Quantcast
MediaOne Logo

സോനു സഫീര്‍

Published: 27 Jan 2026 4:26 PM IST

അനുമോദനങ്ങളുടെ ആകാശവും വിചാരണകളുടെ ഭൂമിയും;സഞ്ജുവിന്റെ 13 വർഷങ്ങൾ...

ചില പൊളിറ്റിക്സുകളുടെ ഭാഗമായി സഞ്ജു തഴയപ്പെട്ടിട്ടുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്.

അനുമോദനങ്ങളുടെ ആകാശവും വിചാരണകളുടെ ഭൂമിയും;സഞ്ജുവിന്റെ 13 വർഷങ്ങൾ...
X

അതിവൈകാരികമായി കാര്യങ്ങളെ സമീപിക്കുന്ന മലയാളികൾക്ക് സഞ്ജു വി സാംസൺ മാനസപുത്രനായിട്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു. പ്രകടനം മികച്ചതാവുമ്പോൾ അതിരു കവിഞ്ഞുള്ള ആഘോഷപ്രകടനങ്ങൾക്കും അല്ലാത്തപ്പോഴുള്ള പഴി പറച്ചിലുകൾക്കും സഞ്ജുവെന്ന പേര് ഉപയോഗിക്കപ്പെടാൻ തുടങ്ങിയ, അനുമോദനങ്ങളുടെയും വിചാരണകളുടെയും സങ്കീർണ്ണമായ ദ്വന്ദ്വാനുഭവങ്ങളുടെ യാത്രയ്ക്ക് പതിമൂന്ന് വർഷങ്ങളുടെ പഴക്കമുണ്ട്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കുപ്പായമണിഞ്ഞ 2013 ഏപ്രിലിലെ ആ രാത്രി മുതൽ ഇന്നലെ ഗുവഹത്തിയിലെ സംപൂജ്യനായി മടങ്ങിയ വരെയുള്ള കണക്കെടുപ്പിൽ ഒരുപക്ഷെ മറ്റേതൊരു താരത്തെക്കാളുമധികം ഈ അതിവൈകാരികതയുടെ ഇരുവശങ്ങളും നുണയുകയും അനുഭവിക്കുകയും ചെയ്ത വ്യക്തി സഞ്ജുവായിരിക്കും.

ചില പൊളിറ്റിക്സുകളുടെ ഭാഗമായി സഞ്ജു തഴയപ്പെട്ടിട്ടുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്. ഇന്ത്യൻ ക്രിക്കറ്റ് എല്ലാ കാലത്തും നിലനിർത്തി പോരുന്ന ചില ദുരൂഹലക്ഷ്യങ്ങൾക്കും, ചില 'പോസ്റ്റർ ബോയ്സി'നെ വളർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്കും സഞ്ജു സാംസൺ ഇരയായിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കൈക്കൊള്ളുന്ന ഒരു പദ്ധതിയുടെയും ഭാഗമാവാൻ പതിമൂന്ന് വർഷങ്ങൾക്കിപ്പുറവും സഞ്ജുവിന് സാധിച്ചിട്ടില്ല.


എന്നാൽ ഈ തഴയപ്പെടലിന് അത് മാത്രമല്ല കാരണമെന്നും തന്റെ പ്രകടനങ്ങൾ തനിക്ക് വേണ്ടി സംസാരിക്കാത്തിടത്തോളം കാലം ഏത് നിമിഷവും എന്തിനേറെ കയ്യിലിരിക്കുന്ന 'ലോകകപ്പ് ടിക്കറ്റ്' പോലും തന്നിൽ നിന്നന്യമായി പോകുമെന്ന തിരിച്ചറിവിനെ ആശ്രയിച്ചിരിക്കും ഭാവി. സച്ചിൻ ടെണ്ടുൽക്കറും എം.എസ് ധോണിയും വിരാട് കോഹ്‌ലിയും ഇന്ത്യൻ ക്രിക്കറ്റിൽ സ്വാഭാവികമായി സംഭവിച്ച അത്ഭുതങ്ങളാണ്, അതുപോലെയൊന്ന് ബോധപൂർവം നിർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഒടുവിലത്തെ ഇരയാണ് നിലവിൽ ശുഭ്മാൻ ഗിൽ.

