Quantcast
MediaOne Logo

യാസീന്‍ അശ്‌റഫ്

Published: 24 Nov 2025 1:01 PM IST

ജെൻ-സീ: ഇസ്രായേലിൽ ദുർബലം, ന്യൂയോർക്കിൽ ശക്തം

വ്യാജ വാർത്തയുടെയും പ്രോപഗൻഡയുടെയും ലോകത്ത് എ.ഐ സ്ലോപ്പ് പുതുമുഖമാണ്. എന്നാൽ അതിനു മുമ്പേ നിലവിലുണ്ട് പുതുതലമുറയെ സ്വാധീനിക്കാൻ വേറെ മാർഗങ്ങൾ—ഡിജിറ്റലായും അല്ലാതെയും

ജെൻ-സീ: ഇസ്രായേലിൽ ദുർബലം, ന്യൂയോർക്കിൽ ശക്തം
X

എ.ഐ സ്ലോപ്പുകൾ: സമൂഹമാധ്യമങ്ങളിലെ ചവറുകൂന

ഒരു കൗതുക ദൃശ്യം: കുഞ്ഞും കരടിയും പൂച്ചയും. വാസ്തവത്തിൽ ഇതിലെ വാർത്ത ഈ കഥാപാത്രങ്ങളല്ല, മറിച്ച്, ഈ ദൃശ്യം തന്നെയാണ്. ഇത് വ്യാജമാണ്. നുണയെ സത്യമെന്ന് തോന്നിപ്പിക്കുന്ന സാങ്കേതിക വിദ്യ. അച്ചടിയുഗത്തിനും, പിന്നെ ഡിജിറ്റൽ യുഗത്തിനും, പിന്നെ നിർമിത ബുദ്ധിയുഗത്തിനും പിന്നാലെ, ഇത് എ.ഐ സ്‌ലോപ്പുകളുടെ കാലം. ദൃശ്യമാധ്യമ രംഗത്തിന്‍റെ ഭാവിരൂപം കൂടിയാകാം, Reasoning Video Model എന്നറിയപ്പെടുന്ന, എ.ഐ തന്നെ സ്വയം ചിന്തിച്ച് പ്രവർത്തിക്കുന്ന, ഈ രീതി. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗമായിട്ടാണ് ഇന്ന് എഐ സ്ലോപ്പുകൾ പലരും ഇറക്കുന്നത്. എത്ര കൂടുതലാളുകൾ കാണുന്നോ അത്രയും ലാഭം.

ഇത് രണ്ട് വിപത്തുകൾ വിളിച്ചുവരുത്തുന്നു. ഒന്ന്, വ്യാജ വാർത്തകൾ തിരിച്ചറിയാനാകാത്ത വിധം പരക്കാൻ തുടങ്ങുന്നു. രണ്ട്, ഈ ചെറിയ ചെറിയ രസക്കാഴ്ചകൾ സമൂഹത്തെ ഭ്രമിപ്പിക്കുമ്പോൾ യഥാർഥ വാർത്തകൾ എടുക്കാച്ചരക്കുകളാകുന്നു. ആർക്കും എങ്ങനെയും ചെയ്യാവുന്ന, ഒട്ടും സർഗാത്മക മൂല്യമില്ലാത്ത, എന്നാൽ പണം വാരുന്ന, ചൊട്ടുവിദ്യയാണ് എ.ഐ സ്ലോപ്പുകൾ. ഇന്‍റർനെറ്റിനെ ഇത് ചപ്പുചവറ് നിറഞ്ഞ മാലിന്യപ്പറമ്പാക്കുന്നു. എല്ലാം നമ്മൾ സമൂഹമാധ്യമങ്ങളിലൂടെ കാണും; നിർമാതാക്കളും സമൂഹ മാധ്യമ വേദികളും പണം ഉണ്ടാക്കും. ഒരൊറ്റ വർഷം കൊണ്ട് പത്തുലക്ഷം ഡോളർ ഇങ്ങനെ സമ്പാദിക്കുന്നവരുണ്ട്. ചവറ് ദൃശ്യങ്ങൾ മാത്രമല്ല പ്രശ്നം. ആളുകളെ എളുപ്പം കബളിപ്പിക്കുന്ന വ്യാജവാർത്തകളും വിദ്വേഷ പ്രചാരണവും ഇങ്ങനെ ആഗോള ബിസിനസായി മാറാം. ഒപ്പം, മനുഷ്യരുടെ ഇടപെടലോ പരിശോധനയോ ആവശ്യമില്ലാത്ത വിധം സ്വയം ചിന്തിക്കുന്ന Reasoning Video, സ്വമേധയാ പെരുകിപ്പരക്കാം. ഇതുണ്ടാക്കാവുന്ന അവസ്ഥ ഭയാനകമാണ്. സാങ്കേതിക വിദ്യയല്ല വില്ലൻ. അതിനെ ഉപയോഗിക്കുന്നവരാണ്. സ്ലോപ്പ് മാത്രമല്ലല്ലോ നേർവാർത്തക്ക് ഭീഷണി.

