Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 7 Nov 2022 2:47 PM GMT

നര്‍മബോധം നഷ്ടപ്പെട്ട സെലിബ്രിറ്റികള്‍

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഹിന്ദി സിനിമ നടി ജൂഹി ചൗള രൂപയുടെ വിലയിടിവിനെ കളിയാക്കി പറഞ്ഞത്, അടിവസ്ത്രം ഡോളറിന്റെ ആയതു നന്നായി, രൂപയുടെ ആയിരുന്നെങ്കില്‍ പണ്ടേ ഊരി താഴെ പോയേനെ എന്നാണ്. ഇന്നിപ്പോള്‍ രൂപയുടെ മൂല്യം അന്നത്തേതിനേക്കാള്‍ 20 രൂപയില്‍ കൂടുതല്‍ ഇടിഞ്ഞു, ഒരു ഡോളറിനു 83ല്‍ എത്തിനില്‍ക്കുമ്പോള്‍ ജൂഹി മൗനത്തിലാണ്. | LookingAround

നര്‍മബോധം നഷ്ടപ്പെട്ട സെലിബ്രിറ്റികള്‍
X

രണ്ടാം യു.പി.എ മന്ത്രിസഭയുടെ അവസാന നാളുകളില്‍ പെട്രോള്‍ വില ലിറ്ററിന് എഴുപതു രൂപയുടെ ചുറ്റുവട്ടത്ത് എത്തിയപ്പോള്‍ ജനങ്ങള്‍ അസ്വസ്ഥരായി. എക്കാലത്തെയും വലിയ ഇന്ധന വില വര്‍ധനവാണ് അന്ന് ഇന്ത്യ കണ്ടത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയര്‍ന്ന് ബാരലിന് 95 ഡോളര്‍ ആയ സമയമായിരുന്നു അത്. മന്‍മോഹന്‍ സിങ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും, സാധാരണക്കാരും, ബിസിനസ്സ് സമൂഹവും, എന്തിനധികം പറയുന്നു കോടീശ്വരന്മാരായ സിനിമ താരങ്ങള്‍ വരെ രംഗത്ത് വന്നു.

ഇന്നിപ്പോള്‍ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചു നില്‍ക്കുന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍ അന്ന് പെട്രോള്‍ വില വര്‍ധനവിനെ കളിയാക്കി എഴുതിയ ഒരു ട്വീറ്റ് ഇപ്രകാരമായിരുന്നു. പെട്രോള്‍ പമ്പിലെ ജോലിക്കാരന്‍ പെട്രോള്‍ എത്ര രൂപക്ക് നിറക്കണം എന്ന് ചോദിച്ചപ്പോള്‍ ഒരു മുംബൈ നിവാസി പറഞ്ഞത്രേ, നാല് രൂപക്കുള്ള പെട്രോള്‍ കാറിനു മുകളില്‍ സ്‌പ്രേ ചെയ്‌തേക്കൂ എന്ന്. മറ്റൊരു നടനായ അനുപംഖേര്‍ തന്റെ ഡ്രൈവറോട് എന്താണ് ജോലിക്ക് വരാന്‍ വൈകിയെതെന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്രേ, സൈക്കിളിലാണ് താന്‍ വന്നത്, മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ഒരു കാഴ്ചവസ്തുവായി വീട്ടില്‍ വച്ചിരിക്കുകയാണ്! ഇത് പോലെ, ഹിന്ദി സിനിമയില്‍ അഭിനയിക്കുന്ന കനേഡിയന്‍ പൗരനായ അക്ഷയകുമാറും മറ്റ് പലരും തുറന്നു തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

