മരട് മാതൃകയിൽ പൊളിക്കും; കൊച്ചിയിലെ ചന്ദർകുഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ കരാറായി

നേരത്തെ മരടിലെ ഫ്ലാറ്റുകൾ പൊളിച്ച അതേ മാതൃകയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഇരട്ട ടവറുകളും തകർക്കുക

Update: 2026-11-26 08:53 GMT

കൊച്ചി: വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ചന്ദർകുഞ്ച് ആർമി ടവറുകൾ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചു നീക്കുന്നതിൽ അന്തിമ കരാറായി. ഫോർട്ട് കൊച്ചി ആർ ഡി ഒയും മുംബൈ ആസ്ഥാനമായ എഡിഫൈസ് എൻജിനീയറിങ് (Edifice Engineering) കമ്പനിയും തമ്മിലാണ് കരാർ ഒപ്പിട്ടത്.

മരടിലെ ഫ്ലാറ്റുകൾ വിജയകരമായി പൊളിച്ചുനീക്കിയ അതേ വിദഗ്ധ സംഘമാണ് ഈ ദൗത്യവും ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ മരടിലെ ഫ്ലാറ്റുകൾ പൊളിച്ച അതേ മാതൃകയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് (ഇംപ്ലോഷൻ) ഇരട്ട ടവറുകളും തകർക്കുക.

2018-ൽ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (AWHO) നിർമ്മിച്ച 26 നിലകളുള്ള ബി, സി ടവറുകളാണ് പൊളിച്ചുനീക്കുന്നത്. ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് ഇവിടുത്തെ 208 കുടുംബങ്ങൾ നേരത്തെ ഒഴിഞ്ഞിരുന്നു.

Advertising
Advertising

9.66 കോടി രൂപ ചെലവഴിച്ചാണ് സുരക്ഷിതമല്ലാത്ത ബി, സി ടവറുകളുടെ പൊളിക്കൽ നടപടികൾ പൂർത്തിയാക്കുന്നത്. മാർച്ച് രണ്ടാം വാരത്തോടെ മുന്നൊരുക്കങ്ങൾ ആരംഭിച്ച് 2027 ഏപ്രിൽ പകുതിയോടെ ഫ്ലാറ്റുകൾ പൂർണ്ണമായും പൊളിച്ചുനീക്കാനാണ് തീരുമാനം.

വിരമിച്ച സൈനികർക്കായി ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (AWHO) നിർമ്മിച്ച ഫ്ലാറ്റുകളാണിത്. നിർമ്മാണത്തിലെ അപാകത മൂലം കെട്ടിടങ്ങൾ കഠിനമായ തകർച്ച നേരിടുന്നുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന് കേരള ഹൈക്കോടതി ഇവ പൊളിച്ചു മാറ്റി പുനർനിർമ്മിക്കാൻ ഉത്തരവിടുകയായിരുന്നു.

ചന്ദര്‍കുഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഫോടനത്തിലൂടെ പൊളിക്കുന്നതിലെ പ്രധാന വെല്ലുവിളി ഈ ഫ്ലാറ്റുകള്‍ക്ക് സമീപമുളള മറ്റൊരു ടവറും വൈറ്റിലയിൽ നിന്നും തൃപ്പൂണിത്തുറയിലേക്കുള്ള മെട്രൊ റെയിലുമാണ്. എന്നാല്‍ ഇവയ്ക്ക് യാതൊരു തരത്തിലും കേടുപാടുകളുണ്ടാകില്ലെന്നാണ് മരടിലെ ഫ്ലാറ്റുകള്‍ വിജയകരമായി പൊളിച്ച് നീക്കിയ ജെറ്റ് ഡിമോളിഷൻ, എഡിഫൈസ്, വിജയ് സ്റ്റീൽസ് കമ്പനി അധികൃതര്‍ ഉറപ്പ് നൽകി.

Tags:    

Writer - റിയ ഹനിയ്യ

contributor

Editor - റിയ ഹനിയ്യ

contributor

Contributor - Web Desk

contributor

Similar News