Quantcast

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും; മെസിക്കും സംഘത്തിനും അഗ്നിപരീക്ഷ

ലാലിഗയിൽ അവസാനം കളിച്ച പത്ത് മത്സരങ്ങളിൽ എട്ടും ജയിച്ച ആത്മവിശ്വാസത്തിലാണ് ബാഴ്‌സലോണ നെയ്മറില്ലാത്ത പി.എസ്.ജിക്കെതിരെ ഇറങ്ങുന്നത്.

MediaOne Logo

  • Updated:

    2021-02-16 05:32:43.0

Published:

16 Feb 2021 5:34 AM GMT

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും; മെസിക്കും സംഘത്തിനും അഗ്നിപരീക്ഷ
X

യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിന് ഇന്ന് തുടക്കം. കരുത്തരായ ബാഴ്‌സലോണയും പി.എസ്.ജിയും തമ്മിലാണ് ഇന്നത്തെ ഗ്ലാമർ പോരാട്ടം. മുൻ ചാമ്പ്യന്മാരായ ലിവർപൂൾ ജർമൻ ക്ലബ്ബ് റെഡ്ബുൾ ലെയ്പ്‌സെഷിനെയും ഇന്ന് നേരിടുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി 11.30 നാണ് ഇരുമത്സരങ്ങളും.

സീസണിലെ മോശം തുടക്കത്തിനു ശേഷം മികച്ച ഫോം വീണ്ടെടുത്ത ബാഴ്‌സലോണ ഏറെ പ്രതീക്ഷകളോടെയാണ് ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മാച്ചിൽ സ്വന്തം തട്ടകത്തിൽ യുവന്റസിനോടേറ്റ മൂന്നു തോൽവി ബാഴ്‌സയുടെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരുന്നെങ്കിലും പിന്നീട് ടീം മെച്ചപ്പെടുന്നതാണ് കണ്ടത്.

പ്രതീക്ഷകളോടെ ബാഴ്സ

കഴിഞ്ഞ വർഷം ഫൈനൽ കളിച്ച പി.എസ്.ജി, ഫ്രഞ്ച് ലീഗിൽ തുടരുന്ന മികവ് ചാമ്പ്യൻസ് ലീഗിലും പുറത്തെടുത്ത് മെസിക്കും സംഘത്തിനും വലിയ വെല്ലുവിളിയാനാവും ശ്രമിക്കുക.

ലാലിഗയിൽ അവസാനം കളിച്ച പത്ത് മത്സരങ്ങളിൽ എട്ടും ജയിച്ച ബാഴ്‌സലോണ, ആ മികവ് ചാമ്പ്യൻസ് ലീഗിലും തുടരാനാവും ശ്രമിക്കുക. 2021 പിറന്നതിനു ശേഷം ലാലിഗയിൽ കളിച്ച ഏഴു കളിയും മെസിയും സംഘവും ജയിച്ചിട്ടുണ്ട്. കോപ ദെൽ റേ ആദ്യപാദം സെവിയ്യയോടേറ്റതു മാത്രമാണ് ഈ വർഷത്തെ കാറ്റലൻ ടീമിന്റെ ഏക തോൽവി.

മധ്യനിരയിലും ആക്രമണത്തിലും ടീം മികച്ച ഫോമിലാണെങ്കിലും പ്രതിരോധമാണ് തലവേദന. ഡിഫൻസിൽ പ്രതീക്ഷയുണർത്തിയ റൊണാൾഡ് അറൗഹോ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. എന്നാല്‍ വെറ്ററൻ താരം ജെറാഡ് പിക്വെ ഇന്നലെ പരിശീലനത്തിനിറങ്ങിയത് ടീമിന് ഉണര്‍വ് നല്കുന്നുണ്ട്.

സൂപ്പർ താരം നെയ്മറിന്റെ അഭാവമാണ് പി.എസ്.ജി നേരിടുന്ന പ്രധാന പ്രശ്‌നം. ഫ്രഞ്ച് കപ്പ് മത്സരത്തിനിടെ പരിക്കേറ്റ താരം ഇന്ന് കളിക്കില്ല. എയ്ഞ്ചൽ ഡിമരിയ, യുവാൻ ബെർനാറ്റ് എന്നിവരും പുറത്താണെങ്കിലും മാർക്കോ വെറാറ്റി തിരിച്ചെത്തുന്നുവെന്നത് ആശ്വാസം പകരുന്ന കാര്യമാണ്. ബാഴ്‌സയെ പോലെ തന്നെ ആഭ്യന്തര ലീഗിൽ മിന്നും ഫോമിലാണ് മൗറീഷ്യോ പൊചെറ്റിനോയുടെ സംഘമുള്ളത്. ലോറിയന്റിനോടേറ്റ തോൽവിയൊഴിച്ചാൽ പി.എസ്.ജി സ്വന്തം മണ്ണിൽ അപരാജിതരായാണ് എത്തുന്നത്.

വിജയം തേടി ലിവര്‍പൂള്‍

പ്രീമിയർ ലീഗിൽ മോശം ഫോമിലുള്ള ലിവർപൂൾ ജർമൻ സംഘത്തെ അവരുടെ തട്ടകത്തിൽ നേരിടുമ്പോൾ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ലീഗിൽ അവസാനം കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ലിവർ ലെയ്പ്‌സെഷിന്റെ തട്ടകത്തിൽ വിജയം ലക്ഷ്യമിട്ടാവും കളിക്കുക. ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കിനു പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ലെയ്പ്‌സെഷ് ആകട്ടെ, ഇംഗ്ലീഷ് ചാമ്പ്യന്മാരുടെ ക്ഷീണം മുതലെടുക്കാനാവും ശ്രമിക്കുക.

TAGS :

Next Story