അന്തരിച്ച പ്രമുഖ ബിസിനസ്സ്‌കാരനും ബജാജ് ഗ്രൂപ്പിന്റെ തലവനുമായിരുന്ന രാഹുല്‍ ബജാജ് ഇത് കൃത്യമായി പറഞ്ഞിരുന്നു. കഴിഞ്ഞ കൊല്ലം അമിത് ഷാ കൂടി പങ്കെടുത്ത ബിസിനസ്സുകാരുടെ ഒരു ചടങ്ങില്‍ എഴുന്നേറ്റ് നിന്ന് ബജാജ് പറഞ്ഞത്, ഈ സര്‍ക്കാരിനെയും ഇതിനെ നയിക്കുന്ന നിങ്ങളെയും ഞങ്ങള്‍ക്ക് ഭയമാണ് എന്നാണ്. അദ്ദേഹം അത് പറഞ്ഞപ്പോള്‍ പോലും, ചുറ്റുമിരുന്ന ബിസിനസ്സ് സമൂഹത്തില്‍ നിന്ന് ഒരാള്‍ പോലും കൈയടിച്ചില്ല, പിന്താങ്ങിയില്ല. അതിനും കാരണം ഭയം തന്നെയായിരുന്നു. എന്നാല്‍, ഇത് കേട്ട് വേദിയിലിരുന്ന ഷായും കൂട്ടരും ചിരിക്കുകയായിരുന്നു.

ഇത്തരം വിമര്‍ശനങ്ങള്‍ ഈ ഒരു വിഷയത്തില്‍ മാത്രമായിരുന്നില്ല. ഒരു ഇന്ത്യക്കാരന്‍ എന്ന നിലക്ക് ജനഹിതത്തിനു എതിരാണ് എന്ന് തോന്നുന്ന എല്ലാ വിഷയങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അന്ന് ഇത്തരം സെലിബ്രിറ്റികള്‍ക്ക് സാധിച്ചിരുന്നു. ജൂഹി ചൗള രൂപയുടെ വിലയിടിവിനെ കളിയാക്കി അന്ന് പറഞ്ഞത്, അടിവസ്ത്രം ഡോളറിന്റെ ആയതു നന്നായി, രൂപയുടെ ആയിരുന്നെങ്കില്‍ പണ്ടേ ഊരി താഴെ പോയേനെ എന്നാണ്. ഇന്നിപ്പോള്‍ രൂപയുടെ മൂല്യം അന്നത്തേതിനേക്കാള്‍ 20 രൂപയില്‍ കൂടുതല്‍ ഇടിഞ്ഞു, ഒരു ഡോളറിനു 83ല്‍ എത്തിനില്‍ക്കുമ്പോള്‍ ജൂഹി മൗനത്തിലാണ്. ക്രൂഡിന്റെ വില കുറഞ്ഞിട്ടും പെട്രോളിന്റെ വില കൂടി കൂടി നൂറിന് മുകളില്‍ എത്തിയപ്പോള്‍ മറ്റുള്ളവരും നിശബ്ദരാണ്.


ഈ മൂന്നോ നാലോ വ്യക്തികള്‍ മാത്രമല്ല, ബോളിവുഡിലെ ഒട്ടുമിക്ക പ്രശസ്തരും പ്രമുഖരും മൗനത്തിലാണ്. അവരുടെ ജീവിതപ്രശ്‌നമായ സിനിമ മേഖലയെ തകര്‍ക്കുന്ന നടപടികളുമായി സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്ന സംഘടനകള്‍ ശാസനയുമായി രംഗത്ത് വരുമ്പോള്‍ പോലും സിനിമ രംഗത്ത് നിന്നുള്ള ആരും മിണ്ടുന്നില്ല. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിനെ ഏത് വേദിയില്‍ കയറി നിന്നും കളിയാക്കുവാന്‍ മടിയില്ലാതിരുന്ന ഇവരില്‍ പലരും ഇന്നത്തെ പ്രധാനമന്ത്രിയെക്കുറിച്ചു ചോദിച്ചാല്‍ പോലും കേള്‍ക്കാത്ത മട്ടിലിരിക്കും.

