Quantcast

ഇന്ത്യയുടെ വിജയലക്ഷ്യം 287; മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി 

MediaOne Logo
ഇന്ത്യയുടെ വിജയലക്ഷ്യം 287; മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി 
X

ഇന്ത്യയുടെ വിജയലക്ഷ്യം 287; മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ലോകേഷ് രാഹുല്‍(4) മുരളി വിജയ്(9) വിരാട് കോഹ്ലി(5) എന്നിവരാണ് പുറത്തായത്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നിന് 35 എന്ന നിലയിലാണ്. പുജാരയും(11) പാര്‍ത്ഥിവ് പട്ടേലുമാണ്(5) ക്രീസില്‍. ജയിക്കാന്‍ ഒരു ദിനം ശേഷിക്കെ 252 റണ്‍സ് കൂടി വേണം. സ്റ്റെയന് പകരക്കാരനായി വന്ന എന്‍ഗിദി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 258 റണ്‍സിന് അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരമേല്‍പിച്ചത്. ഭുറ മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ടും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 28 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. എബി ഡിവില്ലിയേഴ്‌സ് 80, എല്‍ഗര്‍ 61, നായകന്‍ ഫാഫ് ഡുപ്ലെസി 48 എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ബാക്കിയുള്ളവരെല്ലാം ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നു.

രണ്ടിന് 90 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡിവില്ലിയേഴ്‌സും എല്‍ഗറും കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ 54 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ ഈ സഖ്യത്തിന് കഴിഞ്ഞുള്ളൂ. ഷമിയുടെ പന്തില്‍ ഡിവില്ലിയേഴ്‌സ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി. പിന്നീട് വന്നവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ആറാം വിക്കറ്റില്‍ ഫാഫ് ഡുപ്ലസിയും ഫിലാന്‍ഡറും ചേര്‍ന്ന് ലീഡുയര്‍ത്തി. ഫിലാന്‍ഡറെ ഇഷാന്ത് മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോറിങ് വേഗത കുറഞ്ഞു. പേസര്‍മാര്‍ക്ക് അനുകൂലമാകുന്ന പിച്ചില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാര്‍ പൊരുതിയില്ലെങ്കില്‍ പരമ്പര കൈവിടേണ്ടിവരും.

Next Story