Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 31 Oct 2022 6:23 AM GMT

മൃദുവല്ല അരവിന്ദ്

യൂണിഫോം സിവില്‍ കോഡ് ഉടന്‍ നടപ്പാക്കണം എന്നും, ബി.ജെ.പിയുടെ ഇക്കാര്യത്തിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കണം എന്നുമാണ് കെജ്രിവാള്‍ പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഗുജറാത്ത് ഭരിച്ചിട്ടും യൂണിഫോം സിവില്‍ കോഡിനെ കുറിച്ചു ഒരക്ഷരം മിണ്ടാതിരുന്നിട്ട്, ഇലക്ഷന്‍ ആയപ്പോള്‍ പ്രഖ്യാപനം നടത്തിയത് ഇക്കാര്യത്തില്‍ അവരുടെ ആത്മാര്‍ഥത കുറവിനെയാണ് സൂചിപ്പിക്കുന്നത് എന്നും അദ്ധേഹം പറഞ്ഞുവെച്ചു. ഭൂരിപക്ഷ വര്‍ഗീയതയുടെ കാവലാള്‍ താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് അരവിന്ദ് കെജ്രിവാള്‍ ഇതിലൂടെയെല്ലാം നടത്തുന്നത്.

മൃദുവല്ല അരവിന്ദ്
X

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വൃത്തിഹീനമായ ഒരു വഴിയുണ്ടായിരുന്നു. എത്ര പറഞ്ഞിട്ടും ആളുകള്‍ അവിടം വൃത്തിയായി സൂക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. അവിടത്തെ മതിലുകളില്‍, ബംഗാളിയിലും ഇംഗ്ലീഷിലും ഇവിടം വൃത്തികേടാക്കരുത് എന്നു എഴുതി വച്ചിട്ടും ആളുകള്‍ അത് ഗൗനിച്ചില്ല. അങ്ങനെയിരിക്കെ ഒരു ഉദ്യോഗസ്ഥന് ഒരു ബുദ്ധി തോന്നി, എന്തുകൊണ്ട് അറബിയില്‍ കൂടി എഴുതി വെച്ചു കൂട! അങ്ങനെ അവിടുത്തെ മതിലില്‍ അറബിയിലും എഴുതി വച്ചു; ഇവിടം വൃത്തികേടാക്കരുത്. അറബി ഖുര്‍ആന്റെ ഭാഷയാണല്ലോ, മതിലില്‍ എഴുതിയത് മനസ്സിലായില്ലെങ്കിലും ആളുകള്‍ അവിടം പിന്നീട് വൃത്തിയായി സൂക്ഷിച്ചുവത്രെ.

അരവിന്ദ് കെജ്രിവാളിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കേട്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത് ഈ ബംഗ്ലാ വാര്‍ത്തയാണ്. അരവിന്ദ് പറഞ്ഞത്, ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ വിഘ്നേശ്വരന്റെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍ അച്ചടിക്കണം എന്നാണ്. നമ്മള്‍ കരുതിയത് ആ ചിത്രങ്ങള്‍ നോട്ടുകളില്‍ വരുന്നതോടെ, ആളുകള്‍ അവ ഉപയോഗിച്ച് കൈക്കൂലി കൊടുക്കാന്‍ മടിക്കും, അല്ലെങ്കില്‍ അവ കൊടുത്തു കള്ള് വാങ്ങാതെയാകും, ഈ കാശ് കൊടുത്ത് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നത് നിറുത്തും, അങ്ങനെ നാട് നന്നാകും എന്നൊക്കെയോര്‍ത്താണ് അരവിന്ദ് ഇങ്ങനെ പറഞ്ഞതെന്നാണ്. പക്ഷെ, കാര്യങ്ങള്‍ അങ്ങനെയല്ല, ഈ ചിത്രങ്ങള്‍ നോട്ടില്‍ വരുന്നതോടെ നാടിന് അഭിവൃദ്ധിയുണ്ടാകും എന്നായിരുന്നു അരവിന്ദന്റെ പ്രഖ്യാപനം!


