Quantcast
MediaOne Logo

യാസീന്‍ അശ്‌റഫ്

Published: 16 Feb 2026 5:49 PM IST

ചൈനയിലെ എഐ കുഞ്ഞുങ്ങൾ

സ്വന്തമായുള്ളത് ദുർബുദ്ധി. പുറത്തുനിന്ന് കിട്ടാനുള്ളത് നിർമിത ബുദ്ധി. രണ്ടും പ്രയോഗിക്കുന്നതോ, അല്പത്തവും അൽപ്പ വിവരവും അലങ്കാരമാക്കിയ ഒരു സർവ്വാധികാരി. തെറ്റിദ്ധരിക്കേണ്ട, പറയുന്നത് ഡോണൾഡ് ട്രംപിനെപ്പറ്റിയാണ്. അദേഹം ഈയിടെ പുറത്തുവിട്ട ഒരു വിഡിയോയിൽ എതിർ പാർട്ടിക്കാരെ പലതരം മൃഗങ്ങളായി ചിത്രീകരിച്ചു; അദ്ദേഹമാകട്ടെ, മൃഗരാജാവായ സിംഹവും. മറ്റെല്ലാ മൃഗങ്ങളും സിംഹരാജന്‍റെ മുമ്പിൽ വണങ്ങുന്നു. കൂട്ടത്തിൽ മുൻപ്രസിഡന്‍റ് ബറാക് ഒബാമയും ഭാര്യയുമുണ്ട്—രണ്ടു പേരെയും ആൾക്കുരങ്ങുകളായാണ് വിഡിയോയിൽ കാണിച്ചത്. ആഫ്രിക്കൻ വംശജരെ വർണവെറിയന്മാർ അങ്ങനെയാണ് കാണിക്കാറ്

ചൈനയിലെ എഐ കുഞ്ഞുങ്ങൾ
X

സ്വന്തമായുള്ളത് ദുർബുദ്ധി. പുറത്തുനിന്ന് കിട്ടാനുള്ളത് നിർമിത ബുദ്ധി. രണ്ടും പ്രയോഗിക്കുന്നതോ, അല്പത്തവും അൽപ്പ വിവരവും അലങ്കാരമാക്കിയ ഒരു സർവ്വാധികാരി. തെറ്റിദ്ധരിക്കേണ്ട, പറയുന്നത് ഡോണൾഡ് ട്രംപിനെപ്പറ്റിയാണ്. അദേഹം ഈയിടെ പുറത്തുവിട്ട ഒരു വിഡിയോയിൽ എതിർ പാർട്ടിക്കാരെ പലതരം മൃഗങ്ങളായി ചിത്രീകരിച്ചു; അദ്ദേഹമാകട്ടെ, മൃഗരാജാവായ സിംഹവും. മറ്റെല്ലാ മൃഗങ്ങളും സിംഹരാജന്‍റെ മുമ്പിൽ വണങ്ങുന്നു. കൂട്ടത്തിൽ മുൻപ്രസിഡന്‍റ് ബറാക് ഒബാമയും ഭാര്യയുമുണ്ട്—രണ്ടു പേരെയും ആൾക്കുരങ്ങുകളായാണ് വിഡിയോയിൽ കാണിച്ചത്. ആഫ്രിക്കൻ വംശജരെ വർണവെറിയന്മാർ അങ്ങനെയാണ് കാണിക്കാറ്.

ഒരു പ്രസിഡന്‍റ് പരത്തിയ വിഡിയോ ആണിത്! അപകർഷത്തിന്‍റെ പാരമ്യം. അതിനു വേണ്ടി ഉപയോഗിച്ച വിഡിയോ ആകട്ടെ എഐ (നിർമിതബുദ്ധി) കൊണ്ടുണ്ടാക്കിയതും. ഏറ്റവും മുന്തിയ രാഷ്ട്രത്തിന്‍റെ പരമാധികാരിക്ക് സ്വന്തം മഹത്വം വിളംബരപ്പെടുത്താൻ ബാലിശമായ നിർമിത ബുദ്ധി ദൃശ്യം തന്നെ വേണം. വംശീയതയുടെ പുതിയ ആയുധമായിരിക്കുന്നു എഐ എന്ന നിർമിത ബുദ്ധി. വെറുപ്പ് പരത്താൻ ഇങ്ങ് ഇന്ത്യയിലും ഉത്തരവാദപ്പെട്ടവർ വരെ നിർമിത ബുദ്ധിവിഡിയോകൾ പ്രചരിപ്പിക്കുന്നു. അസം മുഖ്യമന്ത്രിയെ താരമാക്കി അസം ബിജെപി ഇറക്കിയ വിഡിയോ ആഗോളവാർത്ത തന്നെയായി. ഇവിടെയും വിദ്വേഷം പരത്താനുള്ള ഉപകരണമാണ് എഐ. നിര്‍മിത ബുദ്ധി എന്ന സങ്കേതത്തെ വെറുപ്പ് പരത്താൻ അമേരിക്കയിലെയും ഇന്ത്യയിലെയും ഭരണകർത്താക്കൾ തന്നെ ഉപയോഗിക്കുന്നത് പുതിയ രീതിയാണ്.

