Quantcast
MediaOne Logo

ഷെബീൻ മെഹബൂബ്

Published: 18 Jun 2026 3:12 PM IST

എഴുതിത്തള്ളാറായിട്ടില്ല, ആ കിരീടം അയാളെ അർഹിക്കുന്നുണ്ട്

രണ്ട് പതിറ്റാണ്ടും കടന്ന് മുന്നേറുന്ന ക്രിസ്റ്റ്യാനോയുടെ കാൽപന്തുകരിയർ ഒരു മഹാകാവ്യമെങ്കിൽ ആ മഹാകാവ്യത്തിന് ഒരു തിലകക്കുറിയുടെ കുറവുണ്ട്—ഒരു ഫിഫ ലോകകപ്പ് കിരീടം, കോംഗോക്കെതിരായ ഒറ്റ മത്സരം കൊണ്ട് എഴുതിത്തള്ളാനാവുന്നതല്ല അയാളിലെ പോരാട്ട വീര്യം

എഴുതിത്തള്ളാറായിട്ടില്ല, ആ കിരീടം അയാളെ അർഹിക്കുന്നുണ്ട്
X

കോംഗോയോട് 1-1 എന്ന നിലയിൽ പോർച്ചുഗൽ സമനില വഴങ്ങിയപ്പോൾ, പലവിരലുകളും ചൂണ്ടപ്പെടുന്നത് റൊണാൾഡോ എന്ന ഇതിഹാസ താരത്തിനെതിരെയാണ്. താരത്തിന്റെ കരിയറിന്റെ അന്ത്യമാണോ നാം കാണുന്നതെന്ന് കുറെയേറെ പേർ ശങ്കിക്കുന്നു. എന്നാൽ അയാളിലെ പോരാളിയെ അറിഞ്ഞവർ ആ സംശയം ഉന്നയിക്കില്ലെന്നത് തീർച്ചയാണ്. ഓർമയില്ലേ ആ നിമിഷം, 2018 ലോകകപ്പിലെ സ്പെയിൻ-പോർചുഗൽ പോരാട്ടം. പോർചുഗൽ ഒരു ഗോളിന് പിറകിൽ നിൽക്കുന്നു. കളിയുടെ 88ാം മിനുറ്റിൽ പോർചുഗലിന് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിക്കുന്നു. രണ്ട് ഗോൾ നേടി ഹാട്രിക് മുനമ്പിൽ നിൽക്കുന്ന ക്രിസ്റ്റ്യാനോ ആണ് കിക്ക് എടുക്കുന്നത്. കിക്ക് എടുക്കുന്നതിന് മുമ്പ് ശ്വാസം വലിച്ച് റൊണാൾഡോയുടെ ഒരു നിൽപുണ്ട്. ലോകം ശ്വാസമടക്കിപ്പിടിച്ച് കണ്ടുതീർത്ത മനോഹര നിമിഷം. ഇനിയും വറ്റിയില്ലാത്ത ജനസഹസ്രങ്ങളുടെ പ്രതീക്ഷകൾക്ക് മുകളിൽ കയറിയിരുന്ന് അയാൾ ആ കിക്കെടുത്തു-ലക്ഷ്യത്തിലേക്ക് തന്നെ. കഠിനാധ്വാനത്തിന്റെ, സമർപ്പണത്തിന്റെ, ഒരിക്കലും അടങ്ങാത്ത വിജയതൃഷ്ണയുടെ പര്യായമായ ക്രിസ്റ്റ്യാനോയിലെ പോരാളിയെ അടയാളപ്പെടുത്തിയ മനോഹര കാൽപന്തുനിമിഷമായിരുന്നു അത്.