ഈ പ്രഖ്യാപനത്തിന് പല തലങ്ങളിലുള്ള ഗൂഢ ലക്ഷ്യങ്ങളുണ്ട്. ഗുജറാത്ത് ഇലക്ഷന്‍ ഇങ്ങടുത്തിരിക്കുന്നു, ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഇത്തരം അടവുകള്‍ എടുക്കാതെ ആ സംസ്ഥാനത്ത് പച്ചപിടിക്കാന്‍ ബുദ്ധിമുട്ടാണ് എന്നു ആപ്പ് തലവന് നന്നായി അറിയാം. മുള്ളിനെ മുരിക്ക് കൊണ്ടു എടുക്കുന്ന വിദ്യയാണ് അരവിന്ദ് ഉപയോഗിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ കാര്‍ഡിനുള്ള മറുപടി അതിലും വലിയ കാര്‍ഡാണെന്ന് ഡല്‍ഹിയിലും പഞ്ചാബിലും പയറ്റി തെളിഞ്ഞ അരവിന്ദിനെ ആരും പഠിപ്പിക്കേണ്ട. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് അരവിന്ദിന് ഇക്കാര്യത്തില്‍. തങ്ങളാണ് ഏറ്റവും വലിയ വര്‍ഗീയവാദികള്‍, അത് കൊണ്ട് വോട്ട് വേറെയാര്‍ക്കും കൊടുക്കേണ്ട എന്നു പറയാതെ പറയുകയാണ് അവര്‍.

ഈ പ്രഖ്യാപനം മൂലം വെട്ടിലായത് ബി.ജെ.പിയാണ്, തങ്ങളുടെ അതേ ശബ്ദത്തില്‍ സംസാരിക്കുന്ന അരവിന്ദനെ അവര്‍ക്ക് പേടിയാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, മുകളില്‍ പറഞ്ഞ പോലെ ബി.ജെ.പിയുടെ കുത്തകയായ വര്‍ഗീയ ധ്രുവീകരണം ആപ്പ് ഏറ്റെടുത്തിന്റെയാണ്. ഭൂരിപക്ഷ വര്‍ഗീയ വോട്ടുകളില്‍ കെജ്രിവാളും കൂട്ടരും വിള്ളലുണ്ടാക്കുകയും, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ മറ്റൊരു വര്‍ഗീയ പാര്‍ട്ടിക്ക് അവസരം നല്‍കിയാലോ എന്ന പേടിയാണ് രണ്ടാമത്തേത്. അതുകൊണ്ടാണ്, ഇനി ഇലക്ഷന് മുന്‍പായി ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നറിഞ്ഞിട്ടും, ഗുജറാത്ത് മന്ത്രിസഭ സംസ്ഥാനത്ത് തിരക്കിട്ട് യൂണിഫോം സിവില്‍ കോഡ് കൊണ്ടു വരാന്‍ തീരുമാനിച്ചു എന്ന് പ്രസ്താവന നടത്തിയത്. അവിടെയും അരവിന്ദ് ബി.ജെ.പിയെ വിഷമത്തിലാക്കി, യൂണിഫോം സിവില്‍ കോഡ് ഉടന്‍ നടപ്പാക്കണം എന്നും, ബി.ജെ.പിയുടെ ഇക്കാര്യത്തിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കണം എന്നും പറഞ്ഞു വച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം ഗുജറാത്ത് ഭരിച്ചിട്ടും യൂണിഫോം സിവില്‍ കോഡിനെ കുറിച്ചു ഒരക്ഷരം മിണ്ടാതിരുന്നിട്ട്, ഇലക്ഷന്‍ ആയപ്പോള്‍ പ്രഖ്യാപനം നടത്തിയത് ഇക്കാര്യത്തില്‍ അവരുടെ ആത്മാര്‍ഥക്കുറവിനെയാണ് സൂചിപ്പിക്കുന്നത് എന്നും പറഞ്ഞു. ഇതില്‍ നിന്നെല്ലാം നമ്മള്‍ മനസ്സിലാക്കേണ്ടത്, ഭൂരിപക്ഷ വര്‍ഗീയതയുടെ കാവലാള്‍ താനാണെന്ന് വരുത്തി തീര്‍ക്കുകയാണ് അരവിന്ദ് ചെയ്യുന്നത് എന്നാണ്.