ജെൻ-സീ: ഇസ്രായേലിൽ ദുർബലം, ന്യൂയോർക്കിൽ ശക്തം

വ്യാജ വാർത്തയുടെയും പ്രോപഗൻഡയുടെയും ലോകത്ത് എ.ഐ സ്ലോപ്പ് പുതുമുഖമാണ്. എന്നാൽ അതിനു മുമ്പേ നിലവിലുണ്ട് പുതുതലമുറയെ സ്വാധീനിക്കാൻ വേറെ മാർഗങ്ങൾ—ഡിജിറ്റലായും അല്ലാതെയും. നേർവാർത്ത മറച്ചുവെച്ചും വ്യാജവാർത്ത പ്രസരിപ്പിച്ചും ഇസ്രായേലി സമൂഹത്തിന്‍റെ മനസ്സ് വംശഹത്യക്കനുകൂലമാക്കിയ അനുഭവമുണ്ട്. യഥാർത്ഥ വാർത്ത മറച്ചുവെക്കാൻ സ്വതന്ത്ര മാധ്യമങ്ങൾക്ക് വിലങ്ങിട്ടു. ജേണലിസ്റ്റുകളെ കൊന്നു. അൽ ജസീറയെ വിലക്കി. ഇതൊക്കെയായിട്ടും സത്യം ലോകമറിഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഇസ്രായേലി സമൂഹത്തിന് ശരിയായ വാർത്ത കിട്ടിയില്ല. പകരം വ്യാപകമായ സ്റ്റിക്കർ പ്രചാരണം വഴി ജനമനസ്സിൽ പകയും വിദ്വേഷവും വളർത്തി.

ഈ തന്ത്രം ഫലം ചെയ്തു. അതിന്‍റെ അടയാളം കൂടിയാണ് ഇസ്രായേലി സമൂഹം വംശഹത്യയെ പിന്തുണച്ചത്. പക്ഷേ അമേരിക്കൻ ജനതയുടെ കാര്യം ഇതിന്‍റെ വിപരീതമാണ്. അവർ വംശഹത്യയെ എതിർക്കുന്നു. ഇസ്രായേലിനുള്ള പിന്തുണ അമേരിക്കയിൽ കുറഞ്ഞു വരികയാണ്. അമേരിക്കയിൽ ഭരണപക്ഷം ഇസ്രയേലിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ജനങ്ങൾ അങ്ങനെയല്ല. ഇത് വലതുപക്ഷക്കാരെ അസ്വസ്ഥരാക്കുന്നുമുണ്ട്. പ്രതിച്ഛായായുദ്ധത്തിൽ കാര്യങ്ങളെങ്ങനെ കൈവിട്ടുപോയി എന്ന അങ്കലാപ്പിലാണ് ഇസ്രായേൽ.

എന്താണ് ജെൻ-സീയെ ചലിപ്പിക്കുന്നത്? പാരമ്പര്യ മാധ്യമങ്ങളുടെ ഭാഷയല്ല അവരുടേത്. ഭാഷയെന്നാൽ വാക്കുകൾ മാത്രമല്ല. ഉള്ളടക്കവും പ്രധാനമാണ്. ന്യൂസ് ലോൺഡ്രി ഈയിടെ ഒരു പരിപാടി നടത്തി. ജെൻ-സീയുടെ ശീലമനുസരിച്ച് എന്താണ് വാർത്ത എന്ന ഒരു പഠനം ഗൂഗ്ൾ നടത്തിയിരുന്നു. അതിനെ ആധാരമാക്കിയായിരുന്നു പരിപാടി. ജെൻ-സീ, അവർക്ക് താല്പര്യമുള്ളതാണ് നോക്കുക; അടിച്ചേൽപ്പിക്കുന്നതല്ല. അവരുടെ ജിജ്ഞാസ അനന്തമാണ്. ഭാവിയല്ല, വർത്തമാനമാണ് അവരുടെ വിഷയം.