ഫുട്ബാൾ എന്ന കായികവിനോദത്തെ ഇത്രമേൽ ജനകീയമാക്കിയ, പ്രായത്തെ വെല്ലുവിളിച്ച് ഇന്നും മൈതാനങ്ങളിൽ വിസ്മയം തീർക്കുന്ന പോരാളിയാണ് ക്രിസ്റ്റ്യാനോ. ഫുട്ബോൾ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ട റെക്കോർഡുകളെമ്പാടും തിരുത്തിക്കുറിക്കുകയും, അസാധ്യമായ പലതും സാധ്യമാക്കുകയും ചെയ്തു അയാൾ. അഞ്ച് ബാലൺ ഡി ഓറുകൾ, അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. അങ്ങനെ ഒരു കളിക്കാരന് നേടാനാകുന്നതെല്ലാം അദ്ദേഹം സ്വന്തമാക്കി. എന്നിട്ടും, അയാളുടെ കരിയർ എന്ന മഹാകാവ്യത്തിന് ഒരു തിലകക്കുറിയുടെ കുറവുണ്ട്—അത് മറ്റൊന്നുമല്ല, ഒരു ഫിഫ ലോകകപ്പ് കിരീടം.

അതിലേറെ, അത് ഫുട്ബോൾ ലോകം അദ്ദേഹത്തിന് നൽകേണ്ട പരമോന്നത ആദരവാണ്. ആ സ്വർണക്കപ്പിൽ ക്രിസ്റ്റ്യാനോയുടെ കൈകൾ പതിയുക എന്നത് ലോകകപ്പിന്റെ തന്നെ ചരിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പൂർണതയായിരിക്കും.

2022ൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയം ഒരു ചരിത്രത്തിന് സാക്ഷ്യം വഹിച്ചു. കരിയറിലെ സകല പ്രതിസന്ധികളെയും മറികടന്ന് ലയണൽ മെസ്സി വിശ്വകിരീടമുയർത്തിയപ്പോൾ, അത് കാലം കാത്തുവെച്ച 'കാൽപ്പന്തുനീതി' ആയിട്ടാണ് ലോകം വിലയിരുത്തിയത്. മെസ്സിയുടെ ആ കണ്ണീരും പുഞ്ചിരിയും ഫുട്ബോൾ ആരാധകർക്ക് സമ്മാനിച്ച വികാരം ചെറുതല്ല. എന്നാൽ, കഥ അവിടെ അവസാനിക്കുന്നില്ല. ഫുട്ബാൾ ക്രൂരമാണെന്ന് പറയുമെങ്കിലും, അത് ചിലപ്പോഴൊക്കെ അതിമനോഹരമായ കാവ്യനീതി നടപ്പാക്കാറുണ്ട്. ലുസൈലിൽ മെസ്സിക്ക് മുന്നിൽ അവതരിച്ച അതേ കാൽപന്തു നീതി, അമേരിക്കയുടെ മണ്ണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുന്നിലും അവതരിക്കുമോ? ഖത്തറിൽ കണ്ണീരോടെ കളം വിട്ട ആ പോരാളി, അമേരിക്കയിലെ പുൽമൈതാനങ്ങളിൽ ആ വിശ്വകിരീടത്തിൽ മുത്തമിടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

ചരിത്രം മാറി നിൽക്കും!