മറ്റൊന്ന്, നോട്ടിലെ ചിത്രങ്ങള്‍ മാറ്റുന്ന പോലെയുള്ള വെറും പൊള്ളയായ ജല്‍പനങ്ങള്‍ കേട്ട്, ജനങ്ങള്‍ക്കും നാടിനും യാതൊരു ഗുണവുമില്ലാത്ത ഇത്തരം മണ്ടത്തരങ്ങള്‍ തന്നെയാണല്ലോ ബി.ജെ.പിയും പറഞ്ഞിരുന്നത് എന്ന തിരിച്ചറിവ് ജങ്ങള്‍ക്ക് ഉണ്ടായലോ എന്ന പേടിയും ബി.ജെ.പിക്കുണ്ട്!

മോദിയെ പോലെ അരവിന്ദനും ജനങ്ങളോട് പറയാന്‍ പ്രത്യേകിച്ചു ഒന്നുമില്ല. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് ഇവരുടെ കൈയില്‍ ഉത്തരമില്ല. എങ്ങനെ ഭരിക്കണം, എന്തെല്ലാം പദ്ധതികള്‍ കൊണ്ടുവന്നാല്‍ ജനങ്ങള്‍ക്ക് ഗുണകരമാകും എന്നൊന്നും ഒരു ചിന്തയുമില്ല. ഇത്തരം പ്രഖ്യാപനങ്ങള്‍ ആകുമ്പോള്‍, ഇത് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ല, അപ്പോള്‍ കുറ്റം അവര്‍ക്കാകും. ഇനി നടന്നാല്‍ തന്നെ, അരവിന്ദ് പറയുന്ന പോലെ നാടിന് അഭിവൃദ്ധി ഉണ്ടായില്ലെങ്കില്‍, അതിന് കുറ്റം ദൈവങ്ങള്‍ക്കും എന്നാകും. എങ്ങനെ വന്നാലും ജനങ്ങളുടെ കണ്ണില്‍ തെറ്റുകാര്‍ തങ്ങളാകില്ല എന്ന തന്ത്രപരമായ ഒരു ചിന്ത ഇതിന് പുറകിലുണ്ട് എന്നും കരുതേണ്ടിയിരിക്കുന്നു.

ഒരു ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥന്‍, ഐ.ഐ.ടി ഉല്‍പന്നം, അഴിമതി വിരുദ്ധന്‍, പുരോഗമന ചിന്താഗതിക്കാരന്‍ എന്ന നിലയില്‍ നിന്നും എത്രമാത്രം അരവിന്ദ് താഴേക്ക് പതിച്ചിരിക്കുന്നു എന്നു അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാന്‍ സാധിക്കൂ. വ്യവസ്ഥാപിതമായ രാഷ്ട്രീയത്തോട് മുഖം തിരിച്ചു, എളുപ്പ വഴി നോക്കുന്ന അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ആളുകളാണ് അരവിന്ദിന്റെയും കൂട്ടരുടെയും ഉയര്‍ച്ചക്ക് പിന്നില്‍. ആ പ്രതിച്ഛായ ഉറപ്പിക്കാന്‍ വേണ്ടി കൂട്ടത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്ന ആതിഷി, രാഘവ് ഛദ്ദ എന്നിവരും മലക്കം മറിഞ്ഞു കഴിഞ്ഞു. വിദ്യാഭ്യാസത്തെ കുറിച്ചും, സയന്റിഫിക് ടെമ്പറിനെക്കുറിച്ചും സംസാരിച്ചിരുന്ന ആളുകളാണ് ഇപ്പോള്‍ അയോധ്യയിലേക്ക് സൗജന്യ യാത്രയെ കുറിച്ചു വാഗ്ദാനങ്ങള്‍ നല്‍കുന്നത്. ബി.ജെ.പിയുടെ ചെറിയ പതിപ്പ് എന്ന പേരില്‍ പഴി കേട്ടിരുന്ന ആപ്പിനെ ഇപ്പോള്‍ ബി.ജെ.പിയേക്കാള്‍ പുതിയതും മികച്ചതുമായ പതിപ്പായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനാണ് ഈ നേതാക്കള്‍ ശ്രമിക്കുന്നത്.