നേരത്തേ പറഞ്ഞ എ.ഐ സ്ലോപ്പ് മാത്രമല്ല അവരെ സ്വാധീനിക്കുന്നത്. സ്ലോപ്പിന്‍റെ അരാഷ്ട്രീയത അവർ ഇഷ്ടപ്പെടുന്നുണ്ടാകില്ല. തികഞ്ഞ രാഷ്ട്രീയ ഉള്ളടക്കവും, ഒപ്പം ജെൻ-സീ ഭാഷയും വിജയിക്കുന്ന ഫോർമുലയാണ്. അങ്ങനെയൊരാൾ വിജയിച്ച് ന്യൂയോർക്കിൽ മേയറായിട്ടുണ്ട്—സൊഹ്റാൻ മംദാനി.നിലപാടിൽ സന്ധി ചെയ്യാതെ, സ്വത്വം മറച്ചു വെക്കാതെ,ഇസ്രായേലിനെ തുറന്നെതിർത്ത്, മംദാനി ജയിച്ചു—അതും ഗണ്യമായ ജൂത ജനസംഖ്യയുള്ള ന്യൂയോർക്കിൽ. ഇതിന് കാരണങ്ങൾ, വ്യക്തതയുള്ള രാഷ്ട്രീയവും ഊർജ്ജസ്വലമായ പ്രചാരണരീതിയും. ജനങ്ങളിലൊരാളായി, യുവാക്കളുടെ ഭാഷ സ്വന്തമാക്കി, വൈറൽ വിഡിയോകൾ നിർമിച്ചുകൊണ്ട് തുടങ്ങിയ രാഷ്ട്രീയം ഒറ്റ വർഷം കൊണ്ട് അധികാരം പിടിച്ചു. രാഷ്ട്രീയ നിലപാടും സ്വത്വപരമായ സത്യസന്ധതയും ജെൻ-സീ ഭാഷയും വോട്ട് നേടി.

ഡിജിറ്റൽ യുഗത്തിലാണ് മംദാനി പിറന്നുവീണത്. ഈ ഡിജിറ്റൽ നേറ്റിവിന്‍റെ രീതികൾ, മുതിർന്നവരുടെ കൃത്രിമങ്ങളിൽ നിന്ന് വേറിട്ടുനിന്നു. സങ്കീർണ വിഷയങ്ങൾ സാധാരണക്കാരന് മനസ്സിലാകും വിധം മംദാനി വിശദീകരിച്ചു. ലിബറൽ മനസ്ഥിതിക്കാരും ഓൺലൈൻ ജീവികളുമായ ജെൻ-സീയെ അദ്ദേഹം കൈയിലെടുത്തത്, അവരുടെ ഭാഷ കൊണ്ടു മാത്രമല്ല, രാഷ്ട്രീയ നിലപാടുകൾ കൃത്യമായി പറഞ്ഞുകൊണ്ടു കൂടിയാണ്. ഇസ്രായേലും ന്യൂയോർക്കും രണ്ടുതരം ജനസമ്പർക്കമാണ് കാട്ടിത്തരുന്നത്. ഒന്നിൽ സത്യം മറച്ചുവെച്ച് പ്രോപഗൻഡ പരീക്ഷിക്കുന്നു. മറ്റേതിൽ മറച്ചുവെക്കപ്പെട്ട സത്യങ്ങളെടുത്ത് പുറത്തിടുന്നു.

ബിഹാർ കാർട്ടൂണുകൾ

ഇനി, വാർത്തകൾ കാർട്ടൂണിലൂടെ. വാർത്താ കാർട്ടൂണുകളിൽ ഹാസ്യം മാത്രമല്ല രോഷവും കാണാം. ബിഹാർ തെരഞ്ഞെടുപ്പുഫലത്തെപ്പറ്റി വന്ന കുറെ കാർട്ടൂണുകൾ നമ്മുടെ ഇലക്ഷൻ സംവിധാനത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ചു. പലർക്കും പറയാനുള്ളത്, വോട്ടർമാർക്ക് വെച്ചുനീട്ടിയ സൗജന്യങ്ങളെപ്പറ്റിയാണ്. മുൻ കാലങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള ഘട്ടത്തിൽ ഇത്തരം പ്രചാരണം ഇലക്ഷൻ കമിഷൻ അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ കമിഷൻ ഇടപെടാതെ നിന്നു. കാർട്ടൂണുകൾക്കപ്പുറം, തെരഞ്ഞെടുപ്പ് തന്നെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിനെപ്പറ്റി പിന്നീട്.

TAGS :