ജന്മനാടായ പോർച്ചുഗലിലെ ക്ലബായ സ്പോർട്ടിങിൽനിന്ന് അലക്സ് ഫൊർഗൂസെൻറ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറുന്നത് തെൻറ 18ാം വയസിലാണ്, 2003ൽ. പിന്നീടുണ്ടായതെല്ലാം ചരിത്രം. ഓൾഡ്ട്രാഫോഡിലെ പുൽനാമ്പുകളെയും ഇരമ്പിയാർത്ത ജനസാഗരത്തെയും ഒരുപോലെ കോരിത്തരിപ്പിച്ച് തുടങ്ങിയ ആ പന്തുകളിച്ചന്തം ഒന്നരപതിറ്റാണ്ടിനിപ്പുറവും ജനമായിരങ്ങളെ ആവേശപ്പരകോടിയിൽ എത്തിക്കുന്നു. ഫുട്ബാളിൽ ഒരു താരത്തിന് നേടാനാവുന്നതെല്ലാം റൊണോൾഡോ ഇതിനകം സ്വന്തംപേരിലാക്കി. യൂറോപ്പിലെ അഞ്ച് മുൻനിര ലീഗുകളിൽ മൂന്നിലും വിതച്ചതെല്ലാം പൊന്നാക്കി വിളയിച്ചെടുത്തു അയാൾ. പല ഇതിഹാസ താരങ്ങളെയും പോലെ ലോകകപ്പ് കിട്ടാകനിയാണെങ്കിലും ശരാശരിക്കാരായ സഹകളിക്കാരെ ഒപ്പംകൂട്ടി രാജ്യത്തിനായി യൂറോ കപ്പും യുവേഫ നാഷൻസ് ലീഗും സമ്മാനിച്ചു. ഒരു തവണ യൂറോകപ്പിൽ റണ്ണറപ്പുമായി. അഞ്ച് തവണ ഫിഫയുടെ ലോക കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. അത്രയും തവണ ബാലൺ ഡി ഓറും നേടി. കളിച്ച മൂന്ന് ലീഗിലും ലീഗ് ടൈറ്റിലും പ്ലയെർ ഓഫ് ദ ഇയർ പുരസ്കാരവും സ്വന്തം പേരിലാക്കിയ അത്യപൂർവ നേട്ടം. പിന്നെയും എത്രയോ അംഗീകാരങ്ങൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റം, 2003)

പൊതുവെ മുപ്പതിനും നാൽപതിനും ഇടയിലുള്ള യൗവനം ഒരാളുടെ ജീവിതത്തിലെ ഏറ്റവും ചടുലമായ കാലമാണെന്നാണ് പറയാറുള്ളത്. ഫുട്ബാളിൽ പക്ഷേ, മുപ്പതുകളിൽ ഒരാൾ വയസനാകും! ലോകത്തെ മുൻനിര ക്ലബുകളുടെ ആദ്യ ഇലവൻ നോക്കിയാൽ ഇത് കൃത്യമായി മനസിലാകും. 20കളിൽ പ്രായമുള്ള താരങ്ങളാകും കൂടുതലും. ദേശീയ ടീമുകളുടെ സ്ഥിതിയും മറിച്ചല്ല. 30ന് മുകളിൽ പ്രായമുള്ള കളിക്കാരുടെ എണ്ണം തുലോം കുറവായിരിക്കും. 35ന് മുകളിലുള്ളവർ അത്യപൂർവവും. ഒരു ഫുട്ബാൾ കളിക്കാരെൻറ കരിയറിലെ ഏറ്റവും മികച്ച സമയം 22 മുതൽ 27 വയസ് വരെയാണ് എന്നാണ് പറയാറുള്ളത്. ബുദ്ധിയും വേഗവും കരുത്തുമെല്ലാം ഒരുപോലെ കളിക്കാരെൻറ കാലിൽ വന്നുചേരുന്ന ബെസ്റ്റ് ടൈം. മറഡോണയും പെലെയും യൊഹാൻ ക്രൈഫും ലയണൽ മെസ്സിയും അടക്കം കാൽപന്ത്ലോകത്തെ ത്രസിപ്പിച്ചുനിർത്തിയ ഇതിഹാസ താരങ്ങളെല്ലാം ഈ പ്രായത്തിൽ ഉയരങ്ങളുടെ കൊടുമുടികളിൽ എത്തിയവരാണ്. റൊണാൾഡോയും അങ്ങനെതന്നെ. ബിബിസി പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം ഒരു ഫുട്ബാൾ താരത്തിെൻറ കരിയറിലെ പീക്ക് ടൈം 27 വയസ് ആണ്. 29 വരെ അത് നീളാം. 1930 മുതൽ 2010 വരെയുള്ള ലോകകപ്പുകളും അതിൽ കളിച്ച താരങ്ങളുടെ പ്രായവും പഠിച്ചാണ് അവർ ഈ നിഗമനത്തിൽ എത്തുന്നത്. എന്നാൽ, ഈ കണക്കുകളെയും ധാരണകളെയും അപ്രസക്തമാക്കുന്ന കരിയറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെത്. ഫെബ്രുവരി അഞ്ചിന് അദ്ദേഹത്തിന് 41 വയസ് തികഞ്ഞു..ഈ സീസണിൽ അൽ നസ്റിനായി 30 കളികളിൽനിന്നായി 28 ഗോൾ ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