ഇത് പുതിയ ശ്രമം ഒന്നുമല്ല, അരവിന്ദന്റെ നേരത്തെ മുതലുള്ള പ്രവര്‍ത്തികള്‍ ഇത്തരത്തില്‍ തന്നെ ഉള്ളതായിരുന്നു. ജെ.എന്‍.യു വിദ്യാര്‍ഥി സമരകാലത്ത് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംസാരിച്ചില്ല അരവിന്ദ്. സി.എ.എ എന്‍.ആര്‍.സി സമരകാലത്ത് തന്റെ മുന്നില്‍ ഇട്ട് മുസ്‌ലിം സമുദായത്തില്‍ ഉള്ളവരെയും, നൂറു കണക്കിന് വിദ്യാര്‍ഥികളെയും തല്ലിച്ചതച്ചപ്പോള്‍, ഡല്‍ഹി പൊലീസ് തന്റെ കീഴിലല്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞു കാണാത്ത മട്ടില്‍ ഇരുന്ന മുഖ്യമന്ത്രിയാണ് അരവിന്ദ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മിഷനിമാരെ ആക്രമിക്കുകയും, അവരുടെ പ്രാര്‍ഥനാലായങ്ങള്‍ തകര്‍ക്കുകയും ചെയ്തപ്പോള്‍ അതിനെ ചോദ്യം ചെയ്തില്ല അരവിന്ദ്. ദലിതരുടെ നേരെ അക്രമം ഉണ്ടായപ്പോള്‍ ഇടപെട്ടില്ല. സമരത്തില്‍ പങ്കെടുത്തതിന് ജനങ്ങളുടെ വീടുകള്‍ അനധികൃതമായി ഇടിച്ചു നിരത്തിയപ്പോള്‍ എതിര്‍ത്തില്ല അരവിന്ദ്. ബില്‍കീസ് ബാനു കേസില്‍ പെട്ട കൊലപാതകികളെ ബി.ജെ.പി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ മുന്‍കൈ എടുത്തു ജയില്‍ മോചിതരാക്കിയപ്പോള്‍, എതിര്‍ത്തു ഒരക്ഷരം മിണ്ടിയില്ല ഈ അരവിന്ദ്. അതുകൊണ്ട്, ഇനിയും നമുക്ക് ഇത്തരം പുതിയ പ്രസ്താവനകള്‍ ആപ്പ് നേതാക്കളില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. ജനനന്മ ലവലേശം ഇല്ലാത്ത, മനസ്സുകളുടെ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള, രാജ്യത്തെ ഒരു സ്വേച്ഛാധിപത്യ ഭരണത്തിലേക്ക് തള്ളിവിടാന്‍ വേണ്ടിയുള്ള വര്‍ഗീയ പദ്ധതികളെ ഉന്നം വച്ചുള്ള, അരവിന്ദന്റെ പ്രഖ്യാപനങ്ങള്‍ക്കായി നമുക്ക് വീണ്ടും കാത്തിരിക്കാം.

TAGS :