പക്ഷേ ചൈനയിൽ നിന്ന് വരുന്നു, എഐ ഭീഷണിയുടെ പുതിയ വാർത്ത. ജനസംഖ്യയിലുമുണ്ടാകുന്ന വൻ ഇടിവ് ചൈനക്ക് വലിയ ഭീഷണിയാകുന്നുണ്ട്. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രോത്സാഹനമടക്കം ഏർപ്പെടുത്തിയെങ്കിലും ജനസംഖ്യ താഴോട്ടുതന്നെ. ഈ അവസരത്തിലാണ് എഐ വഴി മറ്റൊരു കൊടും ഭീഷണി വരുന്നത്. കുട്ടികൾക്കു പകരം എഐ കൊണ്ട് പ്രവർത്തിക്കുന്ന പാവകളും മറ്റും വിപണിയിലെത്തിയിരിക്കുന്നു. നല്ല ഡിമാൻഡും. കുട്ടികളെ കളിപ്പിക്കാൻ ആഗ്രഹമുണ്ടോ? എഐ ഏതുതരം പാവകളെയും ഉണ്ടാക്കിത്തരും. ഇനി കുട്ടികൾ വേണ്ടെന്ന് യുവജനങ്ങൾ. പകരം എഐ നിർമിത വളർത്തു മൃഗങ്ങൾ മതിയെന്ന്. കളിപ്പിക്കാനും കൂട്ടിനും എഐ കുഞ്ഞുങ്ങൾ മതി.

എഐയുടെ അധിനിവേശം ഇവിടം കൊണ്ടും തീരുന്നില്ല. ഇപ്പറഞ്ഞതിലെല്ലാം എഐ പ്രവർത്തിക്കുന്ന ഇടം മനുഷ്യന്‍റെ വരുതിയിലാണ് എന്നെങ്കിലും ആശ്വസിക്കാം. തീരുമാനങ്ങൾ മനുഷ്യന്‍റേതാണ്. പക്ഷേ മനുഷ്യനെ പാടേ ഒഴിവാക്കികൊണ്ടുള്ള ഒരു എഐ സാമ്രാജ്യമിതാ വരുന്നു: ‘മോൾട്ട് ബുക്ക്’. സ്വതന്ത്രമായി വിട്ടാൽ എഐ ബോട്ടുകൾ എങ്ങനെ പെരുമാറും എന്ന് പഠിക്കുകയാണ് ഈ ജനുവരിയിൽ മോൾട്ട് ബുക്ക് തുടങ്ങിവെച്ച ടെക്നോളജിസ്റ്റിന്‍റെ ഉദേശ്യം. പക്ഷേ സ്വന്തം ഭാഷയും സംസ്കാരവും മതവും ദേശവും പോലും സ്ഥാപിച്ച് അവ സംഘടിക്കുന്നു എന്നാണ് ഒടുവിലത്തെ വിവരം. വ്യാജ വിഡിയോയും എ.ഐ കുടുംബവും മാത്രമല്ല ഡിജിറ്റൽ ഭാവി. ഒരു സമാന്തര “നിർമിത ബുദ്ധി സാമ്രാജ്യ”വും വളരുന്നുണ്ട്.