പ്രായം വെറുമൊരു നമ്പറാണ്

30 വയസിന് ശേഷം രണ്ട് വീതം ബാലൺ ഡി ഓർ, ഫിഫ ദി ബെസ്റ്റ്, യുവേഫ ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്കാരങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് ടൈറ്റിലുകളും രാജ്യത്തിനൊപ്പം രണ്ട് പ്രധാന കിരീടങ്ങളും റൊണാൾഡോ നേടുകയുണ്ടായി. ഏറ്റവുമൊടുവിൽ അൽ നസ്റിനൊപ്പം സൗദി ലീഗ് കിരീടവും.

ലോകമെമ്പാടുമുള്ള കാൽപന്താരാധകർ നെഞ്ചിൽ കുടിയിരുത്തിയ ഒേട്ടറെ ഇതിഹാസ കാൽപന്ത് പ്രതിഭകളുണ്ട്. പൊലെയും മറഡോണയും യോഹാൻ ക്രൈഫും ബ്രസീലിെൻറ റൊണാൾഡോയും റൊണാൾഡീന്യോയും സിനദിൻ സിദാനുമെല്ലാം അതിൽപെടും. അവരുടെയെല്ലാം 30 വയസിന് ശേഷമുള്ള കരിയറുമായി റൊണാൾഡോയുടെ 30ന് ശേഷമുള്ള കരിയറിനെ ഒന്ന് താരതമ്യപ്പെടുത്തിയാൽ മാത്രം മതി പ്രായത്തിന്റെ പരിമിതികളെ റൊണാൾഡോ അപ്രസക്തമാക്കിയത് എങ്ങനെ എന്ന് മനസിലാക്കാൻ. ഒരു കണക്ക് പറയുന്നത് 30 വയസിന് ശേഷം പെലെയുടെ ഗോൾവേട്ടയിൽ 60 ശതമാനത്തിെൻറയും മറഡോണയുടെതിൽ 52 ശതമാനത്തിെൻറയും കുറവുണ്ടായി എന്നാണ്.


രണ്ട് ലോകകപ്പും മൂന്ന് ഫിഫ പ്ലെയർ ഓഫ് ദി ഇയറും രണ്ട് ബാലൺ ഡി ഓറും അടക്കം മിന്നും കരിയർ സ്വന്തമായുള്ള ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ തന്റെ മുപ്പത്തിയൊന്നാം വയസിൽ റയൽമാഡ്രിഡ് വിട്ട് (2006–07) സീരി എ-യിൽ എസി മിലാനൊപ്പമെത്തി. ആ സീസണിൽ 14 മത്സരങ്ങൾ മാത്രം മിലാനൊപ്പം കളിച്ച റൊണാൾഡോ നേടിയതാകെട്ട ഏഴ് ഗോളുകൾ മാത്രം. തൊട്ടുടുത്ത സീസണിൽ ആറ് മത്സരങ്ങൾ മാത്രം കളിച്ച അദ്ദേഹം രണ്ട് ഗോളുകളാണ് നേടിയത്. അടുത്ത സീസണിൽ ബ്രസീലിയൻ ക്ലബായ കൊറിന്ത്യൻസിൽ എത്തിയ റൊണാൾഡോ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചുവെങ്കിലും കളിമികവിന്റെ ഗ്രാഫ് താഴോട്ട് തന്നെയായിരുന്നു. മാത്രമല്ല, 30 വയസിന് ശേഷം ടീമിനൊപ്പമോ സ്വന്തംനിലക്കോ കാര്യമായ ട്രോഫികളോ പുരസ്കാരങ്ങളോ അദ്ദേഹത്തിന് നേടാനായില്ല. 35ാം വയസിൽ അദ്ദേഹം കളംപൂർണമായും വിട്ടു.