സ്വാഭാവികമായി അയാളെ വളരാനനുവദിക്കാതെ , കോഹ്‌ലിക്ക് പകരക്കാരനായും , വരുന്ന പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റിന്റെ 'ഫേസ്' ആയും ബ്രാൻഡായുമൊക്കെ അദ്ദേഹത്തെ നിർമ്മിച്ചെടുക്കാനുള്ള ബിസിസിഐയുടെ കുതന്ത്രങ്ങളിൽ ശുഭ്മാൻ ഗിൽ മാത്രമല്ല വീണുപോയത്, പ്രകടനമികവ് കൊണ്ട് ദേശീയടീമിലേക്ക് വിളി കാത്തിരിക്കുന്ന അനേകം പേരുടെ മുൻപിൽ ആ വാതിൽ കൊട്ടിയടക്കപ്പെടുകയും പകരക്കാരായി വരുന്ന താരങ്ങൾക്ക് പരിമിതമായി വീണു കിട്ടുന്ന അവസരങ്ങൾ അതിസമ്മർദ്ദങ്ങളെ അതിജീവിക്കേണ്ടുന്ന പരീക്ഷണങ്ങളായും ഓരോ മത്സരവും മാറി.

പ്രതിഭാധാരാളിത്തമുള്ള സഞ്ജു സാംസൺ പോലെയുള്ള ഒരു താരത്തിന് ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുമ്പോൾ ടീമിലുണ്ടാകുമോ എന്നുറപ്പില്ലാത്ത വിധം അനിശ്ചിതത്വം നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നതിന് മൂന്ന് കാരണങ്ങളുണ്ട്, ഒന്ന് അയാളുടെ നിയന്ത്രണ പരിധിയിൽ വരാത്ത ഇന്ത്യൻ ക്രിക്കറ്റിന്റെ പൊളിറ്റിക്‌സും പക്ഷപാതപരമായ തിരഞ്ഞെടുപ്പുമാണ്, മറ്റൊന്ന് സദുദ്ദ്യേശത്തോടെ 'നമ്മടെ പയ്യനെ'ന്ന അധികാരത്തോടെ നാം മലയാളികൾ സാമൂഹിക മാധ്യമങ്ങളിൽ കാണിക്കുന്ന അങ്ങേയറ്റം പ്രകോപനപരമായ ഇടപെടലുകളാണ്.


രാഷ്ട്രീയ- ഭരണപരമായും സാമ്പത്തികാധിപത്യത്തിലും ഐസിസിയിലെ സ്വാധീനങ്ങളിലും ഒന്നാം നമ്പറായ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ 'സോഷ്യൽ മീഡിയ' വഴി കാര്യങ്ങൾ പഠിപ്പിച്ചു തരാമെന്ന അഹന്തയ്ക്ക് ചെറിയ തോതിലെങ്കിലും സഞ്ജു ഇരയായിട്ടുണ്ട്. രാഷ്ട്രീയ വിയോജിപ്പുകളുടെ ഫലമായി പാകിസ്താനും ബംഗ്ലാദേശും ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തിയെങ്കിൽ 'ചോദിക്കാനും പറയാനും' ആരുമില്ലാത്ത സഞ്ജു സാംസണിന്റെ കാര്യത്തിൽ വർക്ക്ഔട്ടായ 'ഈഗോ'ക്ക് തിരിച്ചടി നൽകുകയെന്നത് ബിസിസിഐയെ സംബന്ധിച്ച്‌ എത്ര നിസ്സാരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..!

ഈ രണ്ട് കാരണങ്ങളെ കുറിച്ചും തൽക്കാലം സഞ്ജു ചിന്തിക്കേണ്ടതില്ല, തന്റെ നിയന്ത്രണ പരിധിയിൽ വരാത്ത ഈ കാരണങ്ങളെ തന്റെ ഗെയിമിനെ ബാധിക്കാത്ത രീതിയിൽ അലസമായി വിടുകയെന്നതാണ് ഉത്തമവും പ്രൊഫഷണലിസവും.. അവസരങ്ങൾ ലഭിക്കുമ്പോഴെല്ലാം പരമാവധി മികച്ച പ്രകടനങ്ങൾ പുറത്തടുക്കുക എന്നത് മാത്രമാണ് സഞ്ജുവിന് ചെയ്യാൻ സാധിക്കുന്ന ഒരേയൊരു കാര്യം.

മുൻനിരയിൽ ബാറ്റ് ചെയ്യുന്ന ബാറ്റേഴ്സിൽ ആയിരം റൺസെങ്കിലും പിന്നിട്ടവരിൽ ഏറ്റവും കുറവ് ശരാശരിയുള്ള ബാറ്റർ സഞ്ജു സാംസണാണ്‌. 55 മത്സരങ്ങൾ പിന്നിട്ട, മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജുവിന്റെ ശരാശരി 25 തൊട്ടില്ലെന്ന ഒരൊറ്റ കണക്ക് മതി എത്രത്തോളം അസ്ഥിരതയുണ്ടെന്ന് ബോധ്യപ്പെടാൻ. തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ ഇന്ത്യയുടെ ഒരേയൊരു താരത്തിന്റെ പേരിലാണ് ഏറ്റവും കുറഞ്ഞ ശരാശരിയും, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും തവണ പൂജ്യത്തിന് പുറത്തായതിന്റെ നാണക്കേടും..