മിണ്ടരുത്, എഴുതരുത്... ഇത് ഇന്ത്യയാണ്

ലോകം ഡേറ്റ കൊണ്ട് പുതിയ സാമ്രാജ്യങ്ങൾ പണിയുമ്പോൾ ഇങ്ങ് ഇന്ത്യയിൽ നാം എത്ര ഡേറ്റ, എത്ര വിവരം, മറച്ചു പിടിക്കാം എന്നാണ് ഗവേഷണം നടത്തുന്നത്. പ്രധാനമന്ത്രിയുടെ പേരിലുള്ള പിഎം കെയേർസ് എന്ന ഫണ്ടിനെപ്പറ്റി ഒരു വിവരവും പുറത്തു പറയരുതെന്ന് യൂനിയൻ സർക്കാരിന് നിർബന്ധമാണത്രെ. ആ ഫണ്ടിനെപ്പറ്റിയുള്ള ചോദ്യങ്ങൾ അനുവദിക്കരുതെന്ന് ലോക്സഭ സെക്രട്ടേറിയേറ്റിന് കല്പനയെത്തിയെന്ന് വാർത്ത. അതും, ലോക് സഭ സ്പീക്കറല്ല നിർദേശം കൊടുത്തത്; പ്രധാനമന്തിയുടെ ഓഫീസാണത്രെ. എല്ലാം ശുദ്ധമെങ്കിൽ എന്തിനീ മറ? ഇത്തരം വിവരങ്ങൾ വിവരാവകാശ പ്രകാരം കൊടുക്കാതായിട്ട് കുറച്ചായി. ഇപ്പോൾ എം.പിമാരെപ്പോലും ഇരുട്ടത്ത് നിർത്തുകയാണ്.

മാധ്യമ രംഗത്തും സെൻസറിങ് തുടങ്ങി. 'ദി വയർ' എന്ന ഓൺലൈൻ മാധ്യമത്തിന്‍റെ ഒരു കാർട്ടൂൺ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കംചെയ്തത് ഈയിടെയാണ്. നോട്ടീസില്ല, വിശദീകരണമില്ല, ആര് കൽപ്പന കൊടുത്തു എന്നില്ല, ഏതായാലും പ്രതിഷേധമുയർന്നപ്പോൾ വിലക്ക് നീക്കി എന്നു മാത്രമല്ല, സ്‌ട്രെയ്‌സൻഡ് ഇഫക്ട് എന്ന പ്രത്യാഘാതം ഉണ്ടാവുകയും ചെയ്തു. അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ ജനശ്രദ്ധ നേടുന്ന വിപരീത ഫലത്തെയാണ് സ്‌ട്രെയ്‌സൻഡ് പ്രഭാവം എന്നു വിളിക്കുന്നത്.

പൗരന്മാരിൽ നിന്ന് വിവരം മറച്ചുവെക്കണമെന്ന ശാഠ്യമാണിത്. അമേരിക്കയുമായുണ്ടാക്കിയ വ്യാപാരക്കരാറിന്‍റെ വിശദാംശങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരോട് ചോദിച്ചപ്പോഴാണ് രസം. മന്ത്രിമാർക്ക് ഒന്നുമറിയില്ല, അല്ലെങ്കിൽ അവർക്ക് ഒന്നും പറയാൻ അനുവാദമില്ല. മന്ത്രിമാരുടെ നിസ്സഹായതയിൽ രാജ്യത്തിന്‍റെ ഗതികേട് പ്രകടം. മന്ത്രിമാർക്കും കാര്യമറിയാത്തതിനു പിന്നിൽ കുറെക്കൂടി ഗൗരവപ്പെട്ട കാരണങ്ങളുണ്ടാകാം. സെൻസറിങ്ങിന്‍റെ ലക്ഷ്യം തന്നെ നേര് മറച്ചുപിടിക്കലാണല്ലോ.

ലോക്സഭയിൽ രാഹുൽ ഗാന്ധി കരാറുകൾക്കു പിന്നിലെ സമ്മർദ്ദത്തെപ്പറ്റിയാണ് പറയാൻ ശ്രമിച്ചത്. പക്ഷേ എപ്സ്റ്റീൻ എന്നും അദാനി എന്നും പറയുമ്പോഴേക്കും സെൻസർ കത്രിക പണി തുടങ്ങി. മന്ത്രിമാർ പോലും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ പറ്റി അറിയില്ലെന്ന് ഇവിടത്തെ മാധ്യമങ്ങളോട് പറയുമ്പോഴാണ് അമേരിക്കയിൽ ഔദ്യോഗിക വക്താവ്, ഇന്ത്യ എന്തൊക്കെ ചെയ്യുമെന്ന് അവിടത്തെ മാധ്യമങ്ങളോട് പറയുന്നത്.

മുമ്പ്, ഉള്ളിവില കൂടാനെന്ത് കാരണമെന്ന് പാർലമെൻറിൽ ചോദ്യം ഉയർന്നപ്പോൾ ധനമന്ത്രി നിർമല സീത രാമൻ പറഞ്ഞു, "വിഷമിക്കേണ്ട, എന്‍റെ വീട്ടിൽ ഉള്ളി വാങ്ങാറില്ല" എന്ന്. ഇതേ മട്ടിൽ, റഷ്യയിൽ നിന്ന് ഇനി എണ്ണ വാങ്ങില്ലേ എന്ന ചോദ്യത്തിന് വാണിജ്യമന്ത്രി ഗോയലിന്‍റെ മറുപടി, "ഞാൻ എണ്ണക്കമ്പനി നടത്തുന്നില്ല" എന്ന്. പക്ഷേ നാം എന്തൊക്കെ ചെയ്യും, എന്തൊക്കെ ചെയ്യില്ല എന്ന വിവരം അമേരിക്കൻ പ്രസിഡന്‍റിനുണ്ട്. ഓൺലൈൻ പോസ്റ്റുകൾ, പുസ്തകങ്ങൾ, വാർത്തകൾ, റിപ്പോർട്ടുകൾ -- എന്തും എപ്പോഴും സെൻസർ ചെയ്യപ്പെടാം; പാർലമെന്‍റ് ചർച്ചകൾ പോലും.

നരവനെയുടെ പുസ്തകവും അദാനിയുടെ കേസും

അഭിപ്രായസ്വാതന്ത്ര്യം ഇല്ലെങ്കിൽ ജനാധിപത്യമില്ല. പാർലമെന്‍റിൽ കാര്യങ്ങൾ പറയാനും കേൾക്കാനും കഴിയണം മാധ്യമങ്ങൾക്ക് ഭരണകൂടത്തെയും അതിന്‍റെ അവിഹിത താല്പര്യങ്ങളെയും ചോദ്യം ചെയ്യാൻ കഴിയണം. ഈയിടെ പാർലമെന്‍റിൽ ഒരു പുസ്തകത്തെപ്പറ്റി പറഞ്ഞപ്പോഴേക്കും ഭരണപക്ഷം ഇളകി. കരസേന മേധാവിയായിരുന്ന നരവണെയുടെ പുസ്തകത്തിൽ, ചൈന ഇന്ത്യൻ പ്രദേശം കൈയേറാനെത്തിയ സമയത്ത് സൈന്യം സർക്കാരിനോട് എന്തുചെയ്യണമെന്ന് ചോദിച്ചെന്നും സർക്കാർ കൈമലർത്തിയെന്നും സൂചിപ്പിക്കുന്നുണ്ട്. പക്ഷേ അതിനെപ്പറ്റി പറയാൻ ഭരണപക്ഷവും സ്പീക്കറും പ്രതിപക്ഷനേതാവിനെ അനുവദിച്ചില്ല. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് രാജ്യരക്ഷ സംബന്ധിച്ച ഗൗരവപ്പെട്ട ചർച്ചക്ക് തടസ്സം തീർത്തത്. പ്രസിദ്ധീകരിക്കാത്തതിന് കാരണം സർക്കാർ അനുമതി നൽകാത്തതാണ് താനും. പുസ്തകം എന്തുകൊണ്ട് പുറത്തുവന്നില്ല എന്നതിന്‍റെ ഉത്തരം ചർച്ച തടയാൻ സർക്കാർ കാണിച്ച തിടുക്കത്തിലുണ്ട്. രാജ്യരക്ഷയല്ല മുഖ്യം; സർക്കാറിന്‍റെ സുരക്ഷയാണ്.

പൊതുമണ്ഡലത്തിൽ അറിഞ്ഞു കഴിഞ്ഞ കാര്യങ്ങൾ--പക്ഷേ അവയെപ്പറ്റി എഴുതിക്കൂടാ. അദാനിക്കെതിരെ അമേരിക്കയിലുള്ള അഴിമതി കേസിനെപ്പറ്റി ലോക്സഭയിൽ പറഞ്ഞുകൂടാ. അപ്പോൾ ഉറപ്പിക്കാം ജനാധിപത്യം അല്ല പുലരുന്നതെന്ന്. ഡെമോക്രസി ഒളിഗാർക്കിയായും കോർപററ്റോക്രസിയായും രൂപം മാറിക്കൊണ്ടിരിക്കുകയാണ്.

TAGS :