റൊണാൾഡീന്യോയുടെ പ്രകടനവും ഇങ്ങനയൊക്കെ തന്നെയായിരുന്നു. ബ്രസീലിെൻറ മഞ്ഞക്കുപ്പായത്തിലും ബഴ്സയിലും പിഎസ്ജിയിലുമൊക്കെ റൊണാൾഡീന്യോ വിസ്മയം തീർത്തത് മുപ്പതുകൾക്ക് മുമ്പായിരുന്നു. അദ്ദേഹം ഔദ്യോഗികമായി കളിമതിയാക്കുന്നത് അടുത്തിടെയാണെങ്കിലും യൂറോപ്പിലെ മുഖ്യധാര ലീഗിൽനിന്ന് തെൻറ 31ാം വയസിൽ പടിയിറങ്ങിയിട്ടുണ്ട്. 2010-11 സീസണിൽ സീരി എ-യിൽ എസി മിലാനൊപ്പമായിരുന്നു അത്. ആ വർഷം സീരി എ കിരീടത്തോടെയായിരുന്നു യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽനിന്നുള്ള റൊണാൾഡീന്യോയുടെ പടിയിറക്കം. പിന്നെയും മൂന്ന് വർഷം ദേശീയ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും 30 വയസിന് ശേഷം മഞ്ഞക്കുപ്പായമണിഞ്ഞത് എട്ട് മത്സരങ്ങളിൽ മാത്രമായിരുന്നു.

34ാം വയസിൽ കളി മതിയാക്കിയ അതുല്യപ്രതിഭയാണ് സിനദിൻ സിദാൻ. ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയതടക്കം സിദാന്റെ കരിയറിലെ സുവർണകാലം 30ന് മുമ്പ് തന്നെയായിരുന്നു. മുപ്പതാം വയസിൽ റയൽ മാഡ്രിഡിനൊപ്പം ലാലിഗയും ചാമ്പ്യൻസ് ലീഗും കരിയറിന്റെ അവസാന വർഷം രാജ്യത്തിനൊപ്പം ലോകകപ്പ് റണ്ണറപ്പും അദ്ദേഹം സ്വന്തമാക്കി. 2006 ലോകകപ്പിലെ ഗോൾഡൻ ബാൾ നേട്ടവും എടുത്തുപറയേണ്ടത് തന്നെ. എന്നാലും മുപ്പതുകൾക്ക് മുമ്പും ശേഷവുമുള്ള സിദാന്റെ താരതമ്യം ചെയ്താൽ 30 കൾക്ക് ശേഷമുള്ള പ്രകടനത്തിെൻറ തട്ട് അൽപം താഴ്ന്ന്തന്നെ നിൽക്കും. 30 കൾക്ക് ശേഷം കരിയർ കൂടുതൽ മെച്ചപ്പെടുത്തിയ കളിക്കാരുമുണ്ട്. ബെക്കാമും ചാവിയും മാൾഡിനിയും കന്നാവരോയുമെല്ലാം അതിൽപെടും. 20ലും 30ലും ഒരേ മികവോടെ കളിക്കുന്ന ലയണൽ മെസ്സിയെ ഇക്കൂട്ടത്തിൽ ഒന്നും ഉൾപ്പെടുത്താനുമാവില്ല.