ഇത് സിനിമ മേഖലയില്‍ മാത്രം കാണുന്ന പ്രതിഭാസമല്ല, ബിസിനസ്സ് രംഗത്തും ഇതേ മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. നയപരമായ സാമ്പത്തിക കാര്യങ്ങളില്‍ ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ പത്രമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്ന 2014ന് മുന്നേയുള്ള പോലെയല്ല ഇന്നിപ്പോള്‍ കാര്യങ്ങള്‍. ഇത്തരം ഒരു സ്ഥിതിവിശേഷത്തിന് കാരണം തേടി അധികം പോകേണ്ടതില്ല, ഇവരൊക്കെ ഇന്നത്തെ സര്‍ക്കാരിനോട് നയപരമായി ചേര്‍ന്ന് നില്‍ക്കുന്നു എന്നതല്ല കാരണം. ഇക്കൊല്ലം ഫെബ്രുവരിയില്‍ അന്തരിച്ച പ്രമുഖ ബിസിനസ്സ്‌കാരനും ബജാജ് ഗ്രൂപ്പിന്റെ തലവനുമായിരുന്ന രാഹുല്‍ ബജാജ് ഇത് കൃത്യമായി പറഞ്ഞിരുന്നു. കഴിഞ്ഞ കൊല്ലം അമിത് ഷാ കൂടി പങ്കെടുത്ത ബിസിനസ്സുകാരുടെ ഒരു ചടങ്ങില്‍ എഴുന്നേറ്റ് നിന്ന് ബജാജ് പറഞ്ഞത്, ഈ സര്‍ക്കാരിനെയും ഇതിനെ നയിക്കുന്ന നിങ്ങളെയും ഞങ്ങള്‍ക്ക് ഭയമാണ് എന്നാണ്. അദ്ദേഹം അത് പറഞ്ഞപ്പോള്‍ പോലും, ചുറ്റുമിരുന്ന ബിസിനസ്സ് സമൂഹത്തില്‍ നിന്ന് ഒരാള്‍ പോലും കൈയടിച്ചില്ല, പിന്താങ്ങിയില്ല. അതിനും കാരണം ഭയം തന്നെയായിരുന്നു. എന്നാല്‍, ഇത് കേട്ട് വേദിയിലിരുന്ന ഷായും കൂട്ടരും ചിരിക്കുകയായിരുന്നു.


ഇന്നിത് പറയാന്‍ കാര്യം, കൂടെ പഠിച്ചിരുന്ന ഒരു സുഹൃത്തിന്റെ ചോദ്യമാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായി മാറിയ സുഹൃത്ത് ചോദിച്ചത്, നിങ്ങള്‍ക്ക് ഇവിടിപ്പോള്‍ ജീവിക്കാന്‍ എന്താണ് പ്രശ്‌നം എന്നായിരുന്നു.

എതിര്‍ത്ത് സംസാരിക്കുന്നത് പോയിട്ട്, ഭരണകൂടത്തെയും പ്രധാനമന്ത്രിയെയും കുറിച്ച് ഒരു തമാശ പറയാന്‍ പോലും ജനങ്ങള്‍ മടിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഭയപ്പെടുത്തിയുള്ള ഭരണത്തിന്റെ പരിണിതഫലമാണിത്. ആധുനിക യുഗത്തില്‍ സമൂഹത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്ന ഫ്രീഡം ഓഫ് സ്പീച് ഇന്ന് ദേശദ്രോഹപരമായി ചിത്രീകരിച്ചു, അതിന് മുതിരുന്നവര്‍ക്കെതിരെ ഭരണവര്‍ഗത്തിന്റെ പിണിയാളുകളയായി മാറിയ പൊലീസിനെയും, ഇ.ഡിയെയും, സി.ബി.ഐയെയും ഉപയോഗിച്ച് മനുഷ്യത്വരഹിതമായ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഇങ്ങനെ വ്യവസ്ഥാനുസാരമായി സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നര്‍മബോധത്തിന് ഇവിടെ സ്ഥാനമില്ലല്ലോ. അതാണ് പ്രശ്നം, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട, ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെടേണ്ട സര്‍ക്കാര്‍ എന്ന നിലയില്‍ നിന്ന് രാജ്യം ഇന്ന് ജനങ്ങളുടെ ചിന്തകളെ പോലും അടിച്ചമര്‍ത്തി ഏകാധിപത്യപരമായ ഭരണസംവിധാനത്തിലേക്കു മാറിയിരിക്കുന്നു. അടിമയായി ജീവിക്കാന്‍ അല്ലല്ലോ നമ്മുടെ പൂര്‍വികര്‍ ജീവന്‍ കളഞ്ഞും രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നത്!


TAGS :