പ്രതിഭയും - അസ്ഥിരതയും ഒരേയളവിൽ ബോധ്യപ്പെടുന്ന സ്ഥിതിവിവരകണക്കുകൾ..!

നിലവിലെ ഫോമിൽ ഇന്ത്യൻ ടീമിലെ ഏറ്റവും ദുർബല കണ്ണിയെന്ന് സഞ്ജുവിനെ വിശേഷിപ്പിച്ചാൽ ആരാധകമനസ്സ് പൊള്ളുമെങ്കിലും സത്യമതാണ്‌. ഇന്ത്യയിലെന്നല്ല നിലവിൽ ലോകത്തിലെ തന്നെ മികച്ച ബാറ്ററാണ് അഭിഷേക് ശർമ്മ. ഇഷാൻ കിഷാനും സൂര്യകുമാർ യാദവും ഹാർദിക് പാണ്ട്യയും ശിവം ദുബേയും റിങ്കു സിംഗുമെല്ലാം ലോകകപ്പ് പടിവാതിലെത്തി നിൽക്കേ അതിനെ സമീപിക്കുന്ന രീതിയുണ്ട്, അതിനിടയിലാണ് സഞ്ജുവിന്റെ ഒട്ടും ആത്മവിശ്വാസമില്ലാത്ത നിൽപ്പും വഴങ്ങാത്ത അൾട്രാ അഗ്രസീവ് അപ്പ്രോച്ചും..

നൂറ്ററുപതെന്ന താരതമ്യേന ദുർബലമായ സ്‌കോർ പിന്തുടരുന്ന മത്സരങ്ങളിൽ പോലും 'സെറ്റിൽ' ചെയ്യാനുള്ള ക്ഷമ പുറത്ത്‌ നിന്ന് ആളുകൾ പഠിപ്പിച്ചു കൊടുക്കേണ്ട ഗതികേടുണ്ടെങ്കിൽ അയാളുടെ ഗെയിമിൽ ചെറുതല്ലാത്ത തകരാറുണ്ടെന്നതാണ് നിഗമനം.നിലവിലെ ടൂറിൽ മറ്റ് ബാറ്റേഴ്‌സ് അസാമാന്യമായി ബാറ്റ് വീശിയത് കൊണ്ട് മാത്രം പരമ്പരതോൽവിയെന്ന നാണക്കേടുണ്ടായില്ല, അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആദ്യം രക്തം ചിന്തുക സഞ്ജുവിന്റേതായേനെ.


ഐപിഎല്ലിൽ നാലായിരത്തിലധികം റൺസും ഒരു ഫ്രാഞ്ചൈസിയെ ഫൈനലിലെത്തിച്ച ക്യാപ്റ്റൻസി മികവുമെല്ലാം സഞ്ജു വി സാംസണിന്റെ കഴിവുകൾക്കാധാരമാവുമ്പോഴും ഇന്ത്യൻ ടീം തന്നിലർപ്പിച്ച വിശ്വാസത്തെ പൂർണമായും തിരികെ നൽകാൻ ഇനിയുമായിട്ടില്ല.

ഫ്രാഞ്ചൈസി ടൂർണമെന്റുകൾ കളിക്കുന്ന ലാഘവത്തോടെ ലോകകപ്പിനെ സമീപിച്ചാൽ ഡഗ്ഔട്ടിൽ ഇരുന്ന് കളി കാണാനായിരിക്കും സഞ്ജുവിന്റെ വിധി. അങ്ങനെയായിരിക്കില്ലെന്ന് തെളിയിക്കാൻ രണ്ടവസരങ്ങൾ കൂടെ ഒരുപക്ഷെ ലഭിച്ചേക്കും, അവിടെ മികവ് കാണിച്ചാൽ പോലും നിലവിലെ അനിശ്ചിതത്വങ്ങളെ പൂർണമായും നീക്കം ചെയ്യാനാവുമോ എന്ന ചോദ്യം അപ്പോഴും അവശേഷിക്കും, കാരണം ക്രിക്കറ്റിൽ വിശിഷ്യാ ലോകകപ്പ് പോലെയൊരു സ്വപ്നവേദിയിൽ പ്രതിഭയ്ക്കപ്പുറം 'സ്ഥിരത' എന്ന വാക്കിന് അത്രമാത്രം മൂല്യമുണ്ട്.

ടീമിനെ കൂടുതൽ സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടുന്ന , വേണ്ടുന്ന സമയത്ത് ആശ്രയിക്കാൻ സാധിക്കാത്ത ഒരു താരത്തെക്കാളും നല്ലത് പ്രഹരശേഷി കുറഞ്ഞ ശുഭ്മാൻ ഗില്ലാണെന്ന് മാനേജ്‌മെന്റ് പുനർചിന്തനം നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. അഭിഷേക് ശർമ്മ 'കൈ വിട്ട' കളി തുടരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും..!

TAGS :