ഏത് കായിക താരത്തെയുമെന്ന പോലെ പ്രായം ക്രിസ്റ്റ്യനോ റൊണാൾഡോയുടെയും ശാരീരിക-മാനസിക ഘടനകളിൽ വിലങ്ങുകൾ സൃഷ്ടിക്കുന്നുണ്ട്. അത് അദ്ദേഹത്തിെൻറ പ്രകടനത്തെയും ബാധിക്കുന്നുണ്ടാകാം. എന്നാൽ, അതിനെയെല്ലാം സമർഥമായി മറികടക്കാനുള്ള ഇച്ഛാശക്തി കൈമതുലായി ഉള്ളിടത്തോളം റൊണാൾഡോയെ നമുക്ക് എഴുതിതള്ളാനാവില്ല. അഥവാ, ഈ ഇതിഹാസത്തിൽനിന്നുള്ള അത്ഭുതങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.

മിന്നുന്ന ദേശീയ കളിക്കുപ്പായം

ക്ലബിനുവേണ്ടിയുള്ള പ്രകടനത്തേക്കാൾ മികച്ചതാണ് ഈ സീസണിൽ രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിെൻറ പ്രകടനം. ലോകകപ്പ് യോഗ്യത മത്സരങ്ങളിലും അയാളാണ് ടീമിന്റെ ടോപ് സ്കോറർ. കഴിഞ്ഞ സീസണിൽ യുവേഫ നാഷൻസ് ലീഗിൽ പോർച്ചുഗലിനെ ചാമ്പ്യൻമാരാക്കുന്നതിൽ റൊണാൾഡോയുടെ പങ്ക് നിർണായകമായിരുന്നു. ലോകകപ്പിൽ രാജ്യത്തിന് വേണ്ടിയുള്ള മത്സരങ്ങൾ റൊണാൾഡോയുടെ കരിയറിനെ യഥാർഥത്തിൽ നിശ്ചയിക്കും എന്ന് പറയാം. പക്ഷേ, റൊണാൾഡോയുടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് നീണ്ട കരിയർ എടുത്തുനോക്കിയാൽ ഏത് വെല്ലുവിളികളെയും അദ്ദേഹം അനായാസം മറികടക്കുമെന്ന് ഉറപ്പിക്കാം. കാരണം വിജയം മാത്രമാണ് അയാളുടെ മുന്നിലുള്ളത്.


‘വിജയം ആകസ്മികമായി സംഭവിക്കുന്നതല്ല, പൊരുതി നേടിയെടുക്കുന്നതാണ്' എന്നതാണ് അദ്ദേഹത്തിെൻറ ആപ്തവാക്യം. ലഭിക്കുന്ന പ്രതിഫലത്തുകയിൽ നല്ലൊരു പങ്ക് അദ്ദേഹം ഇപ്പോഴും ചിലവഴിക്കുന്നത് ഫിറ്റ്നസ് നിലനിർത്താനാണ്. പ്രായം കൂടുന്തോറും പൊരുതാനുള്ള മനസ് കൂടിക്കൂടി വരുന്ന ഒന്നാന്തരം പോരാളി.

അതിനാൽ തന്നെ ഈ ലോകകപ്പ് എന്നത് അദ്ദേഹത്തിന് ഒരു ട്രോഫി മാത്രമല്ല; പൊരുതിയെടുക്കേണ്ട ലക്ഷ്യമാണ്. അതിന് പറ്റിയ ഒന്നാന്തരം സഹകളിക്കാർ അടങ്ങിയ മെച്ചപ്പെട്ട ടീമും ഇത്തവണ അദ്ദേഹത്തിനുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരനിരയുള്ള ടീമുകളിലൊന്നാണ് റോബർട്ടോ മാർട്ടിനസ് പരിശീലിപ്പിക്കുന്ന പറങ്കിപ്പട. ഒരൊറ്റ സമനില കൊണ്ട് കുറച്ചുകാണാനാവില്ല അവരെ. ഇനിയുമൊരു ലോകകപ്പിന് ക്രിസ്റ്റ്യാനോ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. അതിനാൽ തന്നെ കിരീടത്തിൽ കുറഞ്ഞ ഒന്നും ഇത്തവണ അയാൾ ആഗ്രഹിക്കുന്നില്ല, താരാരാധനക്കപ്പുറം കാൽപന്തുകളിയെ സ്നേഹിക്കുന്നവരും.

TAGS :