പിന്നെ എന്റെ മോനല്ലേ. അവനാണെങ്കിൽ ഒരുപാട് അമ്മമാർക്കും ഉമ്മമാർക്കും മകൻ. ഒരുപാടാളുകൾക്ക് ഉടപ്പിറപ്പ്. ഒരുപാട് മക്കൾക്ക് അവൻ ബാപ്പയെപ്പോലെ. ഒരുപാട് ബാപ്പമാർക്ക് മകനെപ്പോലെ. സ്വന്തം കൂടപ്പിറപ്പുകൾക്ക് കാണാൻ കിട്ടാത്ത ഇക്കയാണവൻ. അതങ്ങനെയായി. അതിന് സങ്കടപ്പെട്ടിട്ട് കാര്യമില്ല.

സുന്ദരനായിരിക്കാൻ മമ്മൂക്ക ഭക്ഷണമൊക്ക വളരെ കുറച്ചേ കഴിക്കാറുള്ളൂ എന്ന് കേൾക്കുന്നു..ഉമ്മ അറിയുമോ?

അത്..ചെറുപ്പത്തിലെ സൗന്ദര്യമൊന്നും ഇപ്പോ അവനില്ല. കല്യാണം കഴിഞ്ഞ് കുറേ വൈകിയാ ഞാൻ പ്രസവിച്ചത്. അവനെ കാത്തിരുന്നു കിട്ടിയതാ. ബാപ്പയുടെ ബാപ്പയുടെ ഓമനയായിരുന്നു അവൻ. പാലിലാണ് അന്നവനെ കുളിപ്പിച്ചിരുന്നത്. പിന്നെ നാൽപാമര വെള്ളത്തിൽ ആയിരുന്നു കുളിപ്പിക്കൽ. അങ്ങനെ നോക്കിയതും വളർത്തിയതുമാ അവനെ. ഇപ്പോ പാലൊഴിച്ച ചായ പോലും കുടിക്കാറില്ല ൻറെ മോൻ.

ഉമ്മാടെ അടുത്തും ഗൗരവമാണോ മമ്മൂക്ക?

പാവമാണ്..ഗൗരവം പുള്ളിയുടെ സ്വഭാവമായിപ്പോയി.

മോന് പ്രായമായതായി തോന്നിയിട്ടുണ്ടോ?

ഞാൻ പാട്ടക്കിടാവുളള വല്യുമ്മയായിട്ട് കുറേയായി. അവന്റെ പെങ്ങളുടെ മോൾ നേരത്തെ ഉമ്മയായി. അവനിപ്പോ വല്യുപ്പയായി.

'പള്ളീല് പോകുന്ന മമ്മൂട്ടി, നോമ്പ് നോക്കുന്ന മമ്മൂട്ടി, അഭിനയിക്കുന്ന മമ്മൂട്ടി, എന്ത് നല്ല രസമുള്ള മമ്മൂട്ടി. മമ്മൂട്ടിയെ പോലെയുള്ള ചിലര് ഈ മതത്തിൽ വേണം'എന്ന് മാമുക്കോയ ഇയ്യിടെ പറഞ്ഞു. മമ്മൂട്ടി ദീനിയാന്നാ മാമുക്കോയ പറയുന്നത്...?

ചെറുപ്പത്തിലേ അവൻ നോമ്പ് പിടിക്കാറുണ്ട്, നിസ്‌കാരം ഒഴിവാക്കാറില്ല. പള്ളിയിൽ പോകാറുണ്ട്. അവന് പടച്ചവനെ പേടിയാണ്.

പിന്നെയും ഞങ്ങളിരുന്ന് പലതും പറഞ്ഞു. കൊച്ചിയിലെ വൃക്ഷങ്ങളിൽ ഇരുട്ട് പരക്കാൻ തുടങ്ങി. കുറച്ചു ഫോട്ടോകൾക്ക് അവർ മനസ്സില്ലാ മനസ്സോടെ പോസ് ചെയ്തു തന്നു. പെരുന്നാൾ ആശംസകൾ നേർന്ന് തിരിച്ചു പോരാനൊരുങ്ങുമ്പോൾ അവർ പറഞ്ഞു: കുട്ടികള് പ്രാർത്ഥിക്കണം. ''ഉമ്മ ഞങ്ങൾക്കും പ്രാർത്ഥിക്കണം? അല്ലാഹുവിന്റെ അടിയാറുകൾക്കൊക്കെ അവൻ ഗുണം വരുത്തട്ടെ..'അവരു പ്രാർത്ഥിച്ചു. ഞങ്ങൾ ആമീൻ പറഞ്ഞു.
TAGS :