Quantcast

സ്‍പാനിഷ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍

MediaOne Logo

Alwyn K Jose

  • Published:

    5 May 2018 10:12 PM GMT

സ്‍പാനിഷ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍
X

സ്‍പാനിഷ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍

ചരിത്ര ജയം തേടിയിറങ്ങുന്ന റയല്‍ മാഡ്രിഡിന് വിയ്യാറയലാണ് എതിരാളികള്‍.

സ്പാനിഷ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. കരുത്തരായ ബാഴ്സലോണ അത്‍ലറ്റികോ മാഡ്രിഡിനെ നേരിടും. ചരിത്ര ജയം തേടിയിറങ്ങുന്ന റയല്‍ മാഡ്രിഡിന് വിയ്യാറയലാണ് എതിരാളികള്‍.

സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങുന്ന ബാഴ്സലോണയെ കാത്തിരിക്കുന്നത് അത്‍ലറ്റികോ മാഡ്രിഡെന്ന വെല്ലുവിളി. അലാവ്സിനെതിരെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ ലെഗാനസിനെതിരെ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സ. മെസി- നെയ്മര്‍-സുവാരസ് സഖ്യവും ഫോമിലേക്കുയര്‍ന്നത് ടീമിന് കരുത്ത് പകരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ ലൂയിസ് എന്‍‌‌റിക്വെ തയ്യാറായിരുന്നു. അത്‍ലറ്റികോക്കെതിരെ ഏറ്റവും ശക്തമായ ടീമിനെ തന്നെയാകും എന്‍‌റിക്വെ കളത്തിലിറക്കുക.

സീസണില്‍ അത്ര മികച്ച തുടക്കമല്ല അത്‍ലറ്റികോ മാഡ്രിഡിന്‍റേത്. നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. ഗോളടിക്കുന്നതില്‍ പിശുക്ക് കാട്ടാത്ത അന്റോയിന്‍ ഗ്രീസ്മാനാണ് മുന്നേറ്റത്തില്‍ കരുത്ത് പകരുന്നത്. ഗാബി, കോക്കെ, സോള്‍ നിഗുസ്, കറാസ്‌കോ, എന്നിവര്‍ കളിക്കുന്ന മധ്യനിരയും ശക്തമാണ്. 17 തുടര്‍ജയങ്ങളെന്ന ലാലിഗ റെക്കോഡ് ലക്ഷ്യമിട്ടാണ് റയല്‍ മാഡ്രിഡ് വിയ്യാറയലിനെതിരെ ഇറങ്ങുക. എസ്പാന്യോളിനെതിരെ കളിക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത് ബെയ്ല്‍ എന്നിവര്‍ തിരികെയെത്തുന്നത് പരിശീലകന്‍ സിനദിന്‍ സിദാന് ആശ്വാസമാകും. മധ്യനിരയില്‍ ക്രൂസ്, മോഡ്രിച്ച് എന്നിവര്‍ക്കൊപ്പം കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ച ഹാമിഷ് റോഡ്രിഗസിനേയും ആദ്യ ഇലവനില്‍ കളിപ്പിച്ചേക്കും.

TAGS